Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീകളുടെ ചേലാകർമ്മം; ഇസ്ലാമിക വിധി പറയുന്നത് എന്താണ്? വിമർശകർ തെറ്റിദ്ധരിപ്പിക്കുന്നത് പോലെയുള്ള ഒരു ക്രൂര കൃത്യമല്ല ഇസ്ലാം നിഷ്‌കർഷിക്കുന്ന ചേലാകർമ്മം: അബൂബക്കർ സഖാഫി അരീക്കോട് എഴുതുന്നു..

സ്ത്രീകളുടെ ചേലാകർമ്മം; ഇസ്ലാമിക വിധി പറയുന്നത് എന്താണ്? വിമർശകർ തെറ്റിദ്ധരിപ്പിക്കുന്നത് പോലെയുള്ള ഒരു ക്രൂര കൃത്യമല്ല ഇസ്ലാം നിഷ്‌കർഷിക്കുന്ന ചേലാകർമ്മം: അബൂബക്കർ സഖാഫി അരീക്കോട് എഴുതുന്നു..

 മുസ്ലിംകളുടെ വിശ്വാസ പ്രകാരം ഭൗതികലോകം എന്നത് അല്ലാഹുവിന്റെ പരമാധികാരത്തിനു കീഴിൽ വരുന്ന ഒന്നാണ്. സൃഷ്ടികളായ മനുഷ്യന് അതിന്റെ മേൽ അയഥാർത്തവും താത്കാലികവുമായ അവകാശങ്ങൾ മാത്രമേ ഉള്ളൂ. ഭൂമിയിൽ തോന്നുന്നത് പോലെ നിയമങ്ങൾ നിർമ്മിക്കാനുള്ള അവകാശം മനുഷ്യനില്ല. അല്ലാഹുവിന്റെ പരമാധികാരം ശരീഅത്ത് നിയമങ്ങളിലൂടെ നടപ്പിൽ വരുത്താനേ മനുഷ്യന് അനുമതിയുള്ളൂ. അതുകൊണ്ട് തന്നെ മുസ്ലിംകൾക്ക് മറ്റെല്ലാ ലൗകിക നിയമങ്ങളെക്കാളും ശാസ്ത്രങ്ങളെക്കാളും വലുത് ശരീഅത്ത് തന്നെയാണ്. അല്ലാഹുവിന്റെ നിയമങ്ങളില്ലാത്ത മറ്റെല്ലാ നിയമങ്ങളും സൃഷ്ടികൾ നിർമ്മിച്ചവയാണ് എന്നതുകൊണ്ട് തന്നെ അതിനൊരുപാട് പരിധികളും പരിമിതികളും കുറ്റങ്ങളും കുറവുകളും ഉണ്ടാകും.അല്ലാഹുവിന്റെ നിയമങ്ങളുടെ യുക്തിയും ശാസ്ത്രീയതയും മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ 'സൃഷ്ടി' എന്ന നിലക്കുള്ള അവന്റെ പരിമിതിയായിട്ട് മാത്രമേ അതിനെ കാണാനാകൂ.

ഇപ്പോൾ ചില മീഡിയകൾ ഇസ്ലാമിലെ സ്ത്രീകളുടെ ചേലാകർമ്മത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന സ്റ്റോറികൾ എഴുതുകയും വേറെ ചില എട്ടുകാലി മമ്മൂഞ്ഞുകൾ കാളപെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തോടുകയും (ഗോദ്‌റേജിന്റെ പൂട്ടും) ചെയ്യുന്ന സ്ഥിതി വിശേഷത്തിൽ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് ഇത്രയും ആമുഖമായി ഓർമ്മപ്പെടുത്തുകയാണ്. ഇതേപറ്റി ആധികാരികമായി ഒന്നുമറിയാതെ അഭിപ്രായ പ്രകടനം നടത്തുന്നവർക്ക് വേണ്ടി അതേ പറ്റിയുള്ള ഇസ്ലാമിക കാഴ്ചപ്പാടുകൾ ചുരുക്കി വിവരിക്കുന്നു.

സ്ത്രീകളുടെ ചേലാകർമ്മം; ഇസ്ലാമിക വിധി?

ഇസ്ലാമിക ശരീഅത്തിൽ സ്ത്രീകൾക് ചേലാകർമ്മം ചെയ്യൽ നിർബന്ധമാണെന്നും സുന്നത്താണെന്നുമുള്ള രണ്ട് അഭിപ്രായങ്ങളാണ് പണ്ഡിത ലോകത്തുള്ളത്. എന്തായാലും ഇതിനെ നിരുത്സാഹപ്പെടുത്തുന്ന മൂന്നാമതൊരഭിപ്രായം ഇസ്ലാമിക ലോകത്തില്ല. ഫത്ഹുൽ മുഈൻ, തുഹ്ഫ തുടങ്ങിയ എല്ലാ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും വ്യക്തമായി അതിന്റെ രീതികളും മാർഗങ്ങളും പ്രതിപാദിക്കുന്നുണ്ട്. തിരുവചനങ്ങളുടെയും ഖുർആൻ ആയതുകളുടെയും വെളിച്ചത്തിൽ അതിന്റെ ആവശ്യകതയും അതുകൊണ്ട് -ലൈംഗിക ജീവിതത്തിലടക്കം- ഉണ്ടാകുന്ന നേട്ടങ്ങളും കർമ്മശാസ്ത്ര വിശാരദന്മാർ പഠിപ്പിക്കുന്നുണ്ട്.

എങ്ങനെ, എപ്പോൾ ചെയ്യണം?

പ്രായപൂർത്തിയും വിവേകവുമായ ശേഷമാണ് ഇത് നിർബന്ധമാവുന്നതെങ്കിലും പ്രസവിച്ചതിന്റെ ഏഴാം നാൾ തന്നെ ചേലാകർമം നിർവഹിക്കൽ സുന്നത്താണ്. ഏഴ് ദിവസം ആകുന്നതിനു മുമ്പ് ചെയ്യൽ കറാഹത്തുമാണ്.

വിമർശകർ തെറ്റിദ്ധരിപ്പിക്കുന്നത് പോലെയുള്ള ഒരു ക്രൂര കൃത്യമൊന്നുമല്ല ഇസ്ലാം നിഷ്‌കർഷിക്കുന്ന ചേലാകർമ്മം. സ്ത്രീകളുടെ ഭഗശിശ്‌നികയുടെ വളരെ ചെറിയൊരു ഭാഗം നീക്കം ചെയ്യലാണ് ഇസ്ലാമിലെ സ്ത്രീകളുടെ ചേലാകർമ്മം. അതും പ്രയാസമാകുന്ന ആരോഗ്യ സാഹചര്യമുള്ളവർ പ്രസ്തുത അവസ്ഥയിൽ ചേലാകർമ്മം ചെയ്യേണ്ടതുമില്ല. പിന്നീട് ആരോഗ്യാവസ്ഥയിൽ ചെയ്താൽ മതിയാകും.

ഭഗശിശ്‌നികയിൽ നിന്ന് മുറിക്കുമ്പോൾ പരിധി വിടരുത്, വളരെ ചെറിയൊരു ഭാഗം മാത്രമേ മുറിക്കാവൂ എന്ന് മുത്ത്‌നബി നിർദ്ദേശിച്ചതായി ഹദീസുകളിൽ കാണാം. അതിന്റെ ഗുണങ്ങളെ കുറിച്ചും തിരുനബി പഠിപ്പിക്കുന്നു. ഇപ്രകാരം ചേലാകർമ്മം ചെയ്താൽ ലൈംഗിക ബന്ധത്തിൽ കൂടുതൽ സംതൃപ്തിയു സന്തോഷവും ലഭിക്കുമെന്നും സ്ത്രീയുടെ മുഖത്തിന് പ്രസരിപ്പും ഊർജ്ജസ്വലതയും വർദ്ധിക്കുമെന്നും തിരുവചന പാഠങ്ങളുണ്ട്. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ശാസ്ത്രം ഖുർആനും ഹദീസുകളുമൊക്കെ തന്നെയാണ്. ഇസ്ലാം പഠിപ്പിക്കുന്ന പുരുഷന്മാരുടെ ചേലാ കർമ്മവും ഒരുപാട് കാലം ശാസ്ത്രത്തിന് അപരിഷ്‌കൃതം തന്നെയായിരുന്നല്ലോ. അതിന്റെ ഗുണങ്ങളെ ശാസ്ത്രം തിരിച്ചറിഞ്ഞ് തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ്. ഇതൊക്കെ ആധുനി ശാസ്ത്രത്തിന് തിരിയണമെങ്കിൽ ഇനിയും നൂറ്റാണ്ടുകളെടുത്തേക്കാം.

വല്ല ഉഗാണ്ടയിലോ ആഫ്രിക്കയിലോ നടക്കുന്ന ക്രൂരമായ ജനനേന്ദ്രിയ ഛേദനങ്ങളുമായി താരതമ്യം ചെയ്താണ് പലരും ഇസ്ലാമിന്റെ ചേലാകർമ്മത്തെ അധിക്ഷേപിക്കുന്നത്. ഇത്തരം വിമർശനങ്ങൾ കേവലം ഇസ്ലാം വിരുദ്ധതയുടെയോ ഇസ്ലാം പേടിയുടെയോ അനുരണങ്ങളാണ്.

ചില 'മതേതരരൊക്കെ' ഇസ്ലാമിക ആചാരങ്ങളെ മനപ്പൂർവ്വം കരിവാരിത്തേയ്ക്കാൻ മത്സരിക്കുന്നത് പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഏതാനും മാസങ്ങൾക് മുമ്പ് ഒരു രാഷ്ട്രീയ പ്രവർത്തക 'ഇദ്ദ'യുമായി ബന്ധപ്പെട്ട് മുസ്ലിംകളെ കുറിച്ച് ഇല്ലാത്ത അനാചാരങ്ങൾ കെട്ടിച്ചമച്ച് വർഗീയ വിഷം ചീറ്റുന്ന പ്രചാരണം നടത്തിയിരുന്നു. അന്ന് എനിക്ക് പരിചയമുള്ള ഒരു സുഹൃത്ത് അവരെ വിളിച്ച് ഫത്ഹുൽ മുഈനിൽ നിന്നുള്ള ഉദ്ധരണികൾ സഹിതം ആ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കേരളത്തിലെ സമാധാന അന്തരീക്ഷത്തിൽ വിഷം ചീറ്റരുതെന്നും ഓർമ്മപ്പെടുത്തിയിട്ടും അവർ അത് തുടർന്നതായാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ, പലതും സത്യാവസ്ഥ അറിയാത്തതു കൊണ്ടല്ല , മനപ്പൂർവ്വം മൂടി വെച്ച് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

അബൂബക്കർ സഖാഫി അരീക്കോട്
(ഡയരക്ടർ-മഅദിൻ സ്‌കൂൾ ഓഫ് ഖുർആൻ, മലപ്പുറം)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP