Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരിച്ചയാളുടെ കാറോ വീടോ പറമ്പോ ബാങ്ക് ബാലൻസോ അയാൾ പറയുന്ന ആൾക്ക് കൊടുക്കാൻ നിയമമുണ്ടായിട്ടും എന്താണ് ശരീരം കൊടുക്കാൻ പറ്റാത്തത്? മുരളി തുമ്മാരുകുടി എഴുതുന്നു

മരിച്ചയാളുടെ കാറോ വീടോ പറമ്പോ ബാങ്ക് ബാലൻസോ അയാൾ പറയുന്ന ആൾക്ക് കൊടുക്കാൻ നിയമമുണ്ടായിട്ടും എന്താണ് ശരീരം കൊടുക്കാൻ പറ്റാത്തത്? മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

കണ്ണിൽ ചോരയില്ലാത്ത വർഗ്ഗമാ ചേട്ടാ..

എന്റെ അടുത്ത ബന്ധുവിന് മരണശേഷം മൃതദേഹം ഏതെങ്കിലുമൊരു മെഡിക്കൽ കോളേജിന് ദാനം ചെയ്യണമെന്ന് ഒരാഗ്രഹമുണ്ട്. വളരെ നല്ല കാര്യം അല്ലേ എളുപ്പം ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. മരിക്കുന്നതിന് മുൻപ് ഒരു അനുമതി പത്രം ആശുപത്രിക്കാർക്ക് കൊടുക്കുക, മരിച്ചു കഴിഞ്ഞാൽ അവരെ വിളിച്ചറിയിക്കുക, ബാക്കി അവർ നോക്കിക്കോളുമല്ലോ.

എറണാകുളം ജില്ലയിൽ മെഡിക്കൽ കോളേജുകൾ പലതുണ്ട്. അവിടെയൊക്കെ 'അമ്മി കുത്താനുണ്ടോ' എന്ന പോലെ 'ഒരു മൃതദേഹം വേണോ' എന്ന് ഞാൻ അന്വേഷിച്ചു കേറിയിറങ്ങി.

''സാറെ, മൃതദേഹം എത്ര കിട്ടിയാലും ഞങ്ങൾക്ക് ആവശ്യമുണ്ട്. ഇപ്പോൾ കേരളത്തിൽ നിന്നും മൃതദേഹം കിട്ടാത്തതുകൊണ്ട് കാശുകൊടുത്ത് തമിഴ്‌നാട്ടിൽനിന്നാണ് എത്തിക്കുന്നത്. അതിനാൽ മരിച്ചുകഴിഞ്ഞ് ഇവിടെയെത്തിച്ചാൽ ഞങ്ങളെടുത്തോളാം. പക്ഷെ ഞങ്ങൾ അങ്ങോട്ട് വരികയൊന്നും ഇല്ല, മുൻകൂർ അനുമതിയും വേണ്ട. മൃതദേഹം എത്തിച്ചാൽ ആംബുലൻസിന്റെ കാശും തരാം.''

അതെന്താ പ്രശ്‌നം ?

'പ്രശ്‌നം ഈ മുൻകൂർ അനുമതി തന്നെ. ഒരാൾ സ്വന്തം ഇഷ്ടപ്രകാരം മൃതദേഹം ആശുപത്രിക്ക് എഴുതിവെച്ചതുകൊണ്ടു മാത്രം അതെടുക്കാൻ ചെല്ലുമ്പോൾ ബന്ധുക്കൾ സമ്മതിക്കണമെന്നില്ല. അതിനായി ആംബുലൻസുമായി പോയി അടികിട്ടിയ സംഭവം വരെയുണ്ട്. അതുകൊണ്ട് ആ വയ്യാവേലിക്ക് ഞങ്ങളില്ല.''

''അതെന്താപ്പാ അങ്ങനെ? മരിച്ചയാളുടെ കാറോ വീടോ പറമ്പോ ബാങ്ക് ബാലൻസോ അയാൾ പറയുന്ന ആൾക്ക് കൊടുക്കാൻ നിയമമുണ്ടായിട്ടും എന്താണ് ശരീരം കൊടുക്കാൻ പറ്റാത്തത്? അത് വിട്ടുതന്നില്ലെങ്കിൽ നിയമവിരുദ്ധമല്ലേ?''

''അതൊന്നും എനിക്കറിയാൻ പാടില്ല. ഒരു മൃതദേഹത്തിനുവേണ്ടി പൊലീസിനെ വിളിക്കാനും കേസ് കൊടുക്കാനുമൊന്നും ഞാനില്ല. അതിലും എത്രയോ ചെലവ് കുറവാണ് മറുനാട്ടിൽ നിന്ന് എത്തിക്കാൻ. മരിച്ചുകഴഞ്ഞാൽ പിന്നെന്ത് മലയാളി...! എന്ത് തമിഴൻ...! ഒക്കെ ഒന്നുതന്നെ!

അങ്ങനെയാണ് ഈ വിഷയത്തിലെ നിയമവശമറിയാൻ ഞാൻ വക്കീലിനെ സമീപിച്ചത്.

''ഇന്ത്യയിലെ നിയമനനുസരിച്ച് ഒരാളുടെ മൃതദേഹം അയാളുടെ സ്വത്തിന്റെ ഭാഗമല്ല. അതിനാൽ അതാർക്ക് നൽകണമെന്നത് അയാൾക്ക് തീരുമാനിക്കാനും പറ്റില്ല. അടുത്ത ബന്ധുക്കളാണ് അതിന്റെ അവകാശികൾ. അവരുടെ സമ്മതമാണ് പ്രധാനം.''

അതുകൊണ്ട് മുൻകൂർ അനുമതി പത്രം ഒന്നുമിറക്കാതെ സ്വന്തം ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കാൻ ഉപദേശവും നൽകി ആ കേസ് മടക്കി.

എന്നാലിനി ജീവിച്ചിരിക്കുന്നവരുടെ ശരീരമെടുക്കാം.

നിങ്ങൾ ഒരു പ്രാകൃത ചികിത്സാവാദി ആണെന്ന് കരുതുക. ആധുനിക വൈദ്യശാസ്ത്രത്തിലെ മരുന്നുകൾ വിഷമാണെന്നും, കുത്തിവെയ്‌പ്പ് എന്നാൽ കമ്പിപ്പാര പോലെയൊന്ന് ശരീരത്തിലേക്ക് കയറ്റി മരണകാരണം ആകാവുന്നത് പോലും ആണെന്നൊക്കെയാണ് നിങ്ങളുടെ വിശ്വാസം എന്നും കരുതുക. ഈ ആധുനികത്തിനെതിരെയാണ് ജീവിതകാലം മുഴുവൻ നിങ്ങൾ പോരാടിയതെന്നും കരുതുക. അങ്ങനെയുള്ള നിങ്ങൾ ഒരിക്കൽ തലകറങ്ങി നിലത്തുവീഴുന്നു. ബോധം മറഞ്ഞു. ഈ തക്കം നോക്കി നിങ്ങളെ ബന്ധുക്കളും മക്കളും ചേർന്ന് നിങ്ങൾ ജീവിതകാലം മുഴുവൻ എതിർത്ത ആധുനികവൈദ്യത്തിലെ ഡോക്ടർമാരുടെ മുന്നിലെത്തിക്കുന്നു. അവർ കമ്പിപ്പാര കയറ്റുന്നു, രക്തം ഊറ്റുന്നു, രാസ പരിശോധന നടത്തുന്നു. നിങ്ങൾ ഇല്ല എന്ന് വിശ്വസിക്കുന്ന ഏതോ അണുബാധ ഒക്കെ ഉണ്ട് എന്ന് പറഞ്ഞു അതിനെ പ്രതിരോധിക്കാൻ രാസവസ്തുക്കൾ ശരീരത്തിൽ അടിച്ചുകയറ്റുന്നു. നിങ്ങൾ ആശുപത്രിയിൽ ആണെന്ന വാർത്ത പുറത്തു വരുന്നു.

ഇതിൽപ്പരം കഷ്ടം ഉണ്ടാകാനുണ്ടോ?. പഴയ കാലമല്ല. ഫേസ്‌ബുക്ക് നിറയെ പുതിയ പിള്ളേരാണ്. അവരൊന്നും തലയിണ മന്ത്രം കണ്ടിട്ടില്ല. നിങ്ങൾ രോഗിയാണല്ലോ, ആശുപത്രിയിൽ ആണല്ലോ, ഇപ്പോൾ ചെറ്റത്തരം പറയരുതല്ലോ എന്നൊന്നും അവർ വിചാരിക്കില്ല. നിങ്ങളുടെ പഴയ ചരിത്രവും പ്രസംഗവും ഒക്കെയായി ഓഡിറ്റിന് വരും, ട്രോളി കൊന്നു കളയും. ചത്താൽ മതിയായിരുന്നു എന്ന് തോന്നും, ആശുപത്രിയിൽ നിന്നും പുറത്തിറങ്ങുന്ന സമയം തലയിൽ മുണ്ടിടാൻ തോന്നും.

ഇതിന് ഒരു പ്രതിവിധിയേ ഉള്ളൂ.

നമ്മൾ ജീവിച്ചിരിക്കുന്ന കാലത്ത് നമുക്ക് പ്രാകൃത ചികിത്സ വേണോ ആധുനിക ചികിത്സ വേണോ എന്നൊക്കെ തീരുമാനിക്കാനുള്ള നമ്മുടെ അവകാശത്തിന് വേണ്ടി പോരാടുക. ആധുനിക മെഡിസിനിൽ വിശ്വാസം ഇല്ലാത്തവരുടെയും എതിർപ്പുള്ളവരുടേയും ഒരു ഡാറ്റാബേസ് ഉണ്ടാക്കണം. ഇപ്പോഴാണെങ്കിൽ ആധാറുമായി ലിങ്ക് ചെയ്യാം. ഒരാളെ ആശുപത്രിയിൽ എത്തി ചികില്‌സിക്കുന്നതിന് മുൻപ് അവരുടെ ചികിത്സാ വിശ്വാസം കണക്കിലെടുക്കണം എന്ന് നിയമം ഉണ്ടാക്കാൻ പറയണം. അപ്പോൾപിന്നെ നിങ്ങൾക്ക് ബോധമില്ലെങ്കിലും മിണ്ടാൻ വയ്യെങ്കിലും ബയോമെട്രിക് വഴി ഏതാശുപത്രിക്കും ഒരാളുടെ ഇഷ്ടാനിഷ്ടങ്ങൾ പരിശോധിക്കാം. മക്കളുടെയും വഴിപോക്കരുടെയും വ്യക്തിവിശ്വാസങ്ങൾ കാരണം ആധുനിക വൈദ്യന്മാർ നിങ്ങളെ ചികിൽസിച്ചു രോഗം ഭേദമാക്കുന്നത് തടയാം. മാനഹാനി ഒഴിവാക്കാം. വടക്കും തെക്കും നിൽക്കുന്ന എല്ലാ ആധുനിക വൈദ്യ വിരുദ്ധന്മാരും ഒരു ചേരിയിൽ വന്നാൽ എളുപ്പത്തിൽ നടപ്പാക്കാവുന്ന ഒരു കാര്യമാണ്.

പക്ഷെ ഇങ്ങനെ ഒന്നും ചെയ്യണം എന്ന് എനിക്കഭിപ്രായം ഇല്ല കേട്ടോ. ഏതു സമയത്തും മാന്ത്രികമോ താന്ത്രികമോ ആയ ഏത് ചികിത്സയിലും വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഗുണം കിട്ടണം എന്ന അഭിപ്രായക്കാരൻ ആണ് ഞാൻ. കാരണം ആധുനിക വൈദ്യം സമൂഹത്തിന്റെ പൊതു സ്വത്താണ്. ആധുനിക വൈദ്യം ഇഷ്ടപ്പെടാത്തവർ കൊടുക്കുന്ന കാശ് കൂടി ഉപയോഗിച്ചാണ് ഈ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും എല്ലാം പഠിക്കുന്നതും ഗവേഷണം ചെയ്യുന്നതും. അപ്പോൾ ആവശ്യം ഉള്ളപ്പോൾ അവരുടെ സഹായം തേടാൻ ധാർമ്മികമായ എല്ലാ അവകാശവും അവർക്കും ഉണ്ട്. രോഗം ഒക്കെ മാറിക്കഴിഞ്ഞാൽ തിരിച്ചുപോയി വീണ്ടും ആധുനികത്തെ കുറ്റം പറയാം. ജാനാധിപത്യത്തെ അംഗീകരിക്കുന്നവർക്ക് മാത്രം അല്ലല്ലോ ജനാധിപത്യ അവകാശങ്ങൾ കൊടുക്കുന്നത് ?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP