Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ക്രിസ്തീയ വിശ്വാസികൾ ചർച്ച് ആക്റ്റിനുവേണ്ടി നിലവിളിക്കുന്നത് എന്തുകൊണ്ട്? ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര എഴുതുന്നു

കേരളത്തിലെ ക്രിസ്തീയ വിശ്വാസികൾ ചർച്ച് ആക്റ്റിനുവേണ്ടി നിലവിളിക്കുന്നത് എന്തുകൊണ്ട്? ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര എഴുതുന്നു

ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര

വംബർ 27 ന് ചർച്ച് ആക്റ്റിനു വേണ്ടിയുള്ള നിലവിളി കേരളത്തിന്റെ തലസ്ഥാനനഗരിയെ ഇളക്കിമറിച്ചുകൊണ്ട് ഉയർന്നുകേട്ടത് നാം കണ്ടു. ആ പ്രകടനത്തിൽ ഒരു ലക്ഷത്തിലധികം ക്രിസ്തീയവിശ്വാസികൾ പങ്കെടുത്തു. പ്രകടനത്തിൽ പങ്കെടുത്തവരുടെ പതിന്മടങ്ങ് ക്രിസ്തീയവിശ്വാസികൾ പൗരോഹിത്യ ചൂഷണങ്ങളിൽ മനംനൊന്ത് അവരെ പിന്തുണക്കുന്നുണ്ടെന്നുള്ളതു കൂടി കണക്കിലെടുക്കുമ്പോൾ ഉത്തരവാദപ്പെട്ട അധികാരികളുടെ കണ്ണുകൾ തുറക്കേണ്ട സമയമായിരിക്കുന്നു. അവർ എന്തുകൊണ്ട് പൗരോഹിത്യത്തിന്റെ കറ പുരണ്ട ളോഹയുടെ പിടിയിൽനിന്നും തങ്ങളെയും തങ്ങളുടെ ഇടവകഭരണത്തെയും രക്ഷിക്കണമെന്നാഗ്രഹിക്കുന്നു?

ജസ്റ്റിസ് വി. കെ. കൃഷ്ണയ്യരുടെ നേതൃത്വത്തിൽ വളരെ വർഷങ്ങൾക്കുമുമ്പേ രൂപംകൊണ്ട ചർച്ച് ആക്റ്റ് സെക്രട്ടേറിയറ്റിലെ മാറാല പിടിച്ച ഷെൽഫിൽ ഇരിക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടോളമായി. സർക്കാരിന്റെ പക്കൽ അത് കിട്ടിയശേഷം പല കാലവർഷങ്ങളും കെടുതികളും ഭരണകൂടങ്ങളും വന്നുപോയയെങ്കിലും ആരും അതിൽ തൊട്ടില്ല. ഇപ്പോൾ അത് ജസ്റ്റിസ് കെ റ്റി തോമസിന്റെ ദയയ്ക്കായി കൊടുത്തിരിക്കുന്നു എന്നാണറിവ്. അദ്ദേഹത്തിന് എപ്പിസ്‌കോപ്പൽ സഭകളിലെ പുരോഹിതമെത്രാന്മാരുടെ ഇപ്പോഴത്തെ അധികാരങ്ങൾ കുറച്ചുകൊണ്ടുള്ള ഒരു നിയമത്തിനുവേണ്ടി നിലകൊള്ളാൻ സാധിക്കുകയില്ല എന്ന് ക്രിസ്തീയവിശ്വാസികൾക്ക് നന്നായറിയാം. അതിനാൽ അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വിലകൊടുക്കുന്നതും സഭാസ്വത്തുക്കളുടെ ഭരണാധികാരം ഇടവകവിശ്വാസികളുടെ കൈയിൽ എത്തേണ്ട ചർച്ച് ആക്റ്റ് നടപ്പാക്കാതെ ഉപേക്ഷിക്കുന്നതും ഒരുപോലെയാണ്. ക്രിസ്തീയ വിശ്വാസികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അത് നടപ്പാക്കാനാണല്ലോ വിശ്വാസികളുടെ പ്രകടനം തലസ്ഥാനനഗരിയിൽ ഇപ്പോൾ അരങ്ങേറിയത്. കഴിഞ്ഞ ഒരു വർഷത്തോളമേ ആകുന്നുള്ളൂ ചർച്ച് ആക്റ്റ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട്. അതിനുള്ള കാരണങ്ങൾ പലതാണ്.

കഴിഞ്ഞ കാലങ്ങളിൽ ചില സഭകളിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ ഭൂമികുംഭകോണങ്ങൾ, അതിലെ കള്ളപ്പണമിടപാടുകൾ, നിർബ്ബന്ധിത കവർപിരിവുകളിലൂടെ പൗരോഹിത്യത്തിന്റെ അധികാരം ഉപയോഗിച്ചുനടത്തപ്പെടുന്ന സാമ്പത്തിക ചൂഷണങ്ങൾ, സഭാവിശ്വാസികളിൽ നിന്നും അമിതമായി പിരിച്ചെടുക്കുന്ന ധനം ഉപയോഗിച്ചു വാങ്ങിക്കൂട്ടുന്ന അമിതമായ സമ്പത്ത്, സഭയിലെ ആത്മീയനേതാക്കളുടെ ആഡംബരജീവിതം, ബൈബിൾതത്വങ്ങൾക്ക് വിരുദ്ധമായുള്ള സഭകളുടെ മാമോൻസേവ, കുമ്പസാരത്തിന്റെ മറവിൽ യുവതികളുടെമേലും കുടുംബിനികളുടെമേലും കടന്നുകയറി പുരോഹിതമെത്രാൻ വർഗ്ഗവും ബിഷപ്പുമാരും നടത്തിയ ലൈംഗികചൂഷണങ്ങൾ , ആൺപെൺവ്യത്യാസമില്ലാതെ കുട്ടികളുടെമേൽ നടത്തിയ പൗരോഹിത്യ അതിക്രമങ്ങൾ, ബൈബിൾ വിരുദ്ധമായ വൈദിക കുമ്പസാരത്തിലൂടെ നടന്നുകൊണ്ടിരിക്കുന്ന അടിമത്തചൂഷണങ്ങൾ, പുരോഹിതമെത്രാൻ വർഗ്ഗത്തിന്റെ സ്വർത്ഥതാൽപര്യങ്ങൾസംരക്ഷിക്കാനായി വൈദികകുമ്പസാരത്തിന്റെ പേരിൽ അംഗങ്ങൾ ഇടവകപ്പള്ളികളുടെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിലവിലുള്ള നിരോധനം എന്നുതുടങ്ങി ധാരാളം കാര്യങ്ങൾ സഭാവിശ്വാസികളുടെ എതിർപ്പ് വിളിച്ചു വരുത്തുന്നുണ്ട്.

ഇത്രയൊക്കെ അപമാനകരമായ കാര്യങ്ങൾ ഇവിടെ അരങ്ങേറിയിട്ടും വോട്ടുബാങ്കിന്റെ വേവലാതിയിൽ പെട്ട് ചർച്ച് ആക്റ്റ് നിയമമാക്കാൻ അതിനധികാരമുള്ള സർക്കാറുകൾ ഒന്നും ചെയ്തില്ല. അതുകൊണ്ടാണ് ഇത്രയും വലിയ ജനരോഷത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ജനോപകാരപ്രദവും ഇന്നിന്റെ മാനവസംസ്‌ക്കാരത്തിന് ആവശ്യം വേണ്ടതുമായ നിയമങ്ങൾ ഉണ്ടാക്കാൻ അവർ ആരെയാണ് ഭയക്കുന്നത്? ഇപ്പോൾ ഉണ്ടായ കാതടപ്പിക്കുന്ന ജനരോഷത്തിന്റെ നിലവിളി കേട്ടിട്ടെങ്കിലും അധികാരികളുടെ കാതുകൾ തുറക്കുമോ?

ഇടവകപ്പള്ളികളുടെയും സഭകളുടെയും പക്കൽ ഇന്ന് നാം കാണുന്ന എല്ലാ സ്വത്തുവകകളും ആ സഭയിലെ ക്രിസ്തീയ വിശ്വാസികളുടെ വിയർപ്പിൽ നിന്നുണ്ടായ കാശ് ആണ്. അവർ കൊടുക്കുന്ന വാർഷിക അംഗത്വഫീസും പള്ളിയുടെ ആവശ്യങ്ങൾക്കു കൊടുക്കുന്ന മറ്റു പണവും സംഭാവനകളുമാണ് ഇടവകയുടെ പക്കലുള്ള സ്വത്തുക്കളുടെ ഉറവിടം. സഭാസിംഹാസങ്ങളിൽ ഇരിക്കുന്ന മെത്രാൻ ബിഷപ്പുമാരുടെ ഭാവിയിലേക്കുള്ള ആഡംബരജീവിതത്തിനും ധൂർത്തിനുംവേണ്ടി സമ്പത്തുണ്ടാക്കി വെയ്ക്കാൻ വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിർബ്ബന്ധിതപിരിവുകവറുകളിൽകൂടി വിശ്വാസികൾ കൊടുക്കുന്ന കോടികളുടെ പണമാണ് അവയുടെ ഉറവിടം. കൂടാതെ, ക്രിസ്തീയസഭകൾ തമ്മിലുള്ള കേസ് നടത്തിപ്പിനെന്ന പേരിലും ഇടവകകളിൽനിന്ന് നിർബന്ധിതപിരിവുകളുണ്ട്.

എന്നാൽ സഭകൾ ഉണ്ടാക്കുന്ന സമ്പത്തിന്റെ വസ്തുവകകളിലോ ഇടവകയുടെ വസ്തുവകകളിലോ പണം നൽകിയ വിശ്വാസികൾക്ക് കാര്യമായ അധികാരാവകാശങ്ങൾ ഇല്ലെന്നു പറയാം. എല്ലാം പുരോഹിതമെത്രാന്മാരുടെ കൈപ്പിടിയിൽ ഒതുക്കിവെച്ചിരിക്കുന്നു. അങ്ങനെ നാനാവിധത്തിൽ കാലാകാലങ്ങളായി തങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന പുരോഹിതമെത്രാൻ വർഗ്ഗത്തെ വിശ്വാസികളും ജനങ്ങളും വെറുപ്പോടെ കാണാൻ തുടങ്ങിയിരിക്കുന്നു.

ബൈബിളിൽ പറയുന്ന യേശുക്രിസ്തു സ്ഥാപിച്ച പുതിയനിയമസഭയായ ക്രിസ്തീയസഭകളിൽ ഇന്നു കാണുന്നതുപോലെ സമ്പത്തു കൈകാര്യം ചെയ്യേണ്ട അധികാരസ്ഥാനങ്ങളിൽ പുരോഹിതരോ മെത്രാന്മാരോ ഇല്ല. യഹൂദരുടെ ഇടയിൽ നിലനിന്നിരുന്ന ആ സംവിധാനം യേശുക്രിസ്തു നീക്കിക്കളഞ്ഞിട്ടും ക്രിസ്തീയസഭ സ്ഥാപിച്ച് ഏതാനും നൂറ്റാണ്ടുകൾക്കകംതന്നെ സഭകളെ നയിക്കുന്നവർ ദൈവവചനങ്ങളിൽ അറിവില്ലാത്ത വിശ്വാസികളെ എന്നെന്നും അടിമത്തത്തിലാക്കാനും ബന്ധികൾ ആക്കാനുമായി പൗരോഹിത്യസ്ഥാനങ്ങളും പ്രത്യേക വേഷഭൂഷാദികളും തിരികെ കൊണ്ടുവന്ന് അവരെ ചൂഷണം ചെയ്തുതുടങ്ങിയിരുന്നു. അതിന്നും തുടരുന്നു. പുരോഹിതമെത്രാന്മാരുടെ ലൈംഗികപീഡനങ്ങളും സഭകളിലെ കുത്തഴിഞ്ഞ അകത്തളങ്ങളിൽ ആരുമറിയാതെ നടക്കുന്ന കൊലപാതകങ്ങളും പിടിക്കപ്പെടാതെ പോകുന്നത് അവർ വിശ്വാസികളിൽനിന്നു വാരിക്കൂട്ടിവെച്ചിരിക്കുന്ന സമ്പത്തിന്റെ ശക്തികൊണ്ടാണ്.

സഭകളുടെയും ഇടവകകളുടെയും സമ്പത്തിനുമേലുള്ള അവകാശവും അവ കൈകാര്യം ചെയ്യാനുള്ള അധികാരവും സഭാവിശ്വാസികളുടെ കൈയിൽ ആണെന്നു പറയുന്നത് വെറുതെയാണ്. ഇടവകയിലെ അംഗങ്ങൾ എല്ലാവർക്കും പങ്കെടുക്കാൻ അവകാശം ഇല്ലാത്ത പൊതുയോഗങ്ങളിൽ ജനാധിപത്യവിരുദ്ധമായി തെരഞ്ഞെടുക്കപ്പെടുന്ന അൽമായ അംഗങ്ങൾക്കും ഭാരവാഹികൾക്കും കാര്യമായ യാതൊരു അധികാരവും അവകാശവും ഇല്ലയെന്നുള്ളതാണ് വാസ്തവം. അവ നിയന്ത്രിക്കാനും ഉപയോഗിക്കാനുമുള്ള അധികാരം മെത്രാൻ പുരോഹിതവർഗ്ഗത്തിന്റെ കൈകളിൽ ആക്കി വെച്ചിരിക്കുന്നു. മറ്റുള്ളവരെയൊക്കെ നാമമാത്രമായി അവരോധിക്കുന്നുവെന്നേയുള്ളൂ.

ആ നിയന്ത്രണം ഉണ്ടായിരിക്കുന്നത് വൈദികകുമ്പസാരം എന്ന ആയുധം ഉപയോഗിച്ചാണ്. വൈദികകുമ്പസാരവും ഇടവകയിലെ ജനാധിപത്യപരമായി നടക്കേണ്ട തെരഞ്ഞെടുപ്പും തമ്മിൽയാതൊരു ബന്ധവും ഇല്ലാതിരിക്കെ സഭാനിയമങ്ങൾ ഉണ്ടാക്കി അവ രണ്ടും കൂട്ടിക്കുഴച്ചിരിക്കുന്നു. വൈദികകുമ്പസാരം ക്രിസ്തീയസഭകൾക്കും വിശ്വാസികൾക്കും നാണക്കേട് ഉണ്ടാക്കുന്നു എന്നു മാത്രമല്ല, സഭകളിൽ അരങ്ങേറുന്ന എല്ലാ തിന്മകളുടെയും ഉറവിടമായും മാറിക്കഴിഞ്ഞിരിക്കുന്നു. ക്രിസ്തീയസഭകളിൽ ഇന്ന് നടക്കുന്ന ഇടവകപ്പള്ളി പൊതുയോഗങ്ങളിൽ മഹാഭൂരിപക്ഷം അംഗങ്ങൾക്കും പങ്കെടുക്കാൻ സാധിക്കാതെവണ്ണം രാജ്യനിയമങ്ങൾക്കെതിരായും ഇന്ത്യയിലെ പൗരന്മാർക്ക് രാജ്യത്തെ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾക്കെതിരായും സഭാഭരണഘടനയിൽ ചട്ടങ്ങൾ എഴുതിവെച്ചുകൊണ്ട് ഇടവകപ്പള്ളി പൊതുയോഗങ്ങൾ നടത്തി മഹാഭൂരിപക്ഷം ഇടവകാംഗങ്ങളെയും അവയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നു.

വൈദികന്റെ മുമ്പിൽ കുമ്പസാരിക്കാത്തവർക്ക് ഇടവക പൊതുയോഗത്തിൽ പങ്കെടുക്കാൻ അർഹതയില്ലെന്നുള്ള സഭകളിലെ ചട്ടംമൂലം ഇടവകപ്പള്ളിപ്പൊതുയോഗങ്ങളിൽ പ്രായപൂർത്തിയായ ആകെ അംഗങ്ങളിൽ അഞ്ച് ശതമാനം പേർപോലും പങ്കെടുക്കുന്നില്ല. അങ്ങനെ പൊതുയോഗം എന്ന പേരിൽ കൂടി ഭൂരിപക്ഷം അംഗങ്ങളുടെയും അവകാശത്തെ ചങ്ങലക്കിട്ടിരിക്കുന്നു. അത് ഇന്ത്യ എന്ന ജനാധിപത്യരാജ്യത്തെ ജനാധിപത്യചട്ടങ്ങൾക്കു വിരുദ്ധവും ഭരണഘടനാപരമായ പൗരന്റെ അവകാശങ്ങൾക്ക് എതിരും ഇടവകയിലെ അംഗങ്ങളെയും അവരിലെ ഭൂരിപക്ഷത്തെയും ചൂഷണം ചെയ്യുന്നതുമല്ലേ? അതിനാൽ കേരളസർക്കാർ അടിയന്തരമായി ചെയ്യേണ്ട കാര്യമാണ് ചർച്ച് ആക്റ്റ് നിയമമാക്കി കൊണ്ടുവരുക എന്നത്.

ക്രിസ്തീയസഭകൾ അവരുടെ വിശ്വാസികളെ ചൂഷണം ചെയ്യുന്നതു തടയാനും അവരെ മെത്രാൻ-ബിഷോപ്പ്- വൈദികരുടെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കാനും ജനങ്ങളോടു പ്രതിബദ്ധതയുള്ള സർക്കാർ അത് ചെയ്യണം. അതിൽ രണ്ടു കാര്യങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതായിട്ടുമുണ്ട്.

1..വൈദിക കുമ്പസാരം എന്ന പീഡനം അവസാനിപ്പിക്കാൻ അതിൽ വകുപ്പ് ഉണ്ടാകണം. വൈദികകുമ്പസാരം എന്നത് പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റവും പുരോഹിതരുടെ പീഡനോപാധിയും സംസ്‌കാരമുള്ള ഒരു രാജ്യത്തിനും ജനതക്കും യോജിച്ചതുമല്ലല്ലോ.

2..എല്ലാ ഇടവകപ്പള്ളികളും സ്വതന്ത്രമായി നിൽക്കുന്ന ഒരു സൊസൈറ്റി, അസ്സോസിയേഷൻ അഥവാ ട്രസ്റ്റ് ആയി രൂപീകരിച്ച് അതിലെ സ്വത്തുക്കളുടെ അവകാശവും ഇടവകഭരണവും എല്ലാ അംഗങ്ങളും ചേർന്നു തെരഞ്ഞെടുക്കുന്ന ഭരണസമിതിക്കു കൈമാറണം.

കേന്ദ്രീകൃതമായ രീതിയിൽ ഇപ്പോൾ കൈവശം വെച്ചുകൊണ്ട് മെത്രാന്മാരുടെയും കത്തനാർമാരുടെയും അധികാരത്തിലും ഭരണത്തിലും ആയിരിക്കുകയും അവരിലൂടെമാത്രം പരിപാലിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയുന്ന ക്രിസ്തീയസഭകളുടെ എല്ലാ സ്വത്തുക്കളും ആ സഭയുടെ കീഴിലുള്ള ഇടവകപ്പള്ളികൾക്കു തുല്യഅവകാശമുള്ളതാക്കി മാറ്റി അവയുടെ ഭരണവും പരിപാലനവും ഒരു കേന്ദ്രീകൃതസൊസൈറ്റിയോ ട്രസ്റ്റോ ഉണ്ടാക്കി അതിനെ ഏൽപ്പിക്കണം.

കേന്ദ്രീകൃതസൊസൈറ്റി അഥവാ ട്രസ്റ്റ് ഭരിക്കേണ്ടത് ഇടവകപ്പള്ളികൾ തെരഞ്ഞെടുത്തയക്കുന്നവർ ആയിരിക്കണം. അങ്ങനെ ക്രിസ്തീയവിശ്വാസികളുടെ വോട്ടിനുമേൽ പുരോഹിതമെത്രാന്മാർക്ക് ഇപ്പോഴും എന്തെങ്കിലും പിടിയുണ്ടെന്നു തോന്നുന്നുവെങ്കിൽ അതിൽനിന്ന് അവരെ വിടുവിക്കാനും സാധിക്കും. ബിഷപ്പുമാരോ മെത്രാന്മാരോ പുരോഹിതരോ ഒന്നുമല്ല ക്രിസ്തീയവിശ്വാസികളുടെ വോട്ടുകൾ ഇന്ന് നിശ്ചയിക്കുന്നത്. അതൊക്കെ പണ്ട് അറിവില്ലാത്തവരുടെ കാലത്തായിരുന്നുവല്ലോ. അതിനാൽ ക്രിസ്തീയസഭകളിലെ ലൗകികമോഹികളായ നടത്തിപ്പുകാരെയും അതിക്രമക്കാരെയും സർക്കാർ ഭയപ്പെടരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP