Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സോഷ്യലിസവും കമ്യൂണിസവുമൊക്കെ പറയാൻ മാത്രമേ കൊള്ളൂ; സാമൂഹിക വികസനം നടപ്പിലാക്കുവാൻ സാധിക്കുക സാമ്പത്തിക വികസനത്തിലൂടെ മാത്രം; ഇന്ത്യയെ താറടിച്ച് കാണിക്കുന്ന 'ചെകുത്താന്' മറുപടിയുമായി ബിജു നായർ എഴുതുന്നു

സോഷ്യലിസവും കമ്യൂണിസവുമൊക്കെ പറയാൻ മാത്രമേ കൊള്ളൂ; സാമൂഹിക വികസനം നടപ്പിലാക്കുവാൻ സാധിക്കുക സാമ്പത്തിക വികസനത്തിലൂടെ മാത്രം; ഇന്ത്യയെ താറടിച്ച് കാണിക്കുന്ന 'ചെകുത്താന്' മറുപടിയുമായി ബിജു നായർ എഴുതുന്നു

ബിജു നായർ

ഇന്ത്യയെ താറടിച്ച് കാണിക്കുകയും, ഇന്ത്യക്കാരെക്കുറിച്ച് പരമ പുച്ഛത്തോടെ സംസാരിക്കുകയും ചെയ്യുന്നവർക്ക് നല്ല മാർക്കറ്റുള്ള ഒരു നാടാണ് കേരളം.

അതിനൊരു മകുടോദാഹരണമാണ് "ചെകുത്താൻ" എന്ന വട്ടപ്പേരിൽ ഇന്ന് ഫേസ്‌ബുക്കിൽ മൂന്നര ലക്ഷത്തോളം ഫോളോവെഴ്സുമായി അങ്ങ് കുവൈറ്റിൽ വിരാജിക്കുന്ന ഒരു മലയാളി സുഹൃത്ത്.

അദേഹത്തിന്റെ “Why India is Poor”, എന്ന
"പ്രഭാഷണം" – എന്നൊന്നും ഞാനിവിടെ വിശേഷിപ്പിക്കില്ല, “വായിട്ടലയ്ക്കൽ”, അത് മതി, അതാണ് ശരി. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട,
ഞാനിവിടെ പൊളിച്ചടുക്കുകയാണ്. കണ്ടിട്ടില്ലാത്തവർക്കായി ഒന്നാം കമന്റിൽ കൊടുത്തിരിക്കുന്നു.

യൂറോപ്പ്, യുഎസ്, ഓസ്ട്രേലിയ, കാനഡ,എന്തിന് ഗൾഫിൽ പോലും പോയി കുറച്ച് കാലം താമസിച്ചിട്ടുള്ള ആരും പറയില്ല,

"ഇന്ത്യ എന്ന രാജ്യം ഒരു നല്ല രാജ്യമാണെന്ന്"

എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം തന്റെ വാചകക്കസർത്തുകൾ തുടങ്ങുന്നത്.

പക്ഷേ, അദ്ദേഹത്തിന്റെ അമ്മ പോലും മേല്പറഞ്ഞത് ശരിവയ്ക്കുന്നില്ലെന്ന് അതേ ശ്വാസത്തിൽ തന്നെ അദ്ദേഹം സമ്മതിക്കുന്നുമുണ്ട്. അതെന്തുകൊണ്ടാണെന്ന് ഞാനദ്ദേഹത്തോട് ചോദിക്കുന്നില്ല. കഥയിൽ ചോദ്യമില്ല, എന്നാണല്ലോ.

ലാലേട്ടനെയും മാതാ അമൃതാനന്ദ മയിയെയുമൊക്കെ സ്ഥിരമായി ചൊറിഞ്ഞ് വീഡിയോകൾ ഇറക്കാറുള്ള ഇദ്ദേഹത്തോട്, ലാലേട്ടന്റെ ദശലക്ഷക്കണക്കിന് ആരാധകരിൽ ഒരാളായ ഒരു ഇന്ത്യക്കാരൻ, എന്തോ തിരിച്ച് ചോദിക്കാൻ ചെന്നതാണ്, ‘എന്തൊരു കൂതറ കണ്ട്രിയാണ് ഇന്ത്യ’ എന്നുള്ള ഭൂതോദയം പൊടുന്നനെ ചെകുത്താനിലുണ്ടാക്കിയതും, പിന്നങ്ങോട്ട് കുരുപൊട്ടി ഇന്ത്യയെക്കുറിച്ചും ഇന്ത്യക്കാരെക്കുറിച്ചുമുള്ള തന്റെ പിച്ചും പേയും പറച്ചിലുകളുമൊക്കെ ഒരു വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയായിൽ അവതരിപ്പിക്കാമെന്ന് അദ്ദേഹം തീരുമാനിച്ചതെന്നുമാണ് ഈ വീഡിയോ കാണുമ്പോൾ നമുക്ക് മനസ്സിലാകുന്നത്.

പിന്നങ്ങോട്ട്, ഇന്ത്യയെ ഇകഴ്‌ത്തി കാട്ടുവാനായി, ഇന്ത്യയെ കുറിച്ച് നല്ലത് മാത്രം പറയുന്ന ഒരു ക്രിസ്തീയ മത പ്രഭാഷകന്റെ ചില പ്രസംഗ ശകലങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ എടുത്ത് കാണിച്ച്, അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിച്ചും, കൊഞ്ഞനം കുത്തിയുമൊക്കെയാണ് നമ്മുടെ ചെകുത്താൻ മുന്നോട്ട് പോകുന്നത്.

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ സർവ്വചരാചര ജ്ഞാനമുണ്ടായിരുന്ന മുനിമാർ ജീവിച്ചിരുന്ന രാജ്യം ഇന്ത്യയാണ്,

“ഇന്ത്യയുടെ സംസ്കാരമുണ്ടല്ലോ, അത് ലോകത്തൊരിടത്തും കാണില്ല”

“നാനാത്വത്തിൽ ഏകത്വം എന്ന കാര്യത്തിൽ ലോകത്തിന് മാതൃകയായിട്ട് ഇന്ന് ഒരൊറ്റ രാജ്യമേയുള്ളൂ. അത് ഇന്ത്യയാണ്.”

"ഒരിച്ചിരി നമ്മള് ഇന്ത്യൻ സംസ്കാരത്തിലോട്ട് ഒന്ന് തിരിഞ്ഞാലുണ്ടല്ലോ, ലോകം കയ്യിലടക്കാൻ അത് മാത്രം മതി. അത് നമ്മള് തിരിച്ചറിയാൻ സമയമായി. നമ്മള് പ്രൗഢിയോടെ പറയണം അഭിമാനത്തോടെ പറയണം. I am an Indian."

ഇത്തരത്തിൽ, ദേശസ്നേഹവും ദേശാഭിമാനവുമൊക്കെ തുളുമ്പി നിൽക്കുന്ന വാക്കുകളാണ് നമ്മുടെ പാസ്റ്ററുടേത്. കേൾക്കുന്ന ആരേയും പ്രചോദിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും പോന്ന വാക്കുകൾ.

അതിന് നമ്മുടെ ചെകുത്താൻ കൊടുക്കുന്ന മറുപടികളോ?

ധാരാവി എന്നൊന്ന് ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കൂ, എന്നിട്ട് സ്പെയിനിലെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഒന്ന് പോയി കാണൂ, എന്ന് തുടങ്ങി ഇന്ത്യയുടെ വർത്തമാനകാലത്തെ ശുചിത്വമില്ലായ്മയേയും, ദാരിദ്ര്യത്തേയും, പിന്നെ മറ്റേതൊരു രാജ്യത്തിലേയും പോലെ ഇന്ത്യയിലുമുള്ള കുറ്റകൃത്യങ്ങളേയുമെല്ലാം പർവ്വതീകരിച്ച് കൊണ്ട്,

"എന്തൊക്കെത്തരം ദുരന്തങ്ങള് ലോകത്തുണ്ടോ, അതെല്ലാം ഉള്ള ഒരു രാജ്യം"

അതിനെക്കുറിച്ച്, “Proud to be an Indian എന്നൊക്കെ എങ്ങനാ മനസ്സറിഞ്ഞ് പറയാൻ പറ്റുന്നേ”

എന്നൊക്കെയുള്ള സൈസ് സാമാന്യവത്കരണങ്ങളാണ് നമ്മുടെ ചെകുത്താൻ തട്ടിവിടുന്നത്.

എന്നിട്ടും കെട്ടിറങ്ങാതെ, വിവരവും വിദ്യാഭ്യാസവുമില്ലാത്ത സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുവാൻ മാത്രമാണ് മേല്പറഞ്ഞ പാസ്റ്റർ ശ്രമിക്കുന്നതെന്നും, കണ്ണുകണ്ടൂടാത്ത ഒരാളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കാമെന്ന വ്യാജേന കൂടെ കൂടിയിട്ട് അയാളുടെ പോക്കറ്റടിച്ച് കൊണ്ട് പോകുന്ന ഒരാളിനെപ്പോലെ മാത്രമേ ആ പാസ്റ്ററെ കാണുവാൻ സാധിക്കുകയുള്ളൂ എന്ന് കൂടി പറഞ്ഞ് വച്ച് കൊണ്ടാണ്, ചെകുത്താൻ തന്റെ ആത്യന്തികമായ വിധിയെഴുത്ത് അവസാനിപ്പിക്കുന്നത്.

ഒരു കാര്യത്തില് ഞാൻ നമ്മുടെ ചെകുത്താനെ അഭിനന്ദിക്കുകയാണ്.

"പത്തിരുപത്തഞ്ച് വയസ്സാകുമ്പോ ജോലിയൊന്നും കിട്ടീല്ല തെണ്ടിത്തിരിഞ്ഞ് നടന്നപ്പോ ഗൾഫിൽ പോയി" എന്ന ക്യാറ്റഗറിയിലാണ് അദ്ദേഹം പെടുന്നതെന്ന് തുറന്ന് സമ്മതിക്കുവാനുള്ള സത്യസന്ധത അദ്ദേഹം കാണിക്കുന്നുണ്ട്.

മാത്രവുമല്ല താനിപ്പോൾ പണിയെടുത്ത് ജീവിക്കുന്ന കുവൈറ്റിനെക്കുറിച്ച് അദ്ദേഹം പറയുന്നത്:

“ഒരിക്കലും ഞാൻ പറയത്തില്ല, ഈ രാജ്യം സൂപ്പറാണെന്ന്. കാരണം മറ്റ് രാജ്യങ്ങൾ ഇതിലും സൂപ്പറാ"

അതെ മിസ്റ്റർ ചെകുത്താൻ! അത് തന്നെയാണ് താങ്കളുടെ പ്രോബ്ളവും!

നാളെ കുവൈറ്റിനെക്കാളും ഭേദപ്പെട്ട രാജ്യമെന്ന് താങ്കൾ പറയുന്ന ഏതെങ്കിലും ഒരു രാജ്യത്തിലേക്ക് കുടിയേറി താമസിക്കുവാൻ താങ്കൾക്ക് ഒരവസരം ലഭിക്കുകയാണെങ്കിൽ, അവിടെ പോയിരുന്ന് കൊണ്ട് കുവൈറ്റിനെ കുറിച്ചും കുവൈറ്റിലെ ആളുകളെ കുറിച്ചും ഇത് പോലൊരു വീഡിയോ ഇടുവാൻ താങ്കൾ ഒരു നിമിഷം പോലും മടിച്ച് നിൽക്കില്ല.

നാട്ടിൻപുറത്തൊക്കെ ഇത്തരം സ്വഭാവസവിശേഷതകളെ "അപ്പം കാണുന്നവനെ അപ്പാന്ന് വിളിക്കുക" എന്ന് നമ്മള് പറയും.

അതെ, ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പോലുമറിയാത്ത, ഒരു പൗരൻ എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ആലോചിക്കുവാൻ പോലും മെനക്കെടാത്ത, തന്റെ പ്രതീക്ഷകളെ കുറിച്ച് മാത്രം കൂലങ്കഷമായി ചിന്തിക്കുകയും കണക്ക് പറഞ്ഞ് ചോദിക്കുകയും ചെയ്യുന്ന, “Entitlement mentality” യു ടെ മൂർത്തിമത് ഭാവമാണ് നമ്മുടെ ചെകുത്താൻ. തന്റെ നിരാശകൾക്ക് കാരണം മറ്റുള്ളവരാണെന്ന് ധരിച്ച് വശായി അവരെ നിറുത്തി പൊരിക്കുവാൻ വെമ്പൽ കൊള്ളുന്ന വിപ്ലവ സിംഹം.

മറ്റ് രാജ്യങ്ങളുടെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ നോക്കി വെള്ളമിറക്കുന്നതിനിടയിൽ അദ്ദേഹം മറന്ന് പോകുന്ന ഒരു കാര്യമുണ്ട്. ആ രാജ്യങ്ങളിലെ കഴിഞ്ഞ തലമുറകൾ നടത്തിയ നിസ്വാർത്ഥ സേവനങ്ങളുടേയും ത്യാഗങ്ങളുടേയും ഫലമാണ് അവരിന്ന് അനുഭവിക്കുന്ന ഭൗതിക പുരോഗതികളെല്ലാമെന്ന്.

അവിടെയാണ് അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തഞ്ചാം പ്രസിഡന്റ് ആയിരുന്ന ജോൺ എഫ് കെന്നഡിയുടെ "നിങ്ങളുടെ രാജ്യത്തിന് നിങ്ങൾക്കായി എന്ത് ചെയ്യാൻ സാധിക്കുമെന്നല്ല! നിങ്ങൾക്ക് നിങ്ങളുടെ രാജ്യത്തിനായി എന്ത് ചെയ്യാൻ സാധിക്കുമെന്ന് ചോദിക്കൂ" എന്ന ആപ്തവാക്യത്തിന്റെ പ്രസക്തി.

പക്ഷേ ഇന്ത്യയുടെ സംവിധാനത്തിൽ ജനിച്ച് വളർന്ന്, സ്വന്തം കാലിൽ നിന്ന് തെണ്ടിത്തിരിയാനുള്ള പ്രാപ്തിയെങ്കിലും ആകുന്നതോടെ, മറ്റ് രാജ്യങ്ങളുടെ സുഖലോലുപതകളിൽ പോയിരുന്നിട്ട് സ്വന്തം മാതൃരാജ്യത്തിന്റെ കുറ്റങ്ങളുടേയും കുറവുകളുടേയും പല്ലിട കുത്തി മണപ്പിക്കുന്ന ഇത്തരം ചെകുത്താന്മാർ എവിടെ കിടക്കുന്നു ജോൺ എഫ് കെന്നഡി എവിടെ കിടക്കുന്നു.

ഇനി നമുക്ക് ചെകുത്താന്റെ വ്യക്തിഗത സ്വഭാവസവിശേഷതകളൊക്കെ വിട്ട് അദ്ദേഹത്തിന്റെ ബൗദ്ധിക നിലവാരത്തിലൂടെ ഒന്ന് കണ്ണോടിക്കാം.

“Why India is Poor”, എന്ന് പേരിട്ടിട്ടുള്ള അദ്ദേഹത്തിന്റെ കുറിപ്പടിയിലെ ഏറ്റവും ആദ്യത്തെ ഐറ്റമായി അദ്ദേഹം അവതരിപ്പിക്കുന്നത് – “മതം ഉപേക്ഷിക്കുക എന്നുള്ളതാണ്”.

പക്ഷേ അദ്ദേഹമിന്ന് അതിശയ പറുദീസകളെന്ന് കെട്ടിഘോഷിച്ച എല്ലാ രാജ്യങ്ങളിലും മതവിശ്വാസികളാണ് ഭൂരിപക്ഷം എന്നുള്ള കാര്യം അദ്ദേഹത്തിന് അറിഞ്ഞൂടാ എന്നുള്ളത് എന്നെ അതിശയപ്പെടുത്തുന്നു.

പിന്നെ, ആര്ഷഭാരതത്തെ നിർദ്ദാക്ഷിണ്യം ചവിട്ടിത്തേക്കുവാൻ അനന്യസാധാരണമായ ആവേശം കാണിക്കുന്ന ഇദ്ദേഹത്തിന്, 1700- ആം ആണ്ടിൽ, ഇന്ത്യയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ എക്കോണമിയെന്നത് അറിയില്ലായെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നു.

അന്ന് ഇന്ത്യയ്ക്കും ചൈനയ്ക്കും പുറകിൽ മൂന്നാം സ്ഥാനത്തായിരുന്ന ഫ്രാൻസിന് ഇന്ത്യയുടെ ആറിലൊന്ന് മാത്രമേ വലിപ്പമുണ്ടായിരുന്നുള്ളൂ. ഇംഗ്ലണ്ടും അമേരിക്കയുമൊന്നും അന്ന് ചിത്രത്തിൽ പോലുമില്ല.

പതിനായിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള മാനവരാശിയുടെ വികസനചരിത്രത്തിലെ വെറും മൂന്നൂറ് വർഷങ്ങൾക്ക് മുമ്പത്തെ ചിത്രമാണിതെന്ന് നമ്മൾ ഓർക്കണം.

അവിടുന്ന് നമ്മൾ എങ്ങനെ പുറകോട്ട് പോയി എന്നുള്ളതും ഇന്ന് നമുക്ക് നന്നായറിയാം.

സംസ്കാരത്തിന്റേയും, മാനവികതയുടേയും ഉദാത്ത പ്രതീകങ്ങളെന്ന് നമ്മുടെ ചെകുത്താൻ ഇന്ന് വിശേഷിപ്പിക്കുന്ന സ്പെയിൻ, ഇംഗ്ളണ്ട്, ഫ്രാൻസ്, നെതർലൻഡ്സ്, പോർച്ചുഗൽ, എന്ന് തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങൾ, മതം പ്രചരിപ്പിക്കുവാനും ധനം കൊള്ളയടിക്കുവാനുമായി നടത്തിയ സാമ്രാജ്യത്വ തേരോട്ടങ്ങളുടെയും, അധിനിവേശ കൊള്ളയടികളുടെയും ആകെത്തുകയായി അവരൊക്കെയും സമ്പന്നരായി. നമ്മള് ദരിദ്രരുമായി.

എന്തിനേറെ പറയുന്നു, വടക്കേ അമേരിക്കയുടെ യഥാർത്ഥ അവകാശികളായ റെഡ് ഇന്ത്യക്കാരും, ഓസ്ട്രേലിയയുടെ യഥാർത്ഥ അവകാശികളായ അബൊറിജിനൽസും, തെക്കേ അമേരിക്കയുടെ യഥാർത്ഥ അവകാശികളായ മായൻ മനുഷ്യരും ഇന്ന് നാമമാത്രമായി മാറിയതും, ആഫ്രിക്കയുടെ യഥാർത്ഥ അവകാശികളായ കറുത്ത വർഗ്ഗക്കാർ ലോകമെമ്പാടുമുള്ള കോളനികളിൽ അടിമകളായി ജോലി ചെയ്യേണ്ടി വന്നതുമെല്ലാം മേല്പറഞ്ഞ പാശ്ചാത്യ സംസ്കാരങ്ങൾ ഉയർത്തിപ്പിടിച്ച അത്യുന്നത മാനുഷികമൂല്യങ്ങളുടേയും അതിര് കവിഞ്ഞ മനുഷ്യസ്നേഹത്തിന്റേയും മാത്രം ബാക്കിപത്രങ്ങളാണെന്നുള്ളതും നമ്മള് മറന്ന് കൂടാ.

അതൊക്കെ വച്ച് നോക്കുമ്പോൾ ഇന്ത്യയും ഇന്ത്യക്കാരുമൊക്കെ നൈസായിട്ട് രക്ഷപ്പെട്ടു എന്ന് വേണം പറയാൻ.

ഇനി വർത്തമാനകാലത്തെ ഇന്ത്യയുടെ ശുചിത്വമില്ലായ്മയിലേക്കും, ദാരിദ്ര്യത്തിലേക്കും കടന്ന് വരികയാണെങ്കിൽ, സോഷ്യലിസവും കമ്യൂണിസവുമൊക്കെ പറയാൻ മാത്രമേ കൊള്ളാവൂ എന്നും, സാമ്പത്തിക വികസനത്തിലൂടെ മാത്രമേ സാമൂഹിക വികസനം നടപ്പിലാക്കുവാൻ സാധിക്കുകയുള്ളൂ എന്ന് നമുക്ക് നന്നായറിയാം. ഇക്കഴിഞ്ഞ നൂറ്റാണ്ടിലെ ലോകചരിത്രം തന്നെ നമുക്ക് പഠിപ്പിച്ച് തന്ന പാഠം അതാണ്.

അവിടെയാണ് 2014-ഇൽ മോദിജി അധികാരത്തിലേറുമ്പോൾ പോലും ലോക സാമ്പത്തിക റാങ്കിങ്ങിൽ വെറും പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് കയറിയിരിക്കുന്നതിന്റെ പ്രാധാന്യം നമ്മള് മനസ്സിലാക്കേണ്ടത്.

കൊറോണ കഴിഞ്ഞുള്ള കാലഘട്ടത്തിൽ പോലും ലോകത്തിലേക്ക് വച്ച് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ തന്നെയായിരിക്കുമെന്നുള്ള ആഗോള സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ പ്രാധാന്യം നമ്മള് മനസ്സിലാക്കേണ്ടത്.

2016-ഇൽ നോട്ട് നിരോധനം ജിഎസ്ടി പോലുള്ള ഭരണപരിഷ്കാരങ്ങള് കൊണ്ട് വരുന്നതിന് മുമ്പുള്ള എഴുപത് വർഷങ്ങൾ കൊണ്ട് ഇന്ത്യയുടെ നികുതി വരുമാനം വെറും 15 ലക്ഷം കോടിയായിരുന്നുവെങ്കിൽ, ഇന്നത് മൂന്ന് വർഷങ്ങൾ കൊണ്ട് 55 ശതമാനം കൂടി 23 ലക്ഷം കോടിയോടടുത്ത് നിൽക്കുന്നു.

അങ്ങനെ വർദ്ധിച്ച് വന്ന നികുതി വരുമാനം കൊണ്ട് തന്നെയാണ്, അശരണരും പാർശ്വവൽകൃതരുമായ ഇന്ത്യയിലെ പാവപ്പെട്ടവർക്ക്, 2 കോടി വീടുകളും, 11 കോടി ശൗചാലയങ്ങളും നിർമ്മിച്ച് നൽകിയത്, 3 കോടി ഇലെക്ട്രിസിറ്റി കണക്ഷനുകളും, 8 കോടി സൗജന്യ ഗ്യാസ് കണക്ഷനുകളും എടുത്ത് നൽകിയത്.

10 ലക്ഷം കോടി രൂപയാണ് വിവിധ പദ്ധതികളിലായി “Direct Benefit Transfer” ആയി ഇന്ത്യയിലെ ദരിദ്രനാരായണന്മാരുടെ ബാങ്ക് അക്കൗണ്ടുകളിലോട്ട് നമുക്ക് നിക്ഷേപിച്ച് കൊടുക്കുവാൻ സാധിച്ചിട്ടുള്ളത്.

പക്ഷേ ഇതൊക്കെയും മുമ്പിൽ നിന്ന് ചെയ്തുകൊടുത്ത നമ്മുടെ പ്രധാനമന്ത്രിയെ ടോയ്ലറ്റ് നിർമ്മിച്ച് പ്രധാനമന്ത്രിയായ ആൾ എന്ന് രീതിയിൽ പരിഹസിക്കുകയാണ് നമ്മുടെ ചെകുത്താൻ ഇവിടെ ചെയ്യുന്നത്.

അങ്ങനെ, ഒരു വശത്ത് വെളിയിടങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യുന്ന ആളുകളെ കളിയാക്കുകയും മറു വശത്ത് അത്തരം മനുഷ്യരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവരെ പുശ്ചിക്കുകയും ചെയ്യുന്നതിലൂടെ തന്റെ ഉദ്ദേശശുദ്ധിയും താൻ ഒളിച്ച് കടത്തുവാൻ ശ്രമിക്കുന്ന രാഷ്ട്രീയവുമെല്ലാം പകൽ പോലെ നമുക്ക് വ്യക്തമാക്കി തരുന്നുണ്ട് നമ്മുടെ ചെകുത്താൻ.

ഏതായാലും എനിക്കദ്ദേഹത്തോട് ഒന്നേ പറയാനുള്ളൂ!

തീരേ കഴമ്പില്ലാത്തതാണെങ്കിലും, താങ്കൾ താങ്കളുടെ വിമർശനങ്ങൾ ഇടതടവില്ലാതെ തുടരുക.

കാരണം, ഭാരതത്തിന്റെ പരാമവൈഭവത്തിനായി ആഗ്രഹിക്കുന്ന അതിലേക്കായി അക്ഷീണം പ്രയത്നിക്കുന്ന എന്നെപ്പോലുള്ള, സംഘപ്രവർത്തകർക്ക് അത് നൽകുന്ന ഊർജ്ജം ഒട്ടും ചെറുതല്ല.

“Proud to be an Indian” എന്നൊന്നും പറയുവാൻ മാത്രം ഒന്നുമില്ലെന്ന് താങ്കൾ വിശ്വസിക്കുന്ന ഇന്ത്യയെക്കുറിച്ച് താങ്കളെ കൊണ്ട് പോലും മാറ്റിപ്പറിയിക്കുവാൻ, ഇനി അധികകാലമില്ല എന്നുള്ള ഞങ്ങളുടെ അദമ്യമായ ആത്മവിശ്വാസത്തിന് പിന്നിലെ യഥാര്ത്ഥ കാരണം ആ പ്രയത്നമാണ്. ആ ഊർജ്ജമാണ്.

അതിലേക്കായി ഞാൻ താങ്കളോട് നന്ദി പറയുന്നു.

ജയ് ഹിന്ദ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP