Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

എഴുപത് വർഷത്തിനിടെ തൊണ്ണൂറ് ശതമാനം ഭൂമി കുറഞ്ഞു എന്നാണ് 'സേവ് ആലപ്പാട്' കാമ്പയിൻ പറയുന്നത്; ഇത് വളരെ ഭീതിതമായ ഒരു കണക്കാണ്, ഒറ്റ നോട്ടത്തിൽ അവിശ്വസനീയവും; ഈ വിഷയത്തിൽ ആവശ്യം വിശദമായ പഠനങ്ങളാണ്; ഖനനം അവസാനിപ്പിച്ചു കഴിയുമ്പോൾ ആ സ്ഥലം ജനങ്ങൾക്ക് വീണ്ടും ഉപയോഗ യോഗ്യമാക്കണം: ആലപ്പാട് വിഷയത്തിൽ മുരളീ തുമ്മാരുകുടി എഴുതുന്നു

എഴുപത് വർഷത്തിനിടെ തൊണ്ണൂറ് ശതമാനം ഭൂമി കുറഞ്ഞു എന്നാണ് 'സേവ് ആലപ്പാട്' കാമ്പയിൻ പറയുന്നത്; ഇത് വളരെ ഭീതിതമായ ഒരു കണക്കാണ്, ഒറ്റ നോട്ടത്തിൽ അവിശ്വസനീയവും; ഈ വിഷയത്തിൽ ആവശ്യം വിശദമായ പഠനങ്ങളാണ്; ഖനനം അവസാനിപ്പിച്ചു കഴിയുമ്പോൾ ആ സ്ഥലം ജനങ്ങൾക്ക് വീണ്ടും ഉപയോഗ യോഗ്യമാക്കണം: ആലപ്പാട് വിഷയത്തിൽ മുരളീ തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ലപ്പാട്ടെ പ്രശ്‌നങ്ങൾ... 'സാർ/ചേട്ടൻ ആലപ്പാട് വിഷയത്തെപ്പറ്റി അഭിപ്രായം പറയണം. പല വാർത്തകളും വരുന്നു, പലതും പരസ്പര വിരുദ്ധവും. ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്.' ഒരു നൂറു പേരെങ്കിലും ഇതുവരെ പബ്ലിക്കിലും പ്രൈവറ്റിലും വന്നു പറഞ്ഞു.

'share cheyyy' എന്ന നിർദ്ദേശത്തോടെ ഒരു കുട്ടി സംസാരിക്കുന്ന വീഡിയോ പല സുഹൃത്തുക്കളും അയച്ചു തന്നു.

എന്റെ സുഹൃത്ത് ഹരീഷ് ഈ വിഷയത്തിൽ പലപ്രാവശ്യം പോസ്റ്റിയത് കണ്ടു.

എന്റെ ഫേസ്‌ബുക്ക് സുഹൃത്തായ സിബി ആലപ്പാട്ടെ പഞ്ചായത്ത് മെന്പറാണ്. അവിടുത്തെ സ്ഥലം സംരക്ഷിക്കാനുള്ള ശ്രമത്തിൽ മുന്നിൽ തന്നെയുണ്ട്.

പരിസ്ഥിതി വിഷയത്തിൽ യുവ സുഹൃത്തുക്കൾ ഇടപെടുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്, ആവുന്നതു പോലെ ഞാനവരെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. പോരാത്തതിന് ഖനനം, പരിസ്ഥിതി നാശം, കാലാവസ്ഥ വ്യതിയാനം ഇതൊക്കെ എനിക്ക് അറിവുള്ള മേഖലകളുമാണ്. ഇക്കാരണങ്ങളാൽ ഞാൻ ഒരഭിപ്രായം പറയേണ്ടതാണെങ്കിലും ഇതുവരെ പറഞ്ഞിട്ടില്ല.

ഇതിന് കാരണമുണ്ട്. ഞാൻ ഈ വിഷയത്തെ ശാസ്ത്രീയമായി പഠിച്ചിട്ടില്ല, ശാസ്ത്രീയമായ പഠനങ്ങൾ ഇതുവരെ കണ്ടതുമില്ല. ഷെർലക് ഹോംസിന്റെ പ്രശസ്തമായ വാക്യം ഉണ്ടല്ലോ.
'It is a capital mistake to theorize before one has data. Insensibly one begins to twist facts to suit theories, instead of theories to suit facts.'

ഇത് പറയാൻ വാസ്തവത്തിൽ എനിക്കല്പം വിഷമമുണ്ട്. പൊതുവെ ആളുകൾ അവരുടെ പ്രശ്‌നവുമായി വരുന്‌പോൾ വിഷയം പഠിച്ചിട്ടില്ല, ആവശ്യത്തിന് പഠനങ്ങൾ ഇല്ല, പഠനങ്ങൾ ശാസ്ത്രീയമല്ല എന്നൊക്കെ ഒഴിവുകഴിവ് പറയുന്നത് തീരുമാനമെടുക്കാൻ മടിയുള്ള രാഷ്ട്രീയക്കാരുടെയും ബ്യൂറോക്രാറ്റുകളുടെയും രീതിയാണ്. ഈ വിഷയത്തിൽ എനിക്ക് രാഷ്ട്രീയം ഇല്ലാത്തതിനാലും തീരുമാനം എടുക്കേണ്ട ഉത്തരവാദിത്തം എനിക്കല്ലാത്തതിനാലും ഒഴിഞ്ഞു മാറേണ്ട കാര്യമില്ല.

പക്ഷെ സത്യത്തിൽ എനിക്കീ വിഷയത്തെക്കുറിച്ച് പത്രത്തിലും ഫേസ്‌ബുക്കിലും വായിച്ചുള്ള വിവരമേയുള്ളു. അത് എന്റെ കുറ്റം തന്നെയാണ്. കഴിഞ്ഞ വർഷം മാർച്ചിൽ തന്നെ സിബി എന്നോട് ഈ വിഷയത്തിൽ അഭിപ്രായം ചോദിച്ചതാണ്. നാട്ടിൽ വരുന്‌പോൾ സ്ഥലം പോയി കാണാമെന്നും അതിന് ശേഷം നിർദ്ദേശങ്ങൾ നൽകാമെന്നും പറഞ്ഞിരുന്നു. അതനുസരിച്ച് സിബി സംഘടിപ്പിച്ച മീറ്റിങ്ങുകൾ പക്ഷെ പ്രളയത്തിൽ മുങ്ങിപ്പോയി.

ഇപ്പോൾ ഈ വിഷയം സമൂഹമാധ്യമത്തിൽ ചർച്ചയായിരിക്കുന്നു, പല സെലിബ്രിറ്റികളും ഏറ്റെടുത്തിരിക്കുന്നു. നല്ല കാര്യം. അതേസമയം തന്നെ ഈ വിഷയത്തിൽ എതിരഭിപ്രായം വരുന്നു, ഈ വിഷയത്തിൽ രാഷ്ട്രീയ ചായ്വുകൾ ആരോപിക്കപ്പെടുന്നു, സാന്പത്തിക താല്പര്യങ്ങളുണ്ടെന്ന് പരോക്ഷമായ ആരോപണങ്ങൾ വരുന്നു. പൊതുമേഖലയിലുള്ള ഖനനം നിർത്തിയിട്ട് സ്വകാര്യമായി കരിമണൽ ഉപയോഗിക്കാനുള്ള ശ്രമമാണെന്ന് ആരോപിക്കപ്പെടുന്നു. കേരളത്തിലെ പ്രകൃതി സംരക്ഷിക്കപ്പെടണം എന്നും ആലപ്പാടുകാരുടെ നാട് ഇല്ലാതാകരുതെന്നും ആഗ്രഹിക്കുന്ന ശരാശരി മലയാളികൾ കൺഫ്യൂഷനിലായതുകൊണ്ടാണ് എനിക്ക് ഇത്തരത്തിൽ മെസ്സേജുകൾ വരുന്നത്.

ഖനനം നടത്തുന്നത് പൊതുമേഖലാ സ്ഥാപനമാണെന്നതോ സമരത്തിൽ ഉൾപ്പെട്ടവർക്ക് ഏതെങ്കിലും രാഷ്ട്രീയം ഉണ്ടെന്നതോ വാസ്തവത്തിൽ ഈ വിഷയത്തിൽ പ്രസക്തമല്ല. ഇത്തരം സാഹചര്യങ്ങളിൽ രാഷ്ട്രീയം എന്താണെങ്കിലും ഉണ്ടാകും, രാഷ്ട്രീയക്കാർ പ്രശ്‌നത്തെ ഉപയോഗിക്കാൻ നോക്കും, പ്രശ്‌നത്തിൽ സ്വന്തം പക്ഷം നിൽക്കുന്ന രാഷ്ട്രീയക്കാരെ ഉപയോഗിക്കാൻ പരിസ്ഥിതി പ്രസ്ഥാനക്കാരും ശ്രമിക്കും. ഇതൊക്കെ നാട്ടുനടപ്പാണ്. പക്ഷെ അതുകൊണ്ടൊന്നും ഈ ഖനനം എന്നത് ആലപ്പാടിന്റെ ഭാവിയെ ബാധിക്കുന്ന ഒന്നാണോ എന്ന അടിസ്ഥാന പ്രശ്‌നത്തിന് മാറ്റമുണ്ടാകുന്നില്ല. എന്തിന്, പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യം വരുന്‌പോൾ ഖനനം നിയമവിധേയമാണോ എന്നത് പോലും പ്രസക്തമല്ല. ലോകത്തിൽ ധാരാളം പ്രദേശങ്ങളിൽ വനങ്ങൾ വെട്ടി നശിപ്പിച്ചത് സർക്കാർ നൽകിയ ലൈസൻസുമായി മല കയറിയവരായിരുന്നു. അപ്പോൾ ഒരു പ്രവർത്തി പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുമോ എന്നതാണ് അടിസ്ഥാന വിഷയം. അല്ലാതെ വിഷയം ഉന്നയിക്കുന്നവരുടെ രാഷ്ട്രീയ ചായ്വുകളോ സാന്പത്തിക താല്പര്യങ്ങളോ അല്ല.

ഖനനം മൂലം വൻ പരിസ്ഥിതി നാശവും സമൂഹങ്ങളുടെ അസ്തിത്വം ഇല്ലാതാകുന്നതും ഒക്കെ ലോകത്ത് പലയിടത്തും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കൊളംബിയയിൽ സ്വർണ്ണ ഖനനത്തിന് വേണ്ടി ഒരു നദിയെ മൊത്തം കൊന്നുകളഞ്ഞിട്ടുണ്ട്, നദിയുടെ കരയിൽ താമസിക്കുന്നവർക്ക് നാടുവിട്ട് പോകേണ്ടി വന്നിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലവും അല്ലാതേയും വർഷം തോറും കടൽ കയറി ആളുകൾക്ക് സ്വന്തം നാട് വിട്ട് പോകേണ്ടി വന്നത് ഞാൻ ഇപ്പോഴും കാണുന്നുണ്ട്. ഇൻഡോനേഷ്യയിലെ സെമാറാൻഗ് അത്തരം ഒരു പ്രദേശമാണ്.

ഒരു കാര്യം കൂടി. കടലും കരയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ ഇപ്പോഴും ശാസ്ത്രത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങിയിട്ടില്ല. ഒരു തുറമുഖം ഉണ്ടാക്കാൻ വേണ്ടി ആലപ്പാട് പോലെ ഒരു പ്രദേശത്ത് അറുപത് മീറ്റർ വീതിയിൽ കടലും കായലും തമ്മിൽ ഒരു കനാൽ ഉണ്ടാക്കിയപ്പോൾ ആ കായലിന്റെ യഥാർത്ഥ അഴിമുഖം മുഴുവൻ കടൽ അടച്ചു കളഞ്ഞത് ഞാൻ കണ്ടിട്ടുണ്ട്. അതേ സമയം മറ്റിടങ്ങളിൽ അത് വൻ തോതിൽ കരയെ കടലെടുക്കുന്നതിലേക്ക് നയിച്ചു. ശാസ്ത്രജ്ഞന്മാരുടെ മോഡൽ ഒന്നും ഇവിടെ എപ്പോഴും ശരിയാവാറില്ല. അപ്പോൾ എത്ര സ്ഥലം ഇതിന് മുൻപ് നഷ്ടപ്പെട്ടു, എത്ര ചെറിയ പ്രദേശത്താണ് ഖനനം നടത്തുന്നത് എന്നതൊന്നും അത്ര പ്രധാനമല്ല. കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ നമ്മൾ കൂടുതൽ ശ്രദ്ധയോടെയും കരുതലോടേയും വേണം കാര്യങ്ങൾ ചെയ്യാൻ.
അതുകൊണ്ട് ആലപ്പാട്ടെ ആളുകൾ ഉയർത്തുന്ന പ്രശ്‌നങ്ങൾ വെറുതേ തള്ളിക്കളയാൻ പറ്റില്ല. തീർച്ചയായും പരിഗണിക്കപ്പെടേണ്ടതാണ്. അതിന് ശരിയായ അടിസ്ഥാന വസ്തുതകൾ പ്രധാനമാണ്. വൈകാരികമായി, വസ്തുതകളുടെ അഭാവത്തിൽ, അല്ലെങ്കിൽ തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിൽ, വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിൽ, സെലിബ്രിറ്റികൾ പറയുന്നത് കേട്ട് ഒക്കെ നമ്മൾ ഒരു വിഷയത്തെ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യരുത്. ശാസ്ത്രത്തിന്റെ അടിസ്ഥാനമില്ലാതെ തീരുമാനമെടുക്കുന്ന സമൂഹം തൽക്കാലം ശരിയായ തീരുമാനത്തിൽ എത്തിയാൽ പോലും അടിസ്ഥാനമായി ഒരു പ്രോഗ്രസീവ് സമൂഹം അല്ല.

ഇവിടെയാണ് എന്റെ പ്രശ്‌നം വരുന്നത്, ആലപ്പാടിന്റെ കാര്യത്തിൽ ആധികാരികമായ ഒരു അഭിപ്രായം പറയാനുള്ള വസ്തുതകൾ എന്റെ പക്കലില്ല. പക്ഷെ ലോകത്തെവിടെ നിന്നെങ്കിലും ഇത്തരത്തിൽ ഒരു പ്രശ്‌നം എന്റെ അടുത്ത് വന്നാൽ ഒരു പരിസ്ഥിതി വിദഗ്ദ്ധൻ എന്ന നിലയിൽ എങ്ങനെയാണ് അതിനെ കൈകാര്യം ചെയ്യുക എന്ന് പൊതുവിൽ പറയാം.

1. ആലപ്പാട് പ്രദേശത്തിന്റെ വിസ്തീർണ്ണം കഴിഞ്ഞ എഴുപത് വർഷത്തിനിടെ തൊണ്ണൂറ് ശതമാനം കുറഞ്ഞു എന്നാണ് 'സേവ് ആലപ്പാട്' ക്യാന്പയിൻ പറയുന്നത്. ഇത് വളരെ ഭീതിതമായ ഒരു കണക്കാണ്. ഒറ്റ നോട്ടത്തിൽ അവിശ്വസനീയവും. പക്ഷെ ഈ വിഷയത്തിലെ ഏറ്റവും സുപ്രധാനമായ കണക്കാണ് ഇത്. അതുകൊണ്ട് തന്നെ അത് ശരിയായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. രണ്ടു കാര്യങ്ങളാണ് അറിയേണ്ടത്.

(എ) കൃത്യമായി എത്ര സ്ഥലമാണ് കടലിലോ കായലിലോ നഷ്ടപ്പെട്ടിരിക്കുന്നത് ?

(ബി) നഷ്ടത്തിന്റെ നിരക്ക് ഇപ്പോൾ കൂടിവരികയാണോ, കുറയുകയാണോ അതോ സ്റ്റെഡി ആണോ?

(സി ) സ്ഥലം നഷ്ടപ്പെടുന്നുണ്ടെങ്കിൽ ഖനനത്തിന് പങ്കെന്താണ്?
(ഇവിടെ തൊണ്ണൂറു ശതമാനമല്ല പത്തൊന്പത് ശതമാനമാണ് നഷ്ടപ്പെട്ടതെങ്കിലും അത് പ്രാധാന്യമുള്ള കാര്യമാണ്. കൃത്യമായി അറിയുക എന്നതാണ് കൂടുതൽ പ്രധാനം)

2. 1990 കൾ മുതലുള്ള ഉപഗ്രഹ ചിത്രം ഉപയോഗിച്ച് കൃത്യമായി കടലെടുക്കുന്നതിന്റെ കണക്കും ഖനനത്തിന്റെ വ്യാപ്തിയും കണ്ടുപിടിക്കാൻ കഴിയും. ഇത് തീർച്ചയായും ചെയ്യണം. വളരെ എളുപ്പത്തിലും അധികം ചെലവില്ലാതെയും ചെയ്യാവുന്ന കാര്യമാണ്.

3. കാലാവസ്ഥ വ്യതിയാനം ആലപ്പാടിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്. 2050 ൽ ആലപ്പാടിന്റെ തീരദേശം എങ്ങനെ ആയിരിക്കും?, ഒരു മീറ്റർ സമുദ്രനിരപ്പ് ഉയർന്നാൽ എത്ര മാത്രം സ്ഥലം ആലപ്പാടിന് നഷ്ടപ്പെടും?, എത്ര ആളുകളെ മാറ്റി പാർപ്പിക്കേണ്ടി വരും ? (നാഷണൽ ഓഷ്യാനോഗ്രഫിക്ക് ഇൻസ്റ്റിട്യൂട്ട് എല്ലാം ഇക്കാര്യത്തിൽ കേരളത്തിന്റെ മൊത്തം പഠനങ്ങൾ നടത്തിയിട്ടുണ്ട്. അത് ആലപ്പാട്ടെ കാര്യത്തിൽ പ്രത്യേകമായി പ്രോജക്റ്റ് ചെയ്താൽ മതി).

4. ആലപ്പാടിൽ ഇപ്പോൾ ഖനനം നടത്തുന്നവരുടെ ഇനിയുള്ള പ്ലാനുകൾ എന്താണ് ?. എത്ര മാത്രം പ്രദേശമാണ് ഖനനം ചെയ്യാൻ ഉദ്ദേശിക്കുന്നത്?, എത്ര നാളുകൾ കൂടി ഖനനം ചെയ്യാനാണ് പ്ലാൻ?, സർക്കാരിന്റെ നയവും പദ്ധതികളും എന്താണ്?

5. ഖനനം ചെയ്യുന്ന പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷിക്കാനും ഖനനം അവസാനിപ്പിച്ചു കഴിയുന്‌പോൾ ആ സ്ഥലം ജനങ്ങൾക്ക് വീണ്ടും ഉപയോഗ യോഗ്യമാക്കുന്നതുമാണ് ആഗോളമായി ഇപ്പോൾ 'ഉത്തരവാദിത്തമുള്ള ഖനന സംവിധാനങ്ങൾ' ആയി കണക്കാക്കപ്പെടുന്നത്. ഓരോ വർഷവും കന്പനികളുടെ ലാഭവിഹിതം എടുത്ത് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നത് പോലെയല്ല ഇത്. കന്പനി അവിടെ നിന്നും പോകുന്ന കാലത്ത് ആ പ്രദേശം ഉപയോഗ യോഗ്യമല്ലെങ്കിൽ തൽക്കാലം സഹായം കൊടുത്തിട്ട് എന്ത് കാര്യം?. ഇത്തരം 'Long Term Decommissioning/Restoration plan' എന്തൊക്കെയാണ്?

ഇത്രയും വിവരങ്ങൾ കിട്ടിയാൽ ഈ വിഷയത്തിൽ ആധികാരികമായ അഭിപ്രായം പറയാൻ പറ്റും. ആരുടെയെങ്കിലും അടുത്ത് ഇത്തരം വിവരങ്ങളുണ്ടെങ്കിൽ അയച്ചു തരിക. ഇല്ലെങ്കിൽ ഈ വിഷയത്തിൽ താല്പര്യമുള്ളവർ ഈ വിവരങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കണം. ഇതിന് മൂന്ന് സാധ്യതകളുണ്ട്.

1. കേരള ഗവൺമെന്റ് ഒരു സ്വതന്ത്ര കമ്മീഷനെ വെച്ച് പഠനം നടത്തി റിപ്പോർട്ട് പൊതു മണ്ഡലത്തിൽ ഇടണം.

2. ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെ ശാസ്ത്രീയ അടിത്തറയുള്ള സ്ഥാപനങ്ങൾ സ്വതന്ത്രമായ ഒരു പഠനം നടത്തി അത് പ്രസിദ്ധീകരിക്കണം.

3. കൊച്ചിൻ യൂണിവേഴ്‌സിറ്റി പോലെ പരിസ്ഥിതി വിഷയത്തിൽ ഡിഗ്രി കോഴ്സുകൾ ഉള്ള ഒരു സ്ഥാപനം ഒരു പ്രോജക്റ്റ് ആയി എടുത്ത് ഈ പഠനം നടത്തണം.

യഥാർത്ഥ വിദഗ്ദ്ധർ ഒരുമിച്ചു വന്നാൽ മൂന്നു മാസം കൊണ്ട് ഇത്തരം പഠനങ്ങൾ തീർക്കാവുന്നതേ ഉള്ളൂ. ഇതിനൊന്നും അധികം ചെലവ് വരുന്ന കാര്യവുമല്ല. എന്റെ പരിചയ മേഖല ആണെങ്കിലും എന്റെ ഔദ്യോഗികമായ ഉത്തരവാദിത്തത്തിൽ വരുന്ന ഒരു വിഷയമല്ലാത്തതുകൊണ്ടു തന്നെ ഈ വിഷയത്തിൽ ഒരു പഠനത്തിന് മുൻകൈ എടുക്കാൻ എനിക്ക് സാധിക്കില്ല. പക്ഷെ അങ്ങനെ ആരെങ്കിലും മുൻകൈ എടുത്താൽ എല്ലാ സാങ്കേതിക സഹായവും ചെയ്യാൻ ഞാൻ തയ്യാറാണ്.

അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു കാര്യം കൂടി പറയാം.

സാധാരണഗതിയിൽ ഇത്തരം നിർദ്ദേശങ്ങൾ വെക്കുന്‌പോൾ ഇരുപക്ഷവും അംഗീകരിക്കാറില്ല. പ്രശ്‌നത്തെ തണുപ്പിക്കാനാണെന്ന് ഒരു പക്ഷത്തിന് തോന്നാം. ശാസ്ത്രീയപഠനങ്ങൾ വന്നാൽ ആരോപണ പ്രത്യാരോപണങ്ങൾക്ക് സാധ്യതയില്ലെന്ന് മറുഭാഗത്തിനും. അതുകൊണ്ട് രണ്ടുകൂട്ടരും കൂടുതൽ പഠനത്തെ എതിർക്കും. പഠനം ഒന്നും നടക്കില്ല, പിന്നെയും മാസങ്ങളും വർഷങ്ങളും കഴിയുന്‌പോൾ ആരോപണ പ്രത്യാരോപണങ്ങളും സത്യവും അർദ്ധസത്യവും ഒക്കെയായി വിഷയം അങ്ങനെ കിടക്കും. ആലപ്പാട് അങ്ങനെ ആകില്ല എന്ന് കരുതട്ടെ.


(ഈ വിഷയത്തെ പറ്റി പഠനങ്ങൾ ഉണ്ടെങ്കിൽ അതെനിക്ക് അയച്ചു തരണം. [email protected]).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP