Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടികളുടെ പ്രതികരണങ്ങളിൽ ഏറെ സന്തോഷം തോന്നിയെങ്കിലും ബത്തേരി സ്‌കൂളിലെ രക്ഷിതാക്കളുടെ സംഘടന കുറച്ചുകൂടി ഉത്തരവാദിത്തോടെ ഇടപെടണമായിരുന്നു; കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി കുറച്ചുകൂടി സുതാര്യമായ സംവിധാനം കേരളത്തിൽ വരേണ്ടതുണ്ട്; പെൺകുട്ടികൾക്ക് സുരക്ഷയൊരുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആൻ പാലി എഴുതുന്നു

കുട്ടികളുടെ പ്രതികരണങ്ങളിൽ ഏറെ സന്തോഷം തോന്നിയെങ്കിലും ബത്തേരി സ്‌കൂളിലെ രക്ഷിതാക്കളുടെ സംഘടന കുറച്ചുകൂടി ഉത്തരവാദിത്തോടെ ഇടപെടണമായിരുന്നു; കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി കുറച്ചുകൂടി സുതാര്യമായ സംവിധാനം കേരളത്തിൽ വരേണ്ടതുണ്ട്; പെൺകുട്ടികൾക്ക് സുരക്ഷയൊരുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആൻ പാലി എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

ഫേസ്‌ബുക്ക് ടൈംലൈനിൽ മാത്രമല്ല, വാട്‌സാപ്പിലും ഇന്ന് ഏറ്റവുമധികം സംസാരിച്ചത് അവരെപ്പറ്റിയാണ്, സുൽത്താൻ ബത്തേരിയിൽ വിഷബാധയേറ്റ് മരിച്ച ഷഹല ഷെറിന്റെ കൂട്ടുകാരികളെപ്പറ്റി.

ആദ്യം ചെറിയൊരു അമ്പരപ്പാണ് ഉണ്ടായത്, ഇത്ര ചെറിയ കുട്ടികളിൽനിന്ന് വ്യക്തവും ശക്തവുമായ വാക്കുകൾ ഉണ്ടായല്ലോ എന്ന്, അതും പറയുന്നത് പലതും സ്വന്തം അദ്ധ്യാപകരെപ്പോലും ശത്രുക്കളാക്കാമെന്ന പൂർണബോധ്യമുള്ളപ്പോൾ! അവരിൽ തന്നെ നിദ ഫാത്തിമ എന്ന കുഞ്ഞുമിടുക്കിയുടെ പ്രതികരണമാണ് ഏറെ ശ്രദ്ധിച്ചത്, എന്തൊരു അടുക്കോടും ചിട്ടയോടും കൂടിയാണവൾ സ്‌കൂളിലെ ഓരോ പ്രശ്‌നത്തെപ്പറ്റിയും സംസാരിക്കുന്നത്.

ഏറ്റവും വാശിയും വൈരാഗ്യബുദ്ധിയും കണ്ടിട്ടുള്ളത് ആരിലാണെന്ന ചോദ്യമുണ്ടെങ്കിൽ ചില സ്‌കൂൾ അദ്ധ്യാപകർ എന്നേ മറുപടി പറയൂ, അതും യൂപി, ഹൈസ്‌കൂൾ അദ്ധ്യാപകർ. ശരിയല്ല എന്ന് തോന്നുന്ന കാര്യങ്ങൾ മുന്നിൽവന്നാൽ പ്രതികരിക്കുന്ന പ്രായത്തിലുള്ള കുട്ടികളാണവിടെ. അദ്ധ്യാപകർക്ക് പ്രിയപ്പെട്ട കുട്ടികളുടെ പരീക്ഷാപേപ്പറിൽ മാർക്ക് കൂടുതൽ കണ്ടാൽ, പഠിപ്പിക്കാൻ വിസമ്മതിച്ച പാഠങ്ങളെക്കുറിച്ചും തരാൻ വൈകിയ നോട്ടുകളെപ്പറ്റിയുമൊക്കെ ബോധമുണ്ടായാൽ, ചോദ്യംചെയ്യാൻ വെമ്പുന്ന ഒരു പ്രായം. ആ കുട്ടി സംശയങ്ങളിലൊക്കെ ക്രുദ്ധരാവുന്ന, നുള്ളിത്തൊലിയെടുക്കുന്ന അദ്ധ്യാപകർ കൂടി ഉണ്ടെങ്കിൽ ഒരു കുഞ്ഞിന്റെ സ്‌കൂൾജീവിതം എത്ര കഷ്ടത്തിലാവുമെന്ന് ചോദിക്കേണ്ടതില്ല.

എവിടെ, എങ്ങനെ തുടങ്ങിയ വാശിയാണെന്ന് ഓർമയില്ലെങ്കിലും ഞാൻ പഠിച്ച സ്‌കൂളിലെ അദ്ധ്യാപികമാർ ഒരിക്കൽ ഞങ്ങളെ രണ്ടാഴ്ചയിലധികം പഠിപ്പിക്കാതിരുന്ന അനുഭവമുണ്ട്. പത്താം ക്ലാസിലാണ് സംഭവം. ബഹുമാനക്കുറവെന്നും അനുസരണയില്ലായ്മ എന്നുമൊക്കെപ്പറഞ്ഞ് വീർപ്പുമുട്ടിച്ച ദിനങ്ങൾ. അതിനിടയിൽ ഈ പ്രശ്‌നമൊന്ന് പരിഹരിക്കാം എന്ന് കരുതി സ്റ്റാഫ്‌റൂമിൽ ചെല്ലുന്ന ഓരോരുത്തരോടും വീണ്ടും ശകാരം. അതാലോചിക്കുമ്പോൾ ഇന്നും സങ്കടം വരുന്ന സുഹൃത്തുക്കളോട് ഇടയ്‌ക്കൊക്കെ ചോദിക്കാറുണ്ട്, നമുക്കൊന്നുമെന്താ അന്ന് തീരെ ധൈര്യമില്ലാതിരുന്നത് എന്ന്. വീടുകളിൽ എല്ലാം തുറന്നുപറയാവുന്ന സാഹചര്യമുണ്ടായിരുന്നെങ്കിൽ, അത്തരം രക്ഷിതാക്കളുടെ ഒരു കൂട്ടായ്മ ഉണ്ടായിരിക്കുന്നുവെങ്കിൽ തീർച്ചയായും അന്ന് കാര്യങ്ങൾ അത്ര വഷളാവില്ലായിരുന്നു.

ഇന്നലെപ്പോലും കുട്ടികളുടെ പ്രതികരണങ്ങളിൽ ഏറെ സന്തോഷം തോന്നിയെങ്കിലും സുൽത്താൻ ബത്തേരി വിഎച്ച്എസ്സി സ്‌കൂളിലെ രക്ഷിതാക്കളുടെ സംഘടന കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ ഇടപെടണമായിരുന്നു എന്ന് വിശ്വസിക്കുന്നു. സ്‌കൂളിന് ചുറ്റും കാട് പിടിച്ചു കിടക്കുമ്പോൾ, കുട്ടികൾക്ക് ടോയ്ലെറ്റിൽ നേരാംവണ്ണമുള്ള ബക്കറ്റും വെള്ളവും ഇല്ല എന്നറിയുമ്പോൾ, പൊട്ടിയും പൊളിഞ്ഞുമുള്ള ക്ലാസ്മുറികളിൽ ചെരിപ്പിട്ട് കയറാൻ പോലും അനുവദിക്കാതെ വരുമ്പോൾ അവർക്ക് കൃത്യമായി പരാതിപ്പെടാമായിരുന്നു. സ്‌കൂൾ അധികൃതർ അവഗണിക്കുന്ന പ്രശ്‌നങ്ങൾക്ക് ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ ആശങ്കകൾ അറിയിക്കാമായിരുന്നു. കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി കുറച്ചുകൂടി സുതാര്യമായ സമീപനം കേരളത്തിൽ വരേണ്ടതായുണ്ട്. പരാതികളിൽ എത്രയെണ്ണത്തിന് പരിഹാരമായി എന്ന് ജില്ല തിരിച്ച് ഓൺലൈനിലൂടെ അറിയാൻ കഴിയുന്ന സംവിധാനമാണ് ആവശ്യം.

അത്തരം പദ്ധതികൾ നടപ്പിലാവുന്നതുവരെ നിദ ഫാത്തിമയെപ്പോലുള്ള ഉറച്ചശബ്ദങ്ങൾ നമ്മുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരിക്കും. ഭയപ്പെടുത്തലുകളും ഭീഷണികളും മുഴങ്ങുന്ന നാളുകളിൽ ഇനിയുമിനിയും ഉറക്കെ അവൾ സംസാരിക്കുക തന്നെ ചെയ്യും. കാരണം വീട് വിട്ടു പുറത്തിറങ്ങിയാൽ വൃത്തിയുള്ള ശൗചാലയങ്ങളും സുരക്ഷിതമായ ചുവരുകളുമൊക്കെ ആണിനേക്കാൾ പെണ്ണിനാവശ്യമുള്ള ഒരു നാടിന്റെ മകളാണവൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP