Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രസ് ക്ലബുകളിൽ ഓൺലൈൻ ജേണലിസ്റ്റുകൾക്ക് അയിത്തമോ? പ്രസ് ക്ലബ് കോണിപ്പടിക്ക് താഴെ വിവേചനം സഹിച്ച് അപമാനിതരായി നിൽക്കേണ്ടതല്ല ഓൺലൈൻ ജേണലിസ്റ്റുകൾ: കെ പി റഷീദ് എഴുതുന്നു

പ്രസ് ക്ലബുകളിൽ ഓൺലൈൻ ജേണലിസ്റ്റുകൾക്ക് അയിത്തമോ? പ്രസ് ക്ലബ് കോണിപ്പടിക്ക് താഴെ വിവേചനം സഹിച്ച് അപമാനിതരായി നിൽക്കേണ്ടതല്ല ഓൺലൈൻ ജേണലിസ്റ്റുകൾ: കെ പി റഷീദ് എഴുതുന്നു

കെ പി റഷീദ്

ണ്ട് ചാനലുകൾ വാർത്തയിലേക്ക് ഇറങ്ങി ചെന്ന് തുടങ്ങിയ കാലത്ത് വിഷ്വൽ മീഡിയ ജേണലിസ്റ്റുകൾക്ക് പ്രസ് ക്ലബിൽ പ്രകടമായ അയിത്തം ഉണ്ടായിരുന്നു. പ്രസ് ക്ലബ് എന്നാൽ പത്രക്കാർക്കുള്ളത് എന്നായിരുന്നു അന്നർത്ഥം. വാർത്തകൾക്ക് പിന്നാലെ സദാസമയവും പായുന്ന ചാനലുകാരോട് മുടിഞ്ഞ പുച്ഛവുമായിരുന്നു. ചില പ്രസ് ക്ലബുകളിലൊക്കെ ന്യൂസ് റിലീസ് ഇടുന്ന ബോക്‌സ് ചാനലുകാർക്ക് അനുവദിച്ചിരുന്നു പോലുമില്ല. പിന്നെ ചില ചാനലുകൾക്ക് ഇടം കിട്ടി. പുതുതായി വന്ന ചാനലുകൾക്കോ ചാനൽ മാധ്യമപ്രവർത്തകർക്കോ ഇടം കിട്ടിയില്ല. എന്നാൽ അതും മാറി. പത്രം ഒരു മീഡിയ മാത്രം ആണെന്നും വാർത്താ ചാനലുകൾ കൂടി ഉൾപ്പെടുന്നതാണ് മാധ്യമപ്രവർത്തക സമൂഹം എന്നുമുള്ള ബോധ്യങ്ങൾ ഉണ്ടായി. അത് കഴിഞ്ഞ് പ്രസ് ക്ലബുകളിൽ ചാനലുകൾക്ക് മുൻ കൈ പോലുമുണ്ടായി.

ഈ കഥ ഇന്നോർമ്മിച്ചത് ഹസ്‌ന എഴുതിയ പോസ്റ്റിലെ വരികൾ കണ്ടപ്പോൾ ആണ്. ഓൺ ലൈൻ ജേണലിസ്റ്റുകൾക്ക് ഇടം കൊടുക്കാത്ത പ്രസ് ക്ലബുകളെ കുറിച്ച്. പ്രസ് ക്ലബ് എന്നാൽ പത്രങ്ങൾക്കും ചാനലുകൾക്കും മാത്രം ഉള്ളതാണെന്ന അബദ്ധ ധാരണയെ കുറിച്ച്. രസം എന്താണെന്ന് വച്ചാൽ പണ്ട് തൊട്ടുകൂടാത്തവരായിരുന്ന ചാനൽ ജേണലിസ്റ്റുകളിൽ പോലും ഈ മനോഭാവം ഉണ്ടെന്നതാണ്. ഒരേ ജോലി ചെയ്യുന്ന കുറച്ച് പേരെ തൊട്ടുകൂടാത്തവരായി മാറ്റി നിർത്തുന്ന ഈ ഏർപ്പാട് ക്രൂരമാണ്. അത് മാറേണ്ടതാണ്.

ജേണലിസ്റ്റ് യൂനിയൻ ആണിതിന് മുൻ കൈ എടുക്കേണ്ടത്. ഓൺലൈൻ ജേണലിസ്റ്റുകൾക്ക് പ്രവേശനം ഇല്ലാത്ത ഇടങ്ങൾ തുറപ്പിക്കാൻ ഓൺലൈൻ മാധ്യമങ്ങൾ ഒന്നാഞ്ഞു പിടിച്ചാൽ മതിയാകും. പത്രത്തിലും ചാനലിലും വന്നത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്താൽ മാത്രം ആളു വായിക്കുകയും കാണുകയും ചെയ്യുന്ന കാലത്ത് ഞാൻ കൂവിയില്ലെങ്കിൽ നേരം വെളുക്കില്ലെന്ന് കരുതുന്നവരെ ഉണർത്താൻ എളുപ്പമാണ്.

പ്രസ് ക്ലബിന്റെ കോണിപ്പടിക്ക് താഴെ, വിവേചനംസഹിച്ച് അപമാനിതരായി നിൽക്കേണ്ടതല്ല ഓൺലൈൻ ജേണലിസ്റ്റുകൾ. അങ്ങനെ കീഴ്‌വ്‌ഴക്കം ഉണ്ടെങ്കിൽ അത് തകർക്കേണ്ട നേരമാണിത്....

കൂടുതൽ അറിയാൻ ഹസ്‌ന എഴുതിയ കുറിപ്പ് വായിക്കൂ

Hansa എഴുതുന്നു:
ഡബള്യൂസിസിയുടെ പത്രസമ്മേളനം റിപ്പോർട്ട് ചെയ്യാനായി പ്രസ്സ്‌ക്‌ളബ്ബിൽ പോയിരുന്നു. പതിവ്‌പോലെ അങ്ങോട്ടേക്കുള്ള കോണിപ്പടികളുടെ താഴെ നിൽക്കാൻ മാത്രമേ ഉദ്ദേശമുണ്ടായിരുന്നൊള്ളൂ, അത് കഴിഞ്ഞ് അകത്തേക്ക് പ്രവേശനമില്ലെന്നത് തുറന്ന് പറഞ്ഞിട്ടുള്ള കാര്യമാണ്.

ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് കയറിച്ചെല്ലാൻ അവകാശമില്ലാത്ത അവിടെ മൂന്നോ നാലോ സമാന 'അയിത്തക്കാർക്കൊപ്പം' രണ്ട് മണിക്കൂറിലധികം കാത്ത് നിൽക്കുമ്പോൾ വലിയ അപമാനവും വിവേചനവുമൊക്കെ അനുഭവപ്പെട്ടിരുന്നു. ഇടക്കെങ്ങോ അകത്ത് കയറിപ്പറ്റിയ ഒരാൾക്ക് പകുതിയിൽ ഇറങ്ങിപ്പോരേണ്ടി വന്നത് കണ്ടപ്പോളത് ഇരട്ടിച്ചു.

പത്രസമ്മേളനം കഴിഞ്ഞ് ഡബ്‌ളിയുസിസിക്കാരും അവർക്ക് മുമ്പേ മാധ്യമപ്രവർത്തകരും ഇറങ്ങിവരുമ്പോൾ സത്യം പറഞ്ഞാൽ എന്താണ് അതിനകത്ത് പറഞ്ഞത് എന്നതിനെ പറ്റിപോലും നമുക്ക് വലിയ ധാരണയില്ല. കല്യാണവീട്ടിലൊക്കെ അവസാനപന്തി കഴിഞ്ഞ് പുറത്തേക്ക് കൊടുക്കുന്ന ഭക്ഷണം കാത്തിരിക്കുന്നവരുടെ മാനസികാവസ്ഥയെന്ന് തന്നെയാണ് തോന്നിയത്.

ഈ നോ എൻട്രിയിലല്ല ഇപ്പോൾ ഊന്നുന്നത്. അകത്തിരുന്നിരുന്ന ആ പ്രിവിലേജ്ഡ് ആൺകൂട്ടത്തിന്റെ കൊത്തിപ്പറിക്കലിന്റെ ഒപ്പം ഇരിക്കേണ്ടി വന്നില്ല എന്ന ആശ്വാസമാണ്. പെണ്ണുങ്ങള് മിണ്ടുമ്പോ മാത്രം ഉണ്ടാകുന്ന തരം വാശിയോടെയും തോപ്പിക്കാനുള്ള ഊറ്റത്തോടെയുംആ ആൺമാധ്യമജോലിക്കാർ ഇടപഴകുന്നത് അസ്വസ്ഥതയോടെ സഹിക്കേണ്ടി വരാത്തതിലും ഞാനക്കൂട്ടത്തിൽ, ആ ചോദ്യക്കാരുടെ വശത്തിൽ ഇരിക്കാനുണ്ടാകാഞ്ഞതിലും അഭിമാനവും.

ഞങ്ങളെ കയറ്റാത്ത ആ തമ്പ്രാക്കന്മാരുടെ ആണഹന്തയെ അവിടെ വെച്ച് എതിർക്കാനുള്ള സാമൂഹികമൂലധനത്തിന്റെ ഇല്ലായ്മയെ പറ്റി നല്ല ബോധ്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP