Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗത്തിൽ ഫയർ എഞ്ചിനുകൾക്ക് എത്തിപ്പറ്റാൻ പോലും പറ്റാത്ത തരത്തിൽ ആൾക്കൂട്ടമാണ് കണ്ടത്; നമുക്ക് യാതൊരു ആവശ്യവും ഇല്ലത്തിടത്തെല്ലാം മലയാളി ഹാജർ ആണ്; കാലാവസ്ഥ വ്യതിയാനത്തെ പറ്റി ഒരു സെമിനാർ നടത്തി നോക്കൂ; ബിരിയാണി കൊടുക്കാം എന്ന് പറഞ്ഞാൽ പോലും നാലു മലയാളിയെ കിട്ടില്ല; എന്താടോ നന്നാവാത്തേ? കൊച്ചി തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നു

സൗത്തിൽ ഫയർ എഞ്ചിനുകൾക്ക് എത്തിപ്പറ്റാൻ പോലും പറ്റാത്ത തരത്തിൽ ആൾക്കൂട്ടമാണ് കണ്ടത്; നമുക്ക് യാതൊരു ആവശ്യവും ഇല്ലത്തിടത്തെല്ലാം മലയാളി ഹാജർ ആണ്; കാലാവസ്ഥ വ്യതിയാനത്തെ പറ്റി ഒരു സെമിനാർ നടത്തി നോക്കൂ; ബിരിയാണി കൊടുക്കാം എന്ന് പറഞ്ഞാൽ പോലും നാലു മലയാളിയെ കിട്ടില്ല; എന്താടോ നന്നാവാത്തേ? കൊച്ചി തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

 റബ്ബർ കഴുത്തുകളുടെ കേന്ദ്രം...

റണാകുളത്ത് ചെരുപ്പിന്റെ ഷോ റൂമിലെ അഗ്‌നിബാധയുടെ ചിത്രങ്ങൾ രാവിലെ തൊട്ടേ ആളുകൾ അയച്ചു തരുന്നുണ്ട്. ഉയർന്ന കെട്ടിടങ്ങളിലെ അഗ്‌നിബാധയാണ് കേരളത്തിലെ അടുത്ത വലിയ ദുരന്തം എന്ന് പ്രവചിച്ചിരുന്നതിനാൽ എന്റെ നാക്കിന്റെ നിറം അറിയാനും ശ്രമമുണ്ട്. ഭാഗ്യത്തിന് മരണം ഒന്നും സംഭവിച്ചില്ല, ഭാഗ്യം. ഭാഗ്യം കൊണ്ട് മാത്രം.

കേരളത്തിലെ ഒന്നാമത്തെ നഗരമാണ് കൊച്ചി. ജനസംഖ്യയുടെ കാര്യത്തിലായാലും സമ്പത്തിന്റെ കാര്യത്തിൽ ആയാലും. സർക്കാരിന്റെ, നേവിയുടെ, വിമാനത്താവളത്തിന്റെ, റിഫൈനറിയുടെ അങ്ങനെ അനവധി അഗ്‌നിശമന സംവിധാനങ്ങൾ അവിടെ ഉണ്ട്. പക്ഷെ അതുകൊണ്ട് മാത്രം കൊച്ചി സുരക്ഷിതം ആണെന്ന് കരുതരുത്. ഏറ്റവും കൂടുതൽ ഉയർന്ന കെട്ടിടങ്ങൾ അവിടെയാണ്, ഏറ്റവും പഴയ ഉയർന്ന കെട്ടിടങ്ങളും ഇവിടെയാണ്. കേരളത്തിൽ മൊത്തം ടൗൺ പ്ലാനിങ്ങിൽ അത്രമാത്രം പ്ലാനിങ്ങ് ഒന്നുമില്ല. പടക്കക്കടയുടെ മുകളിൽ നഴ്‌സറി സ്‌കൂൾ ഉണ്ടെന്ന് കേട്ടാലും ഞാൻ അതിശയപ്പെടില്ല. ഫ്‌ളാറ്റുകളിൽ ഉള്ള അഗ്‌നി സുരക്ഷാ സംവിധാനങ്ങൾ ആരും നോക്കാറുകൂടിയില്ല. ഒരു സുരക്ഷാ ഡ്രിൽ എന്നത് പൊലീസ് സ്റ്റേഷനിൽ പോലും ഉണ്ടാകാറില്ല.

അപ്പോൾ തീ എവിടെയും തുടങ്ങാം, ആരെയും കൊല്ലാം. ഇതിപ്പോൾ തിരക്കുള്ള നഗരത്തിന്റെ മാത്രം കാര്യമല്ല. നമ്മുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കണ്ടിട്ടുള്ള സുരക്ഷാ വിദഗ്ദ്ധർ തലയിൽ കൈ വച്ച് ഉടൻ സ്ഥലം കാലിയാക്കാൻ നോക്കും. മരത്തിന്റെ ഫ്‌ളോർ, പ്ലൈവുഡിന്റെ പാനൽ, എവിടെയും കെട്ടുകെട്ടായി ഫയലുകൾ, നിലത്തൂടെ ലൂസ് ആയി കിടക്കുന്ന ഇലക്ട്രിക് വയറുകൾ, പല റൂമുകളിലും ചായയും കാപ്പിയും ഉണ്ടാക്കാനുള്ള സംവിധാനം. മുറികളിൽ നിന്നും എങ്ങനെയാണ് പുറത്തെത്തുന്നത് എന്ന് സന്ദർശകർക്ക് ഒട്ടും പിടി കിട്ടാത്ത തരത്തിലുള്ള ഇടനാഴികളും കോണികളും. ഓരോ തവണയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഒക്കെ റൂമിനടുത്തുകൂടെ പോകുമ്പോൾ ഞാൻ ഈ കാര്യം ഓർക്കാറുണ്ട്. എന്നെങ്കിലും ഇവിടെ ഒരു ഫയർ സേഫ്റ്റി ഓഡിറ്റ് നടന്നിട്ടുണ്ടോ ?. ഏതെങ്കിലും കാലത്ത് ഒരു ഫയർ ഡ്രിൽ അവിടെ സാധിക്കുമോ ?. എന്നാണ് ഭരണ സിരാകേന്ദ്രത്തിന് 'തീ പിടിക്കുന്നത്'. എനിക്ക് കരിനാക്ക് ഉണ്ടെന്ന് അറിയാവുന്നവർ അവിടെ ഉണ്ട്, അവരൊന്നു പേടിച്ചോട്ടെ എന്നോർത്ത് പറഞ്ഞതാണ്. അങ്ങനെ എങ്കിലും ഒരു സുരക്ഷാ ഓഡിറ്റ് അവിടെ നടക്കട്ടെ!

അതൊക്കെ അവിടെ നിൽക്കട്ടെ. ഔദ്യോഗികമായി വലിയ മാറ്റങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട. പക്ഷെ എന്റെ വായനക്കാർക്ക് ചെയ്യാവുന്ന ഒരു കാര്യം പറയാം. സൗത്തിൽ തീ പിടുത്തം ഉണ്ടെന്ന് കേട്ടാൽ നേരെ എതിരേ ദിശയിലേക്ക് പോവുക. കാരണം വഴിയേ പോകുന്ന തീ ഓട്ടോറിക്ഷ പിടിച്ചു തലയിലേക്ക് ഇടേണ്ട കാര്യം ഇല്ലല്ലോ.

ഇന്ന് രാവിലെ സൗത്തിൽ ഫയർ എഞ്ചിനുകൾക്ക് എത്തിപ്പറ്റാൻ പോലും പറ്റാത്ത തരത്തിൽ ആൾക്കൂട്ടമാണ് കണ്ടത്. ഒരു കാര്യവും ഇല്ല, ആളുകൾ വന്ന് നിറയുകയാണ്, ആകാശത്തെ ഏറോബാറ്റിക്ക്‌സ് ഒക്കെ കാണാൻ കൂടുന്നത് പോലെ. ഒരു കാര്യവും ഇല്ലാത്ത സ്ഥലത്ത് പോയി ചുമ്മാ നോക്കി നിൽക്കുന്ന സ്വഭാവത്തിന് rubberneck എന്നാണ് ഇംഗ്ലീഷിലെ പേര്. റബ്ബർ കൃഷി വ്യാപകമായതുകൊണ്ടാണോ എന്തോ ഞാൻ കണ്ടിട്ടുള്ള ലോകത്തിലെ റബർ കഴുത്തിന്റെ തലസ്ഥാനം ആണ് കേരളം. അഗ്‌നിശമനം മാത്രമല്ല, കോടതിയിൽ പ്രതിയെ കൊണ്ട് വരുന്നത്, മരം വെട്ടുന്നത്, കിണറിൽ ആളിറങ്ങുന്നത് എന്നിങ്ങനെ നമുക്ക് യാതൊരു ആവശ്യവും ഇല്ലത്തിടത്തെല്ലാം മലയാളി ഹാജർ ആണ്. എന്ന് വച്ച് നാട്ടിൽ പണിയില്ലാത്തവരുടെ എണ്ണം കൂടി എന്നൊന്നും ചിന്തിക്കരുത്. എന്തെങ്കിലും ഒരു നല്ല കാര്യത്തിന് വേണ്ടി, ഉദാഹരണത്തിന് കാലാവസ്ഥ വ്യതിയാനത്തെ പറ്റി ഒരു സെമിനാർ നടത്തി നോക്കൂ. ബിരിയാണി കൊടുക്കാം എന്ന് പറഞ്ഞാൽ പോലും നാലു മലയാളിയെ കിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP