Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുറക്കുന്നത് ചെറുതോണി ഡാമിലെ ജലസംഭരണിയുടെ ഷട്ടർ; വെള്ളം ആദ്യം എത്തുക ചെറുതോണി ടൗണിൽ; വെള്ളം കയറി കട്ടപ്പനയിലേക്കുള്ള റോഡിൽ ഗതാഗതം നിലയ്ക്കും; ബസ് സ്റ്റാൻഡിലും ജില്ലാ പഞ്ചായത്ത് പാർക്കിലുമൊക്കെ വെള്ളം കയറിയേക്കാം; തടിയമ്പാട് ചപ്പാത്തും വെള്ളത്തിൽ മുങ്ങും; ഇടുക്കി ഡാം തുറക്കുമ്പോൾ ഏതൊക്കെ മേഖലയെ ബാധിക്കും? ടി സി രാജേഷ് എഴുതുന്നു

തുറക്കുന്നത് ചെറുതോണി ഡാമിലെ ജലസംഭരണിയുടെ ഷട്ടർ; വെള്ളം ആദ്യം എത്തുക ചെറുതോണി ടൗണിൽ; വെള്ളം കയറി കട്ടപ്പനയിലേക്കുള്ള റോഡിൽ ഗതാഗതം നിലയ്ക്കും; ബസ് സ്റ്റാൻഡിലും ജില്ലാ പഞ്ചായത്ത് പാർക്കിലുമൊക്കെ വെള്ളം കയറിയേക്കാം; തടിയമ്പാട് ചപ്പാത്തും വെള്ളത്തിൽ മുങ്ങും; ഇടുക്കി ഡാം തുറക്കുമ്പോൾ ഏതൊക്കെ മേഖലയെ ബാധിക്കും? ടി സി രാജേഷ് എഴുതുന്നു

ടി സി രാജേഷ്

മുല്ലപ്പെരിയാറിനു ശേഷം ഇടുക്കിയിലെ വെള്ളം? മാധ്യമങ്ങളിൽ നിറയുകയാണ്. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഇടുക്കിയിലെ സുഹൃത്തുക്കലേയും ബന്ധുക്കളേയും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജീവിക്കുന്നത് തിരുവനന്തപുരത്താണെങ്കിലും ഊര് അങ്ങ് ഇടുക്കിയിലാണ്.

നിറഞ്ഞുകിടക്കുന്ന ഇടുക്കി ഡാം നിങ്ങൾ കണ്ടിട്ടുണ്ടോ? അതൊരു സുന്ദര കാഴ്ചയാണ്. ഡാമിൽ നല്ലരീതിയിൽ വെള്ളമുള്ളപ്പോൾ കുട്ടിക്കാനം- കട്ടപ്പന റൂട്ടിൽ പോയാൽ പോലും ആ കാഴ്ചകാണാം. വെള്ളിലാങ്കണ്ടത്ത്, കേരളത്തിലെ ഏക മൺചപ്പാത്തിന് ഇരുവശത്തുമായി വെള്ളമങ്ങനെ നിറഞ്ഞുപരന്നുകിടക്കും. കുറേ വർഷമായി ആ കാഴ്ച ഇല്ലാതായിട്ട്. ഇത്തവണ അതുണ്ട്. അണക്കെട്ട് തുറന്നുവിട്ടാലും ഓണാവധിക്കു നാട്ടിൽ പോകുമ്പോൾ വെള്ളിലാങ്കണ്ടത്തെ വൃഷ്ടിപ്രദേശം നല്ല കാഴ്ച സമ്മാനിക്കുമെന്നുറപ്പാണ്.

അതവിടെ നിൽക്കട്ടെ. ഇടുക്കിയിൽ പലയിടത്തും ആളുകളിൽ ചെറിയതൊതിലെങ്കിലും പരിഭ്രാന്തിയുണ്ട്. പലയിടത്തും ആളുകൾ കൂട്ടം കൂടി തുടങ്ങിയിരിക്കുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. പെരിയാർ കയ്യേറി വീടുവച്ച് താമസമാക്കിയവരെയൊക്കെ ഒഴിപ്പിച്ചുകഴിഞ്ഞു. പൊലീസും ഫയർഫോഴ്‌സും റവന്യു അധികൃതരുമൊക്കെ കനത്ത ജാഗ്രതയിലാണ്. ആളുകൾ പറഞ്ഞാൽകേട്ടാൽ മതി. ചെറുതോണി പട്ടണത്തിൽ നിന്ന് കട്ടപ്പനയിലേക്കുള്ള റോഡിൽ ഗതാഗതം നിലയ്ക്കുമെന്ന് ഉറപ്പാണ്. തടിയമ്പാട് ചപ്പാത്തും വെള്ളത്തിൽ മുങ്ങും. കരിമ്പനിൽ നിന്ന് വിമലിഗിരിയിലേക്കുള്ള റോഡിൽ വലിയൊരു പാലം വന്നതാണ് ആശ്വാസം. കുറച്ചു കിലോമീറ്ററുകൾ കറങ്ങേണ്ടിവന്നാലും അതിലേ വാഹനങ്ങളെ വഴിതിരിച്ചുവിടാനാകും. അതിനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

ഇടുക്കി ജലസംഭരണിക്ക് മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇടുക്കി ആർച്ച് ഡാം, കുളമാവ് ഡാം, ചെറുതോണി ഡാം. ഇതിൽ കുളമാവ് ഡാമിനു മുകളിലൂടെയാണ് കട്ടപ്പന-തൊടുപുഴ റോഡും വാഹനഗതാഗതവും. മറ്റും രണ്ടു ഡാമിലും ഗതാഗതം അനുവദിച്ചിട്ടില്ല. ചെറുതോണി ഡാമിലാണ് ജലസംഭരണിയുടെ ഷട്ടറുകളുള്ളത്. അതാണ് തുറന്നുവിടുക. ഷട്ടർ തുറന്നാൽ വെള്ളം ആദ്യം എത്തുക ചെറുതോണി ടൗണിൽ തന്നെയാണ്. ഇടുക്കിയിൽ നിന്ന് ചെറുതോണി ടൗണിലേക്കു പ്രവേശിക്കുന്നിടത്തെ പാലം വളരെ താഴ്ന്നതാണ്. അത് വെള്ളത്തിൽ മുങ്ങുമെന്നുറപ്പ്. അതോടൊപ്പം ചെറുതോണി ബസ് സ്റ്റാൻഡിലും ജില്ലാ പഞ്ചായത്ത് നിർമ്മിച്ച് പാർക്കിലുമൊക്കെ വെള്ളം കയറിയേക്കാം.

1992നു ശേഷം പെരിയാറിന് വീതി ഏറെ കുറഞ്ഞുവെന്നതാണ് വാസ്തവം. കയ്യേറ്റങ്ങളാണ് ഏറെയും. പലയിത്തും കര കെട്ടിയെടുത്തുകഴിഞ്ഞു. ഇടുക്കി ഡാം ഇനിയൊരു തുറന്നുവിടലുണ്ടാകില്ലെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം ഇത്. എന്തായാലും ഇതൊരു വൃത്തിയാക്കൽ കൂടിയാണ്. വെള്ളം ഒഴുകിയിറങ്ങിക്കഴിഞ്ഞാൽ അത്തരം സ്ഥലങ്ങളിൽ വീണ്ടും കൂടുകൂട്ടാൻ ആളുകളൊന്നു മടിക്കുമെന്നു കരുതാം.

ഇടുക്കിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ വലിയ കാലവർഷങ്ങളിലൊന്നുതന്നെയാണിത്. സാധാരണയായി തുലാവർഷക്കാലത്ത്- സെപ്റ്റബർ, ഒക്ടോബർ മാസങ്ങളിലാണ് ഇടുക്കിയിൽ ഡാമുകൾ നിറഞ്ഞിരുന്നത്; ഇടുക്കിയായാലും മുല്ലപ്പെരിയാറായാലും. 2011ൽ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടിയിലെത്തുകയും വെള്ളം സ്പിൽവേ കവിഞ്ഞ് പെരിയാറിലൂടെ ഇടുക്കി ജലസംഭരണിയിലെത്തുകയും ചെയ്തിരുന്നു. അതൊക്കെ തുലാവർഷക്കാലമായിരുന്നു. ഇപ്പോൾ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടിവരെയാക്കി ഉയർത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവിടെ നിന്ന് സ്പിൽവേ കവിഞ്ഞ് ഉടനെയെങ്ങും വെള്ളം ഇടുക്കി ജലസംഭരണിയിലേക്കെത്തില്ല. പക്ഷേ, ഇപ്പോഴത്തെ അതേ രീതിയിൽ മഴ തുടരുകയും തുലാവർഷവും 'കനിഞ്ഞനുഗ്രഹിക്കാൻ' തീരുമാനിക്കുകയും ചെയ്താൽ ഇടുക്കിയിലെ സ്ഥിതി മോശമാകും. താങ്ങാനാകാത്തത്ര ജലം അണക്കെട്ടുകളെ നിറയ്ക്കും. ഇതുപോലുള്ള മഴയത്ത് പണ്ടൊക്കെ ഉരുൾപൊട്ടലുകൾ പതിവായിരുന്നെങ്കിലും ഇത്തവണ അത്തരമൊരു അപകടം ഉണ്ടായില്ലെന്നത് ഭാഗ്യം. വെള്ളം മണ്ണിൽ താഴുകയല്ല, ഒഴുകിപ്പരക്കുകയാണെന്നതിന്റെ മറ്റൊരു തെളിവാണത്.

എറണാകുളം നിവാസികൾ ജാഗ്രത പാലിക്കുക. പെരിയാർ വീണ്ടും നിറയാൻ പോകുകയാണ്. കനത്ത മഴയത്ത് കരകവിഞ്ഞ പെരിയാറിലേക്ക്, ഇടുക്കിയിൽ ഇതുവരെ പിടിച്ചുനിറുത്തി സഹായിച്ചതിൽ ഒരു പങ്ക് വെള്ളം കൂടി കൂലംകുത്തി ഒഴുകാൻ തയ്യാറെടുക്കുകയാണ്. ഇടുക്കിയും എറണാകുളവും തമ്മിലുള്ള ബന്ധം ഒന്നുകൂടി ദൃഢമാകുകയാണ്....

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP