Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈറസ് ബാധയുമായി കറങ്ങി നടക്കുന്നവർ നേരിടേണ്ടി വരിക നിയമനടപടികൾ; പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരിക രോഗം സുഖപ്പെട്ട ശേഷവും; പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന വിധമുള്ള പെരുമാറ്റത്തിന് മൂന്നു വർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കും; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അഡ്വ.പി.റഹിം എഴുതുന്നു

വൈറസ് ബാധയുമായി കറങ്ങി നടക്കുന്നവർ നേരിടേണ്ടി വരിക നിയമനടപടികൾ; പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരിക രോഗം സുഖപ്പെട്ട ശേഷവും; പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന വിധമുള്ള പെരുമാറ്റത്തിന് മൂന്നു വർഷം വരെ തടവും 10,000 രൂപ പിഴയും ലഭിക്കും; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അഡ്വ.പി.റഹിം എഴുതുന്നു

അഡ്വ.പി.റഹിം

കൊറോണ എന്ന വാക്കിന്റെ അർത്ഥം ഒരു കൂട്ടം വൈറസ് (Group of Virus) എന്നാണ്. അതിൽ ഒരു വൈറസ് മാത്രമാണ് കോവിഡ് (Covid) ഈ വൈറസ് ബാധിച്ചത് കണ്ടുപിടിച്ചത് 2019 ൽ ആയതു കൊണ്ടാണ് കോവിഡ്-19 എന്ന പേരു കിട്ടിയത്. ഈ വൈറസ് ബാധിച്ചവർ ഐസോലേഷൻ വാർഡുകളിലോ ക്വാറന്റൈലുകളിലോ കഴിയേണ്ടത് രോഗ വ്യാപനം തടയുന്നതിന് അത്യന്താപേക്ഷിമാണ്. ഈ വൈറസ് ബാധയുമായി കറങ്ങി നടക്കുന്നവർ നിയമനടപടികൾ അഭിമുഖീകരിക്കേണ്ടി വരും. ഇപ്രകാരം കറങ്ങി നടക്കുന്ന ഒരാൾ ഏതൊക്കെ നിയമനടപടികൾക്ക് വിധേയമാകാം എന്നതിലേക്ക് ഒരു എത്തി നോട്ടമാണ് ഇവിടെ നടക്കുന്നത്.

കോവിഡ് വൈറസ് അതിവേഗം പകരുന്ന /പടരുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ വൈറസ് ബാധിച്ചവർ മറ്റുള്ളവരിൽ നിന്ന് അകന്ന് നിൽക്കേണ്ടതുണ്ട്. ആഗോള തലത്തിൽ ഈ വൈറസ് മനുഷ്യരെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗലക്ഷണങ്ങൾ മറച്ചു വെച്ചു കൊണ്ട് കോവിഡ് പടരാൻ കാരണക്കാരാവുന്നവർ കടുത്ത നിയമനടപടികളാണ് നേരിടേണ്ടി വരുന്നത്. രോഗം സുഖപ്പെട്ട ശേഷമാണ് പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരിക. കേരള പപ്ലിക് ഹെൽത്ത് ആക്ട്, ഇന്ത്യൻ ശിക്ഷാനിയമം, കേരളാപൊലീസ് ആക്ട് തുടങ്ങിയ നിയമങ്ങളിലെ വകുപ്പുകൾ അനുസരിച്ചാണ് കേസുകൾ എടുക്കുന്നത്. മൂന്നുവർഷം വരെ തടവും 10,000/- രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.

ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 269-ാം വകുപ്പ് ജീവന് അപായകരമായ ഏതെങ്കിലും രോഗത്തിന്റെ പകർച്ച വ്യാപിപ്പിക്കാൻ ഇടയുള്ളതെന്ന് അറിയാവുന്ന ഏതെങ്കിലും കൃത്യം ഉപേക്ഷാപൂർവ്വം ചെയ്യുന്നത് കുറ്റകരമാണെന്ന് പറയുന്നു. അതായത് പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗ പകർച്ചയ്ക്ക് ഇടയാകും വിധം അശ്രദ്ധയോടെ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്താൽ ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യമാകും. 6 മാസത്തെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ഈ കുറ്റകൃത്യത്തിന് ശിക്ഷയായി ലഭിക്കുക. രാജിയാക്കാൻ ആകാത്ത ഒരു കുറ്റമാണ് ഈ വകുപ്പ് പ്രകാരം ചുമത്തപ്പെടുന്നത്. ഈ കേസുകളുടെ വിചാരണ നടക്കുന്നത് മജിസ്‌ട്രേട്ട് കോടതികളിലാണ്. ഈ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകൾക്ക് ജാമ്യം ലഭിക്കും. കേരള പൊലീസ് നിയമം അനുസരിച്ചും ഈ കുറ്റകൃത്യത്തിന് കേസെടുക്കാം.

ഈ നിയമത്തിന്റെ 118-ാം വകുപ്പിന്റെ (C) ഉപവകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അറിഞ്ഞുകൊണ്ട് പൊതുജനങ്ങൾക്ക് അപായം ഉണ്ടാക്കുന്നതോ പൊതുസുരക്ഷയിൽ വീഴ്ച ഉണ്ടാക്കുന്നതോ ആയ ഏതെങ്കിലും പ്രവർത്തി ചെയ്യുന്നത് കുറ്റകരമാണെന്നാണ് ഈ വകുപ്പ് പറയുന്നത്. മൂന്നുവർഷം വരെ തടവും 10,000/- രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ആണ് ഈ കുറ്റത്തിന് പൊലീസ് ആക്ട് പ്രകാരം ലഭിക്കുന്ന ശിക്ഷ. ഈ കുറ്റം ചുമത്തി രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ജാമ്യം ലഭിക്കും. മജിസ്‌ട്രേട്ട് കോടതികളാണ് വിചാരണ നടത്തി ശിക്ഷ വിധിക്കുന്നത്.

കേരളപൊതുജനാരോഗ്യ സംരക്ഷണ നിയമം അനുസരിച്ചും ഈ കുറ്റം ചെയ്യുന്ന ആളിനെ നിയമനടപടിക്ക് വിധേയനാക്കാം. ഈ നിയമത്തിന്റെ 71,72,73 വകുപ്പുകൾ ഇത് സംബന്ധിച്ചുള്ളതാണ്. സ്വന്തം സാന്നിദ്ധ്യം മറ്റുള്ളവരുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് അറിഞ്ഞു കൊണ്ട് ബോധ പൂർവ്വം പൊതുജനാരോഗ്യത്തിന് ഭീഷണിയാകും വിധം പെരുമാറുക, പൊതുസ്ഥലങ്ങൾ സന്ദർശിച്ച് രോഗപകർച്ചയ്ക്ക് കാരണമാകുക തുടങ്ങിയവയാണ് ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ. ഇങ്ങനെയുള്ളവരെ നിയമപ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് നീക്കാനും ഈ വകുപ്പുകൾ അധികാരികൾക്ക് അനുവാദം നൽകുന്നുണ്ട്. ഈ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റത്തിന് മൂന്നുമാസം വരെ തടവും 1000 രൂപ പിഴയുമാണ് ശിക്ഷ.

രോഗപകർച്ച തടയാൻ ആശുപത്രികളിലോ, വീടുകളിലോ ഐസൊലേഷൻ വാർഡുകളിലോ ക്വാറന്റീനിൽ കഴിയാൻ നിർദ്ദേശിക്കപ്പെട്ടവർ പുറത്തു പോകുന്നത് കുറ്റകരമാണ്. ഈ വൈറസ് ബാധയുള്ള രാജ്യങ്ങൾ സന്ദർശിച്ച് തിരിച്ചു വന്ന് 28 ദിവസം വീട്ടിൽ തന്നെ കഴിയാൻ നിർദ്ദേശിക്കപ്പെട്ടവർ അത് ലംഘിച്ചാലും ഈ നിയമപ്രകാരം കേസെടുക്കും. നിരീക്ഷണത്തിലുള്ളവർ പുറത്ത് ചുറ്റികറങ്ങുന്നതിന്റെ മൊബൈൽ ദൃശ്യങ്ങളും കേസിൽ തെളിവായി സ്വീകരിക്കും.

ഈ രോഗവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ അനാവശ്യപരിഭ്രാന്തി സൃഷ്ടിച്ച് പൊതുസമാധാനത്തിന് എതിരായി വ്യാജ പ്രസ്ഥാവന, കിംവദന്തി മുതലായവ പ്രചരിപ്പിച്ചാലും ഇന്ത്യൻ ശിക്ഷാനിയമം 505-ാം വകുപ്പ് അനുസരിച്ച് കേസെടുക്കും. മൂന്നു വർഷത്തെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ഈ കുറ്റത്തിനുള്ള ശിക്ഷ. രാജിയാക്കാനാകാത്തതും ജാമ്യം ലഭിക്കാത്തതുമാണ് ഇത്തരം കേസുകൾ. അതുകൊണ്ട് കരുതിയിരിക്കുക; രോഗം പകർത്താതിരിക്കാനും നിയമനടപടികളിൽ നിന്ന് ഒഴിവാകാനും.

ഫോൺ: 9446703707
(കേരളഹൈക്കോടതിയിലേയും കേരള അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിലേയും ഗവൺമെന്റ് പ്ലീഡർ ആയിരുന്നു
ലേഖകൻ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP