Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രതി സദാചാരത്തിന്റെ ഭാഗമല്ല ആനന്ദത്തിന്റെയും അലിവിന്റെയും ഒരു ആവിഷ്‌കാരമെന്ന തിരിച്ചറിവാണ് മായാനദി നൽകുന്നത്; മുഖപുസ്തകത്തിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിത് ഈ സിനിമ കണ്ടുള്ള അനുഭവമാണ്: മായാനദിയെ കുറിച്ച് വി എം ഗിരിജ എഴുതുന്നു

രതി സദാചാരത്തിന്റെ ഭാഗമല്ല ആനന്ദത്തിന്റെയും അലിവിന്റെയും ഒരു ആവിഷ്‌കാരമെന്ന തിരിച്ചറിവാണ് മായാനദി നൽകുന്നത്; മുഖപുസ്തകത്തിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിത് ഈ സിനിമ കണ്ടുള്ള അനുഭവമാണ്: മായാനദിയെ കുറിച്ച് വി എം ഗിരിജ എഴുതുന്നു

രു പാടു ദിവസമായി ഞാൻ മുഖപുസ്തകത്തിൽ ഇല്ലായിരുന്നു. ഈയിടെ ഉണ്ടായ രണ്ടു കാര്യങ്ങൾ ഇതിലേക്ക് വരാൻ എന്നെ പ്രേരിപ്പിച്ചു. ഒന്ന് മായാനദി എന്ന സിനിമ കണ്ടതാണ്. ആഷിക് അബു സംവിധാനം ചെയ്ത മായാനദി മനോഹരമായ ഒരു അനുഭവം തന്നു.

ഒരു മായാനദി പോലെ ഒഴുകുന്ന ഒരു ജീവിതമാണ് അതിൽ. നിശ്ചിതമായതും വിവാഹത്തിലോ സന്തോഷത്തിലോ അവസാനിക്കുന്നതുമായ ഒന്നല്ല അത്. മാത്തൻ എന്ന നായകനും അപ്പു എന്ന അപർണയും ഒരു പ്രത്യയശാസ്ത്രത്തിലോ ഉറച്ച സ്ഥാപനങ്ങളിലോ ചാരുന്നവർ അല്ല.മാത്തൻ ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിലെ ബാക്കിയും അപ്പു സമ്പത്തിൽ നിന്ന് ദാരിദ്ര്യത്തിലേക്ക് വീണു പോയ കുടുംബത്തിലെ ജീവിക്കാൻ പൊരുതുന്ന പെണ്ണും.

അവൾ സിനിമാ നടി ആകുന്നു. മോഡൽ ആകുന്നു. മാത്തനോട് ഉണ്ടായിരുന്നതും വിശ്വാസവഞ്ചനയാൽ അത് പ്രേമപരം അല്ല കേവലം സാമ്പത്തികം ആണ്! തകർന്നതുമായ പ്രണയം അവൾ എങ്ങനെയാണ് ജീവിതത്തിൽ കൈകാര്യം ചെയ്യുന്നത് എന്ന ഒരേ ഒരു കാര്യത്തെ പറ്റി മാത്രമേ ഞാൻ പറയുന്നുള്ളൂ. അവൾ അയാളെ തള്ളി പറയുന്നില്ല. പൂർണ്ണമായും ഒഴിവാക്കുന്നില്ല. അയാൾ എന്താണ് എന്ന് അഴിച്ചും കെട്ടിയും വീണ്ടും വീണ്ടും അലിവോടെ ചിലപ്പോൾ ദേഷ്യത്തോടെ പരിശോധിക്കയാണ്, അനശ്വരപ്രേമക്കാരിയോ പിരിഞ്ഞാൽ മരിക്കും കാരിയോ അല്ല അവൾ. ഉള്ളു തുറന്നു താൻ എന്താണ് എന്ന് മാത്തനെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.അയാളെ കറുപ്പിലും വെളുപ്പിലും വരയ്ക്കുന്നു.

തനിക്ക് വളരെ സന്തോഷം ഉള്ള ഒരു ദിവസം അവൾ മാത്തനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. വളരെ സന്തോഷം, ആനന്ദം ആ ചിത്രീകരണത്തിൽ തുളുമ്പി നിൽക്കുന്നു. രതി വിവാഹത്തിനുള്ള സമ്മതപത്രം ആണെന്നാണ് മാത്തൻ -പുരുഷൻ-കരുതുന്നത്. എന്നാൽ അത്രയും സന്തോഷവം ഹൃദയ നിറവും ഉണ്ടായപ്പോൾ സ്വാഭാവികമായി ഉണ്ടായ ഒരു നിറഞ്ഞു കവിയലാണ് തന്റെ രതി എന്ന് അപ്പു പറയുന്നു. നല്ല നടിയാണ് അപ്പുവിനെ അവതരിപ്പിച്ച ഐശ്വര്യ. ആ പറച്ചിൽ മാത്തനും അവളുടെ അമ്മയ്ക്കും മനസ്സിലാവുന്നില്ല. prostitute എന്ന ഒരേ വാക്കാണ് രണ്ടാളും അവളോടു പറയുന്നത്. ആ ലൈംഗിക ബന്ധം കാരണം താൻ എന്തെങ്കിലും തരത്തിൽ മാറി എന്നോ മാത്തനെ വിവാഹം കഴിക്കാൻ ബാധ്യസ്ഥ ആണെന്നോ അപ്പു കരുതുന്നില്ല. അതാണ് മായാനദിയിലെ ജീവോർജ്ജം. രതി സദാചാരത്തിന്റെ ഭാഗമല്ല ആനന്ദത്തിന്റെയും അലിവിന്റെയും ഒരു ആവിഷ്‌കാരം ആണ്.

ഇബ്‌സെന്റെ പാവക്കൂടിലെ നോറ 1879ൽ തന്റെ വാതിൽ ശബ്ദം കൊണ്ട് ലോകത്തെ മുഴുവൻ ഞെട്ടിച്ച പോലെ ഈ അപ്പു കേരളത്തെ മുഴുവൻ ഞെട്ടിച്ചിരിക്കയാണ്. അതും ഡിസംബറിൽ ആയിരുന്നു. ഇതും അതെ.

പക്ഷെ വളരെ ഉച്ചത്തിലല്ല മുദ്രാവാക്യം പോലല്ല അവൾ അത് പറഞ്ഞത്. അതാണതിന്റെ മാധുര്യവും ധ്വന്യാത്മക സൂക്ഷ്മതയും.. എന്താണ് സെക്‌സ്, സൗഹൃദം, ആൺ പെൺബന്ധം, ദാമ്പത്യം, ജോലിയിടത്തെ സ്ത്രീ, കുടുംബം എന്നൊക്കെ സൂക്ഷ്മമായും വൈകാരികമായും ആവിഷ്‌കരിക്കാൻ മായാനദിക്കു കഴിഞ്ഞിട്ടുണ്ട്.

എല്ലാ മലയാളികളും കാണേണ്ട ഒരു സിനിമയാണ് അത്.

മുരളി തുമ്മാരുകുടിയുടെ മകൻ സിദ്ധാർഥ് വരച്ച ചിത്രങ്ങളുടെ അനന്യമായ ഭംഗിയും ആണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ച മറൊരു കാര്യം. ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന നോട്ടവും സൂക്ഷ്മതയും ഓരോ ചിത്രത്തിലും ഉണ്ട്.

എല്ലാവരും ഏറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഈ മാസം ജനുവരി ഏഴാം തിയതി വരെ - അന്നടക്കം - ഉള്ള ചിത്ര പ്രദർശനത്തിലേക്ക് വരണമെന്നു സാഭിമാനം ക്ഷണിക്കുന്നു. വന്നവർക്ക് എല്ലാം സ്‌നേഹവും അത്ഭുതവും ഉണ്ടാക്കും അത്.

എനിക്ക് ഭാവിയിലും സ്‌നേഹത്തിലും സർഗാത്മകതയിലും വിശ്വാസം ഉണ്ട്. മായാനദിയായി മാഞ്ഞും വരച്ചും ജീവിതം ഒരുക്കിയ ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒപ്പം ഉണ്ട് എന്ന വാഗ്ദാനം ഇതാ. കേരളം മാറുന്ന ശബ്ദം കേൾക്കാം ഈ പടത്തിൽ എന്ന അഭിമാനവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP