Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂയോർക്കിലെ സ്വാതന്ത്ര്യ പ്രതിമയും പാരീസിലെ ഈഫൽ ടവറും ദുബായിലെ ഖുർജ് ഖലീഫയും ടൂറിസം ഇനത്തിൽ കൊയ്യുന്നത് ലാഭങ്ങൾ; വലിയ സ്മാരകങ്ങൾ കാണാൻ ജനം ഒഴുകിയെത്തും; ശിവജി സ്മാരക നിർമ്മാണത്തിലെ വിമർശനങ്ങൾക്കിടയിൽ ഒരു പോസിറ്റീവ് നിരീക്ഷണം

ന്യൂയോർക്കിലെ സ്വാതന്ത്ര്യ പ്രതിമയും പാരീസിലെ ഈഫൽ ടവറും ദുബായിലെ ഖുർജ് ഖലീഫയും ടൂറിസം ഇനത്തിൽ കൊയ്യുന്നത് ലാഭങ്ങൾ; വലിയ സ്മാരകങ്ങൾ കാണാൻ ജനം ഒഴുകിയെത്തും; ശിവജി സ്മാരക നിർമ്മാണത്തിലെ വിമർശനങ്ങൾക്കിടയിൽ ഒരു പോസിറ്റീവ് നിരീക്ഷണം

തിരുവനന്തപുരം: മുംബൈ തീരത്തിനു സമീപം അറബിക്കടയിൽ 3600 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന ശിവജി സ്മാരകത്തിന്റെ പേരിൽ മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനു നേർക്ക് ഏറെ വിമർശനങ്ങൾ ഉയരുന്നു. കർഷകസമാശ്വാസം പോലും വിതരണം ചെയ്യാൻ മടിക്കുന്ന സർക്കാർ ഇത്രയും തുക ധൂർത്തടിക്കുകയാണെന്നതാണ് പ്രധാന ആരോപണം. അതോടൊപ്പംതന്നെ മുംബൈയിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസപ്പെടുമെന്ന വാദവും ശക്തമായി ഉയരുന്നു. ഇതിനിടെ, ശിവാജി സ്മാരകനിർമ്മാണത്തെ ഇത്രയധികം എതിർക്കപ്പെടേണ്ടെന്നും ടൂറിസം സാധ്യതകളടക്കം കണക്കിലെടുക്കുമ്പോൾ വൻ ലാഭം ഉണ്ടാകുന്ന പദ്ധതിയാണിതെന്നും ചൂണ്ടിക്കാട്ടുകയാണ് ബാലരാമ കൈമൾ. അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമയും സോളിലെ യുദ്ധസ്മാരകവും ഷിക്കാഗോയിലെ സയൻസ് പാർക്കും പാരീസിലെ ഈഫൽ ടവും ദുബായിലെ ഖുർജ് ഖലീഫയും എറണാകുളത്തെ സുഭാഷ് പാർക്കും ഒക്കെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ന്റെ വാദങ്ങൾ ഫേസ്‌ബുക്കിൽ വതരിപ്പിക്കുന്നത്. ബാലരാമ കൈമളുടെ പാസ്റ്റ് ചുവടെ.


ചിത്രത്തിൽ കാണുന്നത് ബുദ്ധന്റെ ചൈനീസ് സ്‌ത്രൈണഭാവമായി ആരാധിക്കപ്പെടുന്ന ഗുവാൻ യിൻ പ്രതിമയാണ്.

നിങ്ങൾ ലോകത്തിലെ പല സ്മാരകങ്ങളും മഹത്തായ നിർമ്മിതികളും കണ്ടിട്ടുണ്ടാകാം. ആരുമില്ലാത്തിടത്ത് ഏകാകിയായല്ല, പതിനായിരങ്ങളിൽ ഒരുവനായിട്ടായിരിക്കാൻ ആണ് സാധ്യത. സോളിലെ യുദ്ധസ്മാരകവും ഷിക്കാഗോയിലെ സയൻസ് പാർക്കും സീയേഴ്‌സ് ടവറുമൊക്കെ (വില്ലിസ് ടവർ) ക്യൂ നിന്നു ടിക്കറ്റെടുത്തായിരിക്കണം നിങ്ങൾ കണ്ടത്.
പതിനായിരങ്ങളും ലക്ഷങ്ങളും കാണാൻ വരുന്ന ലോകത്തെ പ്രമുഖങ്ങളായ മെമോറിയലുകൾ, സാരകങ്ങൾ, മ്യൂസിയങ്ങൾ, പ്രതിമകൾ എന്നിവയ്ക്ക് ടൂറിസത്തിൽ നിന്നുള്ള വരുമാനം ഒന്ന് കണക്കുകൂട്ടമോ? അവ ആദ്യം ഉണ്ടാക്കിയപ്പോഴത്തെ ചെലവും, ഇപ്പോൾ പ്രതിവർഷമുള്ള വരുമാനവും, ആ വരുമാനം അതാത് രാജ്യങ്ങളുടെ എക്കോണമിയിൽ പ്രത്യക്ഷത്തിലും പരോക്ഷമായും ചെലുത്തുന്ന സ്വാധീനവും എത്രയായിരിക്കും?

ഓർക്കണം, ഫ്രാൻസ് ഉണ്ടാക്കി അമേരിക്കയ്ക്ക് നൽകിയ സ്വാതന്ത്ര്യദേവി ആ നാടിന്റെ ബഹുവിധമായ വരുമാനോപാധികളിൽ ഒന്നാണ്, പ്രത്യക്ഷമായും പരോക്ഷമായും എത്രയോ പേർക്ക് ജീവസന്ധാരണോപാധിയാണ്, ഒപ്പം ന്യൂയോർക്കിന്റെയും അമേരിക്കയുടെയും പ്രതീകവുമാണ്. അതവിടെ ഉണ്ടായിരിക്കുന്നത് അമേരിക്കയ്ക്ക് വലിയ നേട്ടമാണ്.
അതേപോലെ പാരീസിലെ ഈഫൽ ടവറും.

ദുബായിലെ ബർജ് ഖലീഫ ഇന്ന് വിമർശിക്കപെടുയാണോ അതോ ആഘോഷിക്കപ്പെടുകയാണോ എന്നും ചിന്തിക്കണം.

നമ്മുടെ അടുത്തുള്ള ചിലത് കാണുക. മഹാരാജാസ് കോളേജിന്റെ മുന്നിലുള്ള സുഭാഷ് പാർക്കും, കുറച്ച് വടക്കുമാറിയുള്ള മഴവിൽ പാലവും ഗോശ്രീ പാലത്തിന്റെ ചുവടുവരെയെത്തുന്ന നടപ്പാതയും എറണാകുളത്തിന് നൽകുന്നത് ചെറുതായാലും വരുമാനവും പലർക്കുമുള്ള തൊഴിലുപാധിയും ഒപ്പം അനേകർക്ക് സന്തോഷവുമാണ്.

ഇതെല്ലാം പറയേണ്ടിവന്നത് ശിവജിപ്രതിമ സംബന്ധിച്ച പലപ്രതികരണങ്ങൾ കാണുന്നതിനാലാണ്. മഴവിൽപാലം കാണാനായി വരുന്നത് പ്രധാനമായും ഈ നാട്ടുകാരാണ്. അങ്ങോട്ട് അധികം വിദേശികൾ ഒഴുക്കില്ലായിരിക്കും. പക്ഷേ, ശിവജിയുടെയും പട്ടേലിന്റെയും മനോഹരങ്ങളായ ആ വലിയ സ്മാരകങ്ങൾ കാണാനും അവിടെ പലതും വാങ്ങാനുമായി ലോകത്തിലെ ചില ശതമാനം വിദേശികളും വലിയൊരു ശതമാനം സ്വദേശികളും ആ സ്ഥലങ്ങളിലേക്ക് എത്തികൊണ്ടിരിക്കും.
അതൊക്കെ തെറ്റാണോ? ആണെങ്കിൽ ടാജ് മഹലിന്റെ മുന്നിൽ ഫോട്ടോയെടുത്ത ഒബാമയും ആ പ്രണയകുടീരം നിർമ്മിച്ച ഷാജഹാനും ഒക്കെ തെറ്റുകാരല്ലേ?

ഭീമാകാരമായ ഒരൊറ്റ ശിവപ്രതിമ കാരണം എത്രയോ ടൂറിസ്റ്റുകൾ കർണാടകത്തിലെ മുരുടേശ്വറിൽ വരുന്നു. രാവണപ്രതിഷ്ഠിതമായ ആ ശിവക്ഷേത്രം അവിടെ ഉണ്ടെന്നുപോലും ആരും ഓർക്കുകയും ആ ഗ്രാമത്തെ അറിയുക പോലും ചെയ്യാത്ത കാലവുമുണ്ടായിരുന്നു. ഇന്ന് ആ വലിയ പ്രതിമ കാരണമുള്ള ആ പ്രദേശത്തിന്റെ വരുമാനം വലുതാണ്. അതവിടത്തെ ജനജീവിതത്തെ നേരിട്ടും അല്ലാതെയും ഗുണാത്മകമായി സ്വാധീനിക്കുന്നുമുണ്ട്.

നേരായ മാർഗ്ഗത്തിലുള്ള അത്തരം ആകർഷണങ്ങൾക്കായി കോടികൾ ചെലവിടുമ്പോൾ അതിന്റെ തിരിച്ചുള്ള വരുമാനം വളരെ വലുതാണ്. അവ നൂറ്റാണ്ടുകൾ നിലനിൽക്കുകയും ചെയ്യും. ടാജ് മഹലും ബൃഹദീശ്വരക്ഷേത്രവുമൊക്കെ എന്തുകാരണത്താൽ ഉണ്ടാക്കിയവയാണെങ്കിലും അവ ഇന്ന് രാജ്യത്തിന് മുതൽക്കൂട്ടാണ്. പന്തളം രാജാവ് പണ്ടുണ്ടാക്കിയ ഒരു കാനനക്ഷേത്രം മൂലമുള്ള പ്രത്യക്ഷവരുമാനത്തിന്റെ കണക്ക് കിട്ടണമെങ്കിൽ ദേവസ്വം ബോർഡിനോടും കെ. എസ്. ആർ. ടി. സി.യോടും ചോദിക്കുക.

പട്ടേലിന്റെയും ശിവജിയുടെയും വലിയ സ്മാരകങ്ങൾ ഉണ്ടാകുമ്പോൾ വിമർശിക്കപ്പെടേണ്ടത് അവ നിർമ്മിക്കാനുള്ള ഉദ്യമങ്ങളല്ല, മറിച്ച്, അവയുണ്ടാക്കപ്പെടാതെ പോയ ഇന്നലെകളാണ്.
നീലക്കുറിഞ്ഞി പൂക്കുമ്പോഴത്തെ ജനപ്രവാഹം കാണുന്ന കേരളം പഠിക്കേണ്ടത്, എങ്ങനെ അത്തരം ആളൊഴുക്കിനെ നിലനിർത്തണമെന്നും അതിൽ നിന്നും എങ്ങനെ വരുമാനം സ്വരൂപിക്കാമെന്നുമാണ്. നാം ചിന്തിക്കേണ്ടത്, നമ്മുടെ മറ്റു സാമ്പത്തിക പദ്ധതികൾക്കൊപ്പം കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഒരു വലിയ മോണുമെന്റ്, ഇന്നുള്ളവയിൽ നിന്നും വ്യത്യസ്തമായ ഒന്ന് എങ്ങനെ നമ്മുടെ സ്വന്തമാക്കി എടുക്കാമെന്നും അതിൽ നിന്നും സംസ്ഥാനഭരണത്തിന് എങ്ങനെ സാമ്പത്തിക നേട്ടം സൃഷ്ടിക്കാമെന്നുമാണ്. അത്തരമൊന്ന് ഒരേസമയം നമ്മുടെ വലിയൊരു വരുമാനമാർഗ്ഗവും ഒപ്പം അഭിമാന പ്രതീകവും ആകേണ്ടതുണ്ട്. അവയുടെ നിർമ്മാണം പ്രൊഫഷണലി മികച്ചതാകണം, അവയ്ക്ക് വേണ്ടുന്ന പെരുമ മാദ്ധ്യമങ്ങളിലും പരസ്യങ്ങളിലും നൽകാനുമാകണം. അവ രണ്ടിന്റെയും കുറവ്, വയനാട്ടിലെ പഴശ്ശികുടീരത്തിൽ കാണാനുണ്ട്. ബുദ്ധിപൂർവ്വം കുറവുകൾ നികത്തിയുള്ള, ജനങ്ങളെ ആകർഷിക്കുന്ന പലതും നമുക്കുണ്ടാകേണ്ടതായിരിക്കുന്നു.

അത്തരം ഒരു മോണുമെന്റ് മാത്രമാണോ നമുക്ക് വേണ്ടത് എന്നും ചോദ്യമുയരാം.
ഒരിക്കലുമല്ല, കെൽട്രോൺ പോലുള്ള കമ്പനികളെയും പരമ്പരാഗത വ്യവസായങ്ങളുടെ കേന്ദ്രങ്ങളെയും നമുക്ക് പഴയ പെരുമയിലേക്ക് ഉയർത്തേണ്ടതുണ്ട്, കൃഷിയെ ലാഭമാക്കേണ്ടതുണ്ട്, പുതിയ വ്യവസായങ്ങളും സംരംഭങ്ങളും ഇന്നാട്ടിൽ വേണ്ടതാണ്. ഗൾഫ് പണത്തിന്റെ കാലം കഴിയുമായിരിക്കാം. പക്ഷേ, നാളെ നമ്മൾ അറബികൾക്ക് വേണ്ടുന്ന സോഫ്‌റ്റ്‌വെയറുകളായും അരിയും പച്ചക്കറികളുമുൾപ്പെടുന്ന കാർഷികവിഭവങ്ങളെയും മറ്റു വ്യവസായോൽപ്പന്നങ്ങളായും അവന്റെ മുന്നിൽ സാന്നിധ്യമറിയിക്കണം.
ഒപ്പം ഇപ്പറഞ്ഞ സ്മാരകങ്ങൾ പോലുള്ള ടൂറിസത്തെയും അതിന്റെ പ്രത്യക്ഷ-പരോക്ഷവരുമാനങ്ങളെയും വർദ്ധിപ്പിക്കുന്ന കാര്യങ്ങളും വേണ്ടതുണ്ട്.

വീണ്ടും ഇവിടെ നൽകിയ ചിത്രത്തിലേക്ക് മടങ്ങി വരാം. ചിത്രത്തിൽ കാണുന്നത് ബുദ്ധന്റെ ചൈനീസ് സ്‌ത്രൈണഭാവമായി ആരാധിക്കപ്പെടുന്ന ഗുവാൻ യിൻ ആണ് എന്ന് ആദ്യം പറഞ്ഞല്ലോ. ഇത് ചൈനയിലാണ്. തെക്കൻ ചൈനാക്കടലിലെ ഒരു ദ്വീപിനെ അവർ വലിയൊരു ടൂറിസം കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. പ്രതിദിനം 15,000 പേർ അവിടെ സന്ദർശിക്കുന്നതായാണ് ചൈനീസ് ഔദ്യോഗികമാദ്ധ്യമായ സിൻഹുവയുടെ റിപ്പോർട്ട്. അന്നാട്ടിലെ ജനങ്ങളുടെ മുഴുവൻ പട്ടിണിയും പരിവട്ടവും കുടിവെള്ളപ്രശ്‌നവും അനാരോഗ്യവും മാറ്റിയിട്ടല്ല ചൈന ഇതുണ്ടാക്കിയത്. ആ പറഞ്ഞ കാര്യങ്ങളെ ഇല്ലാതാക്കാനും ജനങ്ങൾക്ക് ക്ഷേമം വരുത്താനുമുള്ള മൂലധനം സ്വരൂപിക്കുന്നതിനുള്ള ഒരുപാധികൂടിയായാണ്. അത്തരം പലതും ചൈനയിലും അതേപോലെ അനേകം രാജ്യങ്ങളിലുമുണ്ട്. അവയ്ക്ക് സാമ്പത്തിക ശാസ്ത്രത്തിന്റെയും സാംസ്‌കാരികതയുടെയും പശ്ചാത്തലമുണ്ട്. അവ ആവശ്യവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP