Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു നിരപരാധിയെ കാരണവും ഇല്ലാതെ കസ്റ്റഡിയിൽ എടുത്ത് ദേഹോപദ്രവം ഏൽപ്പിച്ച് കൊല്ലാൻ ഈ നൂറ്റാണ്ടിലും സാധിച്ചു എന്നതിൽ ദുഃഖവും രോഷവും; ആദ്യത്തെ കോടതിയിൽ തന്നെ ശിക്ഷ വിധിക്കാൻ പതിമൂന്നു വർഷം എടുത്തു എന്നതിലും സങ്കടം; കേസ് തേച്ചുമാച്ചു കളയാൻ ശ്രമിച്ചവർക്ക് പ്രമോഷൻ ലഭിച്ചത് എങ്ങനെ? മുരളി തുമ്മാരുകുടി എഴുതുന്നു

ഒരു നിരപരാധിയെ കാരണവും ഇല്ലാതെ കസ്റ്റഡിയിൽ എടുത്ത് ദേഹോപദ്രവം ഏൽപ്പിച്ച് കൊല്ലാൻ ഈ നൂറ്റാണ്ടിലും സാധിച്ചു എന്നതിൽ ദുഃഖവും രോഷവും; ആദ്യത്തെ കോടതിയിൽ തന്നെ ശിക്ഷ വിധിക്കാൻ പതിമൂന്നു വർഷം എടുത്തു എന്നതിലും സങ്കടം; കേസ് തേച്ചുമാച്ചു കളയാൻ ശ്രമിച്ചവർക്ക് പ്രമോഷൻ ലഭിച്ചത് എങ്ങനെ? മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

തിരുവനന്തപുരത്ത് ഒരു പാവത്തിനെ ഉരുട്ടിക്കൊന്ന കുറ്റത്തിന് രണ്ടു പൊലീസുകാർക്ക് വധശിക്ഷയും തെളിവ് നശിപ്പിച്ചതിന് കുറച്ചു പേർക്ക് തടവ് ശിക്ഷയും ഒക്കെ കോടതി വിധി പ്രഖ്യാപിക്കുമ്പോൾ ഒട്ടും സന്തോഷമില്ല, ദുഃഖവും ദേഷ്യവും മാത്രം...

1. കേരളത്തിന്റെ തലസ്ഥാനത്ത് ഒരു നിരപരാധിയെ പൊലീസിന് ഒരു കാരണവും ഇല്ലാതെ കസ്റ്റഡിയിൽ എടുത്ത് ദേഹോപദ്രവം ഏൽപ്പിച്ച് കൊല്ലാൻ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സാധിച്ചു എന്നതിലെ ദുഃഖവും രോഷവും

2. ആ കേസ് അന്വേഷിച്ചു കോടതിയിൽ എത്തി ആദ്യത്തെ കോടതിയിൽ തന്നെ ശിക്ഷ വിധിക്കാൻ പതിമൂന്നു വർഷം എടുത്തു എന്ന സങ്കടം

3. ഈ കാലഘട്ടത്തിൽ കൊടും ക്രിമിനലുകളായ പൊലീസുകാർ നമ്മുടെ സർക്കാരിന്റെ സേവനത്തിൽ നമ്മുടെ നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി നമ്മുടെ സമൂഹത്തിൽ മാന്യന്മാരായി ജീവിച്ചിരുന്നു എന്നതിലെ രോഷം. ഇക്കാലത്ത് ഇവരുടെ ഒക്കെ അടുത്ത് നീതി നടപ്പിലാക്കാൻ ചെന്നവർക്ക് എന്ത് നീതിയാണ് കിട്ടിയിട്ടുണ്ടാവുക ?

4. ഈ കേസ് തേച്ചുമാച്ചു കളയാൻ കൂട്ടുനിന്നവർക്ക് പ്രമോഷന് മുകളിൽ പ്രമോഷൻ ലഭിച്ചു റിട്ടയർ ചെയ്യാൻ അവസരം ഉണ്ടായി എന്നതിലെ അതിശയം

5. ഈ കേസിലെ ശിക്ഷയൊന്നും ഇനിയും അടുത്തകാലത്തൊന്നും നടപ്പിലാകാൻ പോകുന്നില്ല എന്നതിലെ സങ്കടം. രണ്ടായിരത്തി ഒന്നിൽ ഒരു കുടുംബത്തിലെ ആറു പേരെ കൊന്ന ആലുവയിലെ ആന്റണിക്ക് സി ബി ഐ കോടതി വധ ശിക്ഷ വിധിച്ചത് രണ്ടായിരത്തി അഞ്ചിൽ ആണ്. ആ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. അത് വച്ച് നോക്കിയാൽ രണ്ടായിരത്തി മുപ്പതാകുമ്പോഴും, ഈ കോടതിക്ക് മുകളിലുള്ള എല്ലാ കോടതിയും വധ ശിക്ഷ വിധിച്ചാലും ഈ ക്രിമിനലുകൾ ഇവിടെ ഒക്കെ കാണും (വധ ശിക്ഷയെ അനുകൂലിക്കുന്ന ആളല്ല ഞാൻ, ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം ആണ് വിഷയം.തെളിവുനശിപ്പിച്ചതിന് ശിക്ഷകിട്ടിയ ഉന്നതർ അവരുടെ ജീവിതകാലത്ത് തടവ് ശിക്ഷ അനുഭവിച്ചേക്കില്ല എന്നതാണ് പ്രധാന വിഷയം)

6. കസ്റ്റഡി മരണങ്ങൾ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും കേരളത്തിൽ നടക്കുന്നു എന്നതിലെ സങ്കടം, രോഷം. ഇന്ത്യയിൽ അപൂർവ്വത്തിൽ അപൂർവ്വമായ കേസുകളിൽ ആണ് കോടതി വധശിക്ഷ വിധിക്കുന്നത്, അതിലും അപൂർവ്വമായിട്ടാണ് അത് നടപ്പിലാക്കുന്നത് (ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ഒന്ന്). അതെ സമയം രണ്ടായിരത്തി പതിനേഴ് ഏപ്രിൽ മുതൽ പതിനെട്ട് മാർച്ച് വരെ നൂറ്റി നാല്പതിനാല് പൊലീസ് കസ്റ്റഡി മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. എന്തൊരു കഷ്ടമാണിത്

7. കേരളത്തിൽ കസ്റ്റഡിയിലെ മർദ്ദനം ഇപ്പോഴും നടക്കുന്നു എന്നതും അടുത്ത കസ്റ്റഡി മരണം എന്ന് വേണമെങ്കിലും ഉണ്ടാകാം എന്നതിലെ വിഷമം.

8 . സർക്കാരുകൾ മാറി മാറി വന്നിട്ടും പൊലീസ് മർദ്ദനം ഏറ്റിട്ടുള്ളവർ പൊലീസ് മന്ത്രിമാരായി വന്നിട്ടും അതിൽ മാറ്റം വരുത്താൻ പറ്റുന്നില്ല എന്നതിലെ അതിശയം.

ഇക്കാര്യത്തിൽ ആശ്വാസത്തിന് എന്തെങ്കിലും നമുക്ക് ആശ്വസിക്കാൻ ഉണ്ടെങ്കിൽ അത് കേരളം സമൂഹത്തിൽ യാതൊരു പ്രിവിലേജുമില്ലാത്ത ഏറ്റവും സാധാരണക്കാരിയായ ഒരു അമ്മക്കും നമ്മുടെ കോടതി സംവിധാനങ്ങളിലൂടെ മകന്റെ കുറ്റവാളികൾ, അവർ എത്ര അധികാരവും, പണവും, സ്വാധീനവും ഉള്ളവർ ആയിട്ടും, നിയമത്തിന്റെ മുന്നിൽ എത്തിക്കാനും ഒരു കോടതിയിൽ എങ്കിലും ശിക്ഷ വിധിക്കുന്നത് കാണാനെങ്കിലും സാധിച്ചു എന്നതാണ്. പതുക്കെയാണെങ്കിലും നമ്മുടെ നീതി സംവിധാനങ്ങൾ ചലിക്കുന്നുണ്ട്.

അത്ര പതുക്കെയല്ലാതെ ക്രിമിനലുകൾ ഇല്ലാത്ത ഒരു പൊലീസ് സംവിധാനം നമുക്കുണ്ടാകട്ടെ. പൊലീസ് കസ്റ്റഡിയിൽ മർദ്ദനം എണ്ണയിൽ കൈമുക്കി കുറ്റം തെളിയിക്കുന്ന പോലെയുള്ള ഒരു ഓർമ്മയും അനാചാരവും ആയി തീരുന്ന കാലം ഉണ്ടാകട്ടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP