Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്റെ കഥയോ ലേഖനങ്ങളോ അടിച്ചു മാറ്റുന്നവർ ആത്മഹത്യ ഭീഷണി മുഴക്കേണ്ട സാഹചര്യം ഇല്ല; ആളുകൾ വലിയ തോതിൽ സംഘം ചേർന്നും ആശയപരമായി പിരിഞ്ഞും ഇടക്കിടെ പൊങ്കാല ആഘോഷിക്കുന്ന കേരളത്തിൽ ദുരന്ത നിവാരണ ശാഖ സാധ്യത ഉണ്ട്: കുറച്ചു പൊങ്കാല കിട്ടി കൈകാര്യം ചെയ്തതിന്റെ അനുഭവ പരിചയം ഉള്ളതിനാൽ ഇക്കാര്യത്തിൽ ഒരു കൈ നോക്കണം: മുരളീ തുമ്മാരുകുടി എഴുതുന്നു

എന്റെ കഥയോ ലേഖനങ്ങളോ അടിച്ചു മാറ്റുന്നവർ ആത്മഹത്യ ഭീഷണി മുഴക്കേണ്ട സാഹചര്യം ഇല്ല; ആളുകൾ വലിയ തോതിൽ സംഘം ചേർന്നും ആശയപരമായി പിരിഞ്ഞും ഇടക്കിടെ പൊങ്കാല ആഘോഷിക്കുന്ന കേരളത്തിൽ ദുരന്ത നിവാരണ ശാഖ സാധ്യത ഉണ്ട്: കുറച്ചു പൊങ്കാല കിട്ടി കൈകാര്യം ചെയ്തതിന്റെ അനുഭവ പരിചയം ഉള്ളതിനാൽ ഇക്കാര്യത്തിൽ ഒരു കൈ നോക്കണം: മുരളീ തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

തെറ്റ് ചെയ്യാത്തവരുടെ ലോകം....

സാഹിത്യ മോഷണത്തിന്റെയും സമൂഹമാധ്യമ വിചാരണയുടെയും ഒക്കെ സമയത്ത് മുൻപ് പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ഒരിക്കൽ കൂടി പറയാം..

1.ഞാൻ എഴുതുന്ന എന്തും, കഥകളോ ലേഖനങ്ങളോ ഒക്കെ, ആർക്ക് വേണമെങ്കിലും പേര് വച്ചോ വക്കാതെയോ പ്രസിദ്ധീകരിക്കുകയോ ഫോർവേഡ് ചെയ്യുകയോ ഒക്കെ ചെയ്യാമെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. ഏറെ പേർ അത് ചെയ്യുന്നും ഉണ്ട്. ഒട്ടും വിഷമം ഇല്ല. ഞാൻ പറയാൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ ആളുകൾ അറിയുക എന്നതാണ് എനിക്ക് പ്രധാനം. ഇത്തവണ പ്രളയകാലത്ത് അബുദാബിയിൽ ഇരുന്ന് ടി വി കാണുമ്പോൾ എന്റെ നിർദേശങ്ങൾ ഒക്കെ ടി വി യിൽ സ്‌ക്രോൾ ആയി വരുന്നു, ഒരു കടപ്പാടും ഉണ്ടായിരുന്നില്ല. അതെന്നെ വിഷമിപ്പിച്ചില്ല.എന്റെ ഫേസ്‌ബുക്കിൽ ഞാൻ പറഞ്ഞാൽ പതിനായിരം ആളുകൾ അറിയും, സ്‌ക്രോൾ ചെയ്താൽ പത്തുലക്ഷവും. അതാണ് എനിക്ക് പ്രധാനം.

2. എന്ന് വച്ച് കോപ്പിയടിയെ ഞാൻ നിസ്സാരമായി കാണുന്നു എന്നല്ല. അത് വലിയ തെറ്റാണ്, ഒറിജിനൽ എഴുത്തുകാരനോട് ചെയ്യുന്ന കുറ്റമാണ്, വായനക്കാരോട് ചെയ്യുന്ന വിശ്വാസവഞ്ചനയും. എനിക്ക് ഇപ്പോൾ ഇതൊന്നും ഒരു വിഷയം അല്ല, എന്നേ ഞാൻ പറഞ്ഞുള്ളൂ. തൽക്കാലം എങ്കിലും എന്റെ കഥയോ ലേഖനങ്ങളോ അടിച്ചു മാറ്റുന്നവർ ആത്മഹത്യ ഭീഷണി മുഴക്കേണ്ട സാഹചര്യം ഇല്ല.

3. തെറ്റ് ചെയ്തിട്ടാണെങ്കിലും അല്ലാതെ ആണെങ്കിലും സമൂഹമാധ്യമത്തിന്റെ കൂട്ടായ ആക്രമണത്തിന് ഇരയാവുക എന്നാൽ ഏറെ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന ഒന്നാണ്. സമൂഹമാധ്യമത്തിലെ ഊർജ്ജം കൊണ്ട് വളർന്നവർക്ക് അത് കൂടുതൽ വലിയ അടിയായി തോന്നും. ഇനി ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല എന്ന് വരെ തോന്നും. ഇത്തരം സാഹചര്യങ്ങളിൽ പെടുന്നവരെ അറിഞ്ഞു സഹായിക്കാൻ ഒരു സപ്പോർട്ട് സിസ്റ്റത്തിന്റെ ആവശ്യം ഉണ്ട്, മാനസികമായി, നിയമപരമായി, സാങ്കേതികമായി ഒക്കെ. ചില രാജ്യങ്ങളിൽ ഇതൊരു ബിസിനസ്സ് ആയി വളർന്നിട്ടുണ്ട്. ആളുകൾ വലിയ തോതിൽ സംഘം ചേർന്നും ആശയപരമായി പിരിഞ്ഞും ഇടക്കിടെ പൊങ്കാല ആഘോഷിക്കുന്ന കേരളത്തിൽ ഈ ദുരന്ത നിവാരണ ശാഖക്ക് വലിയ ഒരു സാധ്യത ഉണ്ട്. ഇക്കാര്യത്തിൽ ഒരു കൈ നോക്കണം. കുറച്ചു പൊങ്കാല കിട്ടി കൈകാര്യം ചെയ്തതിന്റെ അനുഭവ പരിചയം ഉണ്ട്.

4. സമൂഹമാധ്യമ വിചാരണയിൽ വീണു കിടക്കുന്നവരെ കുത്തി രണ്ടു വാക്ക് പറഞ്ഞു വേദനിപ്പിക്കാൻ തോന്നുന്നത് സ്വാഭാവികം ആണ്. പ്രത്യേകിച്ചും അവർ മുൻകാലത്ത് നമ്മളോട് ഗിരി പ്രഭാഷണം നടത്തിയവരോ നമുക്ക് എതിരായ പൊങ്കാലയിൽ പങ്ക് ചേർന്നവരോ ഒക്കെ ആണെങ്കിൽ. പക്ഷെ വീണു കിടക്കുന്നവരെ വീണ്ടും ചവിട്ടുന്നതിൽ വലിയ കാര്യം ഒന്നുമില്ല. അവർ തെറ്റുകൾ മനസ്സിലാക്കി വീണ്ടും സമൂഹത്തിലേക്ക് വരട്ടെ. ഒരു തെറ്റ് ചെയ്തു എന്നതിനാൽ അവർ അവരുടെ കർമ്മ മണ്ഡലത്തിൽ നിന്നും മാറി നിന്നാലോ എന്തിന് ആത്മഹത്യാ ചെയ്താലോ നമുക്കെന്ത് ലാഭം ?, സമൂഹത്തിന് എന്ത് ലാഭം ?. ഒരിക്കലും ഒരു തെറ്റും ചെയ്യാത്ത പുണ്യാളന്മാരും പുണ്യാളത്തിമാരും മാത്രമുള്ള ഒരു ലോകത്തെ പറ്റി എനിക്ക് ചിന്തിക്കാൻ കൂടി വയ്യ. കുശുമ്പില്ല, പരദൂഷണം ഇല്ല, അഫയേഴ്സ് ഇല്ല, അസത്യം ഇല്ല. എത്ര ബോറായിരിക്കും ആ ലോകം ?. ആ ലോകത്തേക്ക് ഞാനില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP