Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെറുത്തു വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി; തട്ടിക്കൊണ്ടു പോയാലും ചിലപ്പോഴെല്ലാം രാവണനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി; ഇവരൊക്കെയാണ് നമ്മുടെ മാതൃകാ സങ്കല്പങ്ങൾ; ഇന്ത്യൻ സിനിമകൾ കണ്ടു വളരുന്ന നമുക്ക് ഒരു പെൺകുട്ടി 'ഇഷ്ടമില്ല' എന്ന് പറഞ്ഞാൽ അത് കേട്ട് മാറിപ്പോകാനുള്ള സാമാന്യബോധമില്ല; 'സ്‌നേഹമാണഖിലസാരമൂഴിയിൽ' എന്ന് പാടിയ നാടല്ലേ... ഇവിടെ സ്‌നേഹത്തിന്റെ പേരിൽ ചോര വീഴുന്നത് ശരിയല്ല; മുരളി തുമ്മാരുകുടി എഴുതുന്നു

വെറുത്തു വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി; തട്ടിക്കൊണ്ടു പോയാലും ചിലപ്പോഴെല്ലാം രാവണനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി; ഇവരൊക്കെയാണ് നമ്മുടെ മാതൃകാ സങ്കല്പങ്ങൾ; ഇന്ത്യൻ സിനിമകൾ കണ്ടു വളരുന്ന നമുക്ക് ഒരു പെൺകുട്ടി 'ഇഷ്ടമില്ല' എന്ന് പറഞ്ഞാൽ അത് കേട്ട് മാറിപ്പോകാനുള്ള സാമാന്യബോധമില്ല; 'സ്‌നേഹമാണഖിലസാരമൂഴിയിൽ' എന്ന് പാടിയ നാടല്ലേ... ഇവിടെ സ്‌നേഹത്തിന്റെ പേരിൽ ചോര വീഴുന്നത് ശരിയല്ല; മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

സ്‌നേഹം കൊണ്ട് കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും...

സ്‌നേഹം എന്ന വികാരം കൊലപാതകത്തോടോ അക്രമത്തോടോ ചേർത്തു വെക്കപ്പെടേണ്ട ഒന്നല്ല. എന്നാൽ കേരളത്തിൽ ഓരോ വർഷവും സ്‌നേഹവുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ നടക്കുന്നു. അത് കൂടിവരികയാണോ എന്നറിയാനുള്ള ഗവേഷണം ഞാൻ നടത്തിയിട്ടില്ല, എന്തായാലും നമ്മെ നടുക്കുന്ന സംഭവങ്ങൾ എല്ലാ വർഷവും ഉണ്ടാകുന്നുണ്ട്.

സ്‌നേഹിച്ച പെൺകുട്ടിയെ കല്യാണം കഴിച്ചതുകൊണ്ട് കൊല്ലപ്പെട്ട കെവിന്റെ കഥയാണ് ഒരുദാഹരണം. സ്‌നേഹിച്ചിരുന്ന പെൺകുട്ടിയെ പെട്രോളൊഴിച്ചു കൊലപ്പെടുത്തിയ ആദർശിന്റെ കഥ മറ്റൊന്ന്.

ഈ ആഴ്ചയിൽ തന്നെ ഇത്തരം സംഭവങ്ങൾ രണ്ടുണ്ടായി. എറണാകുളത്ത് മുൻ കാമുകിയെ കാണാൻ രാത്രിയിൽ എത്തിയ ആളെ പെൺകുട്ടിയുടെ ഭർത്താവും ബന്ധുക്കളും കൂടി കൊലപ്പെടുത്തിയത് ഒരു സംഭവം. ഇന്ന് രാവിലെ സ്‌നേഹിച്ചിരുന്ന പെൺകുട്ടിയെ കുത്തിവീഴ്‌ത്തി പെട്രോളൊഴിച്ചു കത്തിക്കാൻ ശ്രമിച്ചത് അടുത്തത്.

ലോകത്ത് അമേരിക്ക, ജപ്പാൻ, ചൈന, കെനിയ തുടങ്ങിയ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ആളുകൾ അവർക്കിഷ്ടമുള്ളവരോടൊപ്പമാണ് ജീവിക്കുന്നത്, വിവാഹം കഴിച്ചോ അല്ലാതെയോ. ചെറുപ്പകാലത്ത് തന്നെ ഒരാളോട് ഇഷ്ടം തോന്നിയാൽ അത് തുറന്നുപറയുന്നു. മറുഭാഗത്തും ഇഷ്ടമുണ്ടെങ്കിൽ പിന്നെ അവർ ഒരുമിച്ചു ജീവിക്കാൻ ശ്രമിക്കുന്നു. ഇഷ്ടം ഇല്ലാതാവുകയോ മറ്റൊരാളോട് ഇഷ്ടം തോന്നുകയോ ചെയ്താൽ മാറി ജീവിക്കുന്നു. ഇതിനിടയിൽ കുത്തും കൊലയും പെട്രോളും കത്തിക്കലും ഒന്നുമില്ല.

നമ്മുടെ സ്‌നേഹത്തിന് മാത്രം ഇതെന്ത് പറ്റി?

പല പ്രശ്‌നങ്ങളാണ് ഇക്കാര്യത്തിൽ നമ്മെ നയിക്കുന്നത്. ഒന്നാമത് ഇന്ത്യൻ സിനിമകൾ കണ്ടു വളരുന്ന നമുക്ക് ഒരു പെൺകുട്ടി 'ഇഷ്ടമില്ല' എന്ന് പറഞ്ഞാൽ അത് കേട്ട് മാറിപ്പോകാനുള്ള സാമാന്യബോധമില്ല. കാരണം 'ഒന്നുകിൽ വെറുത്തു വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിശ്ശങ്കരനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി' അല്ലെങ്കിൽ തട്ടിക്കൊണ്ടു പോയാലും 'ചിലപ്പോഴെല്ലാം രാവണനെ ഇഷ്ടപ്പെടുന്ന' പെൺകുട്ടി, ഇവരൊക്കെയാണ് നമ്മുടെ മുന്നിലുള്ള മാതൃകാ സങ്കല്പങ്ങൾ. 'No means NO' എന്ന് നമ്മുടെ കുട്ടികളെ ആരും പറഞ്ഞു പഠിപ്പിക്കുന്നില്ല. അതുകൊണ്ടാണ് NOയുടെ പുറകെ ആളുകൾ പെട്രോളുമായി പോകുന്നത്. ഇത് അവസാനിപ്പിച്ചേ തീരു. പ്രേമത്തിനോ പ്രേമത്തിനുള്ളിലെ ശാരീരിക ബന്ധത്തിനോ വേണ്ട എന്ന് പറഞ്ഞാൽ വേണ്ട. അത്ര തന്നെ! അതിനപ്പുറം പോകുന്നത് കുഴപ്പത്തിലേക്കേ നയിക്കൂ എന്ന് ആളുകൾ ഉറപ്പായും മനസ്സിലാക്കണം.

രണ്ടാമത്തെ പ്രശ്‌നം രണ്ടുപേർ തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യത്തിൽ മൂന്നാമൊതൊരാൾ ഇടപെടുന്നതാണ്. ഇഷ്ടം എന്നത് ആളുകളുടെ സ്വകാര്യമാണ്. ആർക്ക് ആരോട് എപ്പോൾ ഇഷ്ടം തോന്നുമെന്ന് പറയാൻ പറ്റില്ല. അങ്ങനെ രണ്ടു പേർ തമ്മിൽ ഇഷ്ടമാന്നെന്ന് കണ്ടാൽ അതിന്റെ നടുക്ക് കയറി നിൽക്കാൻ മറ്റാർക്കും - മാതാപിതാക്കൾക്കോ ഭർത്താവിനോ നിയമപരമായി ഒരു അവകാശവുമില്ല എന്ന് ഇപ്പോൾ സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ കയറി നിൽക്കുന്നത് അപകടത്തിലേക്കേ പോകൂ എന്നതാണ് ഉദാഹരണങ്ങൾ നമ്മെ പഠിപ്പിക്കുന്നതും പഠിപ്പിക്കേണ്ടതും. ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ ആ ബന്ധം നിങ്ങൾക്ക് എത്രമാത്രം ഇഷ്ടപ്പെട്ടില്ലെങ്കിലും, സമൂഹത്തിൽ നിങ്ങൾക്ക് എത്ര ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ഇഷ്ടപ്പെടുന്നവരെ ഒരുമിച്ചു ജീവിക്കാൻ വിടുന്നത് തന്നെയാണ് നല്ലതും ബുദ്ധിയും. ഒരു ദേഷ്യത്തിന് തല്ലാനോ കൊല്ലാനോ പോയാൽ രണ്ടു ദേഷ്യം കൊണ്ട് ജയിലിൽ നിന്നും പുറത്തു വരാൻ പറ്റില്ല.

'സ്‌നേഹമാണഖിലസാരമൂഴിയിൽ' എന്ന് പാടിയ നാടല്ലേ. ഇവിടെ സ്‌നേഹത്തിന്റെ പേരിൽ ചോര വീഴുന്നത് ശരിയല്ല.

മുരളി തുമ്മാരുകുടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP