Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വയംസുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു കാര്യവും റിപ്പോർട്ടിംഗിനായി ചെയ്യുന്നത് പ്രൊഫഷണൽ അല്ല; ദുരന്ത രംഗങ്ങൾ ചിത്രീകരിക്കുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലും ഉയർന്ന ഔചിത്യബോധം ഉണ്ടായിരിക്കണം; അധികാരികളേയോ ദുരന്തത്തിൽപ്പെട്ടവരേയോ കുറ്റപ്പെടുത്തുന്ന തരത്തിൽ ചോദ്യങ്ങൾ ഒഴിവാക്കണം: ദുരന്തകാലത്തെ മാധ്യമ പ്രവർത്തനത്തെ കുറിച്ച് മുരള തുമ്മാരുകുടി എഴുതുന്നു

സ്വയംസുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു കാര്യവും റിപ്പോർട്ടിംഗിനായി ചെയ്യുന്നത് പ്രൊഫഷണൽ അല്ല; ദുരന്ത രംഗങ്ങൾ ചിത്രീകരിക്കുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലും ഉയർന്ന ഔചിത്യബോധം ഉണ്ടായിരിക്കണം; അധികാരികളേയോ ദുരന്തത്തിൽപ്പെട്ടവരേയോ കുറ്റപ്പെടുത്തുന്ന തരത്തിൽ ചോദ്യങ്ങൾ ഒഴിവാക്കണം: ദുരന്തകാലത്തെ മാധ്യമ പ്രവർത്തനത്തെ കുറിച്ച് മുരള തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ന്താരാഷ്ട്ര ആണവ ഊർജ്ജ ഏജൻസിയിൽ ഒരു മീറ്റിങ്ങിന് വന്നിരിക്കയാണ്, അതുകൊണ്ട് കേരളത്തിലെ ദുരന്തത്തിന്റെയും ദുരിതാശ്വാസത്തിന്റെയും വാർത്തകൾ അപ്പപ്പോൾ ഫോളോ ചെയ്യാൻ പറ്റുന്നില്ല. എന്നാലും വള്ളത്തിൽ നിന്നും വെള്ളത്തിൽ നിന്നും യാതൊരു വ്യക്തി സുരക്ഷാ ഉപാധികളും ഇല്ലാതെ മാധ്യമപ്രവർത്തകരും സന്നദ്ധ പ്രവർത്തകരും ഫോട്ടോ ഇടുന്നത് കണ്ടപ്പോഴേ പേടിച്ചു. വ്യക്തി സുരക്ഷയുടെ കാര്യം ശ്രദ്ധിക്കണമെന്ന് ഒരു പോസ്റ്റുമിട്ടിരുന്നു. കാര്യമുണ്ടായില്ല. മാതൃഭൂമി വാർത്താ സംഘത്തിലെ രണ്ടു പേർ വെള്ളത്തിൽ കാണാതായി എന്ന വാർത്തയാണ് പിന്നീട് കേട്ടത്. ആദരാജ്ഞലികൾ..!

ദുരന്തകാലത്തെ മാധ്യമ പ്രവർത്തനങ്ങളെക്കുറിച്ച് രണ്ടു വർഷം മുൻപ് ഞാൻ ഒരു പോസ്റ്റിട്ടിരുന്നു. ഒരിക്കൽ കൂടി അതിവിടെ പുനഃ പ്രസിദ്ധീകരിക്കുന്നു. മാധ്യമ സുഹൃത്തുക്കൾ ദയവായി വായിക്കണം. മാധ്യമ സുഹൃത്തുക്കളെ ടാഗ് ചെയ്യണം. ഏതു ദുരന്തത്തിന്റെ നടുവിലേക്കും ഓടിച്ചെല്ലുന്ന മാധ്യമ പ്രവർത്തകരോട് എനിക്ക് ബഹുമാനമേ ഉള്ളൂ, കോംപറ്റീഷൻ കാരണം കൂടുതൽ റിസ്‌ക് എടുക്കുകയും അനൗചിത്യത്തോടെ പെരുമാറേണ്ടി വരികയും ചെയ്യുന്നവരോട് സഹതാപവും... ഇനിയെങ്കിലും നിങ്ങളുടെ സുരക്ഷ നോക്കണം പ്ലീസ്...

മാധ്യമ പ്രവർത്തകർക്ക് ചില നിർദ്ദേശങ്ങൾ...

ടിസ്ഥാന വിവരശേഖരണം: വിവിധ തരം ദുരന്തങ്ങളെപ്പറ്റിയുള്ള അടിസ്ഥാന വിവരങ്ങളും ആധികാരികമായ വിവരങ്ങളും എവിടെ കിട്ടുമെന്ന കാര്യം മുൻകൂട്ടി അന്വേഷിച്ചുവക്കണം. ഉദാഹരണത്തിന്, ലോകത്ത് ഉണ്ടാകുന്ന ദുരന്തങ്ങളുടെ എല്ലാം തൽസമയവിവരം Global Disaster Alert and Coordination Center (http://www.gdacs.org/) ൽ ലഭ്യമാണ്. ലോകത്തെവിടെയെങ്കിലും ഭൂകമ്പം ഉണ്ടായാൽ മിനുട്ടുകൾക്കകം അതിന്റെ ശക്തി, ആഴം എന്നിവ US Geological Surveyയുടെ വെബ്‌സൈറ്റിൽ (http://www.usgs.gov/) ലഭ്യമായിരിക്കും. ലോകത്തെ ഏതു രാസവസ്തുവിന്റെയും അപകട സാധ്യത Canadian Center for Occupational Health and Safteybുടെ വെബ്‌സൈറ്റിൽ (https://www.ccohs.ca/oshanswers/legisl/msdss.html) ലഭ്യമായിരിക്കും. ഇന്ത്യയിലാണെങ്കിൽ Indian Meteorological Department, കേരളത്തിൽ State Disaster Management Authortiy ഇവയെല്ലാം ആധികാരിക വിവരങ്ങളുടെ കലവറ ആണ്. ഇതെല്ലാം മുൻകൂട്ടി അറിഞ്ഞ് പരിചയപ്പെട്ടു വെക്കണം.

മാധ്യമക്കാരുടെ സ്വയംസുരക്ഷ: കേരളത്തിലോ പുറത്തോ ദുരന്തം റിപ്പോർട്ട് ചെയ്യാൻ പോകുന്നവർ സ്വയംസുരക്ഷ ആദ്യമേ ശ്രദ്ധിക്കണം. സ്വയംസുരക്ഷയെ അപകടപ്പെടുത്തുന്ന ഒരു കാര്യവും ദുരന്തത്തിന്റെ റിപ്പോർട്ടിംഗിനായി ചെയ്യുന്നത് പ്രൊഫഷണൽ അല്ല. ടാങ്കർ അപകടമോ ഫാക്ടറി അപകടമോ നടക്കുന്നിടത്തേക്ക് പോകുമ്പോൾ വ്യക്തിസുരക്ഷാ ഉപകരണങ്ങൾ കയ്യിൽ കരുതണം. അപായസാധ്യത ഉള്ള സ്ഥലങ്ങളിൽ ഉപയോഗിക്കാവുന്നതാണോ കാമറയും മറ്റുപകരണങ്ങളും എന്ന് മുൻകൂട്ടി അറിഞ്ഞിരിക്കുകയും വേണം.

സ്വയം പര്യാപ്തത: കേരളത്തിന് പുറത്താണ് ദുരന്തം റിപ്പോര്ട്ട് ചെയ്യാൻ പോകുന്നതെങ്കിൽ അത്യാവശ്യം സ്വയം പര്യാപ്തത ഉണ്ടായിരിക്കാൻ മാധ്യമ പ്രവർത്തകർ ശ്രദ്ധിക്കണം. കുടിക്കാനുള്ള വെള്ളം, രണ്ടു ദിവസത്തേക്കുള്ള പാക്ക് ചെയ്ത ഭക്ഷണം (meals ready to eat), സ്ലീപ്പിങ്ങ് ബാഗ്, അവശ്യ മരുന്ന്, ടിഷ്യൂ പേപ്പർ, കൊതുകിനെ അകറ്റാനുള്ള സ്‌പ്രേ എന്നിങ്ങനെ. എന്നാൽ പല ദുരന്തമുഖത്തെക്കും എത്താൻ പറ്റുന്നത് ഹെലികോപ്ടറിൽ ആയിരിക്കുന്നതിനാൽ ലഗേജ് ഏറ്റവും കുറവായിരിക്കുകയും വേണം. പതിനഞ്ചു കിലോക്കുള്ളിൽ മുൻപ് പറഞ്ഞതെല്ലാം പാക്ക് ചെയ്യാൻ മുൻകൂർ പഠിച്ചു വെക്കണം. അപകട സ്ഥലത്തേക്ക് പോകുന്നതിന് അരമണിക്കൂർ മുൻപ് സ്ലീപിങ് ബാഗ് അന്വേഷിക്കുന്നതും അപകട സ്ഥലത്തെത്തി സ്ലീപിങ് ബാഗ് ഇല്ലാതെ കഷ്ടപ്പെടുന്നതും ഒഴിവാക്കണം.

ഔചിത്യബോധം: ദുരന്തരംഗങ്ങൾ ചിത്രീകരിക്കുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലും ഉയർന്ന ഔചിത്യബോധം ഉണ്ടായിരിക്കണം. ദുരന്തത്തിൽപെട്ടവരുടെ ആത്മാഭിമാനവും ദുരന്തനിവാരണത്തിൽ ഏർപ്പെടുന്നവരുടെ ആത്മവിശ്വാസവും തകർക്കുന്ന ചിത്രീകരണമോ റിപ്പോർട്ടിംഗോ ശരിയായ പ്രവർത്തി അല്ല. മുൻപ് പറഞ്ഞപോലെ അപകടത്തിൽ മരിച്ചവരുടെ പേര് വെളിപ്പെടുത്തുന്നതോ ദുരന്തമരണം സംഭവിച്ചവരുടെ ക്ലോസപ്പ് എടുത്തു കാണിക്കുന്നതോ ദുരന്തത്തിന്റെ റിപ്പോർട്ടിംഗിന് ആവശ്യമായ പ്രവർത്തിയല്ല. ദുരന്തം ഉണ്ടായി ഉടൻതന്നെ അധികാരികളേയോ ദുരന്തത്തിൽപ്പെട്ടവരേയോ കുറ്റപ്പെടുത്തുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും ഒഴിവാക്കണം.

ദുരന്തനിവാരണം ആണ് പ്രധാനം: ആകാശത്തുവച്ച് വിമാനത്തിന് എന്തെങ്കിലും സംഭവിച്ചാൽ എന്തുചെയ്യണം എന്നതിനെപ്പറ്റി പൈലറ്റുമാർക്ക് ഒരു മന്ത്രം ഉണ്ട്. Aviate, Navigate, Communicate. അതായത് വിമാനം പറത്തിക്കൊണ്ടിരിക്കുക എന്നത് ഒന്നാമത്തെ ലക്ഷ്യം, അത് എങ്ങോട്ടാണെന്ന് അറിയുന്നത് രണ്ടാമത്തെ ലക്ഷ്യം, ഇതു രണ്ടും കഴിഞ്ഞാണ് പ്രശ്‌നം ആരെയെങ്കിലും അറിയിക്കാനുള്ള ശ്രമം നടത്തേണ്ടതുള്ളൂ.

ദുരന്തമുഖത്തെത്തുന്ന മാധ്യമങ്ങൾ ഇക്കാര്യം എപ്പോഴും ഓർക്കണം. സംഭവിച്ച ദുരന്തത്തെ, അല്ലെങ്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തെ കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. ദുരന്തമുഖത്തുള്ളവർ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയോ മാധ്യമങ്ങളെ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്താൽ അതൊരു വലിയ വിഷയമാക്കരുത്. അവർ മാധ്യമങ്ങളെ അവഗണിക്കുന്നതോ അവഹേളിക്കുന്നതോ ശരിയല്ലെന്ന് ഞാൻ ആദ്യമേ പറഞ്ഞല്ലോ.

ദുരന്തബാധിതരുടെ താല്പര്യം മുന്നിൽ : ദുരന്തത്തിൽ പെട്ട മനുഷ്യർക്ക് പരമാവധി സഹായം ഏറ്റവും വേഗത്തിൽ എത്തിക്കാൻ സഹായിക്കുക എന്നതായിരിക്കണം ആദ്യ ദിവസങ്ങളിൽ മാധ്യമങ്ങളുടെ ലക്ഷ്യം. ഇതിനു ദുരന്തത്തിന്റെ വാർത്തയും, അതിൽ അകപ്പെട്ട ആളുകളുടെ കഷ്ടപ്പാടുകളും, ദുരന്തനിവാരണ സംഘത്തിന്റെ പരിമിതികളും എല്ലാം ഏറ്റവും വേഗത്തിൽ വാർത്തയാക്കി ലോകത്തെ അറിയിക്കണം. എന്നാൽ ഇത് ദുരന്തബാധിതരുടെ ഉത്തരവാദിത്തം ആണെന്ന തരത്തിൽ വാർത്ത കൊടുക്കരുത്. ഉദാഹരണത്തിന് വെള്ളപ്പൊക്കത്തിന്റെ സമയത്ത് നദീതീരത്ത് പുറമ്പോക്കിൽ താമസിക്കുന്നവരുടെ വീട് നഷ്ടപ്പെട്ടാൽ അവർ നിയമവിരുദ്ധം ആയിട്ടാണ് അവിടെ താമസിച്ചതെന്നാണ് വാർത്ത വരുന്നതെങ്കിൽ പിന്നെ അവർക്ക് വേണ്ടി ഒന്നും ചെയ്യാൻ പുറം ലോകം തയ്യാറാവില്ല. അതുപോലെ തന്നെ ദുരിതാശ്വാസം നടത്തുന്നതിലെ അഴിമതിയോ കെടുകാര്യസ്ഥതയോ പറയണം എന്നിരിക്കിലും അതിലാണ് കൂടുതൽ ഊന്നൽ കൊടുക്കുന്നതെങ്കിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഹായം കുറയും. കാരണം, അവർ എന്ത് നല്കിയാലും ഇടനിലക്കാർ അടിച്ചു മാറ്റും എന്നവർക്ക് തോന്നും. വാർത്തയുടെ സമയത്തിലും ഫോക്കസിലും പ്രത്യേകം ശ്രദ്ധിക്കണം.

കുറ്റവിചാരണക്ക് സമയം ഉണ്ട്: ഒരു ദുരന്തം ഉണ്ടായ ഉടൻ തന്നെ ആരെയെങ്കിലും കുറ്റവാളിയാക്കുന്ന തരത്തിലുള്ള റിപ്പോർട്ടിങ്ങ് കൊണ്ടും ചർച്ചകൊണ്ടും ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഒരു ഗുണവുമില്ല,മറിച്ചു ദോഷം ഉണ്ടായേക്കാം. കളക്ടർ കാര്യങ്ങൾ മുൻകൂട്ടി ചെയ്തിരുന്നോ, സംഭവം കഴിഞ്ഞപ്പോൾ മന്ത്രി ഓടിയെത്തിയോ ഇതൊന്നുമല്ല പ്രധാന പ്രശ്‌നം. ദുരന്ത നിവാരണവും ദുരിതാശ്വാസവും വേണ്ട തരത്തിൽ നടക്കുന്നുണ്ടോ എന്നതാണ്. ദുരിതാശ്വാസമോ ദുരിത നിവാരണമോ വേണ്ട പോലെ നടക്കുന്നില്ലെങ്കിൽ അത് തീർച്ചയായും വാർത്തയാണ്. പക്ഷെ മന്ത്രി വരുന്നതും വരാത്തതും ഒന്നുമല്ല വർത്തയാകേണ്ടത്. ദുരിതാശ്വാസത്തിന്റെ സമയം കഴിഞ്ഞാൽ പിന്നെ മറ്റുള്ള കാര്യങ്ങൾ തീർച്ചയായും ചർച്ച ചെയ്യണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP