Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടനിലെയും ഒട്ടാവയിലെയും എന്റെ ബന്ധുക്കളുടെ മക്കൾ നടന്നും സൈക്കിളിലും സ്‌കൂളിൽ പോകുമ്പോൾ നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികൾപോലും കാറിലും സ്‌കൂൾബസിലും കയറിപ്പോകുന്നത് എന്തുകൊണ്ട്? നേതാക്കൾ മക്കളെ പൊതു വിദ്യാലയത്തിൽ ചേർത്തതിനെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

ലണ്ടനിലെയും ഒട്ടാവയിലെയും എന്റെ ബന്ധുക്കളുടെ മക്കൾ നടന്നും സൈക്കിളിലും സ്‌കൂളിൽ പോകുമ്പോൾ നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികൾപോലും കാറിലും സ്‌കൂൾബസിലും കയറിപ്പോകുന്നത് എന്തുകൊണ്ട്? നേതാക്കൾ മക്കളെ പൊതു വിദ്യാലയത്തിൽ ചേർത്തതിനെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

മ്മുടെ യുവ നേതാക്കൾ ആയ ശ്രീ വി.ടി.ബൽറാം, ശ്രീ എം.ബി.രാജേഷ്,ശ്രീ ടി.വി.രാജേഷ്, ശ്രീ വി.ആർ.സുനിൽകുമാർ എന്നിവർ സ്വന്തം കുട്ടികളെ സർക്കാർ സ്‌കൂളിൽ ചേർത്ത നല്ല വർത്തയുമായാണ് ഈ വർഷത്തെ പ്രവേശനോത്സവം കടന്നുപോയത്. ഏറെ സന്തോഷം.

സർക്കാർ സ്‌കൂളിലും എയ്ഡഡ് സ്‌കൂളിലും പഠിച്ച് വളർന്ന ഞാനുൾപ്പെടെയുള്ളവർ സ്വന്തം കുട്ടികളെ തങ്ങളുടെ കഴിവിനനുസരിച്ച് ഏറ്റവും നല്ല സ്‌കൂളിലയക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത്, ഏത് സ്‌കൂളിലും അഡ്‌മിഷൻ ലഭിക്കാൻ ഒരു ബുദ്ധിമുട്ടുമില്ലാത്ത നമ്മുടെ ഈ ജനപ്രതിനിധികൾ സ്വന്തം കുട്ടികളെ സർക്കാർ വിദ്യാലയത്തിൽ ചേർത്തു എന്നത് ശ്രദ്ധിക്കപ്പെടേണ്ട, അഭിനന്ദനാർഹമായ ഒരു കാര്യമാണ്.

അതേസമയം തന്നെ അവർ കുട്ടികളെ തിരുവനന്തപുരത്തോ ഡൽഹിയിലോ കൂടുതൽ സൗകര്യങ്ങളുള്ള സ്‌കൂളിൽ വിട്ടിരുന്നെങ്കിലും എനിക്കവരോട് ഒരു ബഹുമാനക്കുറവും തോന്നുകയില്ലായിരുന്നു. കാരണം, നമ്മുടെ കുട്ടികൾക്ക് നൽകാവുന്നതിൽ ഏറ്റവും നല്ല വിദ്യാഭ്യാസ അവസരങ്ങൾ നൽകുക എന്നത് നമ്മുടെ കടമയാണ്. കേരളത്തിലെ ഓരോ വിദ്യാഭ്യാസ സ്ഥാപനവും നന്നാക്കേണ്ടത് എല്ലാവരുടെയും കടമയാണ്. പക്ഷെ അത് ശരിയാവുന്നത് വരെ കേരളത്തിലെ ഏതു പാർട്ടിനേതാവും സ്വന്തം കുട്ടികളെ ഭാവിക്ക് കൂടുതൽ ഗുണം ചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ, അത് കേരളത്തിന് പുറത്തോ വിദേശത്തോ ആണെങ്കിൽ പോലും അയച്ചു പഠിപ്പിക്കാൻ ശ്രമിച്ചാൽ അതൊരു തെറ്റാണെന്ന് എനിക്ക് അഭിപ്രായം ഇല്ല. പക്ഷെ നേതാക്കൾ വീടിനടുത്തുള്ള സർക്കാർ സ്‌കൂളിൽ കുട്ടികളെ ചേർത്താൽ വലിയ ഒരു ഗുണമുണ്ട്. ആ സ്‌കൂളിന്റെ നടത്തിപ്പും അദ്ധ്യാപന നിലവാരവുമെല്ലാം ഇനി അവർ കൂടുതൽ ശ്രദ്ധിക്കുമല്ലോ. അപ്പോൾ എല്ലാ കുട്ടികൾക്കും പൊതുവിൽ നാട്ടുകാർക്കും അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യും.

പക്ഷെ കൂടുതൽ പ്രധാനമായതും സ്‌കൂളിൽ പോകുന്ന കുട്ടികൾ ഉള്ളതും ഇല്ലാത്തതുമായ എല്ലാ ജനപ്രതിനിധികളും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. കേരളത്തിൽ കഴിഞ്ഞ മുപ്പത് വർഷത്തിൽ ഉണ്ടായിരിക്കുന്ന സ്‌കൂളുകളുടെ എണ്ണപ്പെരുപ്പം നമ്മുടെ സമൂഹത്തെ വളരെ അപകടകരമായ 'സോഷ്യൽ എഞ്ചിനീയറിങ്' ചെയ്തിരിക്കുകയാണ്. ഇതിന്റെ ദോഷഫലങ്ങൾ നാം കാണാൻ തുടങ്ങിയിട്ടേ ഉള്ളൂ. ഇക്കാര്യത്തിൽ ശ്രദ്ധിച്ച് സമവായം ഉണ്ടാക്കി ദീർഘവീക്ഷണത്തോടെ നയങ്ങൾ എടുത്തില്ലെങ്കിൽ വലിയ കുഴപ്പങ്ങളുണ്ടാകും. ഒരുദാഹരണം കൊണ്ട് ഞാനിത് വ്യക്തമാക്കാം.

ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒൻപതിൽ ഞാൻ സ്‌കൂളിൽ ചേരാൻ തയ്യാറെടുക്കുമ്പോൾ ഏത് സ്‌കൂളിലാണ് ചേർക്കേണ്ടത് എന്നത് വീട്ടിൽ ഒരു ചർച്ചാവിഷയം പോലുമല്ലായിരുന്നു. വീടിന് ഏറ്റവുമടുത്തുള്ള സ്‌കൂൾ, വെങ്ങോല പ്രൈമറി ബോയ്‌സ് സ്‌കൂൾ (ബോയ്സ് എന്നത് പേരിൽ മാത്രം, സ്‌കൂളിൽ പെൺകുട്ടികളുമുണ്ട്). ഗ്രാമത്തിൽ അന്ന് കേരളത്തിൽ എല്ലാവരുടെയും മാനദണ്ഡം ഒന്നുതന്നെ, തൊട്ടടുത്തുള്ള സ്‌കൂൾ. സ്‌കൂൾബസോ ഓട്ടോറിക്ഷയോ എന്തിന്, സാധാരണ ബസിൽ പോലും കുട്ടികൾ വരുന്നത് പതിവില്ല. എല്ലാവരും നടന്നാണ് വരുന്നത്. സ്‌കൂളിന്റെ കാര്യത്തിൽ നാട്ടുകാർക്ക് എല്ലാവർക്കും പ്രത്യേക ശ്രദ്ധ ഉണ്ട്, കാരണം അവർ അവിടെ പഠിച്ചവർ ആണ്, അല്ലെങ്കിൽ അവരുടെ കുട്ടികൾ അവിടെ പഠിച്ചിട്ടുണ്ട്, ഇപ്പോൾ പഠിക്കുന്നുണ്ട്, അല്ലെങ്കിൽ ഇനി പഠിക്കാൻ പോകുന്നുണ്ട്. അപ്പോൾ ആ പ്രസ്ഥാനം നന്നായി പോകണം എന്ന് അവർക്ക് ആഗ്രഹം ഉണ്ട്.

പക്ഷെ ഇതിന് വിദ്യാഭ്യാസത്തിന് പുറത്ത് ഒരു മാനമുണ്ട്. ഗ്രാമത്തിലെ എല്ലാ കുട്ടികളും ജാതിമത ഭേദമന്യേ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. പത്രോസും പാത്തുമ്മയും അമ്മിണിയും ലീലയുമൊക്കെയുള്ള ക്ലാസ്സ് മുറി. അവരിൽനിന്നും നമ്മൾ സുഹൃത്തുക്കളെ ഉണ്ടാക്കുന്നു, സുഹൃത്തുക്കൾ അല്ലാത്തവരെയും അടുത്തറിയുന്നു. ഇന്നും ലോകത്തെവിടെ വെച്ചും മതങ്ങളുടെ പേരിൽ ഏതെങ്കിലും ഒരു സമുദായത്തെ ബ്രാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ അതിനെ നൂറു ശതമാനം ആത്മാർത്ഥതയോടെ എതിർക്കാൻ എനിക്ക് ധൈര്യം നൽകുന്നത് എല്ലാവരോടും ഒരുമിച്ച് ചെലവഴിച്ച ആ സ്‌കൂൾകാലമാണ്. ഇതെന്റെ മാത്രം കാര്യമല്ല.

ഇപ്പോൾ പക്ഷെ, കാര്യങ്ങൾ അങ്ങനെയല്ല. തുമ്മാരുകുടിയിലെ കുട്ടികൾക്ക് ബേത്ത് സേദയിൽ പോകാം, പെരുമ്പാവൂരിലെ അമൃത വിദ്യാലയത്തിൽ പോകാം, പോഞ്ഞാശേരിയിലെ ജാമിയ ഹസ്സനിയയിൽ പോകാം. എന്തിന്, അങ്കമാലിയിലും, മുളന്തുരുത്തിയിലും, കോതമംഗലത്തും, തൃപ്പൂണിത്തുറയിലും വരെ കുട്ടികൾ പോയി പഠിക്കുന്നുണ്ട്. ഇവയിൽ ഓരോന്നിലും ഏതു മതത്തിലും ഏതു സാമ്പത്തിക നിലയിലും ഉള്ളവർക്കും പോകാമെങ്കിലും ഇവയിൽ ഓരോന്നിലും വരുന്നവർക്ക് ചില പൊതു സ്വഭാവം ഉണ്ട്. അപ്പോൾ ക്ലാസ്സ് മുറിയിലെ വൈജാത്യം കുറയുന്നു. ഇവിടെയൊന്നും വിടാൻ കഴിവില്ലാത്തവരാണ് ഇന്ന് പ്രൈമറി ബോയ്സ് സ്‌കൂളിൽ എത്തുന്ന ഭൂരിഭാഗവും. അയൽപക്കത്തെ സ്‌കൂളിൽ കുട്ടികൾ കുറയുന്നു, അത് നന്നായി നടക്കുന്നതിൽ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും താല്പര്യം എടുക്കുന്നില്ല. സ്‌കൂളിന്റെ നിലവാർത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ഡൗൺവെർഡ് സ്‌പൈറൽ ആണ് (ഇതിനൊക്കെ മലയാളം ഉണ്ടോ).

ഇതിന് രണ്ടു പ്രത്യാഘാതങ്ങളുണ്ട്. ഒന്ന്, കൂടുതൽ നല്ല സ്‌കൂളുകളിൽ പഠിക്കുന്നവർക്ക് കൂടുതൽ നല്ല നെറ്റവർക്ക് ഉണ്ടാകുന്നു, പിൽക്കാല ജീവിതത്തിലും അവസരങ്ങൾ കൂടുന്നു. അപ്പോൾ സാധാരണക്കാരും മധ്യവർഗ്ഗവും തമ്മിലുള്ള സാമ്പത്തിക അന്തരം ഒരു തലമുറ കൊണ്ട് കൂടുതൽ വലുതാകുന്നു. രണ്ടാമത് കുട്ടികൾ മതപരമായും സാമ്പത്തികമായും വിവിധ വിദ്യാലയങ്ങളിൽ ഓരോ ക്ലസ്റ്റർ ആകുന്നതോടെ സമൂഹത്തിലെ വിടവ് വർദ്ധിക്കുന്നു, 'നമ്മളും' 'അവരും' എന്ന ചിന്താഗതി ഉണ്ടാകുന്നു. രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ പേരിൽ അത് മുതലെടുക്കാൻ മറ്റുള്ളവർക്ക് അവസരവും കൂടുന്നു. ഇതിന്റെ പ്രത്യാഘാതം ഞാൻ ഇപ്പോൾ തന്നെ സമൂഹ മാധ്യമത്തിൽ കാണുന്നുണ്ട്, അത് സമൂഹ മധ്യത്തിലേക്ക് വരാൻ കൂടിയാൽ പത്തു വര്ഷം കൂടി മതി.


ലോകത്ത് എല്ലാം പക്ഷെ ഇങ്ങനെ അല്ല സ്ഥിതി കേട്ടോ. കേരളത്തിലെ ഗ്രാമത്തിലെ ലോവർ മിഡിൽ ക്ലാസ്സിലുള്ള കുട്ടികളുൾപ്പെടെ എല്ലാവരും സ്‌കൂൾബസിൽ കയറി ദൂരെ സ്‌കൂളിൽ പോകുമ്പോൾ യു കെ യുടെ തലസ്ഥാനമായ ലണ്ടനിലും കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലും ഉള്ള എന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കുട്ടികൾ ഇപ്പോൾ ഇപ്പോഴും നടന്നും സൈക്കിളിലുമാണ് സ്‌കൂളിൽ പോകുന്നത്. പല വികസിതരാജ്യങ്ങളിലും നിയമം തന്നെ അതാണ്. സ്വന്തം വീടിന്റെ ചുറ്റുവട്ടത്തുള്ള രണ്ടോ മൂന്നോ സ്‌കൂളിലേ പോകാൻ ഓപ്ഷനുള്ളൂ. ദൂരെ ഏതെങ്കിലും 'നല്ല' സ്‌കൂളിൽ പോകണമെങ്കിൽ അവിടെ പോയി വീട് വാങ്ങുകയേ നിർവാഹമുള്ളൂ. അല്ലാതെ ഒരു സ്ഥലത്തു നിന്നും ദൂരെ ഉള്ള മറ്റൊരു സ്ഥലത്തേക്ക് കുട്ടികളെ ബസിൽ കയറ്റി രണ്ടു മണിക്കൂർ യാത്ര ചെയ്യിക്കുന്ന സംവിധാനം അവിടെ ഇല്ല, സ്വന്തം കാറിലാണെങ്കിലും അങ്ങനെ ചെയ്യാൻ അനുവദിക്കുകയും ഇല്ല.

ഇവിടെയാണ് നമ്മുടെ ജനപ്രതിനിധികൾ യഥാർത്ഥത്തിൽ ഇടപെടേണ്ടത്. നമ്മുടെ പുതിയ തലമുറക്ക് അവകാശപ്പെട്ട വിദ്യാഭ്യാസത്തിന്റെ മിനിമം നിലവാരം എന്തെന്ന് സർക്കാർ നയം ഉണ്ടാക്കണം കേരളത്തിൽ എവിടെ ജനിക്കുന്ന കുട്ടിക്കും ഒന്നോ രണ്ടോ കൂടിയാൽ മൂന്നോ കിലോമീറ്ററിനുള്ളിൽ ഈ നിലവാരത്തിൽ ഉള്ള വിദ്യാഭ്യാസത്തിന് അവസരമുണ്ടാകുക എന്നതായിരിക്കണം നമ്മുടെ പ്രഥിമിക വിദ്യാഭ്യാസത്തിന്റെ ഒരു സൂചിക. അതിനു വേണ്ടി നമ്മുടെ ഓരോ ഗ്രാമത്തിലും നല്ല സ്‌കൂളുകൾ ഉണ്ടാകണം. പ്രഥിമിക വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായിരിക്കണം,

കേരളത്തിൽ ധാരാളം സ്‌കൂളുകൾ ഉണ്ടല്ലോ, അപ്പോൾ പുതിയതായി ഉണ്ടാക്കേണ്ട കാര്യം ഒന്നുമില്ല, ഉള്ളവയുടെ എല്ലാം നിലവാരം മിനിമത്തിലേക്കെങ്കിലും ഉയർത്തിയാൽ മതി. എല്ലാ സ്‌കൂളുകളും, അത് സർക്കാർ ആയാലും പ്രൈവറ്റ് ആയാലും, നില നിർത്തേണ്ട കാര്യം ഒന്നുമില്ല. ഇതൊരു ഇമോഷണൽ പ്രശ്‌നമല്ല. നമ്മുടെ പുതിയ തലമുറക്ക് പഠിക്കാൻ വീടിനടുത്തു തന്നെ നിലവാരം ഉള്ള സ്‌കൂൾ ഉണ്ടാകണം എന്നതാണ് പ്രധാനം. അതിന് സഹായം ചെയ്യുമ്പോൾ സ്‌കൂളുകൾ സർക്കാർ ആണോ പ്രൈവറ്റ് ആണോ എന്നൊന്നും വേർ തിരിക്കേണ്ട കാര്യം തന്നെ ഇല്ല. നമ്മുടെ പുതിയ തലമുറക്ക് സർക്കാർ നൽകേണ്ട (സൗജന്യമായി) വിദ്യാഭ്യാസത്തിന് വേണ്ടി സ്വകാര്യ മേഖല മുതൽ മുടക്കിയത് ഒരു നല്ല കാര്യം ആണ്. നമ്മുടെ സ്വകാര്യമേഖലയെ വിദ്യാഭ്യാസ കച്ചവടം എന്നൊക്കെ പറയുമെങ്കിലും, നമ്മുടെ സ്വകാര്യ സംവിധാനങ്ങൾ എത്ര നല്ലതും ചെലവ് കുറഞ്ഞതും ആണെന്ന് അറിയണമെങ്കിൽ ഡൽഹി വരെ ഒന്നും പോകേണ്ട, ബാന്ഗ്ലൂരിൽ ഉള്ളവരോട് ചോദിച്ചാൽ മതി. ഇതിൽ കുറെ ഒക്കെ നമ്മുടെ അദ്ധ്യാപകർക്ക് അര്ഹമായ ശമ്പളം കൊടുക്കാതെ ആണ് സാധിക്കുന്നത്. ഈ സ്ഥിതി മാറണം. എല്ലാ അദ്ധ്യാപകർക്കും അർഹമായ വേതനം കൊടുക്കണം. സ്‌കൂൾ അദ്ധ്യാപകർ ആകുന്നതിലും നല്ലത് സർക്കാരിൽ പ്യൂൺ ആവുകയാണെന്ന തരത്തിൽ ശമ്പളത്തെ തല കുത്തി നിർത്തരുത്. മാസത്തിന്റെ ആദ്യം മിനിമം സാലറി ഒപ്പിട്ടു വാങ്ങിയിട്ട് പകുതി പൈസ തിരിച്ചു മാനേജ്മെന്റിന് കൊടുക്കുന്ന അപമാനകാരവും ദുഃഖകരവും ആയ പണി നമ്മുടെ അദ്ധ്യാപകരെ കൊണ്ട് ചെയ്യിക്കരുത്.

ഇതിനൊക്ക പണം എവിടെ നിന്ന് കിട്ടും എന്നായിരിക്കും ചോദ്യം. സത്യത്തിൽ ഇപ്പോൾ നമ്മുടെ സമൂഹം (വ്യക്തികളും സർക്കാരും) വിദ്യാഭ്യാസത്തിന് വേണ്ടി ചെലവാക്കുന്ന തുക മാത്രം മതി ഇതൊക്കെ നടത്താൻ. അല്പം പുനർ വിതരണത്തിന്റെ പ്രശ്‌നമേ ഉള്ളൂ. അതൊക്കെ ചിന്തിച്ചാൽ എളുപ്പത്തിൽ ശരിയാക്കാവുന്നതേ ഉള്ളൂ. ഇതൊക്കെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും മാറ്റി നമ്മുടെ സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന്റെ കാര്യമായി കാണണം. ഇതെല്ലാം ദീർഘവീക്ഷണത്തോടെ കണ്ട് കാര്യങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കുഴപ്പത്തിലാകാൻ പോകുന്നത് നമ്മുടെ പുതിയ തലമുറയുടെ വിദ്യാഭ്യാസം മാത്രമല്ല, സമൂഹത്തിന്റെ മൊത്തം സുരക്ഷ കൂടിയാണ്.

(അഭിപ്രായങ്ങൾ വ്യക്തിപരമാണ്, മുരളി തുമ്മാരുകുടി)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP