Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാസമുറയുടെ സമയമാണ് എനിക്കിപ്പോൾ; പാഡ് വാങ്ങാനുള്ള പണം പോലും കൈയിലില്ല; എന്തുചെയ്യും? എഴുരൂപയ്ക്ക് സൂചി വാങ്ങാൻ പണമില്ലാതെ ആശുപത്രിയിൽ നിന്ന് ഒളിച്ചുകടക്കേണ്ടി വന്ന ഒരു മാധ്യമ പ്രവർത്തകന്റെയും ഭാര്യയുടെയും വേദനയും നിങ്ങൾക്ക് മനസ്സിലാവില്ല; ഇനി നിങ്ങൾ ധീരരായി മാർച്ച് ചെയ്‌തോളൂ; കെ യു ഡബ്ലു ജെ വായ് നോക്കികൾ വായിച്ചറിയാൻ: എം എസ് സനിൽ കുമാർ എഴുതുന്നു

മാസമുറയുടെ സമയമാണ് എനിക്കിപ്പോൾ; പാഡ്  വാങ്ങാനുള്ള പണം പോലും കൈയിലില്ല; എന്തുചെയ്യും? എഴുരൂപയ്ക്ക് സൂചി വാങ്ങാൻ പണമില്ലാതെ ആശുപത്രിയിൽ നിന്ന് ഒളിച്ചുകടക്കേണ്ടി വന്ന ഒരു മാധ്യമ പ്രവർത്തകന്റെയും ഭാര്യയുടെയും വേദനയും നിങ്ങൾക്ക് മനസ്സിലാവില്ല; ഇനി നിങ്ങൾ ധീരരായി മാർച്ച് ചെയ്‌തോളൂ; കെ യു ഡബ്ലു ജെ വായ് നോക്കികൾ വായിച്ചറിയാൻ: എം എസ് സനിൽ കുമാർ എഴുതുന്നു

എം എസ് സനിൽകുമാർ

കെ യു ഡബ്ലു ജെ വായ്നോക്കികൾ വായിച്ചറിയാൻ

ബിജെപി സർക്കാർ നടപ്പാക്കുന്ന തൊഴിൽ നയത്തിനെതിരായ ഇന്നത്തെ സമരത്തിന് നിങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതായറിഞ്ഞു. മാർച്ചും നടത്തുന്നു. മഹാനായ കേസരിയുടെ പേരിലുള്ള കെട്ടിടത്തിന് മുന്നിൽ ഇക്കാര്യങ്ങൾ എഴുതി ഫ്‌ളക്‌സും വച്ചതായി സുഹൃത്തുക്കൾ വിളിച്ചുപറഞ്ഞു. നല്ല കാര്യമാണ്. മാർച്ചിന് പോകുന്ന ധീര കേസരികൾ വായിച്ചറിയാൻ ഒരു ചെറു കുറിപ്പ്.

ഒരു സംഭവം
........................................
മലയാള മാധ്യമലോകത്തെ വിപ്ലവപ്പൂവ് നടത്തുന്ന ചാനലിന്റെ ഡസ്‌ക്. മാസങ്ങളായി ശമ്പളമില്ലാത്ത ജീവനക്കാർ മരിച്ചിരുന്നു പണിയെടുക്കുന്നു.അപ്പോൾ ഔട്ട്പുട്ടിന്റെ ചുമതലയുള്ള മാധ്യമപ്രവർത്തകന്റെ മൊബൈലിലേക്ക് ഒരു കോൾ . വീട്ടിൽ നിന്നാണ്. ഭാര്യ. ശ്വാസംമുട്ട് കലശൽ. തീരെ വയ്യ.ആശുപത്രിയിൽ പോകണം. ജോലിയുടെ തിരക്കിലായതിനാൽ ഭാര്യയോട് നേരെ ആശുപത്രിയിലേക്ക് പോകാൻ പറഞ്ഞു ജേർണലിസ്റ്റ്. ഓട്ടോ പിടിച്ചു പോകണമെന്ന് നിർദ്ദേശം. അപ്പോൾ ഭാര്യയുടെ മറുപടി...എന്റെ കയ്യിൽ പത്ത് രൂപയേയുള്ളൂ. അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് ബസ്സിൽ പോകാൻ ഭർത്താവിന്റെ മറുപടി. .അങ്ങനെ ഭാര്യ ബസ്സിൽ പോയി. ഭർത്താവ് പോക്കറ്റിൽ തപ്പി ഒന്നുമില്ല . ആശുപത്രിയിലേക്ക് പോകണമല്ലോ. ബൈക്കുണ്ട്.പക്ഷെ കഷ്ടി ഒരു കിലോമീറ്റർ പോകാനുള്ള പെട്രോളെ ഉള്ളൂ.

അതും തലേദിവസം ഓഫീസിലെ മറ്റൊരാളിൽ നിന്ന് കടം വാങ്ങിയ പൈസ കൊണ്ട് അടിച്ചത്. വിഷണ്ണനായി ഇരിക്കുമ്പോൾ വീണ്ടും ഭാര്യയുടെ കോൾ. ശ്വാസം മുട്ട് കൂടുതൽ.ആശുപത്രിയിൽ ഒരു ഇഞ്ചക്ഷൻ എടുക്കണം.വേഗം ആശുപത്രിയിൽ എത്തണം. ഭർത്താവ് സഹപ്രവർത്തകന്റെ ബൈക്ക് കടം വാങ്ങി ആശുപത്രിയിലേക്ക് കുതിച്ചു. അവിടെയെത്തി.ഭാര്യ ഇഞ്ചക്ഷൻ എടുത്ത് കിടക്കുന്നു. ആശ്വാസമുണ്ട്.അൽപ്പം കഴിഞ്ഞ് ഡോക്ടർ എത്തി വീട്ടിൽ പോയിക്കൊള്ളാൻ നിർദ്ദേശിച്ചു. അപ്പോൾ നേഴ്‌സ് ഒരു ബില്ലുമായി വന്നു.ഏഴുരൂപയുടെ ഒരു സിറിഞ്ചു ഇഞ്ചക്ഷനായി ഉപയോഗിച്ചിട്ടുണ്ട്. അത് തിരിച്ചുവാങ്ങികൊടുക്കണം.

മാധ്യമപ്രവർത്തകൻ ഞെട്ടി.കൈയിൽ അഞ്ചു പൈസ ഇല്ല. സർക്കാർ ആശുപത്രി ആയതിനാൽ കാശ് ആകില്ലെന്ന് വിചാരിച്ചു.പക്ഷെ എഴു രൂപ വേണം.ഭർത്താവ് ഭാര്യയോട് കാര്യം പറഞ്ഞു.ഏ ടി എം ഒക്കെ കൈയിലുണ്ട്.പക്ഷെ അക്കൗണ്ടിൽ നയാ പൈസ ഇല്ല. ഒടുവിൽ രണ്ടാളും കൂടി നേഴ്‌സ് കാണാതെ ബൈക്കിൽ ആശുപത്രിയിൽ നിന്നും മുങ്ങി.

ഇതേ ചാനൽ..വാട്ട്സ് ആപ്പിലെ സന്ദേശം
.............................................................................

രാവിലെ ചാനലിലെ ജീവനക്കാരുടെ വാട്ട് സ് ആപ്പ് ഗ്രൂപ്പിൽ ഒരു സന്ദേശം. വനിതാ മാധ്യമ പ്രവർത്തകയാണ് പോസ്റ്റ് ഇട്ടത്. താമസിക്കുന്ന വീടിന്റെ വാടക കൊടുത്തിട്ട് മൂന്നുമാസമായി.വീട്ടുടമസ്ഥൻ ഇറങ്ങിപ്പോകാൻ പറഞ്ഞു. മാസമുറയുടെ സമയമാണ് എനിക്കിപ്പോൾ. പാഡ് വാങ്ങാനുള്ള പണം പോലും കൈയിലില്ല. എന്തുചെയ്യും?

മനുഷ്യാവകാശങ്ങളുടെ കുത്തകക്കാരായ പത്രത്തിലെ സംഭവം
......................................................................................................................

രണ്ടര വർഷമായി ജോലി ചെയ്യുന്ന വനിതാ സബ് എഡിറ്റർ ഗർഭിണി ആയി. പ്രസവാവധിയിൽ പോയി. പ്രസവം കഴിഞ്ഞ് തിരിച്ചെത്തിയ അവരെ എഡിറ്റർ വിളിച്ചുവരുത്തി. നിങ്ങളുടെ ഇത് വരെയുള്ള സർവീസ് റദ്ദാക്കിയിരിക്കുന്നു.ഇന്ന് മുതൽ പുതിയ എംപ്ലോയീ കോഡിൽ ജോലിക്ക് കയറണം.ശമ്പളം തുടക്കക്കാരന്റെ. സബ് എഡിറ്റർ ചെയ്ത കുറ്റം...പ്രസവിച്ചു. ജോലിയിൽ പ്രവേശിക്കുമ്പോൾ രണ്ട് വർഷമാണ് പരിശീലനകാലയളവായി പറയുന്നത്. ഇത് പൂർത്തിയാവാൻ ഒന്നോ രണ്ടോ മാസം ബാക്കിയുള്ളപ്പോൾ പ്രസവാവധിയിൽ പോവുന്ന വനിതാമാധ്യമപ്രവർത്തകരോടാണ് പുതിയ എംപ്ലോയി കോഡിൽ വീണ്ടും രണ്ടുവർഷം പരിശീലനത്തിൽ തുടരാൻ ആവശ്യപ്പെടുന്നത്. തുഛമായ വേതനമാണ് പരിശീലനകാലയളവിൽ നൽകുന്നത്. ഈ തുകക്ക് ജോലിചെയ്യിപ്പിക്കുക, നിയമപ്രകാരമുള്ള മറ്റു ആനുകൂല്യങ്ങൾ നൽകേണ്ടതില്ല തുടങ്ങിയവയാണ് ഇതിലൂടെ മാനേജ്മെന്റ് ലക്ഷ്യം വക്കുന്നത്. പ്രസവാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ച് ഒന്നരവർഷമായിട്ടും പ്രബേഷൻ നൽകിയതായി യാതൊരറിയിപ്പും ലഭിക്കാതെ ജോലിചെയ്യുന്നവർ ഈ പത്രത്തിലുണ്ട്.

........................................................................................................................................

കേരളത്തിലെ വിവിധ മാധ്യമങ്ങളിൽ നിലനിൽക്കുന്ന സാമാന്യമായ അവസ്ഥയാണ് മേൽവിശദീകരിച്ചത്.സംസ്ഥാനത്തെ തൊഴിൽ മേഖലകളിൽ മൃഗ സമാനമായ സാഹചര്യത്തിലാണ് പല മാധ്യമപ്രവർത്തകരും ജോലി ചെയ്യുന്നത്. ശമ്പളം മാസങ്ങളോളമായി കിട്ടാത്തവർ, തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവർ, കരാർ തൊഴിലാളികൾ, ജോലി ചെയ്യുന്നു എന്നതിന് ഒരു രേഖയുമില്ലാത്തവർ എന്നിങ്ങനെ വിവിധ കാറ്റഗറികളുണ്ട്. മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങി ഏതാനും മാധ്യമ സ്ഥാപനങ്ങളിൽ മാത്രമാണ് മെച്ചപ്പെട്ട അന്തരീക്ഷമുള്ളത്. ഒരു ന്യൂസ് ചാനലിൽ മാസം രണ്ടായിരം, മൂവായിരം രൂപയാണ് ജീവനക്കാർക്ക് നൽകുന്നത്. ബ്യൂറോകൾ പലതും പൂട്ടലിന്റെ വക്കിൽ. തിരുവനന്തപുരം ബ്യൂറോ വാടക കൊടുക്കാത്തതിന്റെ പേരിൽ കേസിൽ പെട്ടു.

ഒരു ജില്ലാ ബ്യൂറോയുടെ മൂന്നാമത്തെ കെട്ടിടവും ഇപ്പോൾ ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നു.നേരത്തെ വാടക പ്രശ്‌നത്തിന്റെ പേരിൽ രണ്ട് കെട്ടിടങ്ങളിൽ നിന്ന് റിപ്പോർട്ടറെ ഇറക്കിവിട്ടിരുന്നു.പലയിടത്തും വാഹനങ്ങൾ ഇല്ല. മറ്റ് ചാനലുകളുടെ വാഹനങ്ങളിൽ ആണ് പലയിടത്തും ഈ ചാനലിന്റെ റിപ്പോർട്ടറും ക്യാമറാമാനും സഞ്ചരിക്കുന്നത്. ചാനലിൽ അടുത്തിടെ വന്ന ഒരു കൺസൾട്ടിങ് എഡിറ്റർ രാവിലെ ഫോൺ എടുത്തുവെച്ച് ബ്യൂറോകളിലെക്ക് വിളി തുടങ്ങി.ആ സ്റ്റോറി ചെയ്യണം,ഈ സ്റ്റോറി ചെയ്യണം എന്നൊക്കെ.ബ്യൂറോകളിൽ നിന്ന് വന്ന മറുപടി....സാറേ, ഇവിടെ കറന്റ് കട്ട് ചെയ്തിരിക്കുകയാണ്, വണ്ടിയില്ല, പെട്രോൾ അടിക്കാൻ പൈസയില്ല, ശമ്പളമില്ല,ബ്യൂറോ എക്‌സ്പൻസിന് പണം കിട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞു...ഇതുകേട്ട് വലഞ്ഞ എഡിറ്റർ ആജ്ഞാപിച്ചു...അതൊന്നും എനിക്കറിയണ്ട.സ്റ്റോറി കിട്ടണം.റിപ്പോർട്ടർമാർ ഒരേ സ്വരത്തിൽ പറഞ്ഞു...എന്നാപ്പിന്നെ സാർ വന്നങ്ങു ചെയ്യൂ.

പിരിച്ചുവിടൽ

കേരളത്തിലെ രണ്ട് പ്രമുഖ മാധ്യമങ്ങളിൽ കൂട്ടപ്പിരിച്ചുവിടൽ തുടങ്ങിക്കഴിഞ്ഞു.ദി ന്യൂ ഇന്ത്യൻ എക്‌സ് പ്രസ്സിലും ന്യൂസ് 18 ചാനലിലും. എക്‌സ് പ്രസ്സിൽ മുതിർന്ന മാധ്യമ പ്രവർത്തകർ ഉൾപ്പെടെ 15 പേർക്കാണ് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചത്. പല മാധ്യമങ്ങളിലും പ്രഗദ്ഭ പ്രകടനം നടത്തി, എക്‌സ് പ്രസ്സിൽ എത്തിയ മികച്ച മാധ്യമപ്രവർത്തകർ വരെ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നു.ന്യൂസ് 18 ഇൽ കുറച്ചുപേരെ പിരിച്ചുവിട്ടു കഴിഞ്ഞു. ബാക്കിയുള്ളവരുടെ ലിസ്റ്റ് തയ്യാറായിക്കൊണ്ടിരിക്കുന്നു.വർഷങ്ങൾക്ക് മുൻപ് സി പി എം ചാനലായ കൈരളി ആണ് മാധ്യമ ലോകത്തെ കൂട്ടപ്പിരിച്ചുവിടലിന് തുടക്കമിട്ടത്. അന്ന് പത്തിലേറെ മാധ്യമ പ്രവർത്തകരെ ഒറ്റയടിക്ക് പിരിച്ചുവിട്ടു. മിണ്ടാനാകാതെ കെ യു ഡബ്ലു ജെ വരിയുടയ്ക്കപ്പെട്ട് നിന്നു. അന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ സി പി എം നേതാവ് എം എം ലോറൻസ് ഇങ്ങനെ പറഞ്ഞു...കരാർ തൊഴിലാളികളെ പിരിച്ചുവിടുന്നത് സ്ഥാപനത്തിന്റെ സ്വാതന്ത്ര്യമാണ്.കൈരളി ചെയ്തതിൽ തെറ്റില്ല.

ട്രാൻസ്ഫറും പീഡനവും

ഒരു പ്രമുഖ ചാനലിലെ റിപ്പോർട്ടറെ വർഷം രണ്ടും മൂന്നും തവണ സ്ഥലം മാറ്റിക്കൊണ്ടാണ് ന്യൂസ് എഡിറ്റർ കലിപ്പ് തീർത്തത്. സോഷ്യലിസ്റ്റ് മുതലാളിയുടെ പത്രത്തിന്റെ കാര്യം ബഹുകേമം.തൊഴിലാളികൾക്ക് വേണ്ടി ശബ്ദമുയർത്തിയ സ്ഥാപനത്തിലെ മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് സ്ഥലം മാറ്റി.ബ്യൂറോ പോലുമില്ലാത്ത വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കായിരുന്നു സ്ഥലം മാറ്റം.മനുഷ്യൻ എത്തിപ്പെടാൻ പേടിക്കുന്ന മാവോയിസ്റ്റ് മേഖലകളിലേക്ക് വരെ സ്ഥലം മാറ്റപ്പെട്ടവരുണ്ട്. മനുഷ്യാവകാശ ചാനലിൽ അടുത്തിടെ ഒരു വനിതാ ജേർണലിസ്റ്റ് സ്ത്രീത്വം അപമാനിക്കപ്പെട്ടതായി കാണിച്ച് പരാതി നൽകി.കുറേ മാധ്യമ പ്രവർത്തകർ വനിതയ്ക്ക് ഒപ്പം നിന്നു.വനിതയെയും ഒപ്പം നിന്നവരെയും സ്ഥലം മാറ്റിക്കൊണ്ടാണ് മാനേജ്‌മെന്റ് കലിപ്പ് തീർത്തത്. ഒരു വനിതയെ ഡൽഹിക്ക് തട്ടി.ഒരു റിപ്പോർട്ടറെ ചാനലിനു ബ്യൂറോ ഇല്ലാത്ത സ്ഥലത്തേക്കും മാറ്റി.

ശമ്പളം
.............

തുച്ഛമായ ശമ്പളമാണ് പല സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകർക്ക് നൽകുന്നത്.അടുത്തിടെ തുടങ്ങിയ ഒരു ചാനലിൽ ന്യൂസ് എഡിറ്ററുടെ ശമ്പളം ഇരുപതിനായിരം രൂപ.ക്യാമറാമാന്മാർക്ക് ഭൂരിപക്ഷവും എണ്ണായിരം രൂപ. തുടങ്ങി കുറേക്കാലമായ ഒരു ചാനലിൽ ന്യൂസ് എഡിറ്ററുടെ ശമ്പളം പതിനയ്യായിരം.അതുതന്നെ മാസത്തിൽ രണ്ടും മൂന്നും തവണ ആയേ കിട്ടൂ.കോൺഗ്രസ്സിന്റെ ചാനലായ ജയ് ഹിന്ദിൽ മൂന്നു മാസത്തെ ശമ്പളമാണ് കുടിശ്ശിക.

എന്തിന് കെ യു ഡബ്ല്യു ജെ എന്ന സംഘടന
.................................................................................

നാണമില്ലേ നിങ്ങൾക്ക് ഈ സംഘടനയുമായി മുന്നോട്ടുപോകാൻ. മേൽപ്പറഞ്ഞ പ്രശ്‌നങ്ങളിൽ എതെങ്കിലുമൊന്നിന് പരിഹാരം കാണാൻ മാധ്യമപ്രവർത്തകരുടെ ഈ സംഘടനയ്ക്ക് ആയിട്ടുണ്ടോ? ചാനലുകളിൽ മിനിമം വേതനം നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടോ? കൂട്ടപ്പിരിച്ചുവിടലുകൾക്കെതിരെ എന്തെങ്കിലും ചെയ്‌തോ? ശമ്പളം കിട്ടാതെ നരകിക്കുന്ന മാധ്യമപ്രവർത്തകരെ സഹായിക്കാൻ കഴിഞ്ഞോ? മാധ്യമസ്ഥാപനങ്ങളിലെ വനിതാജീവനക്കാർക്ക് നേരെയുള്ള പീഡനങ്ങൾക്ക് തടയിടാൻ കഴിഞ്ഞോ? മാനദണ്ഡമില്ലാതെ സ്ഥലം മാറ്റപ്പെടുന്ന മാധ്യമപ്രവർത്തകരുടെ ദുരവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാൻ പറ്റിയോ?

പഴയ സൂചി
......................

എഴുരൂപയ്ക്ക് സൂചി വാങ്ങാൻ പണമില്ലാതെ ആശുപത്രിയിൽ നിന്ന് ഒളിച്ചുകടക്കേണ്ടി വന്ന ഒരു മാധ്യമ പ്രവർത്തകന്റെയും ഭാര്യയുടെയും വേദന നിങ്ങൾക്ക് മനസ്സിലാവില്ല. അത് തൊട്ടറിയണമെങ്കിൽ ഹൃദയം.വേണം. അധികാര കേന്ദ്രങ്ങളുടെ അടിച്ചുതളിക്കുപോകുമ്പോൾ നിങ്ങൾക്ക് കൈമോശം വന്നത് സഹപ്രവർത്തകന്റെ വേദന തൊട്ടറിയാനുള്ള ആ ഹൃദയമാണ്. ഇനി നിങ്ങൾ ധീരരായി മാർച്ച് ചെയ്‌തോളൂ. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് വിളിക്കാനും മറക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP