Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഈ ലോക്ക് ഡൗൺ കാലത്ത് പുതിയതായി ഒരു ഭാഷ പഠിക്കുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങുക; എല്ലാക്കാലവും വീട്ടിൽ ഒതുങ്ങിയിരുന്ന ലോകമല്ല പുറത്തിറങ്ങിയാൽ പരമാവധി യാത്ര ചെയ്യുന്ന ലോകമാണ് ഈ ലോക്ക് ഡൗൺ കാലത്ത് നാം സ്വപ്നം കാണേണ്ടത്; ഭാഷ അതിനുള്ള ഒരു തുടക്കമാകട്ടെ: മുരളി തുമ്മാരുകുടി എഴുതുന്നു

ഈ ലോക്ക് ഡൗൺ കാലത്ത് പുതിയതായി ഒരു ഭാഷ പഠിക്കുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങുക; എല്ലാക്കാലവും വീട്ടിൽ ഒതുങ്ങിയിരുന്ന ലോകമല്ല പുറത്തിറങ്ങിയാൽ പരമാവധി യാത്ര ചെയ്യുന്ന ലോകമാണ് ഈ ലോക്ക് ഡൗൺ കാലത്ത് നാം സ്വപ്നം കാണേണ്ടത്; ഭാഷ അതിനുള്ള ഒരു തുടക്കമാകട്ടെ: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ഇനിയും ഭാഷകൾ പഠിക്കണോ ?

'നിങ്ങളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്താണ്?'

'വായിക്കുന്നു'..

'എങ്ങനെയാണ് നിങ്ങൾ വായിക്കുന്നതെന്നറിയാമോ?'

'എഴുതിയിരിക്കുന്നത് നോക്കി അങ്ങ് വായിക്കുന്നു !'

ശരിയാണ്, പക്ഷെ എങ്ങനെയാണ് നിങ്ങൾക് വായിക്കാൻ പറ്റുന്നത് ?

ഭാഷ അറിയാവുന്നതുകൊണ്ട്, ഭാഷ എന്ന് പറഞ്ഞാൽ അക്ഷരങ്ങളും വാക്കുകളും ഒക്കെയുള്ള ഭാഷ.

പ്രകൃതിയിൽ മനുഷ്യൻ മാത്രം ചെയ്യുന്നതും സ്വയബുദ്ധികൊണ്ട് മനുഷ്യൻ കണ്ടെത്തിയതുമായ ഒരു ആശയവിനിമയോപാധിയാണ് അക്ഷരങ്ങൾ ഉള്ള ഭാഷ. ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യകുലത്തിന്റെ പുരോഗതിക്കും കുതിച്ചു ചാട്ടത്തിനും അടിസ്ഥാനമായിട്ടുള്ളത് എഴുതപ്പെട്ട ഭാഷയാണ്. അതുള്ളതുകൊണ്ടാണ് ഒരു തലമുറ ആർജ്ജിച്ച അറിവുകൾ അവർ കാണാത്ത മറ്റൊരു തലമുറയിലേക്കും ഒരു ദേശത്തുള്ളവർ അറിഞ്ഞ പാഠങ്ങൾ അവർ പോയിട്ടില്ലാത്ത ദേശത്തും എത്തിക്കാൻ പറ്റിയത്.

ഇപ്പോൾ നമുക്ക് സ്വാഭാവികമായും നിസ്സാരമായും തോന്നുമെങ്കിലും എഴുത്തും വായനയും ഒന്നും അത്ര നിസ്സാരമല്ല. ആദ്യം അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് അവയെ വാക്കുകളായും പിന്നീട് വാക്യങ്ങളായും നമ്മുടെ തലച്ചോർ കോഡുചെയ്യുന്നു. അർത്ഥം ഗ്രഹിക്കുന്നു (Comprehension). ഇതിന് ആദ്യമായി അക്ഷരങ്ങൾ അറിയണം, വാക്കുകൾ അറിയണം, വാക്കുകളുടെ അർത്ഥങ്ങൾ അറിയണം. അറിയാത്ത ഒരു ഭാഷയിലെ പുസ്തകം നമുക്ക് തീർത്തും ഉപയോഗശൂന്യമാണല്ലോ. വായന മാത്രമല്ല, സംഭാഷണങ്ങളിൽ, എഴുത്തിൽ, എല്ലാംതന്നെ ഭാഷ ഉപയോഗിക്കുമ്പോൾ തലച്ചോറിലെ വിവിധ ഭാഗങ്ങൾ ഒരേസമയം ആക്റ്റീവായിരിക്കും.

എന്തിനാണ് പുതിയ ഭാഷ പഠിക്കുന്നത് ?

മാതൃഭാഷ കൂടാതെ പുതിയ ഭാഷകൾ പഠിക്കുന്നതുകൊണ്ട് പലതുണ്ട് ഗുണങ്ങൾ. തീർച്ചയായും ഇത്തരം ട്രെയിനിങ്ങുകൾ മനുഷ്യന്റെ ബൗദ്ധിക വികാസത്തെ ഉത്തേജിപ്പിക്കുന്നു. രണ്ടുഭാഷകൾ അറിയുന്നവരുടെ (Bilingual people) വൈജ്ഞാനിക കഴിവുകൾ (cognitive abilities) ഒരൊറ്റ ഭാഷാമാത്രം അറിയുന്നവരുടേതിലും (Monolingual people) കൂടിയിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള കഴിവുകൾ ഇവർക്ക് കൂടുതലായിരിക്കും. ഇതുകൊണ്ടുതന്നെ, കുട്ടികൾക്ക് മാതൃഭാഷമാത്രമല്ല, കഴിയുന്നത്ര ഭാഷകൾ പഠിക്കാനുള്ള അവസരമുണ്ടാക്കണം. പുതിയ ഏതൊരുകാര്യവും മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾ വളരെവേഗത്തിൽ പഠിക്കുന്നതായി കാണാം. ഭാഷയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.

ബൗദ്ധികമായുണ്ടാകുന്ന മാറ്റങ്ങൾക്ക് പുറമെ കൂടുതൽ ഭാഷകളിൽ പ്രാവീണ്യം നേടുന്നതുകൊണ്ട് കൈവരിക്കാവുന്ന സാമൂഹികവും സാംസ്‌കാരികവുമായ നേട്ടങ്ങളുണ്ട്. അവയെന്തൊക്കെയാണ്? ഏതുഭാഷ പഠിക്കണം? എന്തൊക്കെയാണ് മാർഗങ്ങൾ?

ഭാഷയെന്നത് ഒരു ആശയവിനിമയോപാധി എന്നതിനപ്പുറം അതു പ്രചാരത്തിലിരിക്കുന്ന സംസ്‌കാരത്തെക്കൂടി ഉൾക്കൊള്ളുന്നുണ്ട്. അതായത്, പുതിയൊരു സംസ്‌കാരത്തെ അറിയാനും എക്‌സ്പീരിയൻസ് ചെയ്യാനുമുള്ള പാസ്സ്വേർഡാണ് ഭാഷ. അറിവുകളെ പരിപോഷിപ്പിക്കുകയും ചിന്തയുടെ ചക്രവാളങ്ങൾ വലുതാക്കുകയും ചെയ്യും. നിങ്ങളെ കൂടുതൽ യാത്രചെയ്യുവാൻ പ്രേരിപ്പിക്കും. നിങ്ങളുടെ യാത്രകൾ എളുപ്പമാക്കും.

തൊഴിൽ സാധ്യതയാണ് മറ്റൊന്ന്. കൂടുതൽ ഭാഷകളറിഞ്ഞിരുന്നാൽ തീർച്ചയായും നിങ്ങളുടെ തൊഴിൽ സാധ്യത കൂടും. ജോലിക്കായി വിദേശരാജ്യങ്ങളിലെത്തുമ്പോൾ അവരുടെ ഭാഷയിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കണം. കൂടുതൽ മലയാളികളും ചെറുപ്പംമുതൽ പഠിക്കുന്നൊരു വിദേശഭാഷയാണ് ഇംഗ്ലീഷ്. കൂടാതെ അന്താരാഷ്രതലത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്യവഹാരഭാഷകളിലൊന്നാണിത്. യു.കെ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ, സിങ്കപ്പൂർ തുടങ്ങി ലോകത്തെ ഏതാണ്ട് അൻപതിലധികം രാജ്യങ്ങളിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാണ്.

പക്ഷെ മലയാളികൾ സാധാരണ പഠിക്കാത്ത ഭാഷകൾ ആണ് ഫ്രഞ്ചും സ്പാനിഷും. ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, കാനഡ, ബെൽജിയം തുടങ്ങി ഇരുപത്തിയൊൻപതോളം രാജ്യങ്ങളിൽ ഫ്രഞ്ച് പ്രധാന ഭാഷയാണ്. യൂറോപ്പിലും അമേരിക്കയിലുമായി (സൗത്ത് അമേരിക്കയും നോർത്ത് അമേരിക്കയും കൂടി) ഇരുപതോളം രാജ്യങ്ങളിലെ പ്രധാന ഭാഷയാണ് സ്പാനിഷ്. ജർമ്മനി, ലെചെൻസ്‌റ്റൈൻ, സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ, ബെൽജിയം, ലെക്‌സെംബർഗ് എന്നിവിടങ്ങളിൽ ജർമൻ പ്രധാന ഭാഷയാണ്. പൊതുവെ മലയാളികൾക്ക് ഈ രാജ്യങ്ങളിൽ ഇംഗ്‌ളീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെപ്പോലെ അവസരങ്ങൾ കിട്ടാറില്ല, അതിന്റെ പ്രധാന കാരണം ഭാഷയുടെ അഭാവമാണ്.

തൊഴിൽ പോലെത്തന്നെ വിദേശത്ത് ഉപരിപഠനത്തിനാഗ്രഹിക്കുന്നവർക്കും ഭാഷ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. സാധാരണയായി വിദേശത്ത് വിദ്യാഭ്യാസത്തിനായി അപേക്ഷിക്കുമ്പോൾ പഠനം ഏതുഭാഷയിലാണോ, ആ ഭാഷയിൽ നിങ്ങൾക്കുള്ള വൈദഗ്ദ്ധ്യം അളക്കേണ്ടിവരും. ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സർവ്വകലാശാലകൾ ജർമൻ, ഫ്രഞ്ച് ഭാഷകളുടെ അടിസ്ഥാന തലം അറിഞ്ഞിരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഈ ഭാഷകളിൽ നിങ്ങൾക്ക് വൈദഗ്ധ്യമുണ്ടെങ്കിൽ പ്രവേശന സാധ്യതകൂടും. ജർമനിപോലുള്ള രാജ്യങ്ങളിൽ English taught പ്രോഗ്രാമുകൾ പഠിക്കണമെന്നുള്ളവർക്കും ജർമൻ അറിയുമെങ്കിൽ മുൻഗണന ലഭിക്കാം.

മറ്റുള്ള ഭാഷകൾ പഠിച്ചാലുള്ള മറ്റൊരു ഗുണം എന്നത് ആ രാജ്യത്തെ എഴുത്തുകളും സിനിമകളും ഒക്കെ നന്നായി ആസ്വദിക്കാമെന്നതാണ്. ഫ്രഞ്ച് സിനിമകൾ ഏറെ പേരുകേട്ടതാണ്, കൊറിയൻ സിനിമകളും. പക്ഷെ അവരുടെ ഭാഷ അറിഞ്ഞാൽ മാത്രമേ പൂർണ്ണമായി അത് ആസ്വദിക്കാൻ പറ്റൂ. ലോകത്തെ എത്രയോ ഭാഷകളിൽ അസാമാന്യരായ എഴുത്തുകാർ ഉണ്ട്, നോബൽ സമ്മാനം കിട്ടിയവർ ഉൾപ്പടെ. അവരുടെ പുസ്തകം വായിക്കാൻ വേണ്ടി മാത്രം ഭാഷ പഠിക്കണം എന്നല്ല പറയുന്നത്, മറിച്ച് മറ്റു ഭാഷകൾ പഠിച്ചാൽ അവരുടെ പുസ്തകങ്ങൾ അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വദിക്കാൻ പാട്ടും. 'എന്റെ പൊന്നും കുടം' എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്ന വികാരമല്ലല്ലോ 'മൈ ഗോൾഡ് പോട്ട്' എന്ന തർജ്ജുമയിൽ ഉണ്ടാകുന്നത്.

അൽപ്പം അതിശയം തോന്നാമെങ്കിലും, പഠിക്കുകയാണെങ്കിൽ കൂടുതൽ സാധ്യതകളുള്ളൊരു ഭാഷയാണ് ചൈനീസും (Mandarin) ജാപ്പനീസും. എന്തുകൊണ്ട് ചൈനീസ്? അതിവേഗം വളരുന്ന ഇക്കോണമിയാണ് ചൈനയുടേത്. വരുംകാലങ്ങളിൽ വ്യാവസായിക/തൊഴിൽ രംഗങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടിവരുമെന്നുതന്നെ പ്രതീക്ഷിക്കാം. ഇങ്ങനെയൊരു സാധ്യത മുന്നിൽക്കണ്ടാൽ, ചൈനീസ് ഭാഷ നല്ലൊരു ഓപ്ഷനാണ്. ജാപ്പനീസ് ആണ് മറ്റൊന്ന്. ലോകത്ത് ഏറ്റവും കൂടുതൽ പ്രായമായവരുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. അതേസമയം വളരെ വികസിതമായ സമ്പദ്വ്യവസ്ഥയും. അപ്പോൾ അവിടെ കൂടുതലാളുകൾ ഇനിയുള്ള കാലത്ത് പുറത്തുനിന്നും ജോലിക്ക് വരേണ്ടി വരും. അവരുടെ ഭാഷ അറിഞ്ഞിരിക്കുന്നത് നിങ്ങളുടെ സാധ്യതകൾ കൂട്ടും.

പുതിയൊരു ഭാഷ പഠിക്കണമെങ്കിൽ എന്തൊക്കെയാണ് മാർഗങ്ങൾ?

immersion ആണ് ഒരു മാർഗം. ഒരു വിദേശ ഭാഷയെ ആഴത്തിൽ മനസിലാക്കുകയും കൂടുതൽ പ്രയോഗിക്കുകയും ചെയ്യുന്നതിലൂടെ അത് സ്വായത്തമാക്കുന്ന രീതിയാണ് immersion. ഏറ്റവും ഫലപ്രദമായി ഭാഷ പഠിക്കാനുള്ളൊരു മാർഗമാണിത്. പ്രായോഗികരീതിയിൽ ഒരു ഭാഷ പഠിക്കണമെങ്കിൽ അത് സംസാരിക്കുന്ന സ്ഥലത്തുപോയി തദ്ദേശീയരുമായി ഇടപഴകി പഠിക്കാം. ഫ്രഞ്ച് പഠിക്കണം എന്ന് താല്പര്യമുള്ള മറ്റു യൂറോപ്യൻ രാജ്യക്കാർ ഫ്രാൻസിലെ ഗ്രാമങ്ങളിൽ, മുന്തിരിത്തോട്ടങ്ങളിൽ പണിക്കുപോകുന്നതും വീടുകളിൽ കുട്ടികളെ നോക്കാനായി ജോലിക്കെത്തുന്നതും സാധാരണമാണ്.
പക്ഷെ ഇതെല്ലാവർക്കും ചെയ്യാൻപറ്റുന്ന കാര്യമല്ലല്ലോ. അപ്പോൾ പിന്നെയുള്ള മാർഗ്ഗം ക്ളാസ്സ്റൂം പഠനത്തെ ആശ്രയിക്കുകയെന്നതാണ്. ഇന്ത്യയിൽതന്നെ വിവിധ സ്ഥലങ്ങളിൽ ഭാഷാപഠന കേന്ദ്രങ്ങളുണ്ട്. വിശദമായ പഠനത്തിന് ഇങ്ങനെയുള്ള ഇൻസ്‌റിറ്റിയൂകളെ ആശ്രയിക്കാം.

ഓൺലൈൻ ആയി ഭാഷ പഠിക്കുക ഇപ്പോൾ സാധ്യാമാണ്, പോരാത്തതിന് മൊബൈൽ ആപ്പുകളും ഉണ്ട്. വിവിധ രാജ്യങ്ങളിൽ ഇരുന്ന് സ്‌കൈപ്പിൽ മറ്റുള്ളവരെ ഭാഷ പഠിപ്പിക്കുന്നതും ഇപ്പോൾ അപൂർവമല്ല.

ഭാഷയും നിർമ്മിത ബുദ്ധിയും: ഇനി വരുന്നത് നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലമാണല്ലോ (Fourth Industrial Revolution). ഓട്ടോമേഷനും നിർമ്മിതബുദ്ധിയും എല്ലാ മേഖലകളിലും പ്രയോഗത്തിൽ വരികയാണ്. നിലവിൽ ഭാഷ തർജ്ജിമ ചെയ്യുന്നതിനായി നിർമ്മിത ബുദ്ധി ഉപയോഗിച്ചുവരുന്നുണ്ട്. ഈ അവസരത്തിൽ പുതിയ ഭാഷ പഠിക്കുന്നത്തിൽ പ്രത്യേകിച്ച് ഗുണമുണ്ടോ?

തീർച്ചയായും നിർമ്മിത ബുദ്ധിയുടെ ഉപയോഗം വിവിധ ഭാഷകളെ തമ്മിൽ തർജ്ജുമ ചെയ്യാനും ബന്ധിപ്പിക്കാനും ഉപകരിക്കും എന്നതിന് സംശയം വേണ്ട. ഇപ്പോൾതന്നെ ഗൂഗിൾ ഉപയോഗിച്ച് അത്യാവശ്യം നന്നായി ഇംഗ്‌ളീഷും ഫ്രഞ്ചുമൊക്കെ പരസ്പരം ട്രാൻസ്ലേറ്റ് ചെയ്യാൻപറ്റും. കൂടുതൽ ആളുകൾ ഉപയോഗിക്കുന്നതനുസരിച്ച് മറ്റുഭാഷകളുടെയും നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള ട്രാൻസ്ലേഷൻ കൂടുകതന്നെ ചെയ്യും. പ്രൊഫഷണലായി തർജ്ജുമ ചെയ്യുന്നവരുടെ ആവശ്യം കുറഞ്ഞുവരും. ഉള്ളവർ തന്നെ മിക്കവാറും തൊഴിൽ കമ്പ്യൂട്ടറിനെക്കൊണ്ട് ചെയ്യിച്ച്, അത് ചെക്ക് ചെയ്യുന്ന രീതിയിലേക്ക് മാറും.

പക്ഷെ ഭാഷാ പഠനത്തിന്റെ ആവശ്യവും സാധ്യതയും മുൻപത്തേക്കാളും കൂടുതലാകും. ലോകത്തെ ഭാഷകൾ തമ്മിൽ നിർമ്മിത ബുദ്ധികൊണ്ട് ബന്ധിക്കപ്പെടുമ്പോൾ, നിലവിൽ പരസ്പരബന്ധിതമല്ലാത്ത ഏറെ കമ്പോളങ്ങൾ തമ്മിൽ ബന്ധമുണ്ടാകും. ഉദാഹരണത്തിന്, ഇപ്പോൾ നമ്മൾ ഒരു മാസ്‌കിന് വേണ്ടി ഇംഗ്‌ളീഷിൽ സെർച്ച് ചെയ്താൽ ഇംഗ്‌ളീഷ് ഭാഷയിൽ ഉള്ള വെബ്സൈറ്റുകളിൽ നിന്നല്ലാതെയുള്ള റിസൾട്ട് കിട്ടില്ല, പക്ഷെ ലോകത്തെ ഏറ്റവും വലുതും വിലകുറഞ്ഞതുമായ സപ്ലയർ ചൈനയിൽ ആയിരിക്കുമുള്ളത്, അവർക്ക് ചൈനീസ് വെബ്സൈറ്റ് ഉണ്ടാകുകയും ചെയ്യും. ബിസിനസിന് മാത്രമല്ല, യാത്രക്കും പഠനാവസരങ്ങൾക്കും ഗവേഷണത്തിനുമൊക്കെ പണ്ട് ബന്ധിപ്പിച്ചിട്ടില്ലാത്ത സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കും.

ഇങ്ങനെയൊരു സാഹചര്യം വന്നാൽ, രാജ്യങ്ങൾ തമ്മിൽ ഭാഷ തടസമായിരിക്കുന്നതുകൊണ്ട് നടക്കാതെപോയിരിക്കുന്ന ബിസിനെസ്സ്-വ്യാവസായിക കൈമാറ്റങ്ങൾ കൂടുകയും ചെയ്യും. ഇക്കണോമിക്ക് ആക്ടിവിറ്റികൾ കൂടും. അപ്പോൾ തീർച്ചയായും ഇരുഭാഗത്തുനിന്നുമുള്ള മനുഷ്യബന്ധങ്ങൾ ഉണ്ടാകേണ്ടിവരും. ഇവിടെയാണ് ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്നവർക്കുള്ള അവസരങ്ങളുണ്ടായി വരുന്നത്. മുൻപുപറഞ്ഞത് കൂടാതെ ഗവേഷണം, യാത്ര, ജോലി തുടങ്ങിയ അവസരങ്ങൾ കൂടുതൽ തുറന്നുവരും

ഒരുകാലത്ത് ഭാഷ എന്നുള്ളത് നമ്മുടെ തലച്ചോറിൽ നിക്ഷേപിക്കപ്പെട്ട ഒരു ചിപ്പിലൂടെ നമുക്ക് അനായാസമായി മനസ്സിലാക്കാൻ പറ്റുന്ന ഒന്നായി മാറിയേക്കാം. അങ്ങനെ വന്നാലൊരുപക്ഷേ പുതിയ ഒരു രാജ്യത്തേക്ക് പോകണമെങ്കിൽ ആ രാജ്യത്തെ 'ഭാഷ ആപ്പ്'തലച്ചോറിലേക്ക് നേരിട്ട് ഡൗൺലോഡ് ചെയ്താൽ മതിയാകും. പക്ഷെ അതിനിയും ചുരുങ്ങിയത് ഒരു തലമുറ അകലെയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ കോളേജിൽ ഉള്ള തലമുറയും ഭാഷ പഠിക്കുന്നതാണ് ബുദ്ധി.

ഈ ലോക്ക് ഡൗൺ കാലത്ത് പുതിയതായി ഒരു ഭാഷ പഠിക്കുന്നതിനെ പറ്റി ചിന്തിച്ചു തുടങ്ങുക. എല്ലാക്കാലവും വീട്ടിൽ ഒതുങ്ങിയിരുന്ന ലോകമല്ല പുറത്തിറങ്ങിയാൽ പരമാവധി യാത്ര ചെയ്യുന്ന ലോകമാണ് ഈ ലോക്ക് ഡൗൺ കാലത്ത് നാം സ്വപ്നം കാണേണ്ടത്. ഭാഷ അതിനുള്ള ഒരു തുടക്കമാകട്ടെ.

Neeraja Janaki, മുരളി തുമ്മാരുകുടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP