Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനഞ്ചു മില്ലി മദ്യം ഇരുപത് മിനിറ്റ് കൊണ്ട് അൽപാൽപം നുണഞ്ഞു നുണഞ്ഞു കഴിക്കുന്ന സായ്പ് അതിൽ ഐസ്‌കട്ടയിട്ട് ആമാശയ രക്തക്കുഴലുകളെ അല്പം ചുരുക്കി മദ്യത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്നു; കുറച്ച് നൃത്തമൊക്കെ ചെയ്ത് ആ ഊർജ്ജം ചെലവാക്കി കളയുന്നു; ഇതേസമയം മല്ലു തൊണ്ണൂറ് ഒഴിക്കുന്നു; വെള്ളം ഹാനികരമായതിനാൽ അതൊഴിവാക്കുന്നു: ഡോ അഗസ്റ്റസ് മോറിസ് എഴുതുന്നു

പതിനഞ്ചു മില്ലി മദ്യം ഇരുപത് മിനിറ്റ് കൊണ്ട് അൽപാൽപം നുണഞ്ഞു നുണഞ്ഞു കഴിക്കുന്ന സായ്പ് അതിൽ ഐസ്‌കട്ടയിട്ട് ആമാശയ രക്തക്കുഴലുകളെ അല്പം ചുരുക്കി മദ്യത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്നു; കുറച്ച് നൃത്തമൊക്കെ ചെയ്ത് ആ ഊർജ്ജം ചെലവാക്കി കളയുന്നു; ഇതേസമയം മല്ലു തൊണ്ണൂറ് ഒഴിക്കുന്നു; വെള്ളം ഹാനികരമായതിനാൽ അതൊഴിവാക്കുന്നു: ഡോ അഗസ്റ്റസ് മോറിസ് എഴുതുന്നു

ഡോ. അഗസ്റ്റസ് മോറിസ്

 കണ്ണേ, കരളേ വി എസ്

( 1 ) ഇരകളുടെയും ബന്ധുക്കളുടെയും ആംബുലൻസിന്റെയും നിലവിളി ശബ്ദങ്ങളാൽ മുഖരിതമായ അത്യാഹിതവിഭാഗം. കാഴ്ച കാണാൻ എത്തുന്ന പ്രബുദ്ധ ജനത, പത്ര - ചാനൽ തൊഴിലാളികൾ, കർത്തവ്യ നിരതരായ മെഡിക്കൽ ടീം ആകെ ബഹളമയം ...വിഷമദ്യ ദുരന്തമാണ് രംഗം. ഒരുപാട്പേർക്ക് കാഴ്ച നഷ്ടപ്പെട്ടു, കുറേപ്പേർ മരണത്തോട് മല്ലടിക്കുന്നു. ഇതിനിടെ ഇരകൾക്ക് നൽകുന്ന ചികിസ കണ്ട ചിലർ ഉടൻ തന്നെ അടുത്തുള്ള ബാറിൽ പോയി ഒരു ചെറുത് അടിച്ചേച്ച് അത്യാഹിതത്തിലേക്ക് ഓടിവന്നു, എന്നിട്ട് പറഞ്ഞു,' എന്റെ കാഴ്ച പോയേ , ഞാനും വിഷമദ്യം കുടിച്ചേ''. അവരെയും അകത്തോട്ടെടുത്തു.

( 2 ) മദ്യം( മദമിളക്കുന്നത്) അഥവാ സോമരസം. രാസനാമം ഈതൈൽ ആൽക്കഹോൾ അഥവാ എഥനോൾ. അകത്തേക്ക് പോകുന്ന മദ്യം രണ്ടു ഘട്ടങ്ങളായി നിർവ്വീര്യമാക്കപ്പെടുന്നു. ആദ്യം എഥനോൾ വിഷ പദാർത്ഥമായ ആൽഡിഹൈഡ് ആയി മാറുന്നു. രണ്ടാമത് ആൽഡിഹൈഡ് , അമ്ല രൂപത്തിലുള്ള അസെറ്റിക് ആസിഡ് ആയി മാറുന്നു. അതൊടുവിൽ ജലവും കാർബൺ ഡൈ ഓക്സൈഡും ആയി മാറുന്നു . ശുഭം .

( 3 ) ചിലർക്ക് ചെറുത് അടിക്കുമ്പോൾ തന്നെ കിക്കാകും . മറ്റു ചിലർ വാൾ വയ്ക്കും (ഛർദ്ദിക്കും). എന്താണെന്നറിയേണ്ടേ ? മദ്യം എന്ന് പറയുന്നത് കേന്ദ്ര നാഡീ വ്യവസ്ഥയെ തളർത്തുന്ന ഒന്നാണ്. അങ്ങനെയുള്ള മദ്യത്തെ അകത്തുചെന്നാൽ ആദ്യം ആൽഡിഹൈഡ് ആക്കി മാറ്റുന്ന രാസാഗ്നി / ജൈവ ഉൾപ്രേരകം [ alcohol dehydrogenase ] യുടെ പ്രവർത്തനം കുറയുമ്പോൾ, എത്തനോൾ അതേപടി ഉള്ളിൽ കിടക്കും. ചെറുത് അടിച്ചാൽ തന്നെ കിക്കാകും. എന്നാൽ ചിലർ വാൾഡറാമ ആയി മാറുന്നത് എങ്ങനെയെന്നറിയാമോ ? മദ്യം ആദ്യ ഘട്ടത്തിൽ വിഷമയമായ ആൽഡിഹൈഡ് ആയി മാറുന്നു എന്ന് നാം കണ്ടു .രണ്ടാം ഘട്ടത്തിൽ അതുടൻതന്നെ അസെറ്റിക്ആസിഡ് (ഏതാണ്ട് നുമ്മ വിനാഗിരിയുടെ ഗാഢരൂപം ) ആയിമാറുന്നു. ഇതിനു സഹായിക്കുന്ന രാസാഗ്നി aldehyde dehydrogenase ന്റെ പ്രവർത്തനം കുറഞ്ഞാൽ വിഷപദാർത്ഥമായ ആൽഡിഹൈഡ് കെട്ടിക്കിടക്കും. അതിനെ പുറന്തള്ളാൻ ഒരു മാർഗ്ഗമേ ഉള്ളൂ -- ഛർദ്ദിക്കുക. വാൾഡറാമമാർ ഉണ്ടാകുന്നു . മൂത്രോത്പാദനം നിയന്ത്രിക്കുന്ന ADH ഹോർമോണിന്റെ പ്രവർത്തനം കുറയുന്നതിനാൽ അമിതമായി മൂത്രം പോകുന്നു, നിർജ്ജലീകരണം ഉണ്ടാകുന്നു .

( 4 ) മദ്യം കൊഴുപ്പിനെ ഉരുക്കിക്കളയുമെന്നും, തദ്വാരാ കൊളസ്‌ട്രോൾ കുറയ്ക്കുമെന്നും ചിലർ ഗാഢമായി വിശ്വസിച്ച് പോരുന്നു .സംഭവിക്കുന്നത് നേരെ തിരിച്ചാണ്. അതുപോലെ കിടക്കപ്പായിൽ മദ്യം, രതീഷ് എന്ന ഇരട്ടപ്പേര് വിളി ഒഴിവാക്കുമെന്ന് ചിലർ വിശ്വസിക്കുന്നു . ഷേക്സ്പിയർ തന്റെ നാടകത്തിൽ എഴുതിയ ഒരു വാചകം ഇവിടെ ചേർക്കുന്നു ..IT INCREASES THE DESIRE , BUT DECREASES THE PERFORMANCE .. അതായത് താൽപ്പര്യം ഉണ്ടാക്കും, പക്ഷെ പ്രകടനത്തെ ബാധിക്കും എന്ന് 

( 5 ) ഏറ്റവും വലിയ ഗ്രന്ഥിയായ കരളാണ് മദ്യത്തെ നിർവ്വീര്യം ആകുന്ന ജോലി ചെയ്യേണ്ടത്. ഓക്സിജൻ ശ്ശി ആവശ്യമുള്ള ഒരു പണിയാണത് . പതിനഞ്ചു മില്ലി മദ്യം, ഇരുപത് മിനിറ്റ് കൊണ്ട് അൽപാൽപം നുണഞ്ഞു നുണഞ്ഞു കഴിക്കുന്ന സായ്പ്, അതിൽ ഐസ്‌കട്ടയിട്ട് ആമാശയ രക്തക്കുഴലുകളെ അല്പം ചുരുക്കി, മദ്യത്തിന്റെ ആഗിരണം സാവധാനത്തിലാക്കുന്നു, പതിനഞ്ചിന്റെ ലഹരി നിലനിറുത്താൻ വീണ്ടും പതിനഞ്ച് ഒഴിക്കുന്നു. മദ്യം എന്നാൽ അന്നജത്തിലെ ഊർജ്ജത്തിന്റെ ഒരു രൂപമാണെന്ന് അറിയാവുന്ന പാശ്ചാത്യർ കുറച്ച് നൃത്തമൊക്കെ ചെയ്ത് ആ ഊർജ്ജം ചെലവാക്കി കളയുന്നു. ഇതേസമയം മല്ലു തൊണ്ണൂറ് ഒഴിക്കുന്നു, വെള്ളം ഹാനികരമായതിനാൽ അതൊഴിവാക്കും. നിന്നുകൊണ്ട് ഒറ്റപ്പിടി -- ഇതിനെയാണ് നിൽപ്പനടി എന്ന് പറയുന്നത്. അങ്ങനെ അൽപ സമയത്തിനുള്ളിൽ നാലോ അഞ്ചോ തൊണ്ണൂറ് അകത്താക്കും . കാരണം ഇതടിച്ചിട്ടു വേണം ധാരാവിയിലെ ചേരി ഒഴിപ്പിക്കാൻ. ശേഷം പല്ലു പോലും തേയ്ക്കാതെ, കുളിക്കാതെ കട്ടിലിൽ പോയി വീഴും .

( 6 ) മദ്യം, ഫാറ്റി ആസിഡ് തന്മാത്രകളായി മാറുന്നതിനാൽ, കരളിൽ കൊഴുപ്പടിഞ്ഞ് ഫാറ്റി ലിവർ ഉണ്ടാകുന്നു . അമിത അന്നജം കഴിക്കുന്ന മലയാളിക്ക്, കൊഴുപ്പായി മാറുന്ന അന്നജവും ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാക്കുന്നു. അത് ഗ്രേഡ് കൂടിക്കൂടി 1, 2, 3 , 4 ഘട്ടങ്ങളിലേക്ക് പോകുന്നു. കരളിലെ കോശങ്ങൾ നശിച്ച് പകരം നാരുകൾ അടിയുന്നു. സിറോസിസ് അഥവാ കരൾവീക്കം ഉണ്ടാകുന്നു. കുറേക്കഴിയുമ്പോൾ കരൾവീക്കം എന്ന പദം ചേരാതാകുന്നു. ഉണക്കത്തേങ്ങ പോലെ കരൾ ശുഷ്‌കിക്കുന്നു. മഹോദരം വന്ന് ' 20 -- 30 '' മാസമായ ഗർഭിണി പോലാകും. വയറ്റീന്ന് വെള്ളം കുത്തിയെടുത്ത് ഡാക്കിട്ടർമാർ കുഴയും. ആ സമയം കമ്പനിക്കിരുന്ന് മോന്തിയ ഒരാളും കൂടെയുണ്ടാകില്ല .

( 7 ) സാദാ മദ്യം എത്തനോൾ (ഈതൈൽ ആൽക്കഹോൾ) ആണെങ്കിൽ വിഷമദ്യം മെഥനോൾ ( മീതൈൽ ആൽക്കഹോൾ) ആണ് . മെഥനോൾ ഉള്ളിൽച്ചെന്നാൽ ഉപാപചയ പ്രവർത്തനത്തിന് വിധേയമായി ഉണ്ടാകുന്ന formaldehyde, formic acid & formate കാഴ്ച സാധ്യമാക്കുന്ന ദൃക് നാഡി ( optic nerve ) നെ ബാധിക്കുന്നതിനാൽ കാഴ്ച പോകും. ഉയർന്ന അളവ് മരണത്തിനു കാരണമാകുന്നു .അവിടെ ചികിത്സയായി നൽകുന്നത് എത്തനോൾ ( സാദാ മദ്യം ) ആണ്. സാദാ മദ്യം, വിഷ മദ്യത്തെ ശരീരത്തിൽ നിന്നും തുരത്തുന്നു. ഇത് കാണുന്ന ചിലർ ഫ്രീയായി മദ്യം കിട്ടാൻ ' എന്റെ കാഴ്ചയും പോയേ '' എന്ന് നിലവിളിച്ച് കൊണ്ട് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കേറും. ഓസിനു കിട്ടിയാൽ ആസിഡും ...ന്ന മല്ലുവിനോടാണോ ബാലാ .

NB: മരുഭൂമിയിൽ ചോരയും നീരും ദിർഹമാക്കി മാറ്റി, നാട്ടിലേക്ക് പോകാൻ നേരം ദുഫായ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ എന്തെന്നില്ലാത്ത മര്യാദ പാലിച്ച്, ഒടുക്കത്തെ വില കൊടുത്ത് രണ്ടോ മൂന്നോ കുപ്പി മദ്യം വാങ്ങികൊണ്ടു പോകുന്ന മനുഷ്യരുണ്ട് . അവർ ഒരു പ്രത്യേക ദേശത്തു നിന്നും (ദേശം നമ്പർ വൺ ) വരുന്നവരാ. സ്വന്തം സ്ഥലത്ത് കിട്ടുന്ന മദ്യത്തിന്റെ ഗുണം കൊണ്ടാണോ എന്നറിയില്ല, വിദേശി വാങ്ങി, ഭദ്രമായി വിമാനത്തിന്റെ മേലറയിൽ വച്ച് അവരിങ്ങനെ കൊണ്ടുവരും. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിൽക്കുമ്പോൾ നിശബ്ദമായി അവർ വിളിക്കുന്ന ഒരു മുദ്രാവാക്യമുണ്ട്. തങ്ങളുടെ ആന്തരികാവയവങ്ങളെ ഓർത്ത് അവരിങ്ങനെ വിളിക്കും,' കണ്ണേ കരളേ വി എസ്ഓപി , കണ്ണേ കരളേ വി എസ് ഓ പി ''.

( എഴുത്തുകാരനും ശാസ്ത്ര പ്രഭാഷകനുമായ ഡോ. അഗസ്റ്റസ് മോറിസ് ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP