Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടീശ്വരനായ ഒരു ജനപ്രതിനിധി ചികിത്സയ്ക്കു രണ്ടുകോടി കൈപ്പറ്റിയത് പൊതു ഖജനാവിൽ നിന്നാണ്; അതേ മാന്യദേഹത്തിന് നികുതി കുടിശ്ശിക ഈടാക്കുന്നതിൽ നൽകിയത് മറ്റൊര കോടിയാണ്; നേതാക്കന്മാർ വൻകിട മുതലാളിമാരിൽ നിന്ന് ആനുകൂല്യം പറ്റുന്നതോ അവർക്കു സൗജന്യം അനുവദിക്കുന്നതോ ആരുടെയും ഉറക്കം കെടുത്തുന്നില്ല; രമ്യ ഹരിദാസ് എം പിക്ക് ഒരു കാറു വാങ്ങാൻ സഹപ്രവർത്തകർ തീരുമാനിക്കുന്നതാണ് തെറ്റ്: ഡോ. ആസാദ് എഴുതുന്നു

കോടീശ്വരനായ ഒരു ജനപ്രതിനിധി ചികിത്സയ്ക്കു രണ്ടുകോടി കൈപ്പറ്റിയത് പൊതു ഖജനാവിൽ നിന്നാണ്; അതേ മാന്യദേഹത്തിന് നികുതി കുടിശ്ശിക ഈടാക്കുന്നതിൽ നൽകിയത് മറ്റൊര കോടിയാണ്; നേതാക്കന്മാർ വൻകിട മുതലാളിമാരിൽ നിന്ന് ആനുകൂല്യം പറ്റുന്നതോ അവർക്കു സൗജന്യം അനുവദിക്കുന്നതോ ആരുടെയും ഉറക്കം കെടുത്തുന്നില്ല; രമ്യ ഹരിദാസ് എം പിക്ക് ഒരു കാറു വാങ്ങാൻ സഹപ്രവർത്തകർ തീരുമാനിക്കുന്നതാണ് തെറ്റ്: ഡോ. ആസാദ് എഴുതുന്നു

ഡോ. ആസാദ്

കേരളത്തിലെ ലോകസഭാംഗങ്ങൾ മണ്ഡലത്തിലെ യാത്രകൾക്ക് ഉപയോഗിക്കുന്ന കാറു വാങ്ങുന്നത് ഏതു ലോണെടുത്താണ്? ലക്ഷങ്ങളോ കോടികളോ ആസ്തിയുള്ളവർക്ക് അതൊരു വിഷയമാവാനിടയില്ല. എന്നാൽ പിന്നോക്ക വിഭാഗങ്ങളിൽനിന്ന് ഒരാൾ ജനപ്രതിനിധിയായി വരുമ്പോൾ സ്ഥിതി മാറുകയാണ്. ''ലോകസഭാംഗങ്ങൾക്ക് എന്തുമാത്രം ആനുകൂല്യമുണ്ട്, പിന്നെയെന്തിനു സുഹൃത്തുക്കൾ പിരിവെടുത്തു കാറു വാങ്ങണം'' എന്നാണ് ചർച്ച. ഈ പ്രതിബദ്ധത നമ്മെ രോമാഞ്ചം കൊള്ളിക്കണം!

ഒരു കോടീശ്വരനായ ജനപ്രതിനിധി ചികിത്സയ്ക്കു രണ്ടുകോടി കൈപ്പറ്റിയത് പൊതു ഖജനാവിൽ നിന്നാണ്. അതേ മാന്യദേഹത്തിന് നികുതി ഫൈൻ ഈടാക്കുന്നതിൽ നൽകിയ ആനുകൂല്യം മറ്റൊരു കോടിയാണ്. ജനങ്ങളുടെ പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിൽ ആർക്കും ഒരു ധാർമികരോഷവും കണ്ടില്ല. നേതാക്കന്മാർ വൻകിട മുതലാളിമാരിൽ നിന്ന് ആനുകൂല്യം പറ്റുന്നതോ അവർക്കു സൗജന്യം അനുവദിക്കുന്നതോ ആരുടെയും ഉറക്കം കെടുത്തുന്നില്ല. രമ്യ ഹരിദാസ് എന്ന എം പിക്ക് നാട്ടിലെ പ്രവർത്തനങ്ങൾക്ക് ഒരു കാറു വാങ്ങാൻ സഹപ്രവർത്തകർ തീരുമാനിക്കുന്നു. അതിനു പൊതുജനങ്ങളിൽനിന്നു പണം കണ്ടെത്താൻ ശ്രമിക്കുന്നു. അതുപക്ഷെ എന്തൊരു ധാർമിക സ്‌ഫോടനമാണ് നമ്മുടെ നാട്ടിലുണ്ടാക്കിയത്! തങ്ങളുടെ ജനപ്രതിനിധിക്ക് എന്തുവിധം സൗകര്യമൊരുക്കണമെന്ന് സഹപ്രവർത്തകരോ ജനങ്ങളോ ചിന്തിച്ചാൽ അതു തെറ്റാവുന്നതെങ്ങനെ?

എന്തെങ്കിലും അഴിമതി കാണിച്ചതായോ എം പി എന്ന നിലയിൽ കിട്ടുന്ന സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതായോ ആരും പരാതി ഉന്നയിച്ചു കണ്ടില്ല. വായ്പയെടുത്തു കാറു വാങ്ങാമല്ലോ എന്നാണ് കണ്ടെത്തൽ. കൊള്ളാം. കാറിനുള്ള പണം എം പി കടമെടുക്കണം. തൊഴിലാളി പ്രസ്ഥാനത്തിന്റെ എം പിമാർ എംപിയെന്ന നിലയിൽ ലോണെടുത്താണോ കാറു വാങ്ങിയതെന്നുകൂടി പറഞ്ഞാൽ നന്ന്.

സർക്കാർ സഹായം ലഭിക്കുന്നതോ ലോൺ കിട്ടുന്നതോ ആയ ഒരു കാര്യത്തിനും ഇനി ആരും പിരിവുമായി വരില്ലെന്നു കരുതാമോ? കമ്പനി തുടങ്ങാനും ലോൺകിട്ടുന്നതിനാൽ പത്രം നടത്താൻ പിരിവു വേണ്ടിവരില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും മറ്റുമുള്ളതിനാൽ സഹായപ്പിരിവുകളും കാണാനിടയില്ല. ഇങ്ങനെ വ്യക്തത വരുത്തുന്നത് നല്ലതുതന്നെ.

ഞങ്ങളാണെങ്കിൽ, ഞങ്ങൾക്കാണെങ്കിൽ എന്തുമാവാം, എന്തു പിരിവുമാവാം എന്ന വാദം അസഹ്യമാണ്. ആ ഭാവം അശ്ലീലമാണ്. ദുരുപയോഗത്തെയും അഴിമതിയെയുമാണ് എതിർക്കേണ്ടത്. തോമസ് ചാണ്ടിയെപ്പോലുള്ളവർക്ക് ആനുകൂല്യങ്ങൾ നൽകുമ്പോൾ മൗനം പാലിച്ചവർക്ക് ഇപ്പോളുള്ള നാവനക്കവും അസഹിഷ്ണുതയും എന്തുകൊണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതിനു കൂട്ടു നിൽക്കാൻ കഴിയില്ല.

പിരിവെടുത്തു കാറു നൽകിയും വീടു നൽകിയും നേതാക്കളെ സഹായിച്ച കഥകളിലേക്കും വേണ്ടിവന്നാൽ ആലോചന നീട്ടാം. അപ്പോഴൊന്നും ഉണ്ടാവാത്ത ധാർമികബോധം വിടർന്നു പന്തലിക്കുന്നതു കാണാൻ ചന്തമുണ്ട്. രമ്യ ഹരിദാസ് കോൺഗ്രസ്സിന്റെ നേതാവു മാത്രമല്ല കേരളത്തിന്റെ എം പി കൂടിയാണ്. ആ ആദരവ് അവരർഹിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP