Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അയ്യപ്പന് ഭാര്യമാരുണ്ടെന്നും അതല്ല ശാസ്താവിനാണ് ഭാര്യമാരുള്ളത് എന്നുമൊക്കെ പറയുന്നത് ഹാരിപോട്ടർ മാതൃകയിലുള്ള കഥകൾ മാത്രമാണ്; ശബരിമലയിലേക്കെന്നല്ല എണ്ണക്കിണറുകളിലേക്കും ഖനികളിലേക്കും വരെ പ്രവേശിക്കാൻ എല്ലാ ലിംഗത്തിൽപെട്ടവർക്കും തുല്യമായ അവകാശമുണ്ടായിരിക്കണം; ഭക്തിചൂണ്ടകളിൽ കോർക്കപ്പെട്ട കിളിമീനുകളാണ് സ്ത്രീകളിൽ ഭൂരിഭാഗവും; കുറെക്കൂടി ഭക്തിഭാണ്ഡങ്ങൾ അവരുടെ തോളിലേക്ക് കയറ്റി കൊടുക്കുന്നതിനോട് യോജിപ്പില്ല; സി രവിചന്ദ്രൻ എഴുതുന്നു

അയ്യപ്പന് ഭാര്യമാരുണ്ടെന്നും അതല്ല ശാസ്താവിനാണ് ഭാര്യമാരുള്ളത് എന്നുമൊക്കെ പറയുന്നത് ഹാരിപോട്ടർ മാതൃകയിലുള്ള കഥകൾ മാത്രമാണ്; ശബരിമലയിലേക്കെന്നല്ല എണ്ണക്കിണറുകളിലേക്കും ഖനികളിലേക്കും വരെ പ്രവേശിക്കാൻ എല്ലാ ലിംഗത്തിൽപെട്ടവർക്കും തുല്യമായ അവകാശമുണ്ടായിരിക്കണം; ഭക്തിചൂണ്ടകളിൽ കോർക്കപ്പെട്ട കിളിമീനുകളാണ് സ്ത്രീകളിൽ ഭൂരിഭാഗവും; കുറെക്കൂടി ഭക്തിഭാണ്ഡങ്ങൾ അവരുടെ തോളിലേക്ക് കയറ്റി കൊടുക്കുന്നതിനോട് യോജിപ്പില്ല; സി രവിചന്ദ്രൻ എഴുതുന്നു

സി.രവിചന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നതോടെ സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ച സംവാദം ശക്തമായിരിക്കയാണ്. മതവാദികൾ വിധിയെ ശക്തിയുക്തം എതിർക്കുകയും, മാർക്‌സിസ്റ്റുകാർ അടക്കമുള്ള ലിബറൽ പുരോഗമന ചേരിക്കാർ അനുകൂലിക്കുകയും ചെയ്യുമ്പോൾ തീർത്തും വ്യത്യസ്തമായ നിലപാടാണ് കേരളത്തിലെ യുക്തിവാദികളും സ്വതന്ത്ര ചിന്തകരും ഉയർത്തുന്നത്. ഇതുവരെ പുരുഷന്മാർ ചെയതുവന്നിരുന്ന ഒരു അസംബന്ധത്തെ സ്ത്രീകളിലേക്ക് കൂടി വ്യാപിപ്പിക്കുക മാത്രമാണ് ഈ വിധി കൊണ്ട് സംഭവിച്ചതെന്നും ആദ്യത്തെ അമ്പരപ്പുമാറുമ്പോൾ സ്ത്രീകൾ ശബരിമലയിലേക്ക് ഇടിച്ചു കയറുമെന്നും അതിനെ മതവും പൗരോഹിത്യവും സ്വാഗതം ചെയ്യുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ വാദങ്ങൾ ഉയർത്തുന്നതിനായി അവർ എടുത്തുപറയുന്നത് പ്രശസ്ത സ്വതന്ത്ര ചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രന്റെ പോസ്റ്റാണ്. ശബരിമല വിധി വരുന്നത് വളരെ മുമ്പ് എഴുതിയ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സി രവിചന്ദ്രന്റെ പോസ്റ്റ് ഇങ്ങനെയാണ്:

പോവാതിരിക്കാനുള്ള അനുമതി

1) ശബരിമലയിലെ സ്ത്രീപ്രവേശം ഒരു തർക്കവിഷയം ആകുന്നതിന്റെ കാരണം ഋതുമതികളായ സ്ത്രീകൾ അവിടെ പ്രവേശിക്കരുത് എന്ന അലിഖിത നിയമം ഉന്നയിക്കപ്പെടുന്നു എന്നത് മാത്രമാണ്. ശബരിമലയിൽ പോകാതിരിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന് എതിരെ ആരും രംഗത്ത് വന്നിട്ടില്ല. പ്രശ്‌നപരിഹാരം ഭക്തരായ സ്ത്രീകളുടെ പക്കൽ തന്നെയുണ്ട്. പോകരുത് എന്ന് നിർബന്ധമുള്ളിടത്ത് പോകാതിരിക്കുക. It is as simple as that. ചെയ്യാനും ചെയ്യാതിരിക്കാനും വ്യക്തിക്ക് പൂർണ്ണ സ്വാതന്ത്ര്യമുള്ള കാര്യത്തിൽ തീരുമാനമെടുക്കാൻ കോടതിവിധി വരണം എന്നൊക്കെ പറയുന്നത് വിചിത്രമാണ്. ശബരിമലയിൽ സ്ത്രീകൾക്ക് പോകാം എന്നു കോടതി വിധിച്ചാലും പോകാതിരുന്നുകൂടേ? ആരെങ്കിലും പോകുന്നുവെങ്കിൽ മതകഥയനുസരിച്ച് അവരതിന്റെ ഫലം അനുഭവിച്ചുകൊള്ളും. കാരണം 'മൂർത്തി' എല്ലാം അറിയുന്നുണ്ട്. വ്രതശുദ്ധിക്ക് പ്രത്യേകം മാർക്ക് ലഭിക്കാതിരിക്കില്ലല്ലോ. ഇനി അതല്ല മറ്റു സ്ത്രീകൾ ക്ഷേത്രപ്രവേശനം നടത്തി അയ്യപ്പശിക്ഷയ്ക്ക് വിധേയരാകുമല്ലോ എന്ന വിങ്ങലാണ് ഈ ക്ഷോഭപ്രകടനങ്ങൾക്ക് പിന്നിലെങ്കിൽ ഹോ! എന്നു മാത്രമേ പറയാനുള്ളൂ.

(2) കോടതി വിധിച്ചില്ലെങ്കിൽ അറിയാതെ ശബരിമലയിലേക്ക് പോയിപ്പോകും എന്നാണോ ഇത്ര ബദ്ധപ്പെട്ട് പറയാൻ ശ്രമിക്കുന്നത്? കോടതി വിധി അനുകൂലമാകാൻ പ്രത്യേക പ്രാർത്ഥന നടത്തുന്ന ഭക്തകളെ കുറിച്ച് വാർത്തകളുണ്ടായിരുന്നു! നിയമസാധുതയില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണ് എന്നാണോ ഭക്തമഹിളകളും പക്കമേളക്കാരും വാദിക്കുന്നത്? വളരെ നല്ലത്. കേസ് വാദിച്ച് കോടതിയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചിട്ട് ചെയ്താൽ മതി. സ്വകാര്യതലത്തിൽ നിങ്ങൾക്ക് തന്നെ തീരുമാനം എടുക്കാൻ അവകാശമുള്ള എല്ലാ കാര്യങ്ങളിലും ഇത്തരം 'സാഹസ'ങ്ങൾക്ക് മുതിരരുത് എന്നൊരു അഭ്യർത്ഥന മാത്രം. കോടതിവിധിയും ഭരണഘടനയും മാത്രം സേവിച്ച് ജീവിക്കാനുള്ള മതജീവികളുടെ നിശ്ചയദാർഡ്യത്തെ സ്വാഗതം ചെയ്യുന്നു. സമാനമായ നിർബന്ധബുദ്ധി ഭരണഘടനയിലെ ആർട്ടിക്കിൾ 51 എ(എച്ച്) നോടും സ്വീകരിക്കാൻ ഡിങ്കനാമത്തിൽ അഭ്യർത്ഥിക്കുന്നു. അങ്ങനെയെങ്കിൽ ഭക്തിവിഷയത്തിൽ പരമ്പരാഗതമായി നിങ്ങളെ അലട്ടുന്ന ഒരുപിടി പ്രശ്‌നങ്ങൾക്ക് ക്ഷിപ്രപരിഹാരം സിദ്ദിഖും. കോടതി അനുവദിച്ചാലും സ്ത്രീകൾ അവിടെ പോകില്ലെന്ന് ഉറപ്പുള്ള സ്ത്രീകളും പുരുഷന്മാരും ഈ വിഷയത്തിൽ ആത്മവിശ്വാസത്തോടെ മൗനംപാലിക്കും; അല്ലാത്തവർ ഓവറാക്കി ചളമാക്കും.

(3) അയ്യപ്പന് ഭാര്യമാരുണ്ടെന്നും അതല്ല ശാസ്താവിനാണ് ഭാര്യമാരുള്ളത് എന്നുമൊക്കെ പറയുന്നത് ഹാരിപോട്ടർ മാതൃകയിലുള്ള വിവിധതരം കഥകൾ മാത്രമാണ്. ഇവയൊന്നും ചരിത്രസംഭവങ്ങളോ ഭൗതികവസ്തുതകളോ അല്ല. വെറും മതകഥകൾ! അത്രമാത്രം. ഹിന്ദുദൈവമായ ഗണപതിയുടെ ജനനം സംബന്ധിച്ച് നിരവധി കഥകൾ ലഭ്യമാണ്. മിക്കവയും പരസ്പരം റദ്ദാക്കുന്നവയാണ്. അന്ധവിശ്വാസാനുഷ്ഠാനത്തിനായി ഏത് കഥ പിന്തുടരണം എന്ന് തീരുമാനിക്കാൻ ഓരോ വിശ്വാസിക്കും അവകാശമുണ്ടെന്ന് രാജ്യത്തെ ഭരണഘടന സാക്ഷ്യപ്പെടുത്തുന്നു. പൗരാവകാശത്തിൽപെട്ട കാര്യമാണത്. ഞങ്ങൾ പറയുന്ന കഥയേ വിശ്വസിക്കാവൂ ബാക്കിയുള്ളവയൊക്കെ തള്ളണം എന്നാണ് വാദമെങ്കിൽ പണ്ട് ക്രൈസ്തവർ സുവിശേഷങ്ങൾ വോട്ടിനിട്ട് തിരഞ്ഞെടുത്തതുപോലെ മതജന്യമായ പൊട്ടക്കഥകളിൽ മതത്തിന് ആവശ്യമില്ലാത്തവ അസാധുവാക്കി പ്രഖ്യാപനം ഉണ്ടാകണം. മുസ്ലീങ്ങൾ ഭൂരിപക്ഷംവരുന്ന ഹദീസ് ഫലിതങ്ങൾ അസാധുവാണെന്ന് പ്രഖ്യാപിച്ച് തടിതപ്പുന്നത് ശ്രദ്ധിക്കുക. അയ്യപ്പന്റെയും ശാസ്താവിന്റെയുമൊക്കെ കാര്യത്തിൽ അത്തരമൊരു സുന്നഹദോസ് പ്രഖ്യാപനം ചരിത്രപരമായ അനിവാര്യതയാണ്.

(4) ശബരിമല പൊതുസ്ഥലമല്ല മൂർത്തിയുടെ 'സ്വകാര്യ ഇട'മാണ് എന്ന് വാദിക്കുന്നവർ മനസ്സിലാക്കേണ്ട കാര്യം വീട്ടിൽ രാജ്യത്തെ പൊതുനിയമങ്ങളും പൊതുധാർമ്മികതയും ലംഘിക്കാൻ പൗരന് അവകാശമില്ല എന്ന ലളിത സത്യമാണ്. നിങ്ങളുടെ വീട്ടിൽ എന്തും ചെയ്യാനാവില്ല. കുട്ടികളെ പീഡിപ്പിക്കാനാവില്ല, ബാലവേല ചെയ്യിക്കാനാവില്ല, വംശനാശം വന്നുകൊണ്ടിരിക്കുന്ന ജീവികളെ കൊല്ലാനാവില്ല, ഭാര്യയ്ക്കും കുട്ടികൾക്കും പൗരവകാശങ്ങൾ നിഷേധിക്കാനാവില്ല.... രാഷ്ട്രവും ഭരണകൂടവും വിലക്കുന്നതൊന്നും ചെയ്യാൻ സ്വകാര്യവ്യക്തിക്ക് സ്വകാര്യ ഇടങ്ങളിലും അർഹതയില്ല. മറിച്ച് ചെയ്താൽ പൊതുസമൂഹത്തിന് ഇടപെടാം, അഭിപ്രായം പറയാം, എതിർക്കാം. സ്വകാര്യ ഇടങ്ങളിൽ സ്വകാര്യതയ്ക്കുള്ള അവകാശം മാത്രമാണ് പൗരനുള്ളത്. അല്ലാതെ അവിടെ ഭരണഘടനാ ലംഘനം നടത്താൻ നിയമത്തിന്റെ പരിരക്ഷ ഇല്ല. ആർട്ടിക്കിൾ 14 മുതൽ 22 വരെ പറയുന്ന പൗരാവകാശങ്ങളെയും സമത്വനിയമങ്ങളെയും ലംഘിച്ച് സ്വകാര്യ ഇടങ്ങൾ നടത്തികൊണ്ടു പോകാൻ വ്യക്തികൾക്കോ കൂട്ടായ്മകൾക്കോ അധികാരം ഇല്ല.

(5) ഭക്തിവ്യാപാരത്തിന് മാത്രം സവിശേഷമായ പരിരക്ഷകളും ഇളവുകളും അനുവദിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. എല്ലാ ലിംഗത്തിൽപെട്ട വ്യക്തികൾക്കും എല്ലാ കാര്യങ്ങളിലും ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള തുല്യമായ അവകാശാധികാരങ്ങൾ രാഷ്ട്രം ഉറപ്പുനൽകുന്നുണ്ട്. ആത്മഹത്യചെയ്യാനും മദ്യപിക്കാനും വിഷം കഴിക്കാനും പഠിക്കാനും കളിക്കാനും സ്‌നേഹിക്കാനും വെറുക്കാനുമൊക്കെ എല്ലാവർക്കും തുല്യമായ അവകാശാധികാരങ്ങൾ ഉണ്ട്, ഉണ്ടായിരിക്കണം. സാമാന്യേനയുള്ള ഈ ലിംഗനീതിയും സമത്വവും എല്ലാ മതസ്ഥാപനങ്ങളിലും പുലർന്നേ മതിയാവൂ. അതല്ലാതെ ഞങ്ങളുടെ സ്ഥാപനത്തിൽ ഞങ്ങൾക്ക് തോന്നിയപോലെ എന്ന വാദം സ്വീകാര്യമല്ല.ഒരു തുണിവിൽപ്പനശാലയിൽ മുഴുവൻ സമയവും നിന്നുകൊണ്ട് ജോലി ചെയ്യണം എന്നു ശഠിക്കുന്നതിനെ എതിർക്കുമ്പോൾ ''മുതലാളിയുടെ ഇഷ്ടംപോലെ ചെയ്യും'' എന്നു പറയുന്നത് അംഗീകരിക്കപ്പെടില്ല. സ്വകാര്യ ഇടങ്ങളിലെ നിയമങ്ങളും രീതികളും പൊതുനിയമങ്ങളും പൊതുധാർമ്മികതയുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ആയത് തിരുത്താനും പരിഷ്‌ക്കരിക്കാനുമുള്ള ബാധ്യത സ്വകാര്യ വ്യക്തിക്കാണ്. ഭരണഘടനയുമായി ഒത്തുപോകാത്ത നിയമങ്ങളും രീതികളും ജനപിന്തുണയുണ്ടായാലും അസാധുവാക്കപ്പെടും.

(6) ശബരിമല വിഷയത്തിൽ സ്വതന്ത്രചിന്തകരുടെ നിലപാട് എന്ത് എന്നൊക്കെ ചോദിച്ച് ധാരാളം സന്ദേശങ്ങൾ കിട്ടുന്നുണ്ട്. മുമ്പ് ഈ വിഷയം സംബന്ധിച്ച് എഴുതിയിട്ടുള്ളതാണ് (http://essenseglobal.com/.../keralathile-andhavishwaasa-vich.../). സ്വതന്ത്രചിന്തകരൊക്കെ അവരവർക്ക് ഹിതകരമെന്ന് തോന്നുന്ന നിലപാടായിരിക്കും സ്വീകരിക്കുക. വ്യക്തിപരമായി ശബരിമലയിലേക്ക് സ്ത്രീകൾ ചെല്ലണം എന്ന വാദമില്ല. ഭക്തിചൂണ്ടകളിൽ കോർക്കപ്പെട്ട കിളിമീനുകളാണ് കേരളത്തിലെ സ്ത്രീകളിൽ ഭൂരിഭാഗവും. കുറെക്കൂടി ഭക്തിഭാണ്ഡങ്ങൾ അവരുടെ തോളിലേക്ക് കയറ്റിവെച്ചുകൊടുക്കുന്നതിനോട് യോജിപ്പില്ല. ശബരിമല എന്നല്ല മതം നടത്തുന്ന ചൂഷണകേന്ദ്രങ്ങളെല്ലാം സ്ത്രീകൾ വർജ്ജിക്കണം. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും കുട്ടികളും അതാണ് ചെയ്യേണ്ടത്.

(7) ശബരിമലയിലേക്കെന്നല്ല എണ്ണക്കിണറുകളിലേക്കും ഖനികളിലേക്കും വരെ പ്രവേശിക്കാൻ എല്ലാ ലിംഗത്തിൽപെട്ടവർക്കും തുല്യമായ അവകാശമുണ്ടായിരിക്കണം. പോകണോ വേണ്ടയോ എന്ന് അവനവൻ തീരുമാനിക്കട്ടെ. ലിംഗനീതിക്ക് വേണ്ടിയുള്ള സമരങ്ങൾ പ്രധാനമാണ്. പക്ഷെ അത്തരത്തിലുള്ള എല്ലാ സമരങ്ങളും ഏറ്റെടുക്കേണ്ടവയല്ല. ശബരിമലയിലേക്ക് സ്ത്രീപ്രവേശനം ഉറപ്പാക്കുന്നതിന് മുൻഗണന കൊടുക്കാൻ താല്പര്യമില്ല. അതു സ്ത്രീകൾ ഗുണകരമല്ലെന്ന് മാത്രമല്ല അവർക്കെതിരെയുള്ള അടിച്ചമർത്തലുമകൾക്കും വിവേചനങ്ങൾക്കും മൂർച്ച കൂട്ടുകയേ ഉള്ളൂ. വ്യക്തിക്ക് ദോഷകരമായ ഒന്നു ചെയ്യാനുള്ള അധികാരം ഋണാത്മകമാണ്. Can't prioritize negativity.

(8) ഇവിടെ ലിംഗനീതിക്ക് വേണ്ടിയുള്ള പോരാട്ടം വിജയിച്ചാലും
അത് മറ്റൊരു ദുരന്തത്തിലേക്കാണ് സമൂഹത്തെ തള്ളിനീക്കുക. ആദ്യമുള്ള അമ്പരപ്പിന് ശേഷം സ്ത്രീകൾ ശബരിമലയിലേക്ക് ഇരച്ചുകയറും. ശബരിമലയിലെ വരുമാനം കൂടും, കച്ചവടം കൊഴുക്കും, സമൂഹത്തിലെ ഇരുട്ട് കനക്കും.... ചൂഷണംചെയ്യപ്പെടാനും വഞ്ചിക്കപ്പെടാനും എല്ലാവർക്കും തുല്യവകാശം ഉണ്ടാകണം എന്ന വാദത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നുണ്ട്. പക്ഷെ ഫലം സ്ത്രീകൾക്ക് തന്നെ ദോഷകരമായിരിക്കും എന്നതിനാൽ അതിനായി സമയംകളയാനോ മുൻഗണനപട്ടികയുടെ (List of priorities) മുകളിൽ പ്രതിഷ്ഠിക്കാനോ താല്പര്യമില്ല. ഇക്കാര്യത്തിൽ ചാനൽ ചർച്ചയ്ക്കും സംവാദത്തിനുമൊക്കെ വിളിക്കുന്നവരോടും വിനയപൂർവം പറയാനുള്ളതും ഇത്രമാത്രം. വ്യക്തിതലത്തിൽ എന്തൊക്കെ ചെയ്യണം, ചെയ്യണ്ട എന്നു തീരുമാനിക്കാൻ കോടിതിവിധിക്ക് കാത്തിരിക്കുന്ന ശീലമില്ല :)

( എഴുത്തുകാരും ശാസ്ത്ര പ്രഭാഷകനും സ്വതന്ത്ര ചിന്തകനുമായി സി രവിചന്ദ്രൻ ശബരിമല വിധി വരുന്നതിന് വളരെ മുമ്പ് ഫേസബുക്കിൽ കുറിച്ചതാണിത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP