Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ചിറകുകൾ നഷ്ടപ്പെട്ടു അനിശ്ചിതത്വത്തിന്റെ ചുഴിൽപെട്ടു നട്ടം തിരിയുന്ന ഒരുവൾ; അവന് നല്ല തല്ല് കൊടുക്കാൻ ആ സ്ത്രീയ്ക്ക് ആങ്ങള ഇല്ലാതെ ആയിപോയി എന്ന് ഡോക്ടർ പറയുന്ന കേട്ടപ്പോൾ സങ്കടം തോന്നി; അമ്മായിയമ്മയുടെ പിന്തുണയിൽ വളർന്ന പരസ്ത്രി ബന്ധം; വർഷങ്ങൾക്ക് ശേഷം ആ സ്ത്രിയെ വീണ്ടും കണ്ടു; മൊബൈലിൽ വന്ന കോൾ ചിരിച്ചു കൊണ്ട് എടുത്തു സംസാരിക്കുന്നത് നോക്കുമ്പോൾ, അവരൊരു അതിസുന്ദരിയായ സ്ത്രീ ആയിരുന്നു..കൊഞ്ചിയും പിണങ്ങിയും എന്തൊക്കെയോ പറഞ്ഞു കൊണ്ടവർ ഫോൺ വെച്ചു; ഡോ. കല എഴുതുന്നു

ഡോ.കല

വിഹിതങ്ങളും ദാമ്പത്യത്തിന്റെ വിള്ളലുകളും കൂടി വരുന്നത്,സ്ത്രീ കുടുംബത്തിലെ അടുക്കളയിൽ ഒതുങ്ങി നിൽക്കാത്തതു കൊണ്ടാണെന്നു ഒരു അഭ്യസ്തവിദ്യൻ ആരോപിച്ചു..

പണ്ടെങ്ങും ഇത്തരം കാര്യങ്ങൾ പുള്ളി കേട്ടിട്ട് പോലുമില്ല..

ഔദ്യോഗിക ജീവിതത്തിന്റെ ആദ്യത്തെ കാലത്ത്, മൊബൈൽ വഴി പ്രണയങ്ങൾ കൊഴുപ്പിക്കുന്ന കാലത്തിനു മുൻപ്,
കണ്ടു മുട്ടിയ ഒരു സ്ത്രീയെ ഞാൻ ഈ അടുത്ത് വീണ്ടും കണ്ടിരുന്നു..
മുൻപ്, പത്തൊമ്പത് വർഷം മുമ്പുവരെ കാണുമ്പോ ഭർത്താവിന്റെ നിഴലിൽ ജീവിതം തളച്ചിടാൻ മാത്രം ആഗ്രഹിക്കുന്ന ഒരുവൾ ആയിരുന്നു..

ഭർത്താവ് ആശുപത്രിയിൽ അഡ്‌മിറ്റ് ആണ്. അയാൾക്ക് മേസ്തിരി പണി ആണ്..
ഒരു മോളുണ്ട്..മൂന്നോ നാലോ വയസ്സുണ്ടാകും..
ഇവർക്ക് അന്ന് രണ്ടാമത്തെ ഗര്ഭത്തിന്റെ തുടക്കം..
ഭർത്താവിനു അയലോക്കത്തെ ഒരു സ്ത്രീയുമായി അടുപ്പം ഉണ്ടായിരുന്നു..
ഗൾഫിൽ ആയിരുന്നു അവരുടെ ഭർത്താവ്.. തൊട്ടടുത്ത വീട്.
അമ്മായിയമ്മയും ആയി വളരെ അടുപ്പം..
അവർക്ക് എന്ത് സഹായത്തിനും ആ സ്ത്രീ മുന്നിലുണ്ട്..
പലപ്പോഴും അവരുടെ ഇടപെടലിൽ അസഹ്യത തോന്നിയിട്ടുണ്ട് എങ്കിലും,
വഴക്കിട്ടു തിരിച്ചു പോയാൽ സ്വന്തം വീട്ടിലെ പ്രാരാബ്ദം ഓർത്തു അവർ സഹിച്ചു..

പെട്ടന്ന് എന്ത് കരണമെന്നറിയാതെ അവർ ഭർത്താവിൽ നിന്നും അകന്നു..
അദേഹത്തിന്റെ മാനസികാവസ്ഥ ആകെ തകിടം മറിഞ്ഞു..
അവന് നല്ല തല്ല് കൊടുക്കാൻ ആ സ്ത്രീയ്ക്ക് ആങ്ങള ഇല്ലാതെ ആയിപോയി !
ഡോക്ടർ എന്നോട് പറഞ്ഞു..

ഒരു ദിവസം ഉച്ചയ്ക്ക് ഞാൻ എത്തുമ്പോ ഇവര് എവിടെയോ പോകാനുള്ള തയ്യാറെടുപ്പിൽ..
കുട്ടി അവിടെ ഇരുന്നോട്ടെ, വേഗം പോയി വരൂ എന്നൊക്കെ അയാൾ പറയുന്നുണ്ട്..
മുന്കാമുകിക്കു അയാൾ എഴുതി കൊടുത്ത കത്താണ് കയ്യിൽ..
അവർക്ക് കൊടുക്കാൻ ഇറങ്ങുമ്പോൾ ഞാൻ ചെല്ലുന്നത്...
അവരോടു സംസാരിക്കുമ്പോ, ജീവിതത്തിന്റെ ഇരുണ്ട യാഥാർഥ്യം എന്നെ വല്ലാതെ ഭയപ്പെടുത്തി..
ഉതിരുന്ന നെടുവീർപ്പിലെ അസഹ്യമായ വേദന എനിക്കു അപരിചിതമായ കാലങ്ങൾ എങ്കിലും ..

അമ്മായിയമ്മയുടെ പിന്തുണയിൽ വളർന്ന ബന്ധമായിരുന്നു, എന്നോടുള്ള പോര് അങ്ങനെയും അവർ തീർത്തു..അഞ്ചു പവന്റെ ഉരുപ്പടിയിൽ ഇനിയൊരു പവൻ കൂടി വീട്ടിൽ നിന്നും തരാനുണ്ട്..
അതിനു വേണ്ടിയുള്ള ഓട്ടത്തിൽ ആണ് കൂലിവേലക്കാരനായ അച്ഛൻ..
ഞാൻ എങ്ങോട്ടാ പോകുക !
ചിറകുകൾ നഷ്ടപ്പെട്ടു അനിശ്ചിതത്വത്തിന്റെ ചുഴിൽപെട്ടു നട്ടം തിരിയുന്ന ഒരുവൾ..

സ്‌നേഹമെന്നാൽ അത് അഭിമാനം പണയം വെയ്ക്കൽ അല്ല എന്ന് പറയുമ്പോഴും അവർക്ക് നിരത്താൻ കാരണമായി മകളും ഭാവിയും പട്ടിണിയും ഉണ്ടായിരുന്നു..
നിസ്സഹായത എന്നാൽ ഇത്രത്തോളം ഭീകരമായ ഒരു അവസ്ഥ ആണെന്ന് അന്നാണ് അറിഞ്ഞത്..

ഈ അടുത്ത് അവരെ കണ്ടു വീണ്ടും..
ചിരിച്ചു കൊണ്ടവർ അടുത്തേയ്ക്ക് വന്നു..
മെലിച്ച ശരീരം വീണ്ടും ക്ഷീണിച്ചു..
മകളുണ്ട്, അന്നത്തെ കുഞ്ഞ് ചാപിള്ള ആയിരുന്നു.
അതും നന്നായി എന്നവർ പറയുമ്പോൾ അമ്പരപ്പ് തോന്നിയില്ല..
മാതൃത്വം എന്നാലത് എഴുതി വാഴ്‌ത്തപ്പെടുന്നതും ആയി ഒരുപാട് വ്യത്യാസം ഉണ്ട്..

''അങ്ങേര് ആ ബന്ധം വിട്ടു പിന്നെയും പല ബന്ധങ്ങൾ ആയി.. കൂടെ ഉണ്ട്, പേരിന് ഒരാള് വേണമല്ലോ..
ഞാൻ ഇപ്പൊ ഒരു കടയിൽ ജോലിക്ക് പോകുന്നുണ്ട്..
അവിടത്തെ ചേച്ചി എന്നെ ഒരുപാട് സഹായിക്കുന്ന ആളാണ്..
പത്താം ക്ലാസ്സ് കഴിഞ്ഞതാ, മുന്നോട്ട് ഒന്ന് പഠിക്കണം എന്തെങ്കിലും ഒക്കെ.. ''

അന്നത്തെ ആത്മീയസംഘര്ഷങ്ങളിൽ നിന്നും അവർ ഒരുപാട് മാറി..
ദുഃഖാഗ്‌നിയിൽ സ്ഫുടം ചെയ്തു എടുക്കപെട്ട മനസ്സിന്റെ ധൈര്യം ആ കണ്ണിൽ ഞാൻ കണ്ടു..
ദാമ്പത്യത്തിലെ ദുരിതവും അപമാനവും ഒറ്റപ്പെടലും ഒരു സ്ത്രീയിൽ എത്ര കരുത്ത് ഉണ്ടാക്കാമോ അത്രയും അവർ നേടി...

മൊബൈലിൽ വന്ന കോൾ ചിരിച്ചു കൊണ്ട് എടുത്തു സംസാരിക്കുന്നത് നോക്കുമ്പോൾ, അവരൊരു അതിസുന്ദരിയായ സ്ത്രീ ആയിരുന്നു..
കൊഞ്ചിയും പിണങ്ങിയും എന്തൊക്കെയോ പറഞ്ഞു കൊണ്ടവർ ഫോൺ വെച്ചു..
ഒരൊറ്റ നിമിഷം കൊണ്ട് പ്രപഞ്ചത്തെ ആകെ കീഴടക്കിയ സന്തോഷം അവരിൽ കാണാമായിരുന്നു..
ഒരു കൂട്ടുകാരനാണ്, ചിരിച്ചു കൊണ്ടവർ പറഞ്ഞു..
പോട്ടെ മാഡം, തിരക്കുണ്ട്..
എവിടേലും വെച്ചു കാണാം ഇനിയും..
ഓടി വരുന്ന വാഹനങ്ങൾക്ക് ഇടയിലൂടെ, നഗരത്തിന്റെ തിരക്കുകൾക്കു കൂട്ടായി അവളും നടന്നു നീങ്ങി..
സ്വന്തമായി യുദ്ധമുറകൾ കണ്ടു പിടിച്ചു ഏകയായി ലോകത്തോട് പൊരുതി ജയിക്കുന്നവരിൽ ഒരാളാകട്ടെ അവളും..?

കല, കൗൺസലിങ് സൈക്കോളജിസ്‌റ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP