Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദുമതവും ഹിന്ദുത്വയും രണ്ടാണെന്ന് പാടി നടക്കുക വഴി ഉറപ്പാക്കപ്പെടുന്നത് മതസംരക്ഷണമാണ്; മതവും രാഷ്ട്രീയവും തമ്മിലുള്ള അന്തരം നേർക്കുന്നതോടെ ഹിന്ദുത്വ രാഷ്ട്രീയം മറ്റ് കക്ഷികൾക്ക് ഭീഷണിയായി മാറുന്നു; കമ്യൂണിസ്റ്റുകാർ വേദപഠന ക്ലാസുകൾ ആരംഭിക്കുന്നതിന്റെ കാരണം ഈ ഗതികേടാണ്; മോദിയോ അമിത് ഷായോ പോയതുകൊണ്ടോ ബിജെപി തിരഞ്ഞെടുപ്പുകൾ തോറ്റതുകൊണ്ടോ ഹിന്ദുത്വരാഷ്ട്രീയം ഇന്ത്യയിൽ ക്ഷയിക്കില്ല; സി.രവിചന്ദ്രൻ എഴുതുന്നു

ഹിന്ദുമതവും ഹിന്ദുത്വയും രണ്ടാണെന്ന് പാടി നടക്കുക വഴി ഉറപ്പാക്കപ്പെടുന്നത് മതസംരക്ഷണമാണ്; മതവും രാഷ്ട്രീയവും തമ്മിലുള്ള അന്തരം നേർക്കുന്നതോടെ ഹിന്ദുത്വ രാഷ്ട്രീയം മറ്റ് കക്ഷികൾക്ക് ഭീഷണിയായി മാറുന്നു; കമ്യൂണിസ്റ്റുകാർ വേദപഠന ക്ലാസുകൾ ആരംഭിക്കുന്നതിന്റെ കാരണം ഈ ഗതികേടാണ്; മോദിയോ അമിത് ഷായോ പോയതുകൊണ്ടോ ബിജെപി തിരഞ്ഞെടുപ്പുകൾ തോറ്റതുകൊണ്ടോ ഹിന്ദുത്വരാഷ്ട്രീയം ഇന്ത്യയിൽ ക്ഷയിക്കില്ല; സി.രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

 ഹിന്ദുമതവും ഹിന്ദുത്വയും

(1) ഭഗവദ്ഗീത, ജ്യോതിഷം, യോഗ, അദ്വൈതം, സനാതനത്വം, വർണാശ്രമം, ദേവീദേവന്മാർ, അവതാരസങ്കൽപ്പം, ജാതിവ്യവസ്ഥ, മോക്ഷം, പുനർജന്മം, പുണ്യഭൂമി.... തുടങ്ങിയ ആശയങ്ങളാണ് ഹിന്ദുമതത്തെയും ഹിന്ദുത്വയേയും ഒരുപോലെ താങ്ങി നിറുത്തുന്നത്. 1980 ൽ വന്ന ബിജെപി എന്ന രാഷ്ട്രീയകക്ഷി കാരണമാണ് ഇതെല്ലാം എന്നാണ് പലരും പ്രചരിപ്പിക്കുന്നത്. മോദി മാറിയാൽ ഒക്കെ പോകും എന്നു കരുതുന്നവരുമുണ്ട്. ബിജെപി പോയാൽ വേറെ പാർട്ടി വരും, മോദി വീണാൽ വേറൊരാൾ. സംഘപരിവാർ ഉണ്ടാക്കിയ ഒന്നല്ല. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഒരു സാധ്യതയാണ്. 1925 ൽ രാഷ്ട്രീയ സ്വയംസേവക് സംഘ് ഉണ്ടാകാൻ ഹേതുവായ മതപരവും വർഗ്ഗീയവുമായ കാരണങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. മതത്തെ ദേശീയതയുടെ തോലണിഞ്ഞ് അവതരിപ്പിക്കുന്ന രാഷ്ട്രീയമാണത്. മതവും ദേശീയതയും നന്നായി വിറ്റുപോകുന്ന ലഹരികളാകുന്നു.

(2) മതവും ദേശീയതയും കൂട്ടിക്കുഴച്ചാൽ സംസ്‌കാരമായി. ശിവസേനയെ പോലൊരു കുങ്കുമപാർട്ടി മുന്നേറിയതും സമാനമായ യുക്തി മുന്നോട്ടുവച്ചാണ്. 'സനാതനം'എന്ന ആശയം പരിചയപ്പെടുക. നിർലജ്ജമായ പാരമ്പര്യവാദമാണത്. ബിജെപി യെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചാൽ ഇല്ലാതാകുന്നതല്ല ഹിന്ദുത്വ രാഷ്ട്രീയം. മറിച്ചായിരുന്നുവെങ്കിൽ നാൽപത് വർഷം അധികാരരാഷ്ടീയത്തിന്റെ കുപ്പക്കുഴിയിൽ കിടന്ന സംഘരാഷ്ട്രീയം ഇന്ത്യയിൽ തിരിച്ചുവരുമായിരുന്നില്ല. 'ഹിന്ദുത്വ'എന്ന ആശയം ഹിന്ദുമതവുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു. ഹിന്ദുമതമാകട്ടെ മേൽപ്പറഞ്ഞ അന്ധവിശ്വാസങ്ങളുടെ ആകെത്തുകയും. ഹിന്ദു സംസ്‌കാരം മിക്കപ്പോഴും ഹൈന്ദവ അന്ധവിശ്വാസങ്ങളുടെ സംഭരണിയാണ്. ഹിന്ദുമതത്തെ അല്ല ഹിന്ദുത്വയെ ആണ് എതിർക്കുന്നത് എന്നൊക്കെ പലരും തട്ടിവിടാറുണ്ട്. കഥയറിയാതുള്ള ആട്ടംകാണൽ ആണത്. രണ്ടും രണ്ടായി തോന്നുന്നത് വിഭ്രാന്തിയാകുന്നു.

3) ബിജെപി യുടെ ദേശഭക്തി മതഭക്തിയിലും ഇതരമതസംശയത്തിലും അധിഷ്ഠിതമായിട്ടുള്ളതാണ്. ഹിന്ദുത്വ മുസ്ലിം-ക്രൈസ്തവ വിരുദ്ധമാകാൻ കാരണം അത് മറ്റൊരു മതത്തെ ആധാരമാക്കിയുള്ളതാണ് എന്നതാണ്. കമ്മ്യൂണിസ്റ്റ് വിരുദ്ധമാകാൻ കാരണം ഇരുകൂട്ടരും എല്ലാ മതങ്ങളെയും പോലെ സമഗ്രാധിപത്യം സ്വപ്നം കാണുന്നു എന്നതാണ്. അതായത് സംഘപരിവാർ-കമ്മ്യൂണിസ്റ്റ് വൈരവും അടിസ്ഥാനപരമായി മറ്റൊരു മതസ്പർദ്ധയാണ്. 'അഖണ്ഡഭാരതം', 'തൊഴിലാളിവർഗ്ഗ സർവാധിപത്യം' എന്നൊക്കെ പറയുന്നത് മതസ്വർഗ്ഗത്തിന് സമാനമായ ഒരു ഭ്രമസങ്കൽപ്പങ്ങളാണെന്ന് ഇരുകൂട്ടരിലെയും ബുദ്ധിജിവികൾക്ക് നന്നായറിയാം.

(4) ശിവസേന പോലുള്ള കുങ്കുമ പാർട്ടികളുടെ മണ്ണിന്റെ മക്കൾ വാദവും മാറാത്ത വീര്യപ്രകടനവും മതാത്മക പാരമ്പര്യവാദമാണ്. ആർഷഭാരതസംസ്‌കാരവും ആത്മീയവിശിഷ്ടവാദവുമൊക്കെ വരുന്നത് ഇതേ വഴികളിലൂടെയാണ്. ഹിന്ദുമതം ഉണ്ടാക്കുന്ന രാഷ്ട്രീയ അവസരങ്ങൾ നിറയ്ക്കുന്ന കക്ഷികളാണ് ബി.ജെപിയും സേനയുമൊക്കെ. സമാനമായ കക്ഷികൾ ഭാവിയിലും ഉണ്ടായേക്കാം. ഹിന്ദുമതവും ഹിന്ദുത്വയും രണ്ടാണെന്ന് പാടി നടക്കുക വഴി ഉറപ്പാക്കപെടുന്നത് മതസംരക്ഷണമാണ്. മതവും രാഷ്ട്രീയവും തമ്മിലുള്ള അന്തരം നേർക്കുന്നതോടെ ഹിന്ദുത്വ രാഷ്ട്രീയം മറ്റ് കക്ഷികൾക്ക് ഭീഷണിയായി മാറുന്നു. അവരതിനെ ഏതെങ്കിലും രീതിയിൽ അനുകരിക്കാൻ ബാധ്യസ്ഥമാകുന്നു.

കമ്മ്യൂണിസ്റ്റുകാർ വേദപഠന ക്ലാസുകൾ ആരംഭിക്കുന്നതിന്റെ കാരണം ഈ ഗതികേടാണ്. ഹിറ്റ്‌ലർ വീണതോടെ ജർമ്മനിയിൽ നാസിസം തകർന്നു. മുസ്സോളിനിയുടെ അന്ത്യത്തോടെ ഫാസിസം ഇറ്റലിയിൽ ക്ഷയിച്ചു. മോദിയോ അമിത് ഷായോ പോയതുകൊണ്ടോ ബിജെപി തിരഞ്ഞെടുപ്പുകൾ തോറ്റതുകൊണ്ടോ ഹിന്ദുത്വരാഷ്ട്രീയം ഇന്ത്യയിൽ ക്ഷയിക്കില്ല. കേവലമായ കക്ഷിരാഷ്ട്രീയ വൈരങ്ങളും ആക്രോശങ്ങളും അതിന് വളമായിത്തീരുന്നു. കാരണം അത് മതാത്മക രാഷ്ട്രീയമാണ്. അതിനെ ആ രീതിയിൽ ആശയപരമായി, താത്വികമായി ദുർബലപെടുത്തണം. അല്ലെങ്കിൽ കാത്തലിക്ക്-പ്രൊട്ടസ്റ്റന്റ് എന്നപോലെ പ്രസ്തുത ആശയം വിഘടിക്കണം. പ്രൊട്ടസ്റ്റന്റുകളുടെ ആവിർഭാവമാണ് ഒരർത്ഥത്തിൽ യൂറോപ്പിൽ ആധുനിക ലിബറൽ ഡെമോക്രസിക്കും തുറന്ന മത്സരത്തിനും കമ്പോളവ്യവസ്ഥയ്ക്കും കാരണമായത്.

(5) ഹിന്ദുമതവും ഹിന്ദുത്വയും തമ്മിൽ വ്യത്യാസമുണ്ടെന്ന നുണയിലൂടെയാണ് സംഘപരിവാർരാഷട്രീയം മുന്നേറ്റം നടത്തുന്നത്. അതൊരു പുകമറയാണ്. ജനാധിപത്യത്തിന്റെ ചെലവിൽ മതരാഷ്ട്ര നിർമ്മിതിക്കുള്ള ശ്രമമായി അത് തിരിച്ചറിയപ്പെടണം. മതേതരത്വം, മാനവികത, ശാസ്ത്രബോധം എന്നിവയിൽ അധിഷ്ഠിതമായ ഒരു ചിന്താശൈലിയുള്ള സമൂഹത്തെ വളർത്തികൊണ്ടു മാത്രമേ ഇത്തരം രാഷ്ട്രീയത്തെ പ്രതിരോധിക്കാനാവൂ.

മതം കെടുതിയാണെന്ന് പ്രഖ്യാപിക്കുക അവിടെ പ്രധാനമാണ്. മതപ്രീണനത്തിലൂടെ, അന്ധവിശ്വാസ സംരക്ഷണത്തിലൂടെ മതരാഷ്ട്രീയത്തെ വെട്ടാനാവില്ല. മതരാഷ്ട്രീയം മത ഉൽപ്പന്നമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP