Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഋഷിതുല്യനായ കുമ്മനംജിയെ പോലും ജയിപ്പിക്കാനാകാത്ത നീയൊക്കെ എന്ത് ബിജെപി പ്രവർത്തകനാടാ, എന്ന് എന്റെ അമ്മ ചോദിച്ചാൽ, അതിന് നൽകുവാൻ നല്ലൊരു ഉത്തരം പോലും ഇന്നെന്റെ കൈകളിലില്ല; സഖാക്കള് പറയും കേരളത്തിന് പുറത്ത് ബിജെപി ജയിക്കുന്നത് വർഗ്ഗീയത ഒന്നുകൊണ്ട് മാത്രമാണ്, ആനയാണ് ചേനയാണ് എന്നൊക്കെ; ഇവിടെ ബിജെപി നല്ലകാര്യം ചെയ്താലും 'ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം' എന്നതു പോലെയാണ്: ബിജു നായർ എഴുതുന്നു

ഋഷിതുല്യനായ കുമ്മനംജിയെ പോലും ജയിപ്പിക്കാനാകാത്ത നീയൊക്കെ എന്ത് ബിജെപി പ്രവർത്തകനാടാ, എന്ന് എന്റെ അമ്മ ചോദിച്ചാൽ, അതിന് നൽകുവാൻ നല്ലൊരു ഉത്തരം പോലും ഇന്നെന്റെ കൈകളിലില്ല; സഖാക്കള് പറയും കേരളത്തിന് പുറത്ത് ബിജെപി ജയിക്കുന്നത് വർഗ്ഗീയത ഒന്നുകൊണ്ട് മാത്രമാണ്, ആനയാണ് ചേനയാണ് എന്നൊക്കെ; ഇവിടെ ബിജെപി നല്ലകാര്യം ചെയ്താലും 'ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം' എന്നതു പോലെയാണ്: ബിജു നായർ എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

വിജയങ്ങൾക്കായി ഉറ്റുനോക്കുന്ന, ഒരു പരാജിതന്റെ ഡയറി കുറിപ്പുകൾ! മോദിജിയുടെ മിന്നുന്ന വിജയം എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. മൂന്ന് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ ദർശനങ്ങളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടനായി, കുഞ്ഞുന്നാളിലേ തൊട്ട് ഞാൻ ഉറക്കമിളച്ച് പഠിച്ചെടുത്ത വിദ്യാഭ്യാസവും, അതെനിക്ക് നേടിത്തന്ന ഉയർന്ന ജോലിയും, അതിലൂടെ ഞാൻ മാസാമാസം സമ്പാദിച്ച് കൊണ്ടിരുന്ന ലക്ഷക്കണക്കിന് രൂപയുടെ ശമ്പളവുമെല്ലാം തൃണവല്ഗണിച്ച് കൊണ്ട് മോദിജിക്ക് വേണ്ടി ഒരു സ്വയംസേവകനായി ഇറങ്ങിത്തിരിക്കുമ്പോൾ, 2019-ഇൽഅദ്ദേഹം ജയിക്കുമോ ഇല്ലയോ എന്നുള്ള ചിന്തയൊന്നും അല്ല എന്റെ മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നത്.

നമ്മുടെ വരുംതലമുറയുടെ ഭാവിയെ തന്നെ മാറ്റിമറിക്കുന്ന രീതിയിൽ ദശകങ്ങളോളം ഇന്ത്യ ഭരിക്കുവാൻ പോകുന്ന മോദിജിക്ക് ഒരു കൈത്താങ്ങായി എന്നെപ്പോലുള്ള സാധാരണ ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോ! നമ്മുടെ അപകടകരമായ അരാഷ്ട്രീയവാദവും, വെറുപ്പും വിദ്വേഷവും വമിപ്പിക്കുന്ന ജാതീയതയുടേയും, പ്രാദേശീയതയുടേയും, മതത്തിന്റേയും ഭാഷയുടേയും രാഷ്ട്രീയമെല്ലാം മാറ്റിവച്ച്, വികസനത്തിന്റെ രാഷ്ട്രീയത്തിനായി മോദിജിയുടെ പിന്നിൽ അണിനിരക്കുവാൻ നമുക്ക് എത്ര കണ്ട് സാധിക്കും! അതെല്ലാമാണ് എന്റെ മനസ്സിനെ മഥിച്ച് കൊണ്ടിരുന്നത്.

അതേ വികാരവിചാരങ്ങൾ തന്നെയാണ് 'Be the Change that you wish to see in this world' എന്ന രീതിയിൽ എന്നെ മുന്നോട്ട് നയിച്ചതും. ഒരു മധ്യവർഗ്ഗ കുടുംബത്തിൽ ജനിച്ച് വളർന്ന എന്നെ പോലുള്ള ഒരു സാധാരണക്കാരൻ തെരഞ്ഞെടുക്കുന്ന പാതയൊന്നുമല്ല പിന്നീടങ്ങോട്ട് ഞാൻ തെരെഞ്ഞെടുത്തത് എങ്കിൽ പോലും, ആ പ്രവർത്തന പന്ഥാവിൽ എനിക്ക് കിട്ടിയ സ്വീകാര്യതയും പിന്തുണയും സ്‌നേഹവുമെല്ലാം എന്റെ ഏറ്റവും വലിയ ശുഭ പ്രതീക്ഷകളെ പോലും കവച്ച് വയ്ക്കുന്ന തരത്തിലുള്ളതായിരുന്നു എന്നത് എന്നെ പോലും അത്ഭുതപ്പെടുത്തി.

എന്റെ സഹപാഠികളും, സുഹൃത്തുക്കളും, ബന്ധുജനങ്ങളും, അയൽക്കാരുമെന്ന് വേണ്ട എന്റെ പുതിയ പ്രവർത്തന മേഖലയിൽ ഞാൻ പരിചയപ്പെട്ട നേതാക്കളും സഹപ്രവർത്തകരും, എന്തിനേറെ എന്റെ രാഷ്ട്രീയ എതിരാളികൾ പോലും എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും, എന്റെ എളിയ സംഭാവനകളെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കുകയും, എന്റെ കഠിനാദ്ധ്വാനങ്ങളിൽ എനിക്കൊരു പ്രേരക ശക്തിയായി നിലകൊള്ളുകയും ചെയ്തു.

എന്റെ ചിന്താശക്തിയും പ്രവർത്തനശേഷിയുമായിരുന്നു ഈ മേഖലയിലെ എന്റെ മുതൽമുടക്കെങ്കിൽ, എനിക്ക് തിരിച്ച് കിട്ടിയത് ഈ സ്‌നേഹവും അംഗീകാരവും തന്നെയായിരുന്നു.എനിക്ക് ഇഷ്ടപ്പെട്ടതെന്ന് ഞാൻ കണ്ടെത്തി തിരഞ്ഞെടുത്ത മേഖലയിൽ കൈ മെയ് മറന്ന് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷവും സംതൃപ്തിയും ഞാൻ ആഹ്ലാദിച്ചനുഭവിച്ച ദിനങ്ങൾ. തികച്ചും സ്വപ്നതുല്യമായ ഒരു ജീവിതം. പക്ഷേ ഇന്ന് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ എന്റെ എല്ലാ ശ്രമങ്ങളും തീർത്തും വൃഥാവിലായി എന്നുള്ള നഗ്‌നസത്യം ഞാൻ യഥാവിധി മനസ്സിലാക്കുന്നു. പരിപൂർണ്ണമായും അംഗീകരിക്കുന്നു.

മൃഗീയഭൂരിപക്ഷത്തോടെ മോദിജി അധികാരത്തിൽ തിരിച്ചെത്തിയത് ഞാൻ പ്രവർത്തിച്ചതുകൊണ്ടൊന്നുമല്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യവിവരമൊക്കെ എനിക്കുണ്ട്. അതിനദ്ദേഹത്തെ സഹായിച്ച, ഭാരതത്തിൽ അങ്ങോളമിങ്ങോളമുള്ള ബഹുജനങ്ങളത്രയും ഇതിനോടകം തന്നെ മനസ്സിലാക്കി കഴിഞ്ഞ, അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളും വികസന സാമൂഹ്യ വീക്ഷണങ്ങളും കേരളത്തിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക, അതിലൂടെ കേരളത്തിലെ ബിജെപിയുടെ വേരോട്ടം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളായി പ്രവർത്തിച്ച് വന്നത്.

പക്ഷേ പരമസാത്വികനും ഋഷിതുല്യനുമായ കുമ്മനംജിയെ പോലും ജയിപ്പിക്കാനാകാത്ത നീയൊക്കെ എന്ത് ബിജെപി പ്രവർത്തകനാടാ, എന്ന് എന്റെ അമ്മ ചോദിച്ചാൽ, അതിന് നൽകുവാൻ നല്ലൊരു ഉത്തരം പോലും ഇന്നെന്റെ കൈകളിലില്ല, എന്നുള്ളതാണ് ഞാനിന്ന് അഭിമുഖീകരിക്കുന്ന ദുഃഖ യാഥാര്ത്ഥ്യം. അപ്പൊ, എന്താണ് ഇവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്? സഖാക്കള് പറയും: കേരളത്തിന് പുറത്ത് ബിജെപി ജയിക്കുന്നത് വർഗ്ഗീയത ഒന്ന് കൊണ്ട് മാത്രമാണ്. പക്ഷേ, ഇത് കേരളമാണ്. ആനയാണ് ചേനയാണ് എന്നൊക്കെ.

പച്ചക്കള്ളമാണ്. നമുക്ക് നന്നായറിയാം.

ഇന്ത്യയിലെ അടിസ്ഥാനസൗകര്യങ്ങള് മെച്ചപ്പെടുത്തുന്നതിലായാലും, ഇന്ത്യക്കാരുടെ ജീവിത നിലവാരം പടിപടിയായി ഉയർത്തി കൊണ്ടുവരുന്നതിലായാലും, ലോകരാജ്യങ്ങളുടെ ഇടയിൽ ഇന്ത്യയുടെ സ്ഥാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിലായാലും, ഇന്ത്യയുടെ സമ്പത് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലായാലും, മോദിജി കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട്, നിരക്ഷരരല്ലാത്ത ആർക്കും നിഷ്പ്രയാസം തന്നെ തെളിവ് സഹിതം നോക്കി മനസ്സിലാക്കി എടുക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഭരണ നേട്ടങ്ങൾ നമുക്കായി നേടിയെടുത്തിട്ടുണ്ട്.

നമുക്ക് ഓർമ്മയുള്ളിടത്തോളം കാലം ഇന്ത്യ ഭരിച്ച മറ്റൊരു സർക്കാരിനും ചെയ്‌തെടുക്കുവാൻ സാധിക്കാത്തത്ര രീതിയിൽ.

അതൊക്കെ മനസ്സിലാക്കി വോട്ട് ചെയ്യുന്ന, ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബയിലേയും, ഭരണസിരാ കേന്ദ്രമായ ഡല്ഹിയിലേയും, വിവരസാങ്കേതിക ഈറ്റില്ലമായ ബംഗളൂരുവിലേയും ജനങ്ങളെക്കാളൊക്കെ പ്രബുദ്ധരാണ് കേരള ജനത എന്നൊക്കെ വീമ്പടിച്ചാൽ, വിവരവും വിദ്യാഭ്യാസവുമില്ലാത്ത സഖാക്കള് അത് ചിലപ്പോ വിശ്വസിച്ചേക്കാം. ഏറ്റ് പാടിയേക്കാം.

പക്ഷേ കുറച്ചെങ്കിലും വീണ്ടുവിചാരം ഉള്ള ആരും അത് വിശ്വസിക്കുവാൻ പോകുന്നില്ല.

അപ്പൊ, പിന്നെ എന്താണ് ഇവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നത്?

''ബിജെപി ഒരു വർഗ്ഗീയ പാർട്ടിയാണ്. ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ അവര് മറ്റെന്തൊക്കെ നല്ല കാര്യങ്ങള് ചെയ്താലും, അവരെ അധികാര രാഷ്ട്രീയത്തിൽ നിന്ന് ഏത് വിധനേയും ഒഴിച്ച് നിറുത്തിയേ മതിയാവൂ'

എന്ന രീതിയിലുള്ള ഒരു കപട പ്രൊപ്പഗാണ്ട പടച്ച് വിടുന്നതിലും, അത് മലയാളികളുടെ ഇടയിൽ ഒട്ടാകെ പ്രചരിപ്പിക്കുന്നതിലും കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളും അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന മാധ്യമങ്ങളും, 'സാംസ്‌കാരിക നായകരും' എല്ലാം കൂടെ ഒത്ത് ചേർന്ന് പൂർണ്ണമായും വിജയിച്ചിരിക്കുന്നു എന്നുള്ളതാണ് ഞാൻ ഇന്ന് മനസ്സിലാക്കുന്ന സത്യം.

അതുകൊണ്ട് തന്നെയാണ് 'ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം' എന്ന രീതിയിൽ നമ്മുടെ ചെറിയ ചില വാക്കുകളും പ്രവർത്തികളും പോലും വളച്ചൊടിച്ച് പർവ്വതീകരിക്കപ്പെട്ട് വാർത്തകളാകുന്നതും, നമ്മള് ചോരയും നീരും നൽകി നേടിയെടുക്കുന്ന നല്ല കാര്യങ്ങള് പോലും സമൂഹമധ്യത്തിൽ തീർത്തും അവഗണിക്കപ്പെടുന്നതും.

കേരള ബിജെപിയുടെ ചരിത്രത്തിലേക്ക് വച്ചേറ്റവും അനുകൂലമായ ബഹുജനപിന്തുണ നമുക്ക് ഉറപ്പ് വരുത്തുന്ന രീതിയിൽ വിപ്ലവ നേതാക്കളായ മോദിജിയും, പിണറായിജിയും അവരുടെ എല്ലാ വിധ പ്രവർത്തനങ്ങളുമായി നമ്മുടെ ഒപ്പമുണ്ടായിരുന്നിട്ടും ജയിക്കാനാവശ്യമായ വോട്ടുകൾ നമുക്ക് നേടാനാകാതെ പോയത് അന്യായവും അപ്രഖ്യാപിതവും ആയി നമ്മുടെ മേൽ അടിച്ചേല്പിക്കപ്പെട്ടിട്ടുള്ള ഈ രാഷ്ട്രീയ 'അയിത്തം' ഒന്ന് കൊണ്ട് മാത്രമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ ഈ തെറ്റായ പ്രതിച്ഛായ തിരുത്തിയെടുക്കുവാനുള്ള മേൽനടപടികൾ നമ്മൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തിലെ നമ്മുടെ രാഷ്ട്രീയഭാവി എന്നെന്നും ഇരുളടഞ്ഞതായിരിക്കുമെന്ന് ഞാൻ ആശങ്കപ്പെടുന്നു.

ഇടത് പക്ഷത്തെ അടിച്ച് കൂട്ടി ചവറ്റ് കുട്ടയിൽ ആക്കിയെന്നും, ഇനിയവരെ അറബി കടലിലോട്ടങ്ങ് തള്ളിയാൽ മതിയെന്നുമുള്ള നമ്മുടെ ആശ്വാസനിശ്വാസം പോലും അസ്ഥാനത്താണെന്ന് കേരളത്തിന്റെ രാഷ്ട്രീയചരിത്രം ചെറുതായൊന്ന് പരിശോധിക്കുകയാണെങ്കിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കുവാൻ സാധിക്കും.

ഉദാഹരണത്തിന്, 122 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമത് വന്നതിന്റെ പേരിൽ ഇന്ന് രാഹുൽ ഗാന്ധി കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താലും, രണ്ട് മൂന്ന് വർഷത്തിനുള്ളിൽ തന്നെ UDF കാര് കേരളത്തെ ഭരിച്ച് കുളമാക്കുന്നതും, അപ്പൊ നുരഞ്ഞ് പൊന്തുന്ന ഭരണവിരുദ്ധ വികാരത്തിന്റെ ചൂട് പറ്റി ഇടത് പക്ഷം വീണ്ടും ശക്തിയാർജ്ജിക്കുന്നതും ആയിരിക്കും നമ്മള് കാണുവാൻ പോകുന്നത്. ഇപ്പോൾ LDF-ന് എതിരായ ഭരണവിരുദ്ധ വികാരം ഒരു പണിയും ചെയ്യാത്ത UDF-ന് കിട്ടുന്നത് പോലെ.

ഇന്നത്തെ പോലെ അന്നും, ഇരുട്ടവെളുക്കെ പണിയുമെടുത്തിട്ട്, മണ്ണും ചാരി നിന്നവൻ വോട്ടും കൊണ്ട് പോകുന്നത്, സൈഡിൽ നിന്ന് നോക്കി നെടുവീർപ്പിടാൻ മാത്രമായിരിക്കും ബിജെപിയുടെ വിധി. നേരത്തേ പറഞ്ഞ അതേ കാരണം കൊണ്ട് തന്നെ.

അങ്ങനെയാണല്ലോ നമ്മള് കണ്ടുവരുന്ന LDF UDF അഡ്ജസ്‌റ്‌മെന്റ് രാഷ്ട്രീയം കേരളത്തിൽ തഴച്ച് വളർന്നത്. ഇന്നും വളർന്ന് കൊണ്ടിരിക്കുന്നത്.

അതെ, അതാണ്, 'Perception is Reality' അഥവാ 'പരിപ്രേക്ഷ്യം തന്നെ യാഥാര്ത്ഥ്യം' എന്ന ബനാന ടോക്കിന്റെ ശക്തി.

ശരിയാണ്, ജനങ്ങളെ സേവിക്കുവാനും, അവരുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കുമായി മുന്നിട്ടിറങ്ങാനും വോട്ടിന്റെയോ അധികാരത്തിന്റേയോ യാതൊരുവിധ ആവശ്യവും നമുക്കില്ല. അത് നമ്മള് പ്രളയകാലത്തും ശബരിമല വിഷയത്തിലുമെല്ലാം പലകുറി തെളിയിച്ചതുമാണ്.

പക്ഷേ നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിഭാഗധേയം തന്നെ നിയന്ത്രിക്കുന്ന രീതിയിൽ നമുക്ക് ഇടപെടാൻ സാധിക്കണമെങ്കിൽ, ഭാരതത്തിലെ മറ്റിടങ്ങളെ പോലെ കേരളവും പുരോഗമിക്കണമെങ്കിൽ, നാട് ഭരിക്കുന്ന രീതിയിൽ ബിജെപി ഇവിടേയും ശക്തിയാർജ്ജിച്ചേ മതിയാവൂ.

അല്ലാതെ ഭാരതത്തിലെ മറ്റെല്ലാ സ്ഥലങ്ങളിലും നിന്ന് തൂത്തെറിയപ്പെട്ട രാഷ്ട്രീയ ഉച്ഛിഷ്ടങ്ങളായ കോൺഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും കേരളത്തെ മാറി മാറി ഭരിക്കാൻ വിട്ട് കൊടുത്തിട്ട് നമ്മള് സൈഡിൽ നിന്ന് കളി കണ്ടോണ്ടിരുന്നാൽ പറ്റില്ല.

അതേസമയം, നമ്മുടെ മേൽ അടിച്ചേല്പിക്കപ്പെട്ടിട്ടുള്ള ഈ നെഗറ്റീവ് പരിപ്രേക്ഷ്യത്തെ മാറ്റിയെടുക്കുക അത്ര എളുപ്പമല്ലെന്നും ഞാൻ അംഗീകരിക്കുന്നു.

അതിനായി, നമ്മുടെ ലുക്ക് ആൻഡ് ഫീലിലും പ്രവർത്തനശൈലിയിലും അടിമുടി തന്നെ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാം. നേതാക്കളെന്നോ അണികളെന്നോ വ്യത്യാസമില്ലാതെ നമ്മുടെ രൂപവും, ഭാവവും, വ്യക്തിത്വവും, ഭാഷയും, വേഷവും പ്രതിച്ഛായയുമെല്ലാം അടിമുടി മാറ്റേണ്ടി വന്നേക്കാം.

ശരിയാണ്, ബിജെപി പോലൊരു മതനിരപേക്ഷ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോഴും, എന്റെ ഹിന്ദുത്വം എനിക്ക് സർവ്വ പ്രധാനമാണ്. അതെന്റെ അസ്തിത്വമാണ്. അഭിമാനമാണ്. ആവേശമാണ്.

പക്ഷേ എന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകളിൽ അത് എല്ലായ്‌പ്പോഴും മുഴച്ച് നിൽക്കണം എന്ന് എനിക്ക് യാതൊരു നിർബന്ധവുമില്ല.

ചുരുക്കി പറഞ്ഞാൽ, 'Do we have to wear our religiosity on our sleeve?', അഥവാ ''നമ്മുടെ മതാഭിമാനം നമ്മുടെ കൈത്തണ്ടയിൽ നമ്മൾ എപ്പോഴും ധരിക്കേണ്ട ആവശ്യമുണ്ടോ?'', എന്ന് നമ്മൾ സ്വയം ചിന്തിച്ചുറപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഉദാഹരണത്തിന്, സംസ്‌കൃതം ദേവഭാഷയാണെന്നതും, കമ്പ്യൂട്ടർ ഭാഷകളെ പോലും വെല്ലുന്ന സിന്ററാക്ടിക് സിമാന്റിക് കെട്ടുറപ്പുള്ളതാണെന്നതും ഒക്കെ നല്ലത് തന്നെ. പക്ഷേ സാധാരണക്കാര് കേട്ടിട്ട് പോലും ഇല്ലാത്ത വേദവാക്യങ്ങള്, സംസ്‌കൃതത്തിൽ തന്നെ, ആവശ്യത്തിലും അനാവശ്യത്തിലും എടുത്തുദ്ധരിക്കേണ്ട ആവശ്യം നമുക്കുണ്ടോ?

ഇതെല്ലാം നമ്മള് ചെയ്യുന്നത് ഉദ്ദേശശുദ്ധിയോടെയും മതനിരപേക്ഷതയോടെയും ഒക്കെ ആയിരിക്കുമെങ്കിലും, നമ്മുടെ മേൽ അടിച്ചേല്പിക്കപ്പെട്ടിട്ടുള്ള കപട വർഗ്ഗീയ ലേബല്, അന്യായമായിട്ടാണെങ്കിലും, കൂടുതൽ ബലവത്താക്കാനും അങ്ങനെ നമുക്ക് വിപരീതഗുണം വരുത്തിത്തീർക്കാനുമേ നമ്മുടെ എതിരാളികൾ ഇതൊക്കെ ഉപയോഗിക്കുകയുള്ളൂ.

നമ്മുടെ ഇപ്പോഴുള്ള അണികളെ കൂടുതൽ ചാർജ്ജ് ആക്കി നിറുത്തുക അല്ല നമുക്ക് ഇന്നാവശ്യം. നമ്മുടെ സ്വാധീന പരിധിക്ക് അഥവാ 'Circle of Influence'- ഇന് പുറത്ത് കിടക്കുന്ന കൂടുതൽ കൂടുതൽ ആളുകളെ നമ്മളിലോട്ട് അടുപ്പിക്കുകയാണ്. അതിന് അനുയോജ്യമായ ഒരു ലുക്ക് ആൻഡ് ഫീലും പ്രവർത്തന ശൈലിയും വേണം നമ്മള് അവലംബിക്കുവാൻ.

ഒരു പക്ഷേ ഇപ്പൊ നിങ്ങളെന്നോട് ചോദിച്ചേക്കാം. നമ്മുടെ മുസ്ലിം സഹോദരങ്ങൾ മേല്പറഞ്ഞ ഈ രണതന്ത്രം പരസ്യമായി തെറ്റിച്ച് കൊണ്ട് തന്നെ വിജയകരമായി അവരുടെരാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ടല്ലോ. പിന്നെന്താ നമുക്കായാല് എന്ന്.

അവരെ നമ്മളിൽ നിന്ന് വ്യത്യസ്തമാക്കുന്ന രണ്ട് കാരണങ്ങളാണ് ഞാനിവിടെ കാണുന്നത്:

1. അവരുടെ പ്രധാന സദസ്യര് അഥവാ 'Target Audience' എന്നത് അവരുടെ തന്നെ മതത്തിലെ സമ്മതിദായകരും, പിന്നെ അവരെ പ്രീണിപ്പിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുവാൻ തയ്യാറുള്ള സഖ്യകക്ഷികളുമാണ്. അതിന് പുറത്തേക്കുള്ള ഒരു റീച്ച് അവർക്ക് ആവശ്യവുമില്ല. അവരതിന് ശ്രമിക്കുന്നുമില്ല.

2. അവരുടെ രാഷ്ട്രീയത്തിലെ ഇത്തരത്തിലുള്ള ഒരു മതപ്രതിച്ഛായ അവരുടെ മതത്തിലുള്ളവര് പോലും ഒരു തെറ്റായി കരുതുന്നുമില്ല.

മേല്പറഞ്ഞ രണ്ട് മൂല്യങ്ങളും നമുക്ക് ബാധകമല്ലെന്ന്, ഒന്ന് ചിന്തിച്ചാൽ, നമുക്ക് മനസ്സിലാക്കാം. പ്രത്യേകിച്ചും രണ്ടാമത്തത്.

ആ സ്ഥിതിവിശേഷത്തെയിപ്പോ, മതേതരത്വമെന്നോ കപട മതേതരത്വമെന്നോ, എന്ത് വേണമെങ്കിലും നമുക്ക് വിശേഷിപ്പിക്കാം, പക്ഷേ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളിൽ മതപ്രതിച്ഛായ മുഴച്ച് നിൽക്കുന്നത്, കേരളത്തിലെ വലിയൊരു വിഭാഗം ഹിന്ദുക്കളും ഇഷ്ടപ്പെടുന്നില്ല. എന്നുള്ളതാണ് നമുക്ക് മുന്നിലുള്ള പച്ചയായ യാഥാര്ത്ഥ്യം.

അതിനെതിരേ വേണമെങ്കിൽ നമുക്ക് മുഖം തിരിച്ച് നിൽക്കാം. അവരുടെ മനോഭാവത്തെ എതിർക്കാം അധിക്ഷേപിക്കാം. അല്ലെങ്കിൽ, അവരുടെ മനോഭാവം മാറുന്നത് വരെ നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.

അതുമല്ലെങ്കിൽ, ഈ യാഥാര്ത്ഥ്യത്തെ, അതിന്റേതായ പക്വതയോടെ, പ്രാധാന്യത്തോടെ ഉൾക്കൊണ്ട് നമുക്ക് നമ്മുടെ പ്രവർത്തനരീതികളിൽ മാറ്റങ്ങൾ വരുത്താം.

നമ്മുടെ പ്രസ്ഥാനത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിക്കൊണ്ട് വരാം.

കേരളജനത നല്ലൊരു നാളേക്ക് വേണ്ടി നമുക്കായി കാത്ത് നിൽക്കുന്നു.

മോദിജിയേയും അമിത് ഷാ ജിയേയും പോലുള്ള ദേശീയ തല അതികായൻ നമ്മുടെ വിജയഗാഥകൾക്കായി കാതോർക്കുന്നു.

അവസരങ്ങൾ നമ്മുടെ മുമ്പിൽ ഇനിയും ഒരുപാടുണ്ട്.

ആറ് മാസത്തിനകം നടക്കാൻ പോകുന്ന ആറ് ഉപതെരെഞ്ഞെടുപ്പുകളിൽ കുമ്മനംജിയേയും സുരേന്ദ്രേട്ടനേയും സുരേഷ് ഗോപിയേയുമെല്ലാം, ഒന്ന് മനസ്സ് വച്ചാൽ, നമുക്ക് വിജയിപ്പിച്ചെടുക്കാം.

ഒരു വർഷത്തിനകം നടക്കാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ വൻനേട്ടങ്ങൾ കൊയ്യാം. തിരുവനന്തപുരം ജില്ലാ നേതൃ നിരയിൽ നിന്നൊരാളെ നമ്മുടെ നഗരത്തിന്റെ മേയറായി നമുക്ക് അവരോധിക്കാം. ഇപ്പോൾ തന്നെ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നമുക്കിതൊക്കെ നിഷ്പ്രയാസം സാധിക്കാവുന്നതേ ഉള്ളൂ.

നമ്മുടെ മുന്നോട്ടുള്ള പാതയെ കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഞാനിവിടെ കുറിച്ചിട്ടു എന്നേയുള്ളൂ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പങ്ക് വയ്ക്കുക.

തീർത്തും അപ്രതീക്ഷിതമായി നമ്മളെ തേടിയെത്തിയ ഇന്നലത്തെ തോൽവിയിൽ നിന്ന് ശരിയായ പാഠങ്ങൾ ഉൾക്കൊണ്ട് നമുക്ക് നാളേക്കുള്ള ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാം. കേരളസമൂഹത്തിൽ നയതന്ത്രപരമായി ഇടപെടാം. ജനമനസ്സുകളിൽ ശക്തിയാർജ്ജിച്ച് മുന്നോട്ട് നീങ്ങാം.

ജയ് ഹിന്ദ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP