Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരഞ്ഞെടുപ്പ് കാലത്ത് മുളയ്ക്കുന്ന വിത്തുകളിലൊന്നാണ് കർഷക സ്നേഹം; കേരളത്തിൽ കിസാൻ സമ്മാൻ നിധിക്ക് അപേക്ഷിച്ചത് 12 ലക്ഷം പേർ; ഇത്രയും കർഷകർ കേരളത്തിലുണ്ടായിട്ടാണോ ഇതര സംസ്ഥാനങ്ങളിൽനിന്ന് കാർഷികോൽപ്പനങ്ങൾ വാങ്ങേണ്ടി വരുന്നത്; ഇതു വോട്ടിനുള്ള കൈക്കൂലിയും കർഷകരോടുള്ള അവഹേളനവുമാണ്: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു

തെരഞ്ഞെടുപ്പ് കാലത്ത് മുളയ്ക്കുന്ന വിത്തുകളിലൊന്നാണ് കർഷക സ്നേഹം; കേരളത്തിൽ കിസാൻ സമ്മാൻ നിധിക്ക് അപേക്ഷിച്ചത് 12 ലക്ഷം പേർ; ഇത്രയും കർഷകർ കേരളത്തിലുണ്ടായിട്ടാണോ ഇതര സംസ്ഥാനങ്ങളിൽനിന്ന് കാർഷികോൽപ്പനങ്ങൾ വാങ്ങേണ്ടി വരുന്നത്; ഇതു വോട്ടിനുള്ള കൈക്കൂലിയും കർഷകരോടുള്ള അവഹേളനവുമാണ്: ടോണി ചിറ്റിലപ്പിള്ളി എഴുതുന്നു

ടോണി ചിറ്റിലപ്പിള്ളി

ർഷകരുടെ നിലയ്ക്കാത്ത രോദനം ഇന്ത്യയുടെ ചങ്കു തകർക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാതെ കയറിലും കീടനാശിനിയിലുമൊക്കെ ഇന്ത്യൻ കർഷകരുടെ ജീവിതം പിടഞ്ഞുതീരുന്നു. ഒരു വർഷം ശരാശരി 12,000 കർഷകർ ആത്മഹത്യ ചെയ്യുന്നു എന്നാണ് ഔദ്യോഗിക കണക്ക്. 70 ശതമാനം ജനങ്ങളും ആശ്രയിക്കുന്ന കാർഷിക മേഖലയിൽ നിന്നാണ് നിലവിളി ഉയരുന്നത്. അത് കർഷക രോഷമായി രാജ്യമൊട്ടാകെ ഇരമ്പുകയാണ്. ഈ വർഷം കർഷക ആത്മഹത്യകൾ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.

കേരളത്തിലെ ഭൂരിപക്ഷം ജനതയുടെയും ജീവസന്ധാരണമാർഗ്ഗം കാർഷികമേഖല തന്നെയാണ്. കാർഷികേതര മേഖലകളിൽ അഭയം തേടിയവർക്കും ഒരു കൈത്താങ്ങായി കാർഷിക മേഖല വർത്തിക്കുന്നു. ജീവിതത്തിന്റെ അടിത്തട്ടിൽ കഴിയുന്ന ആദിവാസികളുടെയും ഹരിജന-പിന്നോക്ക വിഭാഗങ്ങളിലെ ഭൂരിപക്ഷം പേരുടെയും ജീവിതസംരക്ഷണത്തിന്റെ ഉറവിടം കാർഷികമേഖല തന്നെയാണ്. കാർഷികോല്പന്ന വിലയിടിവോടെ ഈ വിഭാഗത്തിന് തൊഴിൽനഷ്ടവും വരുമാനനഷ്ടവും സംഭവിക്കുന്ന സ്ഥിതി വന്നു. ഒരുവർഷം 8000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വില നഷ്ടം മൂലം കേരളത്തിൽ സംഭവിച്ചതോടെ, കാർഷിക മേഖലയിൽ ആത്മഹത്യകൾ നിത്യസംഭവമായി മാറി. 2001 മുതൽ 2006 വരെ 1400 ലധികം കൃഷിക്കാർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം.

സർക്കാർ 1000 ദിവസം തികയ്ക്കുമ്പോൾ കർഷക ആത്മഹത്യയുടെ എണ്ണവും കൂടുന്നു എന്നാണ് വസ്തുത. ഇടുക്കി, വയനാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് കർഷകർ ആത്മഹത്യ ചെയ്തത്. സർക്കാർ 1000 ദിവസം തികയ്ക്കുമ്‌ബോൾ കർഷക ആത്മഹത്യയുടെ എണ്ണവും കൂടുന്നു എന്നത് ഇടതുപക്ഷ സർക്കാരിന്റെ കർഷക അനുകൂല വാഗ്ദാന്ങ്ങൾക്ക മങ്ങലേൽപ്പിക്കുന്നു. ഇടുക്കി, വയനാട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് കർഷകർ ആത്മഹത്യ ചെയ്തത്. അഞ്ചുമാസത്തിനകം ഇടുക്കിയിൽ ഏഴും വയനാട്ടിൽ ആറും കണ്ണൂരിൽ ഒരു കർഷകനും ആത്മഹത്യ ചെയ്തെന്നാണ് കണക്ക്.പ്രളയാനന്തര വികസനത്തിൽ ശ്രദ്ധയൂന്നുന്ന കേരളം വയനാട്ടിലെയും ,ഇടുക്കിയിലെയും സമകാലിക കാർഷിക ആത്മഹത്യകൾ അത്യന്തം ഗൗരവമായി വീക്ഷിക്കേണ്ടതുണ്ട് .

കാർഷികമേഖല പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്നടിഞ്ഞപ്പോഴാണ് കർഷകർ ദുരിതക്കയത്തിലായത്. വെള്ളപ്പൊക്കത്തിൽ 5.91 ലക്ഷം ഏക്കറിലെ കൃഷി നശിച്ച് 18,545 കോടി നഷ്ടമുണ്ടായി. കൂടുതൽ നാശം സുഗന്ധവ്യഞ്ജന വിളക്കാണ്; 9753 കോടി. കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കാൻ 3.05 ലക്ഷം കർഷകരാണ് അപേക്ഷ നൽകിയത്. പ്രളയബാധിതപ്രദേശങ്ങളിലെ സഹകരണ ബാങ്കുകളിൽനിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളിൽനിന്നും എടുത്ത കാർഷികവായ്പകൾക്ക് 2018 ജൂലൈ 31 മുതൽ ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.എന്നാൽ, പ്രളയ ശേഷവും ബാങ്കുകൾ ജപ്തി നടപടി സ്വീകരിച്ചതായി സർക്കാറിന് പരാതി ലഭിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് മുളയ്ക്കുന്ന വിത്തുകളിലൊന്നാണ് കർഷക സ്നേഹം. ഭരിക്കുന്ന പാർട്ടികളാണ് ഈ സ്നേഹം പ്രകടിപ്പിക്കാൻ പദ്ധതികൾ പ്രഖ്യാപിക്കാറുള്ളത്. അവിരാമം തുടരുന്ന കർഷക ആത്മഹത്യകളെയൊന്നും കാണാത്ത കേന്ദ്ര സർക്കാർ കർഷകരെ സ്വാധീനിക്കാൻ പുതിയ പരിപാടിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പേരിലാണ് 75,000 കോടി രൂപ കർഷകർക്ക് നൽകാൻ പോകുന്നത്. വർഷത്തിൽ മൂന്നു ഗഡുക്കളായി 6000 രൂപ. ഉൽപാദനച്ചെലവ് കൂടുതലും ഉൽപന്നങ്ങളുടെ വില കുറവും എന്നതാണ് ഇന്ത്യയിലെ കർഷകർ നേരിടുന്ന വലിയ പ്രതിസന്ധി. ആറായിരം രൂപ കിട്ടിയാൽ തീരുന്ന ഒന്നല്ല ഈ പ്രതിസന്ധി.

കടം വാങ്ങിയും ലോണെടുത്തും കൃഷി ചെയ്ത ശേഷം തുച്ഛമായ പണത്തിന് ഉൽപ്പന്നങ്ങൾ വിൽക്കേണ്ടി വന്ന കർഷകരാണ് ഇന്ത്യയിൽ ആത്മഹത്യ ചെയ്തവരിൽ ഏറെയും. വർഷം ആറായിരം രൂപ കൊടുത്താൽ തീരുന്ന പ്രശ്നമല്ല ഇതെന്ന് തിരിച്ചറിയാഞ്ഞിട്ടാവില്ല. ആറായിരം രൂപ കിട്ടിയാൽ ജനത്തിനു മുഷിയില്ല എന്ന ധാരണ ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. വോട്ടിന് കൊടുക്കുന്ന കൈക്കൂലി ആണ് ഇതെന്നു പ്രതിപക്ഷം മാത്രമല്ല, കർഷകസംഘടനകളും കുറ്റപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വർഷം കർഷകർക്കു വേണ്ടി ഒന്നും ചെയ്യാതെ ഒടുവിൽ ആറായിരം കൊടുത്തു വോട്ടു ചോദിക്കുന്നത് വെറും നാടകമാണ്, അതു കർഷകരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതുമാണ്. കാർഷികോൽപ്പന്നത്തിന് ന്യായമായ വിലയാണ് കർഷകൻ ആവശ്യപ്പെടുന്നത്.

അർഹമായ വില എന്നതു കർഷകന്റെ അവകാശമാണ്. അതൊരു ഔദാര്യമായിക്കൂടാ. ഒരു കുടുംബത്തിന് ഒരു ദിവസം കഴിയാൻ 17 രൂപ കൊടുക്കുന്നത് ഭിക്ഷ തന്നെയാണ്. അത് മുഴുവൻ കർഷകരെയും അപമാനിക്കുന്നതിന് തുല്യമാണ്. അവരുടെ അദ്ധ്വാനത്തെ അവമതിക്കലാണ്. കടക്കെണിയിൽ അകപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് കർഷകരാണ് ആത്മഹത്യ ചെയ്തത്. ലക്ഷങ്ങൾ വായ്പയെടുത്ത് കണക്കെണിയിലായവരാണ് മിക്ക കർഷകരും. സർക്കാർ കൊടുക്കുന്ന രണ്ടായിരം രൂപക്ക് പലിശ അടക്കാൻ പോലും അവർക്ക് കഴിയില്ല. ദിവസം 46 കർഷകരെങ്കിലും ആത്മഹത്യ ചെയ്യുന്ന ഇന്ത്യയിലാണ് കർഷകരെ അപമാനിക്കുകയും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കണ്ണിൽ പൊടിയിടുകയും ചെയ്യുന്ന ഈ ഗിമ്മിക്ക് അരങ്ങേറുന്നത്. 2017ൽ മാത്രം ഇന്ത്യയിൽ ആത്മഹത്യ ചെയ്തത് 11400 കർഷകരാണ്.

ഉത്പാദന ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലും വില ഉത്പന്നങ്ങൾക്ക് ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം നൽകിയാണ് 2014ൽ ബിജെപി അധികാരത്തിലെത്തിയത്. എന്നാൽ അധികാരം കിട്ടിയ ശേഷം ഒരു ഘട്ടത്തിലും അതിനുള്ള നടപടികൾ സ്വീകരിച്ചില്ല. വരൾച്ചയും കൃഷിനാശവും മൂലമുണ്ടായ കടക്കെണിയാണ് ആത്മഹത്യകൾ പെരുകാൻ കാരണം. കരിമ്പ്, നെൽ കർഷകരാണ് ആത്മഹത്യ ചെയ്യുന്നതിൽ കൂടുതലും. 30 ശതമാനംവരെ കൊള്ളപ്പലിശയ്ക്ക് പണം കടംകൊടുക്കുന്ന പ്രാദേശിക ബ്ലേഡു സംഘങ്ങളുടെ പിടിയിലാണ് മിക്ക കർഷകരും.

വടക്കേ ഇന്ത്യയിൽ കർഷക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമ്പോൾ കേരളത്തിൽ സർക്കാരും വിവിധ പാർട്ടികളും കർഷകർക്കായി ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രധാന ആരോപണം.38 ദിവസത്തിനിടെ നാലു കർഷകർ ഇടുക്കിയിൽ ജീവനൊടുക്കി. സ്വപ്നങ്ങൾ നൽകി നട്ടുവളർത്തിയ കൃഷിയിടങ്ങളിലാണ് ഇവർ ജീവൻ ഉപേക്ഷിക്കുന്നത്. പ്രളയാനന്തര കെടുതികളും കേരളത്തിലെ കർഷക ആത്മഹത്യകൾക്ക് കാരണമാണ്. കഷ്ടപ്പെട്ട് കൃഷി ചെയ്തുണ്ടാക്കുന്ന ഉൽപന്നങ്ങളോടുള്ള ബഹുമാനമാണ് കർഷകർ ആഗ്രഹിക്കുന്നത്. രാജ്യത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കാൻ കഠിനാധ്വാനം ചെയ്യുന്ന കർഷകനെ രാജ്യം ബഹുമാനിക്കേണ്ടതുണ്ട്.സർക്കാരിനെ മാത്രം പഴി ചാരി രക്ഷപെടാൻ വോട്ടു തേടി എത്തുന്ന ഒരു രാഷ്ട്രീയ പാർട്ടികൾക്കും കഴിയില്ല .

കേരളത്തിൽ കിസാൻ സമ്മാൻ നിധിക്ക് ഇതിനകം അപേക്ഷിച്ചത് 12 ലക്ഷം പേരാണ്. ഇനിയും നിരവധി പേർ അപേക്ഷ നൽകാനുള്ള ക്യൂവിലാണ്. ഇത്രയും കർഷകർ കേരളത്തിലുണ്ടായിട്ടാണോ ഇതര സംസ്ഥാനങ്ങളിൽനിന്ന് കാർഷികോൽപ്പനങ്ങൾ വാങ്ങേണ്ടി വരുന്നത് എന്ന ചോദ്യം പ്രസക്തമാണ്. കൃഷിയൊന്നും ചെയ്യാത്ത അഞ്ചു സെന്റ് ഭൂമിയുള്ളവരും ഈ സഹായത്തിന് അർഹരാണെന്ന മട്ടിലുള്ള പ്രചാരണം നടക്കുന്നുണ്ട്. ഇതു വോട്ടിനുള്ള കൈക്കൂലിയും കർഷകരോടുള്ള അവഹേളനവുമാണ്. ഇനി അതു കൃഷിഭൂമിയാണ് എന്നു വാദിച്ചാൽത്തന്നെ ആരാണ് അവിടെ കൃഷി ചെയ്യുന്നത് എന്ന ചോദ്യം ബാക്കി നിൽക്കുന്നു. കൃഷി ചെയ്യാൻ സ്ഥലം പാട്ടത്തിനു നൽകിയാൽ ഉടമസ്ഥനാണോ പണം കിട്ടേണ്ടത്? കർഷകരുടെ യഥാർത്ഥ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാത്തതുകൊണ്ടാണ് ഇതൊരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രമാണെന്ന് പറയേണ്ടി വരുന്നത്. ആധുനികതയുടെ മലയാള കവി മുരുകൻ കാട്ടാക്കടയുടെ 'ഒരു കർഷകന്റെ ആത്മഹത്യാ കുറിപ്പ് 'നമ്മുടെ നാടിന്റെ കർഷകരുടെ ദയനീയ അവസ്ഥ വരച്ചു കാണിക്കുന്നു:

ഇതു പാടമല്ലെന്റെ ഹൃദയമാണ് ...
നെല്കതിരല്ല കരിയുന്ന മോഹമാണ്..ഇനിയെന്റെ കരളും പറിച്ചു കൊൾക..
പുഴയല്ല കണ്ണീരിനുറവയാണ് ...വറ്റി വരളുന്നതുയിരിന്റെ ഉറവയാണ്
ഇനിയെന്റെ ശാന്തിയുമെടുത്തു കൊൾക..
കതിരു കൊത്താൻ കൂട്ടുകിളികളില്ല
കിളിയകട്ടാൻ കടും താളമില്ല
നുരിയിട്ടു നിവരുന്ന ചെറുമി തൻ ചുണ്ടിൽ വയൽ പാട്ടു ചാർത്തും ചുവപ്പുമില്ല
നാമ്പുകളുണങിയ നുകപ്പാടിനോരത്ത് നോക്കുകുത്തി പലക ബാക്കിയായി
ഇനിയെന്റെ ഇനിയെന്റെ ഇനിയെന്റെ ചലനവുമെടുത്തു കൊൾക... ബോധവുമെടുത്തു കൊൾക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP