Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു തീവ്രവാദിയുടെ തോക്കിനിരയായി മരണം വരിച്ച ഗാന്ധിജിയെ വിശേഷിപ്പിച്ചത് 'ദി മോസ്റ്റ് ഫേമസ് ഹിന്ദു' എന്ന്; ഒരു ശ്രേഷ്ഠ ഭാരതീയനെ വകതിരിവില്ലാത്തന മര്യാദകെട്ടവനുമാക്കി ചിത്രീകരിക്കുന്ന വിദേശിയുടെ നർമബോധത്തെ സംശയിക്കാതെ തരമില്ല: ഗാന്ധിജിയെ കോമാളിയാക്കിയ വീഡീയോക്കെതിരെ ഒരു പ്രതികരണം

ഹിന്ദു തീവ്രവാദിയുടെ തോക്കിനിരയായി മരണം വരിച്ച ഗാന്ധിജിയെ വിശേഷിപ്പിച്ചത് 'ദി മോസ്റ്റ് ഫേമസ് ഹിന്ദു' എന്ന്; ഒരു ശ്രേഷ്ഠ ഭാരതീയനെ വകതിരിവില്ലാത്തന മര്യാദകെട്ടവനുമാക്കി ചിത്രീകരിക്കുന്ന വിദേശിയുടെ നർമബോധത്തെ സംശയിക്കാതെ തരമില്ല: ഗാന്ധിജിയെ കോമാളിയാക്കിയ വീഡീയോക്കെതിരെ ഒരു പ്രതികരണം

ലക്ഷ്മീബായി തമ്പുരാട്ടി

രാജ്യം എഴുപത്തിരണ്ടാമതു സ്വാതന്ത്ര്യദിനം ആഘോഷിച്ചതിനു തൊട്ടടുത്ത ദിവസം കോളേജ് ഹ്യൂമർ എന്ന വിദേശ വിനോദചാനൽ പങ്കുവച്ച രണ്ടര മിനുട്ട് ദൈർഘ്യമുള്ള 'ഇഫ് ഗാന്ധി റ്റുക് എ യോഗ ക്ലാസ് ' എന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം കാണാനിടയായി. ലോസാഞ്ചസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർ ആക്റ്റീവ് കോർപ് എന്ന കമ്പനിയുടെ ഭാഗമായ ഈ വിനോദച്ചാനൽ 1999 ൽ ജോഷ് എബ്രഹാംസൺ, റിക്കീവാൻവീൻ എന്നിവർ ചേർന്നുനിർമ്മിച്ചതാണ്.

ലോകമെമ്പാടും ഫോളോവേഴ്‌സുള്ള കോളേജ് ഹ്യൂമറിന് ഇന്ത്യയിലും പ്രേക്ഷകരേറെയുണ്ട്. 'The world's most famous Hindu visits the World's least Hindu Gym' എന്ന തലക്കെട്ടിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയിൽ മഹാത്മാ ഗാന്ധി ഒരു വിദേശ യോഗാക്ലാസിൽ പങ്കെടുക്കുന്നതിനെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. യോഗക്ലാസിലെത്തിയ ഗാന്ധിജിയോട് ഇതുവരെ ക്ലാസിൽ കണ്ടിട്ടില്ലല്ലോ എന്ന യോഗാപരിശീലകയുടെ ചോദ്യത്തിന് എനിക്ക് യോഗയെക്കുറിച്ച് നല്ല ധാരണയുണ്ടെന്ന് ഗാന്ധിജി മറുപടി പറയുന്നു. ഗാന്ധിജിയുടെ സ്വന്തം ചർക്കയിൽ നെയ്‌തെടുത്ത ശുഭ്രവസ്ത്രത്തെയും അദ്ദേഹത്തിന്റെ ഉച്ചത്തിലുള്ള മന്ത്രോച്ചാരണത്തെയും പരിശീലകയും മറ്റുള്ളവരും നന്നേ പരിഹസിക്കുന്നു.

വീഡിയോയിലുടനീളം ലമ്പടനും അപരിഷ്‌കൃതനുമായ ഗാന്ധിജിയെ വിദേശികൾ മര്യാദ പഠിപ്പിക്കാൻ ശ്രമിക്കുന്നു. മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ നിതംബത്തെ ഗാന്ധിജി തുറിച്ചുനോക്കുന്നതായി വീഡീയോയിൽ പരാമർശമുണ്ട്. 'റാം റാം' എന്നുച്ചരിച്ച ചുണ്ടിൽനിന്നും വൈകാതെ 'ഫക്ക് ' എന്ന തെറിവാക്കും തെറിച്ചുവീഴുന്നു. അപ്പോൾ ശാന്തശീലരായ വിദേശികളോട് ദേഷ്യം നിയന്ത്രിക്കാൻ സർട്ടിഫൈഡായ യോഗാ പരിശീലക നിർദേശിക്കുന്നു. ഇതൊന്നും ഉൾക്കൊള്ളാനാകാതെ എല്ലാവരെയും അസഭ്യം പറഞ്ഞ്, വഴക്കുകൂടി ഗാന്ധിജി ഇറങ്ങിപ്പോകുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

വീഡീയോയിൽ യോഗാപരിശീലക ഗാന്ധിജിയുടെ ഇന്ത്യൻവസ്ത്രം ഇന്ത്യൻ പൈതൃകത്തിൽ വരുന്ന യോഗയ്ക്കു ചേർന്നതല്ല എന്നുപോലും പറയുന്നു. സ്വാതന്ത്ര്യസമരകാലത്ത് പരിഷ്‌കൃത വസ്ത്രങ്ങൾ ധരിച്ച വിദേശികളുടെ എത്രയോ സമ്മേളനങ്ങളിൽ ഒരു ഫക്കീറിനെപ്പോലെ ഇതേ വസ്ത്രത്തിൽ ഗാന്ധിജി പങ്കെടുത്തിട്ടുണ്ട്. അന്ന് ഗാന്ധിജിക്ക് ഒരു ചരിത്രനായകന്റെ പരിവേഷമുണ്ടായിരുന്നെങ്കിൽ ഈ വീഡിയോയിൽ ഗാന്ധിജി ഒരു കോമാളിയെപ്പോലെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നമുക്കറിയാം, രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വ്യക്തിത്വം അദ്ദേഹം ജീവിച്ചിരുന്നപ്പോഴോ കൊല്ലപ്പെട്ടതിനുശേഷമോ വിമർശനങ്ങൾക്കതീതമായിരുന്നിട്ടില്ല. അതിനു യോജിച്ച ഒരു പരസ്യ ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നു.

പക്ഷേ ഗാന്ധിജിയെ വിമർശിച്ചവരെല്ലാം വിമർശനത്തിന്റെയും അവഹേളനത്തിന്റെയും അർത്ഥവ്യത്യാസം നന്നായി മനസ്സിലാക്കിയവരായിരുന്നു. വിമർശനങ്ങളെല്ലാം പൊതുവേ ജനാധിപത്യപരവുമായിരുന്നു. സമകാലിക രാഷ്ട്രീയാന്തരീക്ഷത്തിൽ ഹിന്ദു എന്നത് ഒരു വിവാദ പദമായി മാറിയിരിക്കെ, ഒരു ഹിന്ദു തീവ്രവാദിയുടെ തോക്കിനിരയായി മരണംവരിച്ച ഗാന്ധിജിയെ 'ദി മോസ്റ്റ് ഫേമസ് ഹിന്ദു' എന്ന പദംകൊണ്ടു സൂചിപ്പിക്കുന്നതിനെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഗൗരവത്തോടെ കാണണം. കാരണം ഹിന്ദു എന്ന പ്രാചീന പ്രയോഗത്തിൽ മതസൗഹാർദപരം എന്ന അർഥം ഇപ്പോൾ നിലനിൽക്കുന്നുണ്ടോ എന്ന ആശങ്കയുള്ളവർ രാജ്യത്താകമാനമുണ്ട്. അതിലേറെയായി, ഒരു ശ്രേഷ്ഠ ഭാരതീയനെ വകതിരിവില്ലാത്തനും വെറിയനും മര്യാദകെട്ടവനുമാക്കി ചിത്രീകരിക്കുന്ന വിദേശിയുടെ നർമബോധത്തെ ഏതു പൗരനും ഒന്നു സംശയിക്കാതിരിക്കാനും കഴിയില്ല.

ആഹാരത്തെയും വാക്കിനെയും വികാരത്തെയും വ്രതമെടുത്ത് വരുതിയിലാക്കിയ ഒരു മഹാത്മാവിന്റെ വ്യക്തിത്വം ഇത്രയും നിന്ദ്യമായതരത്തിൽ അവഹേളിക്കപ്പെടുന്നതിൽ ഏതു ഭാരതീയനും അസ്വസ്ഥനാകും. കാരണം ഇതു നിർമ്മിച്ചവരുടെ പരിഹാസം പുരണ്ട ഒളിയമ്പുകൾ ഗാന്ധിജിയെ മാത്രമല്ല ഉന്നംവയ്ക്കുന്നതെന്നു തിരിച്ചറിയാൻ ചിന്താശേഷിയുള്ളവർക്കു പ്രയാസം വരില്ല. ഇതിനകം തന്നെ ധാരാളമാളുകൾ വീഡിയോയുടെ ചുവട്ടിൽ ഉള്ളടക്കത്തിലുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. കപട ദേശീയതയുടെ ചമയങ്ങളില്ലാതെ നമുക്കും ഇതിൽ ഇടപെടാം. അതിനാൽ സമാനഹൃദയരായ സുഹൃത്തുക്കളുടെ ശ്രദ്ധയിൽ ഈ വീഡീയോ കൊണ്ടുവരിക എന്ന കേവലധർമം ഞാനിവിടെ നിർവഹിക്കുന്നു. നമുക്കിതിനെ വെറുതെ വിടുകയോ ചിരിച്ചു തള്ളുകയോ പ്രതിരോധിക്കുകയോ ചെയ്യാം. ഓർക്കുക, വിഗ്രഹങ്ങൾ ഉടയുന്നതിലോ ഉടയ്ക്കുന്നതിലോ ഒരു തകരാറുമില്ല, ആ പ്രവൃത്തി പുതിയൊരു നിർമ്മിതിക്കു വേണ്ടിയാണെങ്കിൽ !

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP