Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്ത് ദുഃഖം വന്നാലും രാജേട്ടൻ എന്നെ വിളിച്ച് കരയും; മുകുന്ദേട്ടൻ, പരമേശ്വരേട്ടൻ, ശ്രീധരൻ പിള്ളയേട്ടൻ, പത്മനാഭനേട്ടൻ തുടങ്ങിയ നിരവധി ഏട്ടമാർക്കൊപ്പം കരീമേട്ടൻ, ജയരാജേട്ടൻ, എന്നിങ്ങനേയും ഉണ്ട് പലരും; വിപ്ലവ പാർട്ടിയുടെ മഹാരഹസ്യങ്ങൾ താനറിയാത്തതായി ഒന്നുമില്ലെന്നും വിജയേട്ടനെ ഓർത്ത് പുറത്ത് വിടാത്തതാണെന്നും പറയുന്നത് പലതവണ കേട്ടിട്ടുണ്ട്: നടിമാരുടെ പത്രസമ്മേളനത്തിൽ വഷളൻ ചോദ്യങ്ങൾ ചോദിക്കാൻ ക്വട്ടേഷനെടുത്ത 'ധർമ്മസങ്കടം അനിയന്റെ കഥ പറഞ്ഞ് ഹിന്ദു ലേഖകൻ

എന്ത് ദുഃഖം വന്നാലും രാജേട്ടൻ എന്നെ വിളിച്ച് കരയും; മുകുന്ദേട്ടൻ, പരമേശ്വരേട്ടൻ, ശ്രീധരൻ പിള്ളയേട്ടൻ, പത്മനാഭനേട്ടൻ തുടങ്ങിയ നിരവധി ഏട്ടമാർക്കൊപ്പം കരീമേട്ടൻ, ജയരാജേട്ടൻ, എന്നിങ്ങനേയും ഉണ്ട് പലരും; വിപ്ലവ പാർട്ടിയുടെ മഹാരഹസ്യങ്ങൾ താനറിയാത്തതായി ഒന്നുമില്ലെന്നും വിജയേട്ടനെ ഓർത്ത് പുറത്ത് വിടാത്തതാണെന്നും പറയുന്നത് പലതവണ കേട്ടിട്ടുണ്ട്: നടിമാരുടെ പത്രസമ്മേളനത്തിൽ വഷളൻ ചോദ്യങ്ങൾ ചോദിക്കാൻ ക്വട്ടേഷനെടുത്ത 'ധർമ്മസങ്കടം അനിയന്റെ കഥ പറഞ്ഞ് ഹിന്ദു ലേഖകൻ

കെ എ ഷാജി

ലാലാലജ്പത്റായി, താന്തിയാതോപ്പി, ബാലഗംഗാധര തിലകൻ എന്നിവർ പ്രധാനമന്ത്രിയാകാൻ നിർബന്ധിച്ചിട്ടും വേണ്ടെന്ന് വച്ച് പോന്ന ഹരീഷ് കണാരനിലും അധികം എന്നെ ചിരിപ്പിച്ചിട്ടുള്ളത് ആ ചെറുപ്പക്കാരനായിരുന്നു. ഇങ്ങളെന്ത് തള്ളാണ് ബാബ്വേട്ടാ എന്ന് പലവട്ടം ചോദിക്കാൻ വെമ്പിയിട്ടുണ്ട്. പക്ഷെ ആളൊരു വലിയ ധർമ്മസങ്കടമായതിനാൽ വേണ്ടെന്ന് വച്ചു.

കണ്ണൂർ പ്രസ്സ് ക്ലബ്ബിന്റെ സ്റ്റെപ്പുകൾ കയറുമ്പോൾ അയാൾ കണ്ണുകൾ അമർത്തി തിരുമ്മുന്നതിന്റെ ഓർമ്മയ്ക്ക് ഇപ്പോൾ പതിനെട്ട് വയസ്സുണ്ട്. മാധ്യമലോകത്തെ കൊച്ചു കുഞ്ഞായ ഞാൻ കുശലം ചോദിച്ചു: 'കണ്ണിന് എന്ത് പറ്റി?' 'ഒന്നും പറയണ്ട സുഹൃത്തേ... 'അയാളുടെ വാക്കുകൾ ശോകാർദ്രമായി. 'ഇന്നലെ രാത്രി ഒരു നിമിഷം ഉറങ്ങാനായില്ല.'

'അതെന്തേ...'' പത്ത് മണി കഴിഞ്ഞപ്പോൾ രാജേട്ടൻ വിളിച്ചു. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞ് കുറേ കരഞ്ഞു. ഞാനും കരഞ്ഞു. രാവിലെ ആറു മണി കഴിഞ്ഞു ഫോൺ വയ്ക്കാൻ. എന്ത് ദുഃഖം വന്നാലും രാജേട്ടൻ എന്നെ വിളിച്ച് കരയും.'
അപ്പോഴും നേരം വെളുത്തിട്ടില്ലാതിരുന്ന ഞാൻ ചോദിച്ചു: ''ഏത് രാജേട്ടൻ?'
'അതെന്തൊര് ചോദ്യമാണ് ഭായ്. ഞങ്ങടെ നേതാവ്. ഒ രാജഗോപാൽ.'

അതൊരു തുടക്കമായിരുന്നു. തള്ളുകളുടെ മഹാപ്രവാഹത്തിന് മുന്നിൽ പലപ്പോഴും ഞാനൊരു സ്ഥിരം വേട്ടമൃഗമായി. എല്ലാവരും ഏട്ടന്മാരായിരുന്നു. മുകുന്ദേട്ടൻ, പരമേശ്വരേട്ടൻ, ശ്രീധരൻ പിള്ളയേട്ടൻ, പത്മനാഭനേട്ടൻ.

അന്നയാൾ അയാളുടെ പാർട്ടി പത്രത്തിലെ ലേഖകൻ മാത്രമായിരുന്നു. വള്ളിക്കാവിലമ്മയുടെ ചാനലിലേയ്ക്ക് വളർന്നതോടെയാണ് ഇതര പാർട്ടികളിലും ഏട്ടന്മാരുണ്ടായത്. ഉമ്മൻ ചാണ്ടിയേട്ടൻ, രമേശേട്ടൻ, ബാബ്വേട്ടൻ തുടങ്ങിയ കോൺഗ്രസ്സുകാരുമൊത്തുള്ള വീരകഥകൾ കുറവായിരുന്നു. കരീമേട്ടൻ, ജയരാജേട്ടൻ, വിജയേട്ടൻ ഓർഡറിലായി തള്ള്. ഒടുവിൽ വിജയേട്ടൻ തള്ളുകളുടെ സ്പെഷ്യൽ എഡീഷനുമായി. വിപ്ലവ പാർട്ടിയുടെ മഹാ രഹസ്യങ്ങൾ താനറിയാത്തതായി ഒന്നുമില്ലെന്നും വിജയേട്ടനെ ഓർത്ത് പുറത്ത് വിടാത്തതാണെന്നും അയാൾ പറഞ്ഞു നടന്നു.

രാഷ്ട്രീയത്തിന് പുറത്തെ തള്ളുകൾ പലപ്പോഴും ബ്ലോഗേട്ടൻ കേന്ദ്രീകൃതമായിരുന്നു. വള്ളിക്കാവിലമ്മയും വിജയേട്ടനും ബ്ലോഗേട്ടനും ഈ വീടിന്റെ ഐശ്വര്യം എന്ന മട്ടിലായി. കദനം പറയാൻ നേതാക്കൾ വിളിച്ച് വിളിച്ച് രാത്രികൾ ഉറക്കമില്ലാത്തവയായി. തിരുമ്മി തിരുമ്മി കണ്ണിന്റെ മീതെ വടുക്കൾ വന്നു. എല്ലാം ധർമ്മ സംസ്ഥാപനാർത്ഥേയ..

സർക്കാർ സമിതികളിൽ പലതിലും അംഗം. ഭൂമിയിലിനി കിട്ടാൻ അവാർഡുകളൊന്നും ബാക്കിയില്ല. ഉളുപ്പില്ലായ്മയാണ് മൂലധനം. ധ്വജപ്രണാമക്കാർക്കും ലാൽ സലാമുകാർക്കുമിടയിൽ കൃത്യമായ ബാലൻസിങ്. നാക്ക് കൊട്ടേഷനുകൊടുക്കുന്നതിലേക്ക് തള്ള് ജീവിതം പരിവർത്തനപ്പെടുത്തി. അതിന്റെ ഒരുജ്ജ്വല ഭാവമാണ് ഇന്നലെ എറണാകുളം പ്രസ്സ് ക്ലബ്ബിൽ കണ്ടത്. സ്വന്തം പണി വൃത്തിയായി ചെയ്യുന്ന ഒരു പാട് മാധ്യമ പ്രവർത്തകരെ മൂകസാക്ഷികളാക്കി അയാൾ കിരാത വൃത്തം ബ്ലോഗേട്ടൻ കഥകളി കളിച്ചു.

നമത് നാടും കാലവും അധികാര രാഷ്ട്രീയവും വാഴുന്ന ഇത്തരക്കാർക്ക് ഇത്തിക്കണ്ണികളായി ജീവിക്കാൻ അവസരം കൊടുക്കുന്ന എല്ലാ ഏട്ടന്മാർക്കും ധ്വജപ്രണാമം. അല്ലലൂഞ്ഞാൽ പൂമ്പടിയിൽ തള്ള് തള്ള് തള്ളാട്.

(ഇന്നലെ കൊച്ചിയിൽ നടന്ന നടിമാരുടെ പത്രസമ്മേളനത്തിൽ നടന്മാർക്ക് വേണ്ടി ചോദ്യങ്ങൾ ഉയർത്തിയ ലേഖകനെ കുറിച്ച് കെ എ ഷാജി ഫെയ്സ് ബുക്കിൽ കുറിച്ചത്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP