Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സി.പി.എമ്മും പീപ്പിൾ ചാനലും ആദ്യം മാപ്പ് പറയേണ്ടത് 'ഇസ്രയേൽ തീവ്രവാദിയോട്'

സി.പി.എമ്മും പീപ്പിൾ ചാനലും ആദ്യം മാപ്പ് പറയേണ്ടത് 'ഇസ്രയേൽ തീവ്രവാദിയോട്'

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത സ്വിസ്സ് പൗരൻ ജോനാഥൻ ബോണ്ടിന് അനുകൂലമായി പീപ്പിൾ ചാനൽ നടത്തുന്ന ചർച്ചകളും റിപ്പോർട്ടുകളും കേൾക്കവേ, അഞ്ചു വർഷം മുൻപ് സമാനമായ സാഹചര്യത്തിൽ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത ഒരു 'ഇസ്രയേൽ തീവ്രവാദിയെ' ചിലരെങ്കിലും ഓർമ്മിക്കുന്നുണ്ടാകണം. 'ചെങ്ങറയിൽ ഇസ്രയേൽ തീവ്രവാദി'യെന്ന് ബ്രേക്കിങ് ന്യൂസ് നല്കി കൈരളി പീപ്പിൾ ചാനൽ രണ്ട് ദിവസം ആഘോഷിച്ചപ്പോൾ, പാർട്ടിപ്പത്രം, പൊലീസ് ഹീബ്രു വിദഗ്ദ്ധരെക്കൊണ്ട് തീവ്രവാദിയുടെ ഡയറിക്കുറിപ്പുകൾ പരിശോധിപ്പിക്കുന്നു എന്നതടക്കമുള്ള 'വസ്തുതാപരമായ' വാർത്തകളും നല്കിക്കൊണ്ടിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ചെങ്ങറ സമരത്തെ ആക്ഷേപിക്കുന്നതിന് വേണ്ടി ഇസ്രയേൽ തീവ്രവാദ ബന്ധം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് ആ 'തീവ്രവാദിക്ക്' എന്ത് സംഭവിച്ചു?

ഇസ്രയേലിലെ ഫലസ്തീൻ അനുകൂല മനുഷ്യാവകാശ പ്രവർത്തകനും ഇസ്രയേൽ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ജനറലായിരുന്ന ഇസ്സാം മഖോളിന്റെ സഹപ്രവർത്തകനും ആയിരുന്ന ഷിംറി സെമ്രത് ആയിരുന്നു അന്ന് അറസ്റ്റ് ചെയ്യപ്പെട്ട ആ 'തീവ്രവാദി'. നിർബന്ധിത സൈനിക സേവനത്തെ നിരാകരിച്ചതിന് രണ്ട് വർഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ള ഷിംറി ഇന്ത്യൻ ജനാധിപത്യ പ്രക്രീയകളെയും പ്രത്യേകിച്ച് കേരള മോഡൽ വികസനത്തെയും സംബന്ധിച്ച പഠനങ്ങൾക്കായിട്ടാണ് ഇന്ത്യയിൽ എത്തുന്നത്. മുംബയിലും ഗോവയിലും തമിഴ് നാട്ടിലും സന്ദർശനം നടത്തിയ അദ്ദേഹം കേരളത്തിൽ എത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് മൂലമ്പിള്ളി സമരമാണ്. അവിടെ വച്ച് പരിചയപ്പെടുന്ന സി. ആർ. നീലകണ്ഠൻ മുഖേനെയാണ് ഷിംറി ചെങ്ങറ സമരത്തെക്കുറിച് അറിയുന്നത്. കേരള മോഡൽ വികസനത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും 'കമ്യൂണിസ്റ്റ് ദേശ'ത്തെക്കുറിച്ചുള്ള ധാരണകളും അദ്ദേഹത്തെ യഥാർത്ഥത്തിൽ എത്തിക്കെണ്ടിയിരുന്നത് എ.കെ.ജി സെന്ററിലോ മറ്റേതെങ്കിലും ഇടതുപക്ഷ ഇടങ്ങളിലോ ആയിരുന്നു.

എന്നാൽ 'കമ്മ്യൂണിസ്റ്റ് കേരളത്തിൽ' നിന്നും ചെങ്ങറയിലേക്കുള്ള 'വഴിതെറ്റലാണ്' ഷിംറിയെ തീവ്രവാദിയാക്കി മാറ്റിയത്. ഏതോ സുഹൃത്തുക്കൾ മുഖേന ഫോണിലൂടെ എന്നെയും സുഹൃത്ത് സത്യനെയും ബന്ധപ്പെട്ട ഷിംറി ചെങ്ങറ സന്ദർശിക്കാനുള്ള ആഗ്രഹം പറയുകയും വിളിച്ചതിന്റെ പിറ്റേന്ന് (2009 സെപ്തംബർ നാലിന്) തിരുവല്ലയിൽ കാണാമെന്ന ധാരണയിൽ എത്തുകയും ചെയ്തു. എന്നാൽ കടുത്ത പനി മൂലം എനിക്ക് തിരുവല്ലയിൽ എത്തുവാൻ സാധിച്ചില്ല. തുടർന്ന് ശ്രീ.ളാഹ ഗോപാലാൻ സാറിനെ ഫോണിൽ വിളിച് ഷിംറി എത്തുന്ന വിവരം അറിയിച്ചു. അദ്ദേഹം ഓഫീസിലേക്ക് ചെല്ലാനും പറഞ്ഞു. പത്തനംതിട്ടയിൽ എത്തിയ ഷിംറി പ്രസ് ക്ലബിൽ ചെങ്ങറ സോളിടാരിറ്റി സമിതിയുടെ പത്രസമ്മേളനം നടക്കുന്ന വിവരം അറിഞ്ഞ് അങ്ങോട്ട് എത്തുകയും അവിടെ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

രാത്രി വളരെ വൈകി ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഫോണിൽ എന്നെ വിളിക്കുകയും ഷിംറിയെ സംബന്ധിച്ച വിവരങ്ങൾ ആരായുകയും ചെയ്തപ്പോഴാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് ഞാൻ അന്ന് ഇന്ത്യാ വിഷനിൽ റിപ്പോർട്ടർ ആയിരുന്ന സുഹൃത്ത് അഗസ്റ്റിൻ സെബാസ്റ്റ്യനെ (സെബാൻ) ബന്ധപ്പെടുകയും സെബാൻ നേരിട്ട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ഇതിനകം കൈരളിപീപ്പിൾ ഷിംറിയെ തീവ്രവാദി ആക്കിക്കഴിഞ്ഞിരുന്നു. രാത്രിയിൽ തന്നെ കോട്ടയത്ത് നിന്നും പത്തനംതിട്ടയിലേക്ക് തിരിക്കാൻ തുടങ്ങവേ വീണ്ടും പൊലീസ് വിളിക്കുകയും ഷിംറിയെ അദ്ദേഹം താമസിക്കുന്ന ആലപ്പുഴയിലുള്ള ഹോട്ടലിലേക്ക് പൊലീസ് വാഹനത്തിൽ തന്നെ എത്തിക്കാനുള്ള ക്രമീകരണം ചെയ്‌തെന്നും അറിയിച്ചു. ഫോണിലൂടെ അദ്ദേഹവുമായി സംസാരിക്കാനും കഴിഞ്ഞു. പിറ്റേന്ന് രാവിലെ ആലപ്പുഴയിൽ നിന്നും ബോട്ടുമാർഗ്ഗം കോട്ടയം കോടിമാതയിൽ എത്തിയാണ് ഷിംറി എന്നെ നേരില്ക്കാണുന്നത്. അപ്പോഴേക്കും ഒട്ടു മിക്ക ചാനലുകളിലും പത്രങ്ങളിലും 'ഇസ്രയേൽ തീവ്രവാദി' നിറഞ്ഞ് നിന്നിരുന്നു. ആകെ പരിഭ്രമിച്ചു പോയ ഷിംറിയോട് പത്തനംതിട്ട ജില്ലയിൽ ഇനി പ്രവേശിക്കരുതെന്നും പൊലീസ് പറഞ്ഞുവത്രേ. എന്നെ കണ്ടയുടൻ അദ്ദേഹം ചോദിച്ചത് ഇത് പത്തനംതിട്ട ജില്ലയാണോ എന്നാണ്.

ഷിംറിയുമായി ബൈക്കിൽ തിരുവല്ലക്ക് തിരിക്കുമ്പോൾ തിരുവല്ലയെ ഞാൻ പത്തനംതിട്ട ജില്ലയിൽ നിന്നും തല്കാലം അടർത്തിമാറ്റി കോട്ടയം ജില്ലയോട് ചേർത്തിരുന്നു. തിരുവല്ലയിൽ സെബാനും ക്യാമറമാൻ ഫൈസലും തയാറായി നില്ക്കുന്നുണ്ടായിരുന്നു. ഇന്ത്യാവിഷൻ നല്കിയ ഷിംറിയുടെ ആ റിപ്പോർട്ടിലാണ് ഇടത് മാദ്ധ്യമങ്ങൾ നാവടക്കിയത്. പിന്നീട് ഞാനും അനിൽ തറയത്തും ഷിംറിയുമായി നടത്തിയ വിശദമായ സംഭാഷണം 'മാദ്ധ്യമവും' പ്രസിദ്ധീകരിച്ചു. അല്പ്പം വഴി പിഴച്ച് ജോനാഥൻ ആദിവാസികളുടെ നിലനിൽപ്പ് സമര പരിസരത്തോ മറ്റോ ചെന്നുപ്പെട്ടിരുന്നെങ്കിൽ ഒരു സ്വിസ്സ് തീവ്രവാദിയെക്കൂടി നമുക്ക് ഇടതുപക്ഷം സമ്മാനിച്ചേനെ... ഷിംറി സെമ്രത് ഇപ്പോഴും സജീവമാണ്. ഇസ്രയേലിന്റെ യുദ്ധക്കൊതിക്കെതിരായി ഗസ്സയോടൊപ്പം...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP