Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരോടും വോട്ടു ചോദിക്കുന്നില്ല..! സുഖവിവരം അന്വേഷിച്ച് വീടു കയറി മടങ്ങുന്നു; എതിർ സ്ഥാനാർത്ഥിക്ക് സമ്പൂർണമായ അവഗണന; തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണം വ്യത്യസ്തമാകുന്നത് ഇങ്ങനെ

ആരോടും വോട്ടു ചോദിക്കുന്നില്ല..! സുഖവിവരം അന്വേഷിച്ച് വീടു കയറി മടങ്ങുന്നു; എതിർ സ്ഥാനാർത്ഥിക്ക് സമ്പൂർണമായ അവഗണന; തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണം വ്യത്യസ്തമാകുന്നത് ഇങ്ങനെ

ലപ്പുഴയിലെ എൽഡിഎഫ് പ്രചാരണമെന്നാൽ തെരഞ്ഞെടുപ്പിന്റെ ആവേശം വൈവിദ്ധ്യമാർന്ന സന്നദ്ധപ്രവർത്തനങ്ങളായി പരിണമിക്കുന്ന ഐസക്ക് മാജിക്കാണ്. അറിവും ആശയങ്ങളുമാണ് കളിക്കളത്തിൽ. ആസൂത്രണത്തിനും നിർവഹണത്തിനും സുസജ്ജമായ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്. അമരത്ത് ഉജ്വല സംഘാടകനായ കെഡി മഹീന്ദ്രൻ എന്ന ഏരിയാ സെക്രട്ടറി. മണ്ഡലത്തിലെ വീടുകളിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് പ്ലാസ്റ്റിക് ശേഖരിക്കാനും പത്തെഴുപതിനായിരം വീടുകളിൽ വിത്തു പായ്ക്കറ്റെത്തിക്കാനും തീരുമാനമെടുക്കുകയേ വേണ്ടൂ. കാര്യം നടന്നിരിക്കും.

എന്താണ് ഇലക്ഷൻ പ്രവർത്തനത്തിലെ ഐസക് മാജിക്? തിരഞ്ഞെടുപ്പുകാലത്ത് തെരുവിലിറങ്ങുന്ന മനുഷ്യവിഭവശേഷിയെ സന്നദ്ധസേവനങ്ങൾക്കു വേണ്ടിയും വിന്യസിക്കുന്നു. ഇലക്ഷൻകാലത്ത് രാഷ്ട്രീയപ്രവർത്തകർക്ക് സ്ഥിരം ഉത്തരവാദിത്തങ്ങളുമുണ്ട്. ചുവരെഴുത്തും പോസ്റ്ററൊട്ടിപ്പും പല റൗണ്ട് നോട്ടീസ് വിതരണവും സ്ലിപ്പു കൊടുക്കലും മൈക്ക് അനൗൺസ്‌മെന്റും യോഗം നടത്തിപ്പുമായി നിന്നു തിരിയാൻ സമയം കിട്ടില്ല. ആലപ്പുഴയിലെ എൽഡിഎഫ് പ്രവർത്തകർക്ക് അവയ്ക്കു പുറമെ വ്യത്യസ്തമായ മറ്റു ചില ചുമതലകൾ കൂടിയുണ്ട്. അവരോരുത്തരും തോമസ് ഐസക്കിന്റെ സർഗാത്മകതയുടെ സന്ദേശവാഹകരാണ്. സന്നദ്ധസേവകരായി അവർ പല തവണ വീടുകളിലെത്തി. ആർക്കും മുഖം തിരിഞ്ഞു നിൽക്കാനാവാത്ത ലക്ഷ്യങ്ങളുമായി. ഓരോ തവണയും അവർ വന്നുപോകുമ്പോൾ മണ്ഡലത്തിന്റെ മനസിൽ ഐസക്കിന്റെ അനിവാര്യത അടിവരയിട്ടുറയ്ക്കും.

മെയ് എട്ടിന്റെ പ്ലാസ്റ്റിക് സംഭരണം ഉദാഹരണം. ഒറ്റ ദിവസം കൊണ്ട് 15 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യമാണ് എൽഡിഎഫ് പ്രവർത്തകർ ശേഖരിച്ചത്. ഈ ലക്ഷ്യം നിറവേറ്റാൻ വേണ്ട മനുഷ്യാധ്വാനത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ. കുപ്പി മുതൽ സ്‌നഗ്ഗി വരെ ശേഖരിക്കാനുള്ള സന്നദ്ധത വേറെ. നൂറ്റി അമ്പത്തിമൂന്ന് ബൂത്തുകളിലായി ഏതാണ്ട് ഏഴുപതിനായിരം വീടുകളുണ്ട് മണ്ഡലത്തിൽ. അവയിൽ മഹാഭൂരിപക്ഷം വീടുകളിലും പ്ലാസ്റ്റിക് ശേഖരണ സന്ദേശവുമായി ആദ്യഘട്ടം പ്രവർത്തകരെത്തണം. വീടുകളിലെ മാലിന്യം ശേഖരിക്കാൻ അവർ വീണ്ടും ചെല്ലണം. ശേഖരിച്ച മാലിന്യങ്ങൾ ലോറിയിലാക്കി പ്രധാനകേന്ദ്രത്തിലെത്തിക്കണം. പിന്നെയതിനു കാവലിരിക്കണം. ശേഖരിച്ച മുഴുവൻ മാലിന്യവും പിറ്റേന്നു തന്നെ റീസൈക്ലിങ് യൂണിറ്റിലേയ്ക്ക് കൊണ്ടുപോയെന്നുറപ്പു വരുത്തണം. 'പ്ലാസ്റ്റിക്കേ വിട , യു ഡി എഫേ വിട ' എന്ന ബാനർ വലിച്ചുകെട്ടി മണ്ഡലത്തിൽ തലങ്ങും വിലങ്ങും ലോറികൾ പാഞ്ഞപ്പോഴാണ് എതിരാളികൾക്ക് കാര്യം മനസിലായത്. പിന്നെ പത്രക്കുറിപ്പിലൂടെ പിറുപിറുക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ.

മെയ് 26ന് 17 കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടാണ് ആലപ്പുഴയിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഏറെ വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പു പ്രചരണോത്ഘാടനം. സംഗതി എത്ര വലിയ വെല്ലുവിളിയായിരുന്നുവെന്ന് കലവൂർ മാർക്കറ്റിൽ മുമ്പ് ഒരുതവണയെങ്കിലും പോയിട്ടുള്ളവർക്കറിയാം. ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് മാർക്കറ്റ്. അതുകൊണ്ട് പഞ്ചായത്തിന്റെ ഫണ്ടോ, എംഎ‍ൽഎ ഫണ്ടോ ചെലവഴിക്കാനാവില്ല. പതിറ്റാണ്ടുകളുടെ മാലിന്യവും ദുർഗന്ധവും കെട്ടിക്കിടക്കുന്ന ചന്ത.

പക്ഷേ, ശൂചീകരണത്തിനിറങ്ങിയത് ഐസക്കിന്റെ ദ്രുതകർമ്മ സേനയാണ്. ഉച്ചയായപ്പോഴേയ്ക്കും അവർ മാർക്കറ്റിന്റെ രൂപവും ഭാവവും മാറ്റി. മീൻ ചന്ത പ്രവർത്തിച്ചിരുന്ന ഷെഡിന്റെ പൊട്ടിപ്പൊളിഞ്ഞ തറ സിമന്റ് പൂശി അടച്ചു. പരിസരത്ത് കുന്നുകൂടി കിടന്ന മാലിന്യക്കൂന നീക്കം ചെയ്തു. ചന്തയിൽ മനുഷ്യർക്കു ചെല്ലാവുന്ന അവസ്ഥയായി. ഇത്തരത്തിൽ 17 കേന്ദ്രങ്ങളിലാണ് ശുചീകരണ പ്രവർത്തനം നടന്നത്. ഈയൊരൊറ്റ പ്രവർത്തനത്തിലൂടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ നിലവാരം ഐസക് നിർവചിച്ചു. ഏപ്രിൽ പത്തിന് ബൂത്തുതല ശുചീകരണ പ്രവർത്തനം. തിരഞ്ഞെടുക്കപ്പെട്ട 153 പൊതുസ്ഥലങ്ങൾ വൃത്തിയാക്കാൻ പതിനായിരക്കണക്കിന് എൽഡിഎഫ് പ്രവർത്തകരിറങ്ങി.

ഏപ്രിൽ പതിനൊന്നിനാണ് എറണാകുളം സ്വദേശിയായ യുഡിഎഫ് സ്ഥാനാർത്ഥി ലാലി വിൻസെന്റ് ആദ്യമായി മണ്ഡലത്തിലെത്തിയത്. സമുദായപരിഗണനയൊക്കെ നോക്കി യുഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചെങ്കിലും ആലപ്പുഴ അതിരൂപത തുടക്കത്തിൽത്തന്നെ അനിഷ്ടം അത്യുച്ചത്തിൽ പ്രകടിപ്പിച്ചിരുന്നു. അതിന്റെ വൈക്ലബ്യവും പേറിയാണ് കെപിസിസി വൈസ് പ്രസിഡന്റ് മണ്ഡലത്തിലെത്തിയത്. അപ്പോഴേയ്ക്കും തോമസ് ഐസക്ക് കണ്ണെത്താദൂരത്തേയ്ക്ക് ഓടി മുന്നേറിയിരുന്നു. നിലവിലുള്ള കോൺഗ്രസ് സംഘടനാശേഷിക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത ലെവലിലേയ്ക്കാണ് പ്രചരണത്തിന്റെ നിലവാരം തുടക്കത്തിൽത്തന്നെ ഐസക് നിർവചിച്ചത്.

വിഷുവിന് വിത്ത്, വോട്ടിനു പകരം വീട്ടിലൊരു പ്ലാവ്...

വിഷുവിന് കേരളീയർക്ക് വിഷരഹിത പച്ചക്കറി സിപിഎമ്മിന്റെ വാഗ്ദാനമായിരുന്നു. ഓണക്കാലത്ത് വിജയകരമായ പച്ചക്കറിച്ചന്തകളുടെ തുടർച്ച. പച്ചക്കറി സ്വയംപര്യാപ്തതയിലേയ്ക്കുള്ള വിത്തുപായ്ക്കറ്റായിരുന്നു ആലപ്പുഴക്കാർക്കുള്ള ഐസക്കിന്റെ കൈനീട്ടം. ഉത്തരവാദിത്തം ഏറ്റെടുത്തത് കരപ്പുറം ജൈവ കർഷക സമിതി. വൈലോപ്പിള്ളിക്കവിതയുടെ മണമുള്ള ആശംസാകാർഡിനോടൊപ്പം എല്ലാ വീടുകളിലും വിത്തു പായ്ക്കറ്റെത്തി.

പറഞ്ഞപ്പോൾ കഴിഞ്ഞു. പത്തെഴുപതിനായിരം വീടുകളിലേയ്ക്കാണ് വിത്തു പാക്കറ്റ് എത്തിയത്. അതും പയർ , വെണ്ട , വഴുതന , തക്കാളി എന്നീ നാലിനം വിത്തുകളടങ്ങിയ പായ്ക്കറ്റ്. ഇവ ഇത്രയും അളവിൽ ശേഖരിച്ച് പായ്ക്കറ്റിലാക്കാൻ വേണ്ട അധ്വാനം ആലോചിച്ചു നോക്കൂ. തല കറങ്ങിപ്പോകും. പക്ഷേ, ആലപ്പുഴയിലെ എല്ലാ വീടുകളിലും ഐസക്കിന്റെ വിഷുക്കൈനീട്ടം എത്തിച്ചശേഷമേ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് വിശ്രമിച്ചുള്ളൂ.

തൊട്ടുപിന്നാലെ എനിക്കൊരു വോട്ട്, വീട്ടിലൊരു പ്ലാവ് പ്രഖ്യാപനം വന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന ദിവസം മണ്ഡലത്തിൽ പതിനായിരം പ്ലാവിൻ തൈകൾ നടുക. അതായിരുന്നു ലക്ഷ്യം. ഇലക്ഷൻ കമ്മിഷനിലൂടെ യുഡിഎഫ് ഉടക്കുവച്ചുവെങ്കിലും പരിപാടി ജനം ഏറ്റെടുത്തു. തനിക്കു കിട്ടുന്ന ഭൂരിപക്ഷത്തിന് തുല്യമായ മരം മണ്ഡലത്തിൽ വച്ചുപിടിപ്പിക്കുമെന്നായിരുന്നു യുഡിഎഫിന് ഐസക്കിന്റെ മറുപടി.

മണ്ണിനൊപ്പം മനുഷ്യനൊപ്പം ഉൾക്കാമ്പുള്ള ടാഗ് ലൈൻ

1987 ലാണ് കേരളം മണ്ണും മനുഷ്യനുമെന്ന ഐസക്കിന്റെ പുസ്തകം ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചത്. പരിഷത്തിന്റെ സൂപ്പർഹിറ്റ് പുസ്തകങ്ങളിലൊന്ന്. 1989ൽ വൈജ്ഞാനിക സാഹിത്യത്തിനുള്ള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ പുസ്തകത്തിൽ നിന്നാണ് മണ്ണിനൊപ്പം, മനുഷ്യനൊപ്പം എന്ന ടാഗ് ലൈൻ രൂപം കൊണ്ടത്.

അങ്ങനെ, ജനകീയാസൂത്രണം മുതൽ ജനകീയ പച്ചക്കറി മാലിന്യനിർമ്മാർജന പ്രസ്ഥാനം വരെ നീളുന്ന ഐസക്കിന്റെ പ്രവർത്തനങ്ങളുടെ സമഗ്രതയെ രണ്ടുവാക്കുകളിലേയ്ക്ക് സമർത്ഥമായി ചുരുക്കിയെഴുതി. പോസ്റ്ററുകളിലും നോട്ടീസുകളിലും പാട്ടുകളിലും കാരിക്കേച്ചറുകളിലും ടാഗ് ലൈൻ ആവർത്തിക്കപ്പെട്ടതോടെ 'തോമസ് ഐസക് മണ്ണിനൊപ്പം മനുഷ്യനൊപ്പം' എന്നായി മണ്ഡലത്തിന്റെ ഹൃദയമിടിപ്പ്. ഐസക്കിനെ അറിയുന്നവരെല്ലാം ഇതിനപ്പുറം ഒരു വിശേഷണമില്ലെന്ന് തലകുലുക്കി.

സോഷ്യൽ മീഡിയ അനുകരണീയമായ ഇടപെടൽ

മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങൾക്കൊപ്പം എൽഡിഎഫിന്റെ മാനിഫെസ്റ്റോയും സജീവ ചർച്ചാവിഷയമാക്കാൻ എല്ലാ ആഴ്ചയും ഫേസ് ബുക്ക് ലൈവ്. എത്ര തിരക്കുണ്ടായാലും ഒരു തവണ പോലും ലൈവ് മുടങ്ങിയില്ല. മണ്ഡലത്തിന്റെ ഏതു കോണിലായിരുന്നാലും സോഷ്യൽ മീഡിയയ്ക്കു പിടികൊടുക്കാൻ എല്ലാ വെള്ളിയാഴ്ചയും ഒമ്പതു മണിക്ക് ഐസക് പാതിരപ്പള്ളിയിലെ ഓഫീസിലെത്തി. നിർദ്ദേശങ്ങളും വിമർശനങ്ങളും ആശംസകളും പ്രതീക്ഷകളുമായി സൈബർ മലയാളികൾ ഐസക്കിന്റെ പേജിലെത്തി. പതിനായിരങ്ങൾ പങ്കാളികളായ അർത്ഥസമ്പൂർണമായ സംവാദമായി വികസിച്ചു.

ഒരു പൊതുഫ്രെയിമിൽ പതിച്ച ഫോട്ടോകൾ, പര്യടനങ്ങളുടെയടക്കം ഫേസ് ബുക്ക് ലൈവ്, ഷോർട്ട് വീഡിയോകൾ, ഡോക്യൂമെന്ററി, കൗതുകകരമായ എബ്ലം, മാന്യമായ ഇടപെടൽ എന്നിങ്ങനെ ഏറ്റവും മാതൃകാപരമായി സോഷ്യൽ മീഡിയയെ ഈ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചത് ഐസക്കാണ്. ബീഫ് വിവാദവുമായി ബന്ധപ്പെട്ട വാർത്തകൾ കോർത്തിണക്കിയ വീഡിയോ പൊതുമാദ്ധ്യമങ്ങളും ഏറ്റെടുത്തു. പ്രചരണ സാമഗ്രികളുടെ ഡിസൈനിംഗിലും നിലവാരത്തിലും ആലപ്പുഴയിലെ എൽഡിഎഫിന് അഭിമാനിക്കാവുന്ന പ്രത്യേകതകളുണ്ട്.

എതിർ സ്ഥാനാർത്ഥിക്ക് സമ്പൂർണമായ അവഗണന

തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയുടെ ഏറ്റവും ഫലപ്രദമായ പ്രചരണമാദ്ധ്യമം തൊട്ടടുത്ത എതിർസ്ഥാനാർത്ഥികളാണ്. എതിരാളിയുടെ വാമൊഴയിലൂടെയും വരമൊഴിയിലൂടെയുമാണ് സ്ഥാനാർത്ഥി മണ്ഡലത്തിലെ സജീവസാന്നിധ്യമാകുന്നത്. പക്ഷേ, ലാലി വിൻസെന്റിന് ആ ഭാഗ്യമില്ല. വായനയുടെയും ഗവേഷണത്തിന്റെയും ആസൂത്രണത്തിന്റെയും പ്രയോഗത്തിന്റെയും അതിദീർഘമായ പരിചയസമ്പത്തുള്ള ഐസക് തനിക്കു പോന്ന നിലവാരമുള്ള എതിരാളിയെ ആഗ്രഹിക്കുന്നത് സ്വാഭാവികം. പക്ഷേ ഐസക്കിന്റെ ജൂബാ വിശേഷങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ലാലി വിൻസന്റ് തുടങ്ങിയത്. മാരാരിക്കുളം പരീക്ഷണങ്ങളുമായി 2001 മുതൽ മണ്ഡലത്തിലെ നിത്യഹരിതസാന്നിധ്യമായ ഐസക്കിന് സ്വന്തമായി ഒരു ആലപ്പുഴയിൽ വീടില്ല എന്നായിരുന്നു അടുത്ത ആരോപണം. ആരു കേട്ടാലും അയ്യേ എന്നു പറഞ്ഞുപോകുന്ന വിമർശനങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ തന്റെ കുഴി സ്വയം വെട്ടി ലാലി വിൻസെന്റ് സ്വന്തം ശേഷക്രിയയും നിർവഹിച്ചു.

മറുവശത്ത് സമ്പൂർണമായ അവഗണനയായിരുന്നു മറുപടി. ഐസക്കിന്റെ പ്രസംഗങ്ങളിലോ ഫേസ് ബുക്ക് പേജിലോ എവിടെയും എതിർസ്ഥാനാർത്ഥിയെക്കുറിച്ച് പരാമർശമില്ല. ഐസക്കിനുവേണ്ടി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുന്ന അനുഭാവികൾ പോലും എതിർസ്ഥാനാർത്ഥിയെക്കുറിച്ച് ഒരു സൂചനയും നൽകുന്നില്ല. അവരുടെ പേരു പരാമർശിക്കുന്നില്ല. അവരുടെ വിമർശനങ്ങൾക്കു മറുപടിയില്ല. അവർക്കുനേരെ ചോദ്യങ്ങളില്ല. എതിരാളി പൂർണമായി അവഗണിച്ചുവെന്നാൽ, കാത്തിരിക്കുന്നത് വമ്പൻ തോൽവിയാണ് എന്നുറപ്പിക്കാം. അതുകൊണ്ടാണ്, കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ഐസക്ക് സാറിനായിരിക്കുമെന്നും അതു നാൽപ്പതിനായിരം കടക്കുമെന്നും കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാർ പോലും സ്വകാര്യ സംഭാഷണങ്ങളിൽ സമ്മതിക്കുന്നത്.

ഏറ്റവും ചിട്ടയായ ഇലക്ഷൻ പ്രചരണമാണ് ആലപ്പുഴയിൽ നടക്കുന്നത്. എല്ലാം വ്യക്തമായ ലക്ഷ്യത്തോടെയാണ് ആവിഷ്‌കരിക്കപ്പെടുന്നത്. ആസൂത്രണവും നിർവഹണവും കണിശം, കൃത്യം. മാലിന്യസംസ്‌ക്കരണത്തിൽ മാത്രമല്ല, ഇലക്ഷൻ പ്രചരണത്തിലും ആലപ്പുഴയ്ക്ക് ഒരു മാതൃകയുണ്ട്. കണ്ടുപഠിക്കാനും പകർത്തിയെടുക്കാനും ഏറെ പാഠങ്ങളുള്ള മാതൃക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP