Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ 'മധുപാൽ' ആത്മഹത്യ ചെയ്യും എന്ന തരത്തിൽ വ്യാപകമായി പ്രചാരണം; ഒപ്പം ആദരാഞ്ജലികൾ അർപ്പിക്കുന്ന മാനിപ്പുലേറ്റഡ് പോസ്റ്റുകളും; ചോദ്യം ചോദിക്കാൻ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണെന്ന് മധുപാൽ എഴുതിയതിൽ എന്താണ് തെറ്റ്? വെറുപ്പിന്റെ രാഷ്ട്രീയത്തെ കുറിച്ച് എഴുതുന്നു അഞ്ജു പാർവതി

ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ 'മധുപാൽ' ആത്മഹത്യ ചെയ്യും എന്ന തരത്തിൽ വ്യാപകമായി പ്രചാരണം; ഒപ്പം ആദരാഞ്ജലികൾ അർപ്പിക്കുന്ന മാനിപ്പുലേറ്റഡ് പോസ്റ്റുകളും; ചോദ്യം ചോദിക്കാൻ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണെന്ന് മധുപാൽ എഴുതിയതിൽ എന്താണ് തെറ്റ്? വെറുപ്പിന്റെ രാഷ്ട്രീയത്തെ കുറിച്ച് എഴുതുന്നു അഞ്ജു പാർവതി

അഞ്ജു പാർവതി

വെറുപ്പിന്റെ രാഷ്ട്രവും രാഷ്ട്രീയവും പടുക്കുന്ന ഒരു മൈക്രോ ന്യൂനപക്ഷമാണ് ഈ നാടിന്റെ ശാപം! അവർ ആടിനെ പട്ടിയാക്കിക്കൊണ്ടേയിരിക്കും. പലവട്ടം പട്ടിയാക്കി ചിത്രീകരിക്കുമ്പോൾ ഒരു പ്രാവശ്യമെങ്കിലും ആട് പട്ടിയായി തോന്നിയാലോയെന്ന വിഭ്രാന്തിയിലാണ് അവരങ്ങനെ ചെയ്യുന്നത്. വസ്തുതകളെയും അഭിപ്രായപ്രകടനങ്ങളെയും തങ്ങൾക്ക് താല്പര്യമുള്ളതുപോലെ തല്ലിപ്പൊട്ടിച്ച് വികലമാക്കി പാകപ്പെടുത്തി വിളമ്പുന്നതിൽ ആവേശം കണ്ടെത്തുന്ന ഒരു കൂട്ടം മനോരോഗികൾ കുറച്ചു ദിവസങ്ങളായി ശ്രീ.മധുപാലിന്റെ അഭിപ്രായത്തെ വളച്ചൊടിച്ച് അദ്ദേഹത്തെ തേജോവധം ചെയ്യുകയായിരുന്നു. ഇന്നലെയും ഇന്നുമായി നവമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുക്കൊണ്ടുള്ള സന്ദേശങ്ങളും പോസ്റ്റുകളും വ്യാപകമാക്കുകയും അതുവഴി തെറ്റിദ്ധാരണയുണ്ടാക്കുകയും ചെയ്യുന്നു. ഇതാണോ ജനാധിപത്യമര്യാദ?

വ്യക്തമായ രാഷ്ട്രീയനിലപാടുകളുള്ള വ്യക്തിയാണ് ശ്രീ.മധുപാൽ. കാശ്മീരം സിനിമയിലെ സുന്ദരനായ വില്ലനിൽ നിന്നും മലയാളസിനിമയിലെ മികച്ച സംവിധായകനിലേയ്ക്കുള്ള ദൂരം വരെ അദ്ദേഹം താണ്ടിയത് എളുപ്പവഴിയിലൂടെയല്ല താനും. സംവിധാനമേഖലയിൽ വിജയങ്ങൾ കൊയ്യുന്നതിനും മുന്നേ തന്നെ എഴുത്തിന്റെ പാതയിൽ തനതായ ശൈലി വെട്ടിയുണ്ടാക്കിയ മികച്ചൊരു എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. തന്റെ ആശയങ്ങളെ വിശാലമായ തലത്തിൽ സ്വച്ഛവും സ്വതന്ത്രവുമായി വിഹരിക്കാൻ അനുവദിക്കുന്ന അസാധാരണ പ്രതിഭയാണ് ശ്രീ.മധുപാലിലെ എഴുത്തുകാരൻ! മറ്റുള്ളവർ നടന്നു തീർത്ത പരിചിതമായ വേറിട്ടവഴികളിലൂടെയല്ലാ മധുപാൽ സഞ്ചരിക്കുന്നതെന്ന് എഴുത്തുകാരി അഷിത പറഞ്ഞതായി കേട്ടിട്ടുണ്ട്. തലപ്പാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ആ അഭിപ്രായത്തെ മധുപാൽ അരക്കിട്ട് ഉറപ്പിച്ചിട്ടുമുണ്ട്. ആത്മാന്വേഷണത്തിന്റെ പാതയിലൂടൊരു പോക്കായിരുന്നു ഒഴിമുറിയെന്ന ചിത്രം. പിന്നീട് വന്ന ഒരു കുപ്രസിദ്ധപയ്യനാവട്ടെ സമൂഹത്തിനു നേരെ തുറന്നുവച്ച ഒരു കണ്ണാടിയും.

മധുപാലിന്റെ ഒരു ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്-ജ്ഞാനത്തേക്കാൾ ആഴമേറിയത് തിരിച്ചറിവാണ്. ഒരുപാട് പേർക്ക് നിന്നെ തിരിച്ചറിയാനാവും എന്നാൽ വളരെ കുറച്ചു പേർക്കു മാത്രമേ നിന്നെ മനസ്സിലാവുകയുള്ളൂ.തീർത്തും ശരിയായ നിഗമനമാണത്. ഒരു നടനെന്നും സംവിധായകനെന്നും എഴുത്തുകാരനെന്നുമുള്ള രീതിയിൽ ഒരുപാട് പേർക്ക് അദ്ദേഹത്തെ തിരിച്ചറിയാനാവുന്നുണ്ടെങ്കിലും വ്യക്തമായ നിലപാടും ചങ്കുറപ്പുള്ള, കൃത്യമായ അഭിപ്രായസ്ഥിരതയുള്ള കളങ്കമില്ലാത്ത ആ മനുഷ്യനെ മനസ്സിലാവണമെങ്കിൽ ആഴമേറിയ തിരിച്ചറിവ് ഉണ്ടാകണം. ആ നിലപാടുകളുടെ അന്തസത്ത മനസ്സിലാവണമെങ്കിൽ സാമൂഹ്യബോധത്തിലൂന്നിയ രാഷ്ട്രീയമെന്തെന്നറിയണം.

നമ്മൾ ഒരു വാചകം കൺസ്ട്രക്ട് ചെയ്യുമ്പോൾ അതിൽ പ്ലേസ് ചെയ്യുന്ന വാക്കുകൾക്ക്, എന്തിന്, ഒരു കോമയുടെ സ്ഥാനത്തിനും സാന്നിദ്ധ്യത്തിനും അസാന്നിദ്ധ്യത്തിനും പോലും ആ വാചകം കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന അർത്ഥത്തിൽ വലിയ പ്രാധാന്യമുണ്ട്. അതിലെന്തെങ്കിലും മാറ്റമുണ്ടായാൽ ആശയം തന്നെ മാറിപ്പോകാം. അതുപ്പോലെ തന്നെയാണ് വായനയുടെ കാര്യത്തിലും. ശ്രീ.മധുപാൽ പറഞ്ഞത് ഇതാണ്-'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഇവിടുത്തെ ഓരോ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അഭിപ്രായങ്ങളെ അനുകൂലിക്കാനും എതിർക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഈ അഭിപ്രായ സ്വാതന്ത്ര്യങ്ങളെ
ഖണ്ഡിക്കാൻ ദേശഭക്തി, രാജ്യസുരക്ഷ തുടങ്ങിയ പല തന്ത്രങ്ങൾ ഉപയോഗിക്കപ്പെടുന്നത് അടുത്ത കാലത്ത് കണ്ടു. പക്ഷേ നമ്മൾ മനസിലാക്കേണ്ടത്, എന്തു കൊണ്ട് എന്ന ചോദ്യമുന്നയിക്കുമ്പോഴാണ് ഒരു ജനാധിപത്യത്തിൽ ഒരു പൗരൻ അയാളുടെ സ്വാതന്ത്ര്യത്തെ ഉപയോഗിക്കുന്നത്. ദേശഭക്തിയും രാജ്യസ്നേഹവും നിലനിർത്തിക്കൊണ്ടുതന്നെ പറയുന്നു, ഓരോ പൗരനും ചോദ്യം ചോദിക്കാൻ ധൈര്യമുള്ളവരാകണം. ചോദ്യം ചോദിക്കാൻ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ്.'

ഈ പ്രസ്താവനയിൽ പലർക്കും എന്താണ് ഇത്രമേൽ അസ്വസ്ഥമാകുവാനുള്ളത്? അഥവാ ഈ വരികളിൽ ഒരാൾ അസ്വസ്ഥനാകുന്നുവെങ്കിൽ അയാൾ ഒരു രാഷ്ട്രീയ അരാജകത്വവാദിയാകുന്നു. മേൽ ഉദ്ധരിച്ച ഈ വരികളെയാണ് ഒരു കൂട്ടർ ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ മധുപാൽ ആത്മഹത്യ ചെയ്യും എന്ന തരത്തിൽ വ്യാപകമായി പ്രചാരണം നടത്തി ആദരാഞ്ജലികൾ അർപ്പിക്കുന്ന വിധത്തിലാക്കി മാറ്റിയത്. നൂറു തവണ ആടിനെ ചൂണ്ടി പട്ടിയാണെന്ന് പറയുമ്പോൾ ഒരാളെങ്കിലും അത് പട്ടിയാണെന്ന് വിശ്വസിച്ചേക്കാം എന്ന തിയറിയിന്മേൽ അവർ ഒളിഞ്ഞും തെളിഞ്ഞും മധുപാലിന്റെ പ്രസ്താവനയിലെ ചോദ്യം ചോദിക്കാൻ ധൈര്യമില്ലാത്ത കാലം നമ്മുടെ മരണമാണ് എന്നതിലെ മരണമെന്ന വാക്കിനെ അവരാഗ്രഹിക്കുന്ന ഒരു തരത്തിൽ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചു വരുന്നു.ഇത്തരം മാനിപ്പുലേറ്റഡ് പോസ്റ്റുകളും പ്രചാരണങ്ങളും അവർ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾക്ക് തന്നെ പലപ്പോഴും തിരിച്ചടിയാകാറുണ്ട്.

ജനാധിപത്യപ്രക്രിയയിൽ ചോദ്യം ചെയ്യാൻ ഭയപ്പെടുന്ന ഒരു കാലം നമ്മുടെ മരണമാണെന്ന് ഒരാൾ പറയുമ്പോൾ എന്നാൽ പോയി ആത്മഹത്യ ചെയ്യൂ,ആദരാഞ്ജലി എന്നിങ്ങനെ മറുപടി നിങ്ങൾ കൊടുക്കുന്നുവെങ്കിൽ നിങ്ങളിലെ നീലകുറുക്കൻ മറനീക്കി പുറത്തു വരികയാണ്.നിങ്ങൾ പറയാതെ പറയുകയാണ് ജനാധിപത്യപ്രക്രിയയിൽ ചോദ്യങ്ങൾ സാദ്ധ്യമല്ലെന്നും നിലവിൽ ഏകാധിപത്യഭരണമാണെന്നും! ഇവിടെയാണ് ശ്രീ.മധുപാലെന്ന എഴുത്തുകാരന്റെ അഥവാ രാഷ്ട്രബോധമുള്ള പൗരന്റെ വിജയം.അദ്ദേഹം നിങ്ങളെപ്പോലുള്ള മനോവൈകൃതങ്ങളെ തുറന്നുകാട്ടുന്നതിൽ നൂറുശതമാനം വിജയിച്ചിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP