Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുറ്റത്തേക്കാൾ വലുതാവരുത് ഒരു ശിക്ഷയും; ഫേസ്‌ബുക്കിലെ വിടുവായന്മാരെ മാപ്പുപറയിപ്പിക്കാം..പക്ഷേ പണി കളയിക്കേണ്ടതുണ്ടോ? മാസ് റിപ്പോർട്ടിങ്ങ് നടത്തി ഭീഷണിപ്പെടുത്തി ജോലി നഷ്ടപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുന്നത് ക്രൂരതയാണ്; ചെയ്ത തെറ്റിന് കാലുപിടിച്ചിട്ടും തൊഴിച്ചുമാറ്റി ശിക്ഷിക്കുന്ന സമൂഹമാണ് നിങ്ങളെങ്കിൽ അതൊരു പ്രാകൃത സമൂഹം എന്നേ പറയാൻ കഴിയൂ; എം. റിജു എഴുതുന്നു

കുറ്റത്തേക്കാൾ വലുതാവരുത് ഒരു ശിക്ഷയും; ഫേസ്‌ബുക്കിലെ വിടുവായന്മാരെ മാപ്പുപറയിപ്പിക്കാം..പക്ഷേ പണി കളയിക്കേണ്ടതുണ്ടോ? മാസ് റിപ്പോർട്ടിങ്ങ് നടത്തി ഭീഷണിപ്പെടുത്തി ജോലി നഷ്ടപ്പെടുത്താൻ നിങ്ങൾ ശ്രമിക്കുന്നത് ക്രൂരതയാണ്; ചെയ്ത തെറ്റിന് കാലുപിടിച്ചിട്ടും തൊഴിച്ചുമാറ്റി ശിക്ഷിക്കുന്ന സമൂഹമാണ് നിങ്ങളെങ്കിൽ അതൊരു പ്രാകൃത സമൂഹം എന്നേ പറയാൻ കഴിയൂ; എം. റിജു എഴുതുന്നു

എം.റിജു

നോർവേ, സ്വീഡൻ തുടങ്ങിയ സ്‌കാൻഡനേവിയൻ രാജ്യങ്ങളിലെ ജയിലുകൾ സന്ദർശിച്ച് അമേരിക്കൻ മാധ്യമപ്രവർത്തകനായ ആൻഡ്രൂസൺ കൂപ്പർ തയ്യാറാക്കിയ പരമ്പരയുടെ പേര് ഇതായിരുന്നു.'ഇത് കാരാഗൃഹങ്ങളോ, അതോ സുഖവാസ കേന്ദ്രങ്ങളോ'. അതായത് അവിടുത്തെ ജയിലുകൾ കണ്ടാൽ ഒറ്റ നോട്ടത്തിൽ ഇത് ഒരു സുഖവാസകേന്ദ്രം തന്നെയാണെന്നാണ് തോന്നുക. ക്യാരംസുണ്ട്, ചെസ്സുണ്ട്, നീന്തൽക്കുളങ്ങളുണ്ട്, സംഗീതോപകരണങ്ങളുണ്ട്, ടിവിയുണ്ട്, വൈഫൈയുണ്ട്.....ഇതിനെല്ലാം പുറമെ ഇടയ്ക്കിടെ പരോളുണ്ട്. ഗോണ്ട്വനാമോ തടവറയുടെ ഭീകരതകൾ കേട്ട് വരുന്ന ഒരു അമേരിക്കൻ പത്രപ്രവർത്തകൻ വണ്ടറടിച്ചുപോവാൻ ഇതുമാത്രം മതി. എന്നിട്ട് ഈ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളടെ നിരക്ക് കൂടുന്നുണ്ടോ. ഇല്ല എന്ന് മാത്രമല്ല, ജയിലുകളിൽ കിടക്കാൻ ആളില്ലെന്ന അവസ്ഥയിൽ നിരക്ക് കുറയുകയാണ്!

എന്നാൽ തലവെട്ടും, കൈവെട്ടും, കല്ലെറിഞ്ഞ് കൊല്ലലും ( അമ്മയെ കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ചാൽ ആദ്യത്തെ കല്ല് എറിയേണ്ടത് മകനാണ്!) അടങ്ങുന്ന പ്രാകൃത ശിക്ഷകൾ നടപ്പാക്കുന്ന ഇസ്ലാമിക രാജ്യങ്ങളേയോ, അതിശക്തമായ ക്രിമിനൽ നിയമങ്ങളുള്ള അമേരിക്ക പോലുള്ള രാജ്യങ്ങളേയോ നോക്കുക. അവിടെ കുറ്റകൃത്യ നിരക്ക് ഗണ്യമായി ഉയരുന്നു. തലവെട്ടുമെന്ന് പേടിച്ച് ക്രിമിനലുകൾ മയക്കുമരുന്ന് കടത്താതിരിക്കുന്നില്ല.( അതും പരസ്യമായാണ് തലവെട്ടുന്നത്) വ്യഭിചാരത്തിന് കല്ലെറിഞ്ഞ് കൊല്ലൽ ശിക്ഷയാക്കിയിട്ടും വേശ്യാവൃത്തി കുറയുന്നില്ല.

അതായത് ശിക്ഷയെന്ന് പേടിപ്പിച്ചും കൂടുതൽ ശിക്ഷ കൂട്ടിയും സമൂഹത്തെ നന്നാക്കാൻ കഴിയുമെന്നത് പരമ അബദ്ധമാണ്. പക്ഷേ ശിക്ഷവേണം.അത് ഒരു
കറക്ഷൻ പ്രോസസാണ്. കുറ്റത്തേക്കാൾ വലുതാവരുത് ഒരിക്കലും ശിക്ഷ. അത് അപകടകരമായ സാമൂഹിക സൂചകമാണ്. മാത്രമല്ല ആർക്കാണ് ശിക്ഷിക്കാനുള്ള അധികാരം? അതിന് നിയമത്തിന്റെ വഴികൾ ഉണ്ട്. ജനത്തിനുണ്ടേ? ഉണ്ടെങ്കിൽ അത് ആൾക്കൂട്ട കൊലപാതകങ്ങൾ പോലെ പ്രാകൃതമാണ്. ഇത്രയും പറഞ്ഞത് കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഫേസ്‌ബുക്ക് 'ആൾക്കൂട്ട കൊലപാതകങ്ങളെ' സൂചിപ്പിക്കാനാണ്്.അതായത് അബദ്ധവും വിദ്വേഷവും കമന്റിട്ടതിന്റെ പേരിൽ മാസ് റിപ്പോർട്ട് ചെയ്ത് പണി കളയിക്കൽ എന്ന പുതിയ കലാപരിപാടിയെക്കുറിച്ച് തന്നെ.

കോണ്ടം മൂലം കണ്ടം വഴി പോയ ജോലി

ഗൾഫിൽ ലുലു ഗ്രൂപ്പിൽ ജോലിചെയ്തിരുന്ന 23വയസായ ഒരു ചെറുപ്പക്കാരന്റെ ജോലി പോയത് അയാൾ അങ്ങേയറ്റം വൃത്തികെട്ട കമന്റ്് ഫേസ്‌ബുക്കിൽ ഇട്ടതിന്റെ പേരിലാണ്. സമാനതകളില്ലാത്ത പ്രളയത്തെ എങ്ങനെ നേരിടുമെന്ന് അറിയാതെ കേരളം പകച്ചുനിന്ന സമയത്ത്, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുറച്ച് സാനിട്ടറി നാപ്കിൻ ആവശ്യമാണ് എന്ന് പറഞ്ഞ് ഇട്ട പോസ്റ്റിനുതാഴെയാണ് അയാൾ 'കോണ്ടം മതിയോ,' എന്ന് പോസ്റ്റിട്ടത്. അങ്ങേയറ്റം അപലപനീയവും വൃത്തികെട്ട മനസ്സിൽ നിന്നുമാണ് ഈ ചോദ്യം ഉണ്ടായതെന്ന് വ്യക്തമാണ്. അതിനയാൾക്ക് കണക്കിന് കിട്ടുകയും ചെയ്തു. തിരിച്ചടിയുടെ ബലം കണ്ട് അയാൾ പേടിച്ചരണ്ടുപോയി. കാര്യങ്ങൾ കൈവിട്ടു എന്നറിഞ്ഞതോടെ താൻ ചെയ്ത തെറ്റിന് മാപ്പപേക്ഷിച്ച് അയാൾ തന്നെ വീഡിയോ ഇട്ടു.

പക്ഷേ അപ്പോഴേക്കും പ്രശ്‌നം വഷളായിരുന്നു. മലയാളികൾ അയാൾ ജോലിചെയ്യുന്ന സ്ഥലമൊക്കെ കണ്ടുപടിച്ച് മാസ് റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇതുപോലൊരു മ്ലേച്ഛനെയാണോ നിങ്ങൾ ജോലിക്കുവെച്ചിരക്കുന്നത്, ഉടൻ പിരിച്ചുവിടൂ എന്നായിരുന്നു ആഹ്വാനം. ലുലുവിനെയും യൂസഫലിയെയും കുറ്റം പറയാൻ പറ്റില്ല. അത്രത്തോളം നാണക്കേടാണ് ഉണ്ടായത്. പറ്റാവുന്നിടത്തൊക്കെ ചർച്ചകൾ, ട്രോളുകൾ, അവർ യുദ്ധകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ നടപ്പാക്കി. മലയാളിക്ക് തൃപ്തിയായി.

പക്ഷേ ഒന്നോർത്തുനോക്കൂ..23 വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ്. നമ്മുടെ വീട്ടിലും ഈ പ്രായത്തിലുള്ള കുട്ടികൾ ഇല്ലേ. സ്വന്തമായി നാലു കാശുണ്ടാക്കുന്നതിന്റെ ഒരൽപ്പം അഹങ്കാരവും, പുച്ഛവും മുഖത്ത് എഴുതിക്കൊണ്ടു നടക്കുന്നവർ? ( പുച്ഛിസ്റ്റുകൾ എന്നാണ് ഇത്തരക്കാരെ കുറിച്ച് പറയുക) വരും വരായ്കകളെക്കുറിച്ച് ചിന്തയൊന്നുമില്ലാത്തവർ, പോരാത്തതിന് ഇവൻ 'കാവിയുടെ കൂട്ടുകാരൻ' തന്നെയാണ്.അതും മാസ് റിപ്പോർട്ടിങ്ങിന് ഇടയാക്കി.

സംഘപരിവാർ പ്രത്യയശാസ്ത്രം തന്നെയാണ് അയാളെകൊണ്ട് ഇത് ചെയ്യിച്ചത്. ദുരിതാശ്വാസ ഫണ്ടുകൾ കേരളം അടിച്ചു മാറ്റുമെന്നൊക്കെയുള്ള വലിയ ഗീർവാണ മദ്യപാന ചർച്ചകൾക്കിടയിലായിരിക്കണം ഈ പോസ്റ്റ് കാണുന്നത്. മനസിൽ തളം കെട്ടിയ വിഷം അയാൾ അറിയാതെ അടിച്ചുപോയി എന്നുമാത്രം. മാത്രമല്ല സംഘപരിവാർ അനുകൂലികളായ ഇത്തരം ചെറുപ്പക്കാർ വലിയൊരു മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോവുന്നത്. തങ്ങൾ നാഴികക്ക് നാൽപ്പതുവട്ടവും പറഞ്ഞു പരത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിലെ പ്രധാന കണ്ണികളായ ഒരു ഇസ്ലാമിക രാഷ്ട്രത്തിൽ, ഒരു മുസ്ലിം'കുബേരന്റെ' കീഴിൽ ജോലിചെയ്യുന്നതിൽ, പുറമെ ഇളിച്ചുകാട്ടുന്നുണ്ടെങ്കിലും അവർ മാനസികമായി അങ്ങേയറ്റം അസ്വസ്ഥരാണ്. ഈ അപകർഷതാബോധവും പകയുമൊക്കെ പുറത്തുചാടുക മദ്യപിക്കുമ്പോഴാണ്്. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നപോലെ കമന്റസ് ഇടാൻ തോന്നുതും അപ്പോൾ തന്നെ.

ഈ മനസ്സുള്ള ഒരു ചെറുപ്പക്കാരൻ ജോലി പോയി അപമാനിതനായി എത്തുമ്പോൾ അയാളുടെ മാനസികാവസ്ഥയെന്താകു? അങ്ങനെയാവാതിരിക്കട്ടെ, എങ്കിലും പറയാം, ലക്ഷണമൊത്ത ഒരു ഹൈന്ദവ തീവ്രവാദിയാവാനുള്ള എല്ലാ സ്‌കോപ്പുമുണ്ട്. ഉറങ്ങിക്കിടക്കുന്ന പകയെയും വെറുപ്പിനെയും അപകർഷതാബോധത്തെയും എങ്ങനെ ചൂഷണം ചെയ്യണമെന്ന് പരിവാര സംഘടനകൾക്ക് നന്നായുമറിയാം.

നേരേ മറിച്ച് ചിന്തിക്കുക. കുറ്റത്തേക്കൾ വലിയ ശിക്ഷ അയാൾക്ക് കൊടുക്കാതിരുന്നെങ്കിലോ. ഉദാഹരണമായി അയാളുടെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിനു പകരം ചെയ്ത തെറ്റിന്റെ ഗൗരവം മനസ്സിലാക്കി രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്യുക. സമാധാനപരമായി കാര്യങ്ങൾ പറഞ്ഞ് അയാളെ ബോധ്യപ്പെടുത്തുക. എന്നിട്ട് അയാളുടെ ശമ്പളത്തിൽനിന്ന് ഒരു തുക എടുത്ത് കുറച്ച് നാപ്കിനുകൾ വാങ്ങി കേരളത്തിലേക്ക് അയപ്പിച്ച് സന്തോഷത്തോടെ ഒരു വീഡിയോ എടുപ്പിക്കുക. അതുമല്ലെങ്കിൽ അയാളെ നാട്ടിലേക്ക് മടക്കി അയച്ച് ഒരു ദുരിതാശ്വാസ ക്യാമ്പിൽ നേരിട്ട് എത്തിച്ച് ജനങ്ങളുടെ വിഷമങ്ങൾ കാണിച്ചുകൊടുക്കുക. വികാരജീവികൾ അതിൽ തന്നെ അപ്‌സെറ്റാവും. ചെങ്ങന്നൂരിലെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ നടക്കുന്നത് അയാൾ തന്റെ ആയുസ്സിൽ കണ്ടിട്ടുണ്ടാവില്ല. അതോടെ തന്റെ ധാരണകൾ തെറ്റായിരുന്നെന്ന് അയാൾ തന്നെ തിരിച്ചറിയും. പിന്നെ, സസന്തോഷം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഒരു പുതിയ മുനുഷ്യനെയായിരിക്കും, ഒരു പക്ഷേ നിങ്ങൾക്ക് ചിലപ്പോൾ കിട്ടുക.( കലിംഗ യുദ്ധം കണ്ട് അശോകന് മാനസാന്തരം വന്നിട്ടില്ലേ, പിന്നാണോ) വിദേശരാജ്യങ്ങളിലൊക്കെ ഈ രീതിയിലാണ് കറക്ഷൻ പ്രോസസ് നടക്കുന്നത്. അല്ലാതെ ഉപജീവനം മുട്ടിച്ചല്ല. രണ്ടാഴ്ചത്തെ ഗ്രാമീണ സേവനം, ആശുപത്രി സേവനം, മാലിന്യ നിർമ്മാർജനം എന്നിവയൊക്കെയാണ് വികസിത വിദേശരാജ്യങ്ങളിൽ ഗുരുതരമല്ലാത്ത കുറ്റങ്ങൾക്ക് കിട്ടുന്നത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടും അപമാനിച്ചും നിങ്ങൾക്ക് ഒരുത്തനെ നന്നാക്കിയെടുക്കാനാവില്ല. അയാളുടെ ശമ്പളം കാത്ത് നിരപരാധികളായ ഒരു കുടുംബം കാത്തിരിക്കുന്നുവെന്നതും ഓർക്കണം. അവർ നിങ്ങളോട് എന്തു പിഴച്ചു?

മദ്യ ലഹരിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് പോസ്റ്റിട്ട കൃഷ്ണകുമാറിന്റെത് അൽപ്പം ഗുരുതരമായ കുറ്റമായിരുന്നു. കെകൂപ്പി മാപ്പുപറഞ്ഞിട്ടും അയാൾക്കും ഒന്നൊന്നര ലക്ഷം രൂപ കിട്ടുന്ന പണി പോയി. അയാളും ഗൾഫിലെ കാവിയുടെ കൂട്ടുകാരൻ തന്നെ. സമാനമായ മാനസികാവസ്ഥയെന്ന് വ്യക്തം. കൃഷ്ണകുമാറിനെ രാക്കുരാമാനം പൊലീസ് പിടിച്ച് തിഹാർ ജയിലിലാണ് അടച്ചത്.

ഇവിടെയാണ് ചോദിക്കുന്നത്. ഈ സാമൂഹിക ജാഗ്രത നമുക്ക് എല്ലാവിഷയങ്ങളിലും ഉണ്ടോ. നിരവധി കന്യാസ്ത്രീകളെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോമുളക്കനെ എന്തുകൊണ്ടാണ് തൊടാൻ പറ്റാത്തത്. കള്ളപ്പണക്കാരനും കൊള്ളക്കാരുമൊക്കെ ഞെളിഞ്ഞ് നടക്കുന്ന ഈ രാജ്യത്ത് ഒരു പെറ്റിക്കേസിൽ ഒതുക്കി, പിഴയും അൽപ്പം സാമൂഹിക സേവനത്തിലും അവസാനിപ്പിക്കാമായിരുന്നില്ലേ കൃഷ്ണകുമാറിന്റെ കേസും.

പറഞ്ഞുവന്നത് ഈ രണ്ടുപേരെയും ന്യായീകരിക്കാനല്ല. അവരുടെ മനസിലെ വിഷം ഉണ്ടാക്കുന്നത് ഒരു പ്രത്യയശാസ്ത്രമാണ്. അതിനെ അകറ്റാൻ തെറ്റിനേക്കാൾ വലിയ ശിക്ഷയല്ല പോംവഴി. അവർ അറിയാതെ അവരുടെ മനസ്സിലേക്ക് മതം അടിച്ചേൽപ്പിക്കപ്പെട്ടപോലെ, കയറിവന്നതാവാം വെറുപ്പിന്റെ രാഷ്ട്രീയവും. അതിനെ സാമൂഹിക ഇടപെടൽകൊണ്ടും ആശയ പ്രചാരണം കൊണ്ടുമാണ് പരിഹരിക്കേണ്ടത്.

പൊന്മുട്ടയിടുന്ന തട്ടാൻ തൊട്ട് കല്യാൺ ജൂവലറി പരസ്യം വരെ

പത്തിരുപത്തഞ്ച് വർഷം മുമ്പ്് പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമ ഇറങ്ങിയ കാലത്തുണ്ടായ ഒരു വിവാദം ഓർത്തുപോവുകയാണ്. പൊന്മുട്ടയിടുന്ന തട്ടാൻ എന്നാണ് ചിത്രത്തിന് ആദ്യം പേരിട്ടത്്. പക്ഷേ തട്ടാന്മാരുടെ ഒരു സംഘടന, ഇത് തങ്ങളെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് കേസിനുപോയതോടൊണ് തലക്കെട്ടിൽ താറാവ് കയറിവന്നത്. താറാവ് കേസ് കൊടുക്കില്ലല്ലോ എന്ന് നടൻ ശ്രീനിവാസൻ പറഞ്ഞത് ഇന്നുമോർക്കുന്നു. ചിത്രം ഇന്നും കണ്ടുനോക്കൂ. നമ്മുടെ ഗ്രാമീണ നിഷ്‌ക്കളങ്കതയല്ലാതെ ഏതെങ്കിലും ഒരു സമുദായത്തെ അപമാനിക്കുന്ന യാതൊന്നും അതിലില്ല. അതായത് അസഹിഷ്ണുതയുടെ രാഷ്ട്രീയം പണ്ടേയുണ്ട്. പക്ഷേ ഇന്നത്തെപോലെ അക്രമാസക്തമായിട്ടില്ല.

അടുത്തകാലത്ത് നോക്കൂ, മാസ് റിപ്പോർട്ടിങ്ങ് ഒരു കലയായി മാറിയിരക്കയാണ്. ഭീമ ജൂവലറി പറയുന്നു, ഞങ്ങൾ മാതൃഭൂമിക്ക് പരസ്യം കൊടുക്കില്ല. കാരണം ഒരു വിഭാഗം ഉപഭോക്താക്കൾ മാസ് റിപ്പോർട്ടിങ്ങായി അങ്ങനെ ആവശ്യപ്പെടുന്നു. നേരത്തെ പണി കിട്ടിയത് സംഘപരിവാർ പ്രവർത്തകർക്കാണെങ്കിൽ ഇപ്പോൾ പണി കൊടുക്കുന്നത് അവരാണെന്ന വ്യത്യാസം മാത്രം. ബാങ്ക് ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കല്യാൺ ജൂവലറിയൂടെ ഒരു പരസ്യം പിൻവലിച്ചത് ഓർത്തുനോക്കു.

ബച്ചനും മഞ്ജുവാര്യരും അടക്കമുള്ളവർ അഭിനിയിച്ച ആ പരസ്യചിത്രം ബാങ്കുകാർക്ക് അപമാനകരമാണത്രേ. അപ്പോൾ എവിടെപ്പോയി നമ്മുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം? ഇത് ചലനാത്മകമായ ഒരു പുരോഗമന സമൂഹത്തിന് ഭൂഷണമല്ല. പൊതുസമൂഹത്തെ ബന്ദിയാക്കി കാര്യം സാധിക്കാമെന്നത് അരാജകത്വത്തിന്റെ തുടക്കമാണ്. സൂക്ഷിച്ചോളൂ. ഇത് എല്ലാ മേഖലയിലേക്കും പടരും. ഞങ്ങൾക്ക് ഇഷ്ടമില്ലാത്തവനെ കൂട്ടത്തോടെ ബഹളമുണ്ടാക്കി ആക്ഷേപിച്ച് അപമാനിച്ച് നശിപ്പിക്കും. ഒരിക്കലും അവനെ തിരുത്തില്ല. ചെയ്ത തെറ്റിന് കാലുപിടിച്ചിട്ടും തൊഴിച്ചുമാറ്റി ശിക്ഷിക്കുന്ന സമൂഹമാണ് നിങ്ങളെങ്കിൽ അതൊരു പ്രാകൃത സമൂഹം എന്നേ പറയാൻ കഴിയൂ.

വാൽക്കഷ്ണം: സമാനമായ വിദ്വേഷ പ്രചാരണം തന്നെയല്ലേ പ്രശസ്ത മാധ്യമ പ്രവർത്തകൻ വേണു നടത്തിയത്. പ്രിയപ്പെട്ട മുസ്ലിം സഹോദരന്മാരെ നിങ്ങൾ തുപ്പലിറക്കാതെ നോമ്പുപിടിക്കുമ്പോൾ...എന്നുതുടങ്ങുന്ന കുപ്രസിദ്ധമായ വാചകങ്ങൾ മതസ്പർധ വളർത്തുന്നതല്ലെങ്കിൽ പിന്നെന്താണ്?

ഈ വിദ്വേഷമിട്ടത് ഒരു ലോക പരിചയമില്ലാത്ത ഒരു പയ്യൻ വെള്ളപ്പുറത്തിട്ടതാണെന്ന് പറയാം. ഒരു ട്രെയിൻഡായ മാധ്യമ പ്രവർത്തകൻ പ്രത്യേക വിഭാഗത്തെ തന്റെ ചാനലിലേക്ക് ഉന്നം വെച്ച്, ഭരണകൂടം വിഭാഗീയമാണെന്ന് വിളംബരം ചെയ്തിട്ട് അയാളുടെ പണിപോയോ? അറസ്റ്റുണ്ടായോ? കേസുണ്ട് എന്ന മാത്രം. അതുമതി താനും. ആശയങ്ങളെ കേസ് കൊണ്ട് തീർക്കേണ്ട കാര്യമില്ല. പക്ഷേ തുല്യനീതി എല്ലാവർക്കും കിട്ടണ്ടേ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP