Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇത്രയേറെ പാർട്ടികളും വൈവിധ്യവുമുള്ള രാജ്യത്ത് ഒറ്റയ്ക്ക് വൻ ഭൂരിപക്ഷം കിട്ടുന്നത് മഹാത്ഭുതം; നിയമ നിരർമ്മാണത്തിൽ നിർണ്ണായക മാറ്റങ്ങൾ കൊണ്ട് വരാനും അവസരം; ഇന്ത്യയുടെ ഭാവി സർക്കാർ ഏത് വിഷയത്തിന് കൂടുതൽ പ്രധാന്യം നൽകും എന്നതിനെ ആശ്രയിച്ച്; മോദിജിയുടെ രണ്ടാം വരവ്, മോടിയാകുമോ ഭാരതം ? മോടിയാകട്ടെ ഭാരതം, മുന്നേറട്ടെ കേരളം; മുരളി തുമ്മാരകുടി എഴുതുന്നു

ഇത്രയേറെ പാർട്ടികളും വൈവിധ്യവുമുള്ള രാജ്യത്ത് ഒറ്റയ്ക്ക് വൻ ഭൂരിപക്ഷം കിട്ടുന്നത് മഹാത്ഭുതം; നിയമ നിരർമ്മാണത്തിൽ നിർണ്ണായക മാറ്റങ്ങൾ കൊണ്ട് വരാനും അവസരം; ഇന്ത്യയുടെ ഭാവി സർക്കാർ ഏത് വിഷയത്തിന് കൂടുതൽ പ്രധാന്യം നൽകും എന്നതിനെ ആശ്രയിച്ച്; മോദിജിയുടെ രണ്ടാം വരവ്, മോടിയാകുമോ ഭാരതം ? മോടിയാകട്ടെ ഭാരതം, മുന്നേറട്ടെ കേരളം; മുരളി തുമ്മാരകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

മുൻ തവണത്തേക്കാൾ മെച്ചപ്പെട്ട ജനപിന്തുണയോടു കൂടി ശ്രീ. നരേന്ദ്ര മോദി നാളെ വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണല്ലോ. 1984 നു ശേഷം ഒരു പാർട്ടിക്കോ വ്യക്തിക്കോ ഇത്ര വ്യക്തമായ പിന്തുണയും ഭൂരിപക്ഷവും ഇന്ത്യയിൽ ലഭിച്ചിട്ടില്ല. അടുത്ത വർഷം അവസാനം ആകുന്‌പോഴേക്കും രാജ്യസഭയിലും എൻ ഡി എ ക്ക് ഭൂരിപക്ഷം ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിയമ നിർമ്മാണത്തിൽ നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഇത് എൻ ഡി എക്ക് അവസരം നൽകും. ഇത് തന്നെയാണ് അടുത്ത ഭരണത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയും ആശങ്കയും.

ഒരു ബില്യണിൽ ഏറെ ജനസംഖ്യയും സാമ്പത്തികമായും സാമൂഹ്യമായും ഏറെ വ്യത്യസ്തതകളും അനവധി ദേശീയ പ്രാദേശിക പാർട്ടികളും ഒക്കെ ഉള്ള ഒരു രാജ്യത്ത് പാർലിമെന്ററി രീതിയിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എങ്ങനെയാണ് ഭൂരിപക്ഷം സീറ്റുകൾ നേടിയെടുക്കുന്നതെന്ന് മനസ്സിലാക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ഓരോ പ്രദേശത്തും, എന്തിന് ഓരോ മണ്ഡലത്തിലും പ്രാദേശികമായ വിഷയങ്ങൾ പ്രധാനമാണ്. അപ്പോൾ ഒരു ദേശീയപാർട്ടിക്കും ഒറ്റ നേതാവിലൊ വിഷയത്തിലോ ഊന്നി തിരഞ്ഞെടുപ്പ് ജയിക്കാൻ പറ്റില്ല. അഞ്ചു വിഷയങ്ങളിൽ ഊന്നിയിട്ടുള്ള ഒരു പദ്ധതിയിലൂടെയാണ് എൻ ഡി എ അധികാരത്തിൽ എത്തിയതും ഇപ്പോൾ അവിടെ നിന്നും മുന്നോട്ട് പോകുന്നതും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

1. എല്ലാ കാലത്തും ഉള്ള, ഉറപ്പുള്ള, ഒരു 'ഹിന്ദുത്വ' അടിത്തറ.
2. ഇന്ത്യയിൽ ഇപ്പോഴും വലിയ സാദ്ധ്യതകൾ ഉള്ള ദേശീയത
3. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ആളുകൾക്കും ഇപ്പോഴും ലഭ്യമാകാത്ത സാമൂഹ്യ സുരക്ഷയിൽ സ്ഥിരമായിട്ടുള്ള ഊന്നൽ.
4. ഇന്ത്യയിലെ വളർന്നു വരുന്ന മധ്യവർഗ്ഗത്തെ ഉത്തേജിപ്പിക്കുന്ന 'വികസന അജണ്ട'.
5. തിരഞ്ഞെടുപ്പിന് ശേഷം ആരാണ് പ്രധാനമന്ത്രിയാകാൻ പോകുന്നതെന്ന് സംശയമില്ലാതെ പ്രഖ്യാപിച്ചത്

ഇവയിൽ ഏതെങ്കിലും ഒന്നുകൊണ്ടു മാത്രം ഭരണം നേടുകയോ നിലനിർത്തുകയോ സാധ്യമല്ല. ഒന്നിൽ കൂടുതൽ വിഷയങ്ങൾ പാക്കേജ് ചെയ്താൽ മാത്രമേ ഭൂരിഭാഗത്തിന്റെ പിന്തുണ കിട്ടൂ. ഈ കാര്യത്തിൽ എൻ ഡി എ നന്നായി വിജയിച്ചിരിക്കുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്.

തിരഞ്ഞെടുപ്പെല്ലാം കഴിഞ്ഞു വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയ സർക്കാർ മുന്പറഞ്ഞതിൽ ഏത് കാര്യത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കാൻ പോകുന്നതെന്നതിനെ അനുസരിച്ചിരിക്കും ഇന്ത്യയുടെ ഭാവി.

എല്ലാവർക്കും വീട് എന്നൊക്കെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുയും, വിദ്യാഭ്യാസം കൂടുതൽ തൊഴിൽ അധിഷ്ഠിതം ആക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടുതൽ നിക്ഷേപം നടത്തുകയും ചെയ്താൽ തീർച്ചയായും ഇന്ത്യയെ അത് വികസനത്തിന്റെ പുതിയ ഭ്രമണ പഥത്തിൽ എത്തിക്കും. ശക്തമായ നേതൃത്വം, ഭരണ സ്ഥിരത, അഴിമതിയില്ലാത്ത ഭരണം ഇവയെല്ലാമുണ്ടെങ്കിൽ ഇന്ത്യയുടെ സാന്പത്തികവും സാമൂഹ്യവുമായ സ്ഥിതി ഏറെ മുന്നോട്ട് പോകാൻ അധിക നാളുകൾ വേണ്ട. ഇതിനുള്ള സാധ്യത ഇപ്പോൾ ഉണ്ട്.

അതേസമയം സാന്പത്തികവും സാമൂഹ്യവുമായ നയങ്ങളും പദ്ധതികളും നിശ്ചയിക്കുന്നത് ഹിന്ദുത്വവും അമിത ദേശീയതയും ആണെങ്കിൽ ആദ്യകാലത്തൊക്കെ അത് ജനപ്രിയം ആകുമെങ്കിലും അവസാനം കുഴപ്പത്തിലേ അവസാനിക്കൂ. അങ്ങനെയാണ് ചരിത്രം. ഇതിൽ ഏത് പാതയിലേക്കാണ് നമ്മൾ കയറാൻ പോകുന്നതെന്നിപ്പോൾ പറയാൻ പറ്റില്ല. എൻ ഡി എ ക്ക് ഒറ്റ സീറ്റ് പോലും ഇല്ലാത്തതിനാൽ കേരളത്തിന് കേന്ദ്രത്തിന്റെ നയങ്ങളുടെ കാര്യത്തിൽ ഏറെ സ്വാധീനം കിട്ടാനും വഴിയില്ല. എന്നാലും പുതിയ സർക്കാർ വരുമ്പോൾ രണ്ടുകാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഇതൊരു വലിയ അവസരമാക്കി എടുക്കാം.

ഇന്ത്യക്ക് മാതൃകയാവുന്ന കേരളം: രാഷ്ട്രീയമായി കേരളത്തെ ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പടെയുള്ള കാര്യങ്ങളിൽ കേരളം ഇന്ത്യയിലെ ബഹുഭൂപക്ഷം സംസ്ഥാനങ്ങൾക്കും മാതൃകയാണ്. ഇന്ത്യയിലെ ഏറെ പ്രദേശങ്ങളിൽ കേരളത്തിലെ ഇപ്പോൾ ഉള്ള അത്രയും വികസനം അടുത്ത പത്തുവർഷം കൊണ്ടെങ്കിലും എത്തിക്കാൻ പറ്റിയാൽ അതൊരു അവിടുങ്ങളിൽ വിപ്ലവകരമായ മാറ്റം ആയിരിക്കും. കേരളത്തിന്റെ മാതൃകൾ മാത്രമല്ല ഇക്കാര്യങ്ങളിലുള്ള അറിവും വൈദഗ്ദ്ധ്യവും മറ്റു സംസ്ഥാനങ്ങളുമായി പങ്കുവെക്കാനുള്ള ഒരു സംവിധാനം ഉണ്ടായാൽ അത് ഇന്ത്യക്ക് മൊത്തം ഗുണകരം ആകുമെന്ന് മാത്രമല്ല, നമുക്ക് സാന്പത്തിക അവസരങ്ങളുടെ വലിയ ആകാശം തുറന്നു കിട്ടുകയും ചെയ്യും. ഉദാരണത്തിന് നമ്മുടെ സഹകരണ പ്രസ്ഥാനം, കുടുംബശ്രീ, സ്വകാര്യ സ്‌കൂൾ, ആശുപത്രി സംവിധാനങ്ങൾ എല്ലാം ഇന്ത്യയിലെ ഏറെ സംസ്ഥാനങ്ങൾക്ക് സ്വപ്നം കാണാൻ പോലും പറ്റാത്തത്ര മികവേറിയതാണ്. എങ്ങനെയാണ് സമൂഹസുരക്ഷക്കായി ഈ രംഗങ്ങളിൽ ഉണ്ടാക്കുന്ന കേന്ദ്ര പദ്ധതികളിൽ കേരളത്തിന്റെ അറിവും കഴിവും ഉപയോഗിക്കാൻ പറ്റുന്നത്? അതെങ്ങനെയാണ് വലിയ നിക്ഷേപ, തൊഴിലവസര സാധ്യതയായി കേരളത്തിന് മാറ്റാൻ സാധിക്കുന്നത്?.

ഇന്ത്യക്ക് മുന്നേ നടക്കുന്ന കേരളം: ഇന്ത്യയുടെ ശരാശരി പ്രശ്‌നങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് കേരളത്തിന്റെ പ്രശ്‌നങ്ങൾ. ഇന്ത്യയിൽ ഇപ്പോൾ നമ്മൾ നന്പർ വൺ ആണെങ്കിലും അവ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളോടുള്ള താരതമ്യത്തിലാണ്. ഈ സ്ഥിതിയിൽ നിന്ന് വളർന്ന് സാന്പത്തികമായി ഒരു മിഡിൽ ഇൻകം രാജ്യം പോലുള്ള സംസ്ഥാനം ആകാനും സാമൂഹ്യമായി അതിലും ഏറെ മുന്നേറാനും നമുക്ക് സാദ്ധ്യതകൾ ഉണ്ട്. പക്ഷെ അതിന് വേണ്ട നയങ്ങൾ കേരളത്തിന്റെ നിലയിൽ എടുക്കാൻ പറ്റുന്നതല്ല. ഉദാഹരണത്തിന് കേരളത്തെ സിംഗപ്പൂരിനും ദുബായിക്കും കിടപിടിക്കുന്ന ഒരു കൺസൾട്ടൻസി ഹബ് ആക്കി മാറ്റണമെങ്കിൽ ഭൗതിക സൗകര്യങ്ങൾ മാത്രം പോരാ, മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർക്ക് കേരളത്തിൽ വന്നു തൊഴിൽ ചെയ്യാൻ വിസയും വീട് വാടകക്കെടുക്കലും ദുബായിലേയും സിംഗപ്പൂരിലേയും പോലെ എളുപ്പമാകണം. ഈ നിയമങ്ങൾ കേന്ദ്രമാണ് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് വേണ്ട കേന്ദ്ര പദ്ധതികളുടെ ഒരു വിഹിതമല്ല, മറിച്ച് ഒരു പത്തു വർഷത്തിന് ശേഷം ഇന്ത്യക്ക് പൊതുവിൽ വേണ്ട പദ്ധതികളും നയങ്ങളും പൈലറ്റ് ടെസ്റ്റ് ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോം ആയി കേരളത്തെ കാണാൻ സാധിക്കണം.

ഇങ്ങനെയെല്ലാം ചെയ്യണമെങ്കിൽ നമ്മുടെ പുതിയ എം പി മാർ ഇപ്പോഴത്തെ നിലയിൽ നിന്നും ഏറെ ഉയർന്ന് ചിന്തിക്കാൻ പഠിക്കണം. എം പി വികസന ഫണ്ട് എന്ന പേരിൽ അഞ്ചോ പത്തോ കോടി രൂപ കൊണ്ടുവന്ന് ബസ് സ്റ്റോപ്പ് പണിത് ഫ്‌ളക്‌സ് അടിക്കുന്ന രീതിയിലേക്ക് നമ്മുടെ എംപി മാർ ചുരുങ്ങരുത് . മറിച്ച് നാളത്തെ കേരളത്തിന് വേണ്ട പുരോഗമന ആശയങ്ങൾ നടപ്പാക്കാനുള്ള നയങ്ങൾ എങ്ങനെ കേന്ദ്രത്തെ കൊണ്ട് നിർമ്മിപ്പിച്ചെടുക്കാം എന്നതായിരിക്കണം നമ്മുടെ ശ്രമം. കേന്ദ്രത്തിലെ പ്രധാന പ്രതിപക്ഷത്തെ ഏറ്റവും വലിയ ഗ്രൂപ്പ് എം പി മാർ കേരളത്തിൽ നിന്നാണ്, അതുകൊണ്ട് തന്നെ കോൺഗ്രസ്സ് പാർലിമെന്ററി പാർട്ടിയിൽ നമ്മുടെ ക്രെഡിറ്റ് ഒക്കെ കൂടാൻ പോവുകയാണ്, പാർലിമെന്റിൽ സംസാരിക്കാൻ കൂടുതൽ സമയം ഒക്കെ കിട്ടും. രാഹുൽ ഗാന്ധി കേരളത്തിൽ എംപിയായി തുടരുന്നതോടെ നമുക്ക് വലിയ വിസിബിലിറ്റി മാത്രമല്ല മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് അക്സെസ്സും ആണ് കിട്ടാൻ പോകുന്നത്. എന്താണ് കേരളത്തിന് വേണ്ടത് എന്നതിന്റെ ഗൃഹപാഠം നമ്മുടെ എംപിമാർ ചെയ്ത് അവ ഉപയോഗിക്കുക എന്നതാണ് പ്രധാനം.

എന്നത്തേയും പോലെ ഞാൻ ഭാവിയെ പ്രതീക്ഷയോടെ തന്നെയാണ് കാണുന്നത്. രണ്ടാമത് പ്രധാനമന്ത്രി ആകുന്ന ശ്രീ. നരേന്ദ്ര മോദിക്ക് എല്ലാ ആശംസകളും. മോടിയാകട്ടെ ഭാരതം, മുന്നേറട്ടെ കേരളം.

മുരളി തുമ്മാരുകുടി
ജനീവ, മെയ് 29, 2019

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP