Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എങ്ങനെയാണ് മൂത്രമൊഴിക്കണം എന്ന് ചൈനക്കാരെ പറഞ്ഞു മനസിലാക്കുക ? ചെറുവിരൽ ഉയർത്തിക്കാണിക്കുന്ന സൈൻ ആഗോളമല്ല, പക്ഷെ ട്രൈ ചെയ്തു നോക്കി..രക്ഷയില്ല; പാന്റിന്റെ സിബ് തുറന്നു കാട്ടിയാലോ എന്നുണ്ട്, അത് പിന്നെ പീഡനശ്രമം ആകുമോ എന്ന് പേടി; അത് വേണ്ട; ആരോഗ്യ എമർജെൻസികൾ ചെറിയ കളിയല്ല; ചൈനയിൽ ഒരു വൈറസ് കാലത്ത്: മുരളി തുമ്മാരുകുടി എഴുതുന്നു

എങ്ങനെയാണ് മൂത്രമൊഴിക്കണം എന്ന് ചൈനക്കാരെ പറഞ്ഞു മനസിലാക്കുക ? ചെറുവിരൽ ഉയർത്തിക്കാണിക്കുന്ന സൈൻ ആഗോളമല്ല, പക്ഷെ ട്രൈ ചെയ്തു നോക്കി..രക്ഷയില്ല; പാന്റിന്റെ സിബ് തുറന്നു കാട്ടിയാലോ എന്നുണ്ട്, അത് പിന്നെ പീഡനശ്രമം ആകുമോ എന്ന് പേടി; അത് വേണ്ട; ആരോഗ്യ എമർജെൻസികൾ ചെറിയ കളിയല്ല; ചൈനയിൽ ഒരു വൈറസ് കാലത്ത്: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

 ചൈനയിൽ ഒരു വൈറസ് കാലത്ത്

ചൈനയിലെ കൊറോണ വൈറസ് ബാധയാണല്ലോ ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. പത്തു വർഷം മുൻപ് ഇതുപോലൊരു വൈറസ് ബാധക്കാലത്ത് ചൈനയിൽ പെട്ടുപോയ ഒരു കഥ പറയാം.

രണ്ടായിരത്തി ഒമ്പതിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായിട്ടാണ് ചൈനയിലേക്ക് പോയത്. അന്ന് പന്നിപ്പനി (H1N1) എന്ന വൈറസിന്റെ കാലമാണ്. അന്താരാഷ്ട്ര യാത്ര സ്ഥിരം ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഇത്തരത്തിലുള്ള ഹെൽത്ത് അലെർട്ടുകൾ ഒക്കെ പതിവാണ്. വിമാനത്താവളങ്ങളിൽ വരുന്നവരുടെ ചൂട് അളക്കുകയും ചിലപ്പോൾ ഒരു ചോദ്യാവലി പൂരിപ്പിക്കുകയും ഒക്കെ ചെയ്യും. അതിനുള്ള അല്പം സമയനഷ്ടം ഉണ്ടാകും എന്നല്ലാതെ അതുകൊണ്ട് വേറെ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാറില്ല. ഹോങ്കോങ്ങിൽ നിന്നും ഉച്ചക്ക് രണ്ടുമണിക്കാണ് വിമാനം ബീജിങ്ങിലെ പുതിയ വിമാനത്താവളത്തിൽ ഇറങ്ങുന്നത്. സാധാരണഗതിയിൽ വിമാനത്തിൽ നിന്നും ഇറങ്ങി ഇമ്മിഗ്രെഷൻ ചെക്കിന് അടുത്ത് വരുന്നതിന് മുൻപാണ് ആരോഗ്യപരിശോധന നടക്കുന്നത്. പക്ഷെ ഇത്തവണ ചൈനയിൽ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ. വിമാനം ടെർമിനലിലേക്ക് തന്നെ പോയില്ല, അല്പം മാറ്റി ഇട്ടു. മാസ്‌ക് ഒക്കെ ഇട്ട നാലുപേർ സൂപ്പർമാർക്കറ്റിൽ ഒക്കെ RFID സ്‌കാൻ ചെയ്യുന്ന പോലുള്ള പോർട്ടബിൾ തെർമോമീറ്ററുമായി വിമാനത്തിൽ കയറി. ഒന്നൊന്നായി യാത്രക്കാരുടെ നെറ്റിയിലേക്ക് സ്‌കാനർ പോയിന്റ് ചെയ്യും, അതിൽ അവരുടെ ചൂട് കാണും.

ദീർഘയാത്രക്ക് ശേഷമാണ് ബീജിങ്ങിൽ എത്തുന്നത്. ജെറ്റ് ലാഗ് ഉണ്ട്. യാത്രക്കാർ എല്ലാവരും ഏറ്റവും വേഗത്തിൽ പുറത്തിറങ്ങാൻ തിരക്ക് കൂട്ടുകയാണ്, ഞാനും.സ്‌കാനർ എന്റെ നെറ്റിയിലേക്ക് അടിച്ചു. പെട്ടെന്ന് 'ബീപ്പ് ബീപ്പ് ബീപ്പ്' എന്ന് അലാം അടിക്കാൻ തുടങ്ങി. ആരോഗ്യ പ്രവർത്തകർ എല്ലാം ഓടിയെത്തി. വിമാനത്തിലെ ജോലിക്കാരും. വിമാനത്തിലുള്ള എല്ലാവരോടും ഉടൻ തന്നെ വിമാനത്തിന്റെ മുൻഭാഗത്തേക്ക് നീങ്ങാൻ പറഞ്ഞു. എന്റെ തൊട്ടടുത്ത് ഇരുന്നവർ വിമാനത്തിന്റെ പുറകിലേക്ക് മാറ്റി. ഇന്റർകോമിൽ ആരെയോ വിളിച്ചൂ. പത്തു മിനിറ്റിനകം സ്‌പേസ് എക്‌സ്‌പ്ലൊറേഷന് പോകുന്ന തരത്തിലുള്ള വസ്ത്രങ്ങളും ആയി ആറു പേർ വിമാനത്തിലേക്ക് കയറി വന്നു. എന്നോട് എന്റെ ഹാൻഡ്ബാഗ് കാണിച്ചു കൊടുക്കാൻ പറഞ്ഞു, മുഖത്ത് ഇടാൻ ഒരു മാസ്‌കും തന്നു. വിമാനത്തിൽ നിന്നും താഴേക്ക് ഇറക്കി.

താഴെ ഒരു ആംബുലൻസും മുന്നിൽ ഒരു പൊലീസ് വാഹനവും ഉണ്ട്. എന്നെ ആംബുലൻസിൽ ഇരുത്തി, അതി വേഗതയിൽ അത് വിമാനത്താവളം വിട്ട് പുറത്തേക്ക് പോയി. ആംബുലൻസിൽ ആരോഗ്യപ്രവർത്തകർ മുന്നിൽ ഉണ്ട്, പക്ഷെ അവരൊന്നും സംസാരിക്കുന്നില്ല.
ഒന്നര മണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ ഞങ്ങൾ എവിടെയോ എത്തി. ഒരു പഴയ കെട്ടിടമാണ്, ഒറ്റപ്പെട്ട സ്ഥലം. എന്നെ അതിനുള്ളിൽ ആക്കി പൊലീസ് സ്ഥലം വിട്ടു.

കെട്ടിടത്തിനുള്ളിൽ അഞ്ചു മുറികൾ ഉണ്ട്, പുറത്ത് ഒരു നേഴ്‌സിങ് സ്റ്റേഷനും. മുറികളുടെ വാതിൽ പകുതി ഗ്ലാസ് ആണ്, അതുകൊണ്ട് നേഴ്‌സിങ്ങ് സ്റ്റേഷനിൽ ഇരുന്നാൽ എന്നെ കാണാം. എനിക്ക് പുറത്തേക്ക് ജനലുകൾ ഇല്ല. മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ ബുദ്ധിമുട്ടില്ല, പക്ഷെ മൊത്തം കെട്ടിടം പൂട്ടിയിരിക്കയാണ്, അനുവാദം ഇല്ലാതെ പുറത്തിറങ്ങാൻ വയ്യ എന്ന് വ്യക്തം. അപ്പോൾ ഇതാണ് നുമ്മ പറഞ്ഞ 'ക്വാറന്റൈൻ' .

നേഴ്സുമാർ ഒക്കെ ചെറിയ പെൺകുട്ടികൾ ആണ്. എല്ലാവരും സ്‌പേസ് സ്യൂട്ടിൽ ആണ്. എന്നെ നോക്കി എന്തോ ഒക്കെ പരസ്പരം സംസാരിക്കുന്നുണ്ട്, പക്ഷെ എന്നോട് ഒന്നും സംസാരിക്കുന്നില്ല. അവരോട് ഞാൻ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ അവർക്ക് ഇംഗ്ളീഷ് ഒട്ടും അറിയില്ല. ഇനി എന്താണ് സംഭവിക്കുക?, എനിക്ക് ഒരു ഐഡിയയും ഇല്ല. വീട്ടിൽ അറിയിക്കണോ ? എന്ന് ചിന്തിച്ചു. അവർ വെറുതെ പേടിക്കും, അവർക്ക് ഒന്നും ചെയ്യാൻ കഴിയുകയും ഇല്ല. അതുകൊണ്ട് അത് വേണ്ട എന്ന് വച്ചു. ജനീവയിൽ ഓഫീസ് തുടങ്ങുന്ന സമയമായിട്ടുണ്ട്, അതുകൊണ്ട് അവിടെ വിളിച്ചു കാര്യം പറഞ്ഞു. 'ചൈനയല്ലേ, നല്ല സംവിധാനങ്ങൾ ഒക്കെ ഉണ്ടാകും, പേടിക്കാതെ ഇരിക്കൂ' എന്ന് ബോസ് ഉറപ്പു നൽകി. എന്റെ ഫോണിൽ ചാർജ്ജ് പകുതിയേ ഉള്ളൂ, ഇന്റർനെറ്റ് ഇല്ല, ഫോൺ ചാർജർ ലഗേജിൽ ആണ്, ലഗ്ഗേജ് എവിടെയോ ആണ്. അതുകൊണ്ട് ഇനി ഫോൺ ഉപയോഗിക്കുന്നില്ല എന്ന് തീരുമാനിച്ചു. അത്യാവശ്യം വരുമ്പോൾ ഉപയോഗിക്കണമല്ലോ.

രാത്രി ഒൻപത് മണിയോടെ ക്വാറന്റൈന്റെ വാതിൽ തുറന്നു. അല്പം പ്രായമുള്ള ഒരു സ്ത്രീ കടന്നു വന്നു. നേഴ്സുമാർ ഒക്കെ അറ്റെൻഷൻ ആയി. സൂപ്പർവൈസറോ ഡോക്ടറോ ആയിരിക്കണം. ഭാഗ്യത്തിന് അവർക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാം.

'ഞങ്ങൾ ഒരു H1N1 ഭീഷണി നേരിടുകയാണ്. സർക്കാർ എല്ലാ മുൻകരുതലുകളും എടുക്കുന്നുണ്ട്, താങ്കളുടെ ബോഡി ടെമ്പറേച്ചർ അല്പം കൂടുതൽ ആയിരുന്നു, അതുകൊണ്ടാണ് താങ്കളെ ഇവിടെ കൊണ്ടുവരേണ്ടി വന്നത്' അവർ പറഞ്ഞു.

'ഇന്ന് ഞാൻ ഒരു സാമ്പിൾ എടുക്കാം, അതിന്റെ ഫലം വന്നതിന് ശേഷം എന്ത് ചെയ്യാം എന്ന് തീരുമാനിക്കാം'ശേഷം വായിൽ നിന്നും ഒരു സ്വാബ് എടുത്തിട്ട് അവർ സ്ഥലം വിട്ടു. ഞാൻ വീണ്ടും മുറിയിലായി. രാത്രി ഭക്ഷണം നൂഡിൽസ് എന്തോ ആയിരുന്നു. ഒട്ടും കഴിക്കാൻ തോന്നിയില്ല. കുറച്ചു വെള്ളം മാത്രം കുടിച്ചു കിടന്നു.

രാത്രിയിൽ എപ്പോഴോ മൂത്രം ഒഴിക്കണം എന്ന് തോന്നി. ഞാൻ നേഴ്‌സിങ്ങ് സ്റ്റേഷനിൽ എത്തി.

എങ്ങനെയാണ് മൂത്രമൊഴിക്കണം എന്ന് ചൈനക്കാരെ പറഞ്ഞു മനസിലാക്കുക ?

ചെറുവിരൽ ഉയർത്തിക്കാണിക്കുന്ന സൈൻ ആഗോളമല്ല, പക്ഷെ ട്രൈ ചെയ്തു നോക്കി. രക്ഷയില്ല.

പാന്റിന്റെ സിബ് തുറന്നു കാട്ടിയാലോ എന്നുണ്ട്, അത് പിന്നെ പീഡനശ്രമം ആകുമോ എന്ന് പേടി. അത് വേണ്ട.

ഞാൻ ഒരു പേപ്പറും പേനയും ആവശ്യപ്പെട്ടു. ടാപ്പിൽ നിന്നും വെള്ളം പോകുന്നത് പോലെ കാര്യം സാധിക്കുന്ന ഒരു ചിത്രം വരച്ചു. ചിത്രം വര എന്റെ ഒരു സ്‌പെഷ്യലിറ്റി അല്ല, അതുകൊണ്ടു തന്നെ ആൺകുട്ടിയായത് ഭാഗ്യം എന്ന് തോന്നി, കാര്യങ്ങൾ സിംപിൾ ആയി വരക്കാമല്ലോ.

ഞാൻ പേപ്പർ ആ പെൺകുട്ടികളെ കാണിച്ചു. അവർ പരസ്പരം നോക്കി കൂട്ടച്ചിരിയായി. എന്താണെങ്കിലും കാര്യം അവർക്ക് മനസ്സിലായി.
ആളുകൾ കിടക്കുന്ന മുറികളിൽ നിന്നും ദൂരെയാണ് ടോയിലറ്റുകൾ അവർ അത് അടച്ചിട്ടിരിക്കയാണ്, അതിന്റെ താക്കോൽ തന്നു. ലോകത്തെ ഏറ്റവും മോശം ടോയിലറ്റുകൾ എവിടെയാണ് എന്നുള്ള മത്സരത്തിൽ കേരളത്തോട് മത്സരിക്കാൻ കഴിവുള്ളവരാണ് ബീജിങ് എന്ന് അന്നെനിക്ക് മനസ്സിലായി. എന്താണെങ്കിലും അത്യാവശ്യക്കാരന് ഔചിത്യം ഇല്ല എന്നാണല്ലോ. കാര്യം സാധിച്ചു, തിരിച്ചു വന്നു കിടന്നു.

രാവിലെ ബ്രേക്ക് ഫാസ്റ്റ് വന്നു. രണ്ടു മുട്ട പുഴുങ്ങിയത്, സോസേജ്, ചായ ഒക്കെയാണ് വിഭവം. പനി വന്നാൽ പിന്നെ അമ്മ ഇറച്ചിയും മുട്ടയും ഒന്നും കഴിക്കാൻ സമ്മതിക്കാറില്ല. ഇവിടെയിപ്പോൾ ഒന്നിന് പകരം രണ്ടുമുട്ട, പോരാത്തതിന് ഇറച്ചിയും. ഞാൻ അമ്മയെ ഓർത്തു, പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും ഓർത്തു. ഇനി അതൊക്കെ കഴിക്കാൻ സാധിക്കുമോ എന്നോർത്തു.

ഒരു പകൽ എന്നത് പന്ത്രണ്ട് മണിക്കൂർ ഉണ്ടെന്ന് നാം സാധാരണ അറിയാറില്ല. മീറ്റിംഗുകളിൽ നിന്നും മീറ്റിംഗുകളിലേക്ക്, അല്ലെങ്കിൽ യാത്ര, വായന, ഇന്റർനെറ്റ്,എന്നിങ്ങനെ സമയം പോകുന്നത് അറിയാതെയിരുന്ന എനിക്ക് രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ഉള്ള സമയം ഒരാഴ്ച പോലെ തോന്നി.

വൈകീട്ട് വീണ്ടും ഡോക്ടർ വന്നു.

'നിങ്ങൾക്ക് പനിയുണ്ട് എന്ന് ഞങ്ങൾ സ്ഥിതീകരിച്ചിട്ടുണ്ട്, പക്ഷെ അത് പന്നിപ്പനിയാണോ എന്നറിയാൻ ഇനിയും സമയമെടുക്കും'

'നിങ്ങൾക്ക് പനിക്ക് വേണമെങ്കിൽ ഇപ്പോഴേ ചികിൽസിക്കാം, പക്ഷെ പന്നിപ്പനിയുടെ ചികിത്സ അക്കാര്യം ഉറപ്പാക്കിയിട്ട് മതി'.

'ശരി പനിക്കുള്ള ചികിത്സ എടുക്കാം'

'അതിന് പക്ഷെ നിങ്ങൾ പണം കൊടുക്കേണ്ടി വരും'

'ഡോക്ടർ എനിക്ക് അന്താരാഷ്ട്ര ഇൻഷുറൻസ് ഉണ്ട്'

'അതുകൊണ്ട് കാര്യമില്ല, ഞങ്ങൾക്ക് അത് ഉപയോഗിക്കാനുള്ള സംവിധാനം ഇല്ല'

'എന്റെയടുത്ത് ഡോളറും ഫ്രാങ്കും ഉണ്ട്'

അതും ഞങ്ങൾക്ക് എടുക്കാൻ പറ്റില്ല, യുവാൻ ഉണ്ടോ ?'

'ഡോക്ടർ ഞാൻ വിമാനത്താവളത്തിൽ പോയത് പോലുമില്ല, അതുകൊണ്ട് പണം ലോക്കൽ കറൻസിയിലേക്ക് മാറ്റിയില്ല'

'ഓക്കേ, കുഴപ്പമില്ല. നിങ്ങൾക്ക് പന്നിപ്പനിയാണ് എന്ന് ഉറപ്പാക്കിക്കഴിഞ്ഞാൽ പിന്നെ നിങ്ങളെ ഇവിടെ നിന്നും ഒരു ഫെസിലിറ്റിയിലേക്ക് മാറ്റും, അവിടെ ചികിത്സയൊക്കെ ഫ്രീ ആണ്'

ഡോക്ടർ പോയി, വാതിൽ അടഞ്ഞു.

അന്ന് രാത്രി ഞാൻ എന്നെ 'ഫെസിലിറ്റിയിലേക്ക്' മാറ്റുന്നതായി സ്വപ്നം കണ്ടു. അവിടെ എന്നെപ്പോലെ നൂറുകണക്കിന് ആളുകൾ, വിവിധ നാട്ടുകാർ, ദിവസവും ഏറെ ആളുകൾ മരിക്കുന്നു, മരിക്കുന്നവരെ പഴയ കോണ്‌സെന്‌ട്രേഷൻ കാമ്പിലെപ്പോലെ കരിച്ചു കളയുന്നു. പിന്നെ ഉറങ്ങാൻ പറ്റിയില്ല.

വീണ്ടും പകൽ വന്നു, മുട്ടയും ഇറച്ചിയും വന്നു, രാത്രി വന്നു. ഡോക്ടർ മാത്രം വന്നില്ല, എനിക്ക് അല്പം വിഷമം ഒക്കെ വരാൻ തുടങ്ങി.

പെട്ടെന്ന് വാതിൽ തുറന്ന് നഴ്സ് വന്നു.

എന്റെ കൈ പിടിച്ച് കെട്ടിടത്തിന് പുറത്തേക്ക് കൊണ്ടുപോയി.

പുറത്ത് എന്റെ ബാഗുകൾ ഇരിക്കുന്നുണ്ട്

'നോ ഫ്‌ളൂ നോ ഫ്‌ളൂ' എന്ന് മാത്രം പറഞ്ഞു വാതിൽ അടഞ്ഞു.

രണ്ടു ദിവസം രാത്രി ഉറങ്ങാതെ, പല്ലു തേക്കാതെ, അപ്പിയിട്ടിട്ട് ഒന്ന് കഴുകാതെ, കുളിക്കാതെ ബീജിങ് നഗരത്തിൽ എവിടെയാണ് ഞാൻ നിൽക്കുന്നതെന്ന് പോലും അറിയാതെ രണ്ടു പെട്ടിയും വലിച്ചു ഞാൻ പുറത്തേക്കിറങ്ങി.

കഥ പിന്നെയും തുടരുന്നുണ്ട്, പക്ഷെ തൽക്കാലം ഇത്രമാത്രം പറയാം, ഇരുപത്തി നാല് മണിക്കൂറിനകം ഞാൻ ചൈന വിട്ടു. പിന്നീട് ഒരു വർഷത്തേക്ക് ഏതൊരു വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴും എന്റെ ഉള്ളൊന്നു കാളും, അവിടെ ആരോഗ്യപരിശോധന ഉണ്ടെങ്കിൽ പ്രത്യേകിച്ചും.

ആരോഗ്യ എമെർജെൻസികൾ നടക്കുന്ന സമയത്ത് സർക്കാർ സംവിധാനങ്ങൾ പറയുന്ന നിർദ്ദേശങ്ങൾ അതുപടി അനുസരിക്കുക എന്നതാണ് ശരിയായ രീതി. അല്പമെങ്കിലും പനിയൊക്കെ ഉണ്ടെങ്കിൽ എത്ര അസൗകര്യമാകുമെങ്കിലും അന്താരാഷ്ട്രയാത്രകൾ ചെയ്യാതിരിക്കുക.

ആരോഗ്യ എമെർജെൻസികൾ ചെറിയ കളിയല്ല. രാജ്യത്തെ പൊതുജനാരോഗ്യം, രാജ്യത്തിന്റെ ഇമേജ്, ടൂറിസം, ട്രേഡ്, സമ്പദ്വ്യവസ്ഥ ഇതിനെ ഒക്കെ ബാധിക്കുന്ന വിഷയമാണ്. ആരോഗ്യ എമെർജെൻസികൾ മോശമായി കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഉൾപ്പടെയുള്ളവരുടെ ജോലി തെറിക്കാറുണ്ട്, അതുകൊണ്ടു തന്നെ എല്ലാ തലങ്ങളിലും ആളുകൾ റ്റെൻസ് ആയിരിക്കും. ഇന്ത്യയും ചൈനയും ഒക്കെ പോലെ ബില്യണിൽ കൂടുതൽ ആളുകളുടെ ജീവൻ രക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ അതിനാണ് സർക്കാർ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്, രോഗം ഉള്ളവരേ യും ഉണ്ടെന്ന് സംശയിക്കുന്നവരെയും ഒക്കെ ഏറെ സൂക്ഷിച്ച കൈകാര്യം ചെയ്യൂ, അവർക്കും ബന്ധുക്കൾക്കും ഒക്കെ അസൗകര്യം ഒക്കെ ഉണ്ടായി എന്ന് വാരാം. പണ്ടൊക്കെ പാൻഡെമിക്കുകൾ ഉണ്ടാകുമ്പോൾ ലക്ഷവും ദശലക്ഷവും ഒക്കെ ആളുകൾ ആണ് മരിച്ചിരുന്നത്, അതിൽ നിന്നും മരണം അഞ്ഞൂറിനും താഴേക്ക് കൊണ്ടുവന്നത് ഇത്തരത്തിലുള്ള മുൻകൂർ പരിശോധനയും മാറ്റിനിർത്താലും ഒക്കെക്കൂടിയാണ്.

സുരക്ഷിതരായിരിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP