Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌കൂൾ വിദ്യാർത്ഥി ക്ലാസ്‌റൂമിൽ പാമ്പുകടിയേറ്റു മരിച്ചതിൽ ആരാണ് ഉത്തരവാദി? സ്‌കൂളിൽ മാളങ്ങൾ ഉള്ള കെട്ടിടം പണിതവരോ? അതോ കെട്ടിടങ്ങളിൽ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യേണ്ട സ്ഥാപന അധികൃതരോ? പിഴ സർക്കാരിന്റെ തലയിൽമാത്രം വെച്ചുകെട്ടാൻ പറ്റില്ല; മാറേണ്ടത് ആസൂത്രണം ചെയ്യാത്ത ഭരണയന്ത്രം എന്ന ദുർഭൂതത്തിന്റെ അടിമത്തം

സ്‌കൂൾ വിദ്യാർത്ഥി ക്ലാസ്‌റൂമിൽ പാമ്പുകടിയേറ്റു മരിച്ചതിൽ ആരാണ് ഉത്തരവാദി? സ്‌കൂളിൽ മാളങ്ങൾ ഉള്ള കെട്ടിടം പണിതവരോ? അതോ കെട്ടിടങ്ങളിൽ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യേണ്ട സ്ഥാപന അധികൃതരോ? പിഴ സർക്കാരിന്റെ തലയിൽമാത്രം വെച്ചുകെട്ടാൻ പറ്റില്ല; മാറേണ്ടത് ആസൂത്രണം ചെയ്യാത്ത ഭരണയന്ത്രം എന്ന ദുർഭൂതത്തിന്റെ അടിമത്തം

ജീ മലയിൽ

രു കുട്ടിയെ ഒരു സർക്കാർസ്‌കൂളിലെ ക്ലാസ്മുറിയിൽ വെച്ചു പാമ്പ് കടിച്ചതിനാൽ മരണപ്പെട്ടു. തികച്ചും ദാരുണവും അക്ഷന്തവ്യവും സംസ്‌കാരമുള്ള ഒരു ജനതയ്ക്ക് അപമാനമുണ്ടാക്കുന്നതുമായ കാര്യമാണത്. ആരാണ് ദുഃഖകരമായ ആ സംഭവത്തിന് ഉത്തരവാദി?

സ്‌കൂളിൽ മാളങ്ങൾ ഉണ്ടാകത്തക്കവണ്ണം കെട്ടിടം പണിതവർ, ക്ലാസ് മുറികളിൽ നിറയെ മാളങ്ങൾ ഉണ്ടായിട്ടും അവ മാറ്റാൻ നടപടിയെടുക്കാതിരുന്ന പ്രധാന അദ്ധ്യാപകൻ മുതൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ വരെയുള്ള മേലധികാരികൾ, അത്തരം സന്ദർഭങ്ങളിൽ ഉദ്യോഗസ്ഥർ ചെയ്യേണ്ടതെന്തെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ നല്കാതിരുന്ന സർക്കാർ വിദ്യാഭ്യാസവകുപ്പ്,

സർക്കാർ സ്‌കൂൾ കെട്ടിടങ്ങളിൽ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യേണ്ട സർക്കാർ കെട്ടിട വകുപ്പ്,

സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾക്ക് ഫണ്ട് അനുവദിക്കാത്ത സർക്കാർ ധനകാര്യവകുപ്പ്,

തക്ക സമയത്ത് ആശുപത്രിയിൽ എത്തിച്ചിട്ടും ശരിയായ ചികിത്സ കൊടുക്കാൻ പറ്റാതിരുന്ന സർക്കാർ ആരോഗ്യ വകുപ്പ്

തുടങ്ങി അവരെ നയിക്കുന്ന കേരള സർക്കാർ തന്നെയല്ലേ ആ കുട്ടിയുടെ രക്തത്തിന്റെ നിലവിളിക്ക് ഉത്തരം പറയേണ്ടവർ

അതേ, അവർ തന്നെ .

എങ്കിലും അതിനപ്പുറമായി മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്.

അവയെന്താണെന്നോ?
പറയാം.

അതിനുമുമ്പ് പറയട്ടെ, ആ സംഭവത്തിനു കാരണഭൂതമായ പിഴ ഇപ്പോഴത്തെ സർക്കാരിന്റെ തലയിൽമാത്രം വെച്ചുകെട്ടാൻ പറ്റില്ല. അവർ മാത്രമല്ല അതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്.

അടിസ്ഥാനപരമായി നമ്മുടെ ജനാധിപത്യപ്രസ്ഥാനങ്ങളിലെല്ലാം പിഴവുകൾ ഏറെയുണ്ട്.

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ നമ്മെ ഭരിച്ചുനശിപ്പിച്ച , നമ്മൾ തെരഞ്ഞെടുത്തയച്ച നമ്മുടെ മുൻസർക്കാറുകൾ മുകളിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് എന്തുത്തരങ്ങൾ നൽകും?

ആ ഉത്തരങ്ങൾക്കൊക്കെ അറിവുള്ള ജനങ്ങളിൽനിന്നും അവർക്കു കിട്ടുന്നത് പൂജ്യം മാർക്കുമായിരിക്കും. ജനങ്ങളുടെ കണ്ണിൽ ഭരണഘടനയ്ക്കു മുമ്പിൽ അവർ ചെയ്ത സത്യത്തിന്റെ സാക്ഷ്യമില്ലാത്ത ഭരണകൂടങ്ങൾ ആയിരുന്നില്ലേ, അവരൊക്കെയും? അതുകൊണ്ടല്ലേ നമ്മുടെ സർക്കാർവകുപ്പുകൾ വേണ്ടരീതിയിലും കാര്യക്ഷമമായും ഇന്നും പ്രവർത്തിക്കാത്തത്?

കാര്യങ്ങളും പ്രശ്‌നങ്ങളും മുൻകൂട്ടി കണ്ടുപ്രവർത്തിക്കുമ്പോഴാണ് ഒരു ഭരണം യഥാർത്ഥത്തിൽ ഭരണം ആകുന്നത്. നമ്മുടെ പ്രശ്‌നങ്ങൾ ഒന്നുംതന്നെ ഉടനെയൊന്നും നീങ്ങിപ്പോകില്ല. കാരണം നമ്മുടെ എല്ലാ സിസ്റ്റങ്ങളും എസ്റ്റാബ്ലിഷ്‌മെന്റുകളും തെറ്റായ അടിസ്ഥാനത്തിലാണ് ഉണ്ടാക്കിയതും പരിപാലിക്കുന്നതും. അവ ഇപ്പോഴും തെറ്റായ പാതയിലാണ് ചലിക്കുന്നതും.

നമ്മുടെ ജനാധിപത്യത്തിന്റെ ഉള്ളറകളിൽ ഒളിഞ്ഞുകിടക്കുന്നത് ഏറെയും നിരുത്തരവാദത്തിന്റ ഉറവിടങ്ങൾ ആണ്. അവിടം തിന്മയുടെ ആവാസകേന്ദ്രം കൂടിയാണ്. ജനനന്മ അവിടെ ലേശവുമില്ല. അങ്ങനെയുള്ള ഏതൊരു പ്രസ്ഥാനവും നിഷ്‌ക്രിയത്തിലേക്കും സ്വാർത്ഥതയിലേക്കും നയിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

പ്രശ്‌നങ്ങളെ മുൻകൂട്ടി കണ്ടു വേണ്ട മുൻകരുതലുകളും ആസൂത്രണവും ചെയ്യാനുള്ള ബുദ്ധിയും കഴിവുമുള്ള പ്രതിഭകൾ നമുക്കുണ്ട്. പക്ഷേ അവരൊക്കെയും നമ്മുടെ ജനാധിപത്യപ്രക്രിയകളിലെ നോക്കുകുത്തികൾ മാത്രമായി നില്‌ക്കേണ്ടിവരുന്നു.

ജനാധിപത്യത്തെ പുകഴ്‌ത്തുമ്പോൾ അതിനുള്ളിൽ നിറഞ്ഞുകിടക്കുന്ന ചങ്ങലകളെപ്പറ്റിയും ബോധവാന്മാരാകണം. നാം യഥാർത്ഥത്തിൽ ഇപ്പോഴും അടിമത്തത്തിലും ബന്ധനത്തിലും കുടുങ്ങിക്കിടക്കുന്നു. കാര്യങ്ങൾ മികവോടെ ആസൂത്രണം ചെയ്തുചെയ്യിക്കാത്ത ഭരണയന്ത്രം എന്ന ദുർഭൂതത്തിന്റെ അടിമത്തം.

ആ ദുർഭൂതം സർവ്വതിന്മകളുടെയും കളിക്കാരനും കാവൽക്കാരനും ആണ്. അവൻ ജനങ്ങളുടെ സർവ്വനാശവും ധർമ്മത്തിന്റെയും ധാർമ്മികബോധത്തിന്റെയും സർവ്വനാശവും ഗോപ്യമായി ആഗ്രഹിക്കുന്നു. സംസ്‌കാരമുള്ള ജനതയുടെ സ്വപ്നമായ ജനാധിപത്യസിദ്ധാന്തങ്ങളുടെ അവസാനത്തിനായി പ്രവർത്തിക്കുകയും അതിൽ ആനന്ദിക്കുകയും ചെയ്യുന്നു. ജനങ്ങളുടെമേൽ നീണ്ടുനീണ്ടുവരുന്ന അവന്റെ കരാളഹസ്തങ്ങളിൽ നിന്നൊരു വിടുതൽ ഇനിയും വളരെ ദൂരെയാണ്. അതിനായി കഠിനപ്രയത്‌നം തന്നെ വേണ്ടി വരും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP