Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'രക്ഷാപ്രവർത്തകർക്ക് അടുക്കാൻ പോലും പറ്റാത്ത രീതിയിൽ എന്തിനാണ് ആ ജനക്കൂട്ടം അവിടെ കൂടി നിൽക്കുന്നത്? ആ ലോറിയുടെ മുകളിൽ കയറി നിൽക്കുന്ന ചേട്ടൻ എന്ത് സഹായമാണ് അപകടത്തിൽ പെട്ടവർക്ക് ചെയ്യുന്നത്? സീരിയസ് ആയ അപകടം നേരിൽ കാണുന്നത് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്..നമ്മളൊക്കെ മനുഷ്യരാണ്, സൂപ്പർ ഹ്യൂമൻ അല്ല'; പാലക്കാട്ടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യണമെന്ന നിർദ്ദേശങ്ങളുമായി മുരളീ തുമ്മാരുകുടി

'രക്ഷാപ്രവർത്തകർക്ക് അടുക്കാൻ പോലും പറ്റാത്ത രീതിയിൽ എന്തിനാണ് ആ ജനക്കൂട്ടം അവിടെ കൂടി നിൽക്കുന്നത്? ആ ലോറിയുടെ മുകളിൽ കയറി നിൽക്കുന്ന ചേട്ടൻ എന്ത് സഹായമാണ് അപകടത്തിൽ പെട്ടവർക്ക് ചെയ്യുന്നത്? സീരിയസ് ആയ അപകടം നേരിൽ കാണുന്നത് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്..നമ്മളൊക്കെ മനുഷ്യരാണ്, സൂപ്പർ ഹ്യൂമൻ അല്ല'; പാലക്കാട്ടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം സന്ദർഭങ്ങളിൽ എന്ത് ചെയ്യണമെന്ന നിർദ്ദേശങ്ങളുമായി മുരളീ തുമ്മാരുകുടി

മുരളി തുമ്മാരുകുടി

അപകടം കണ്ടാൽ എന്ത് ചെയ്യണം?

പാലക്കാട് ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് ആറു പേർ മരിച്ചു എന്ന വാർത്ത വരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

മരിച്ചവർക്ക് ആദരാഞ്ജലികൾ, കുടുംബങ്ങളോട് അനുശോചനം.

അപകട സ്ഥലത്തെ ചിത്രം കണ്ടിട്ട് ദേഷ്യവും സങ്കടവും സഹതാപവും വരുന്നു. ഫയർഫോഴ്സ് എത്തിയതിനു ശേഷം രക്ഷാവാഹനങ്ങൾ പോലും അപകടത്തിൽ പെട്ടവരുടെ അടുത്തെത്തിക്കാൻ പറ്റാത്ത തരത്തിൽ എന്തിനാണ് ആ ജനക്കൂട്ടം അവിടെ കൂടി നിൽക്കുന്നത്? ആ ലോറിയുടെ മുകളിൽ കയറി നിൽക്കുന്ന ചേട്ടൻ എന്ത് സഹായമാണ് അപകടത്തിൽ പെട്ടവർക്ക് ചെയ്യുന്നത്? നമ്മൾ വഴിയേ പോകുന്‌പോൾ ഒരപകടം കണ്ടാൽ എന്താണ് ചെയ്യേണ്ടതെന്ന് കുറച്ചു നിർദ്ദേശങ്ങൾ തരാം.

1. അപകടം നടന്ന സ്ഥലത്ത് മറ്റാരും ഇല്ലെങ്കിൽ അപകടത്തിൽ പെട്ടവരുടെ അടുത്ത് എത്തുക. അവർ റോഡിന്റെ നടുക്ക് ഇനി കൂടുതൽ അപകടം വരാൻ സാധ്യതയുള്ള സാഹചര്യത്തിൽ ആണെങ്കിൽ ആ വഴി വരുന്ന ട്രാഫിക്കിന് മുന്നറിയിപ്പ് നല്കാനായുള്ള നടപടികൾ ചെയ്യുക (നമ്മുടെ കാറിന്റെ ഹസാഡ് ലൈറ്റ് ഓൺ ആക്കുന്നത് ഉൾപ്പടെ). പരിക്കേറ്റ ആളെ സുരക്ഷിതമായി റോഡിന്റെ വശത്തേക്ക് മാറ്റാൻ പറ്റുമെങ്കിൽ അത് ചെയ്യുക (പരിക്കേറ്റ ആൾക്ക് എഴുന്നേൽക്കാൻ വയ്യെങ്കിൽ നിർബന്ധിച്ച് എഴുന്നേൽപ്പിക്കുകയോ കൈകൊണ്ട് കോരി എടുക്കുകയോ ചെയ്യരുത്).

2. ഉടൻ തന്നെ പൊലീസ്/ ഫയർഫോഴ്‌സ്/ ആശുപത്രി/ ആംബുലൻസ് ഇവയെ വിളിക്കുക. കേരളത്തിലെ സാഹചര്യത്തിൽ ഒന്നിൽ കൂടുതൽ രക്ഷാ സംവിധാനങ്ങളെ വിളിച്ചറിയിക്കുന്നതാണ് ബുദ്ധി. നമ്മൾ നിൽക്കുന്ന സ്ഥലം, നമ്മുടെ നന്പർ, എത്ര പേർ അപകടത്തിലായി എന്നെല്ലാം കൃത്യമായി പറയണം.

3. അപകടത്തിൽ പെട്ടവർക്ക് ബോധം ഉണ്ടെങ്കിൽ അവരോട് സംസാരിക്കണം. 'പേടിക്കേണ്ട, സഹായം വേഗം എത്തും'' എന്നും അതുവരെ നമ്മൾ അവിടെനിന്നും പോകില്ല എന്നും ഉറപ്പു നൽകുക. അവരുടെ പേര്, ബന്ധുക്കളുടെ പേര്, ഫോൺ നന്പർ ഇതൊക്കെ ചോദിച്ചു മനസ്സിലാക്കണം. അവർക്ക് വലിയ പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ബോധം മറയാതിരിക്കാൻ അവരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതും നല്ലതാണ്.

4. അപകട സ്ഥലത്ത് ആള് കൂടിയാൽ പരിക്കേറ്റവരുടെ ചുറ്റും വെറുതെ കൂടിനിൽക്കുന്നത്, ഫോട്ടോ എടുക്കുന്നത്, അപകടത്തിൽ പെട്ടവരുടെ എന്തെങ്കിലും വസ്തുക്കൾ അടിച്ചു മാറ്റുന്നത് എല്ലാം തടയാൻ ശ്രമിക്കണം.

5. അപകടത്തിൽ പെട്ടവരോട് വെള്ളം കുടിക്കാൻ പറയുക, എണീറ്റ് നിൽക്കാൻ പറയുക, സ്വന്തം വണ്ടിയിലോ ആദ്യം വരുന്ന വണ്ടിയിലോ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുക എന്നിങ്ങനെ പ്രത്യക്ഷത്തിൽ പരോപകാരം ചെയ്യുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കണം. ആംബുലൻസ് വരാൻ പത്തു മിനുട്ടു വൈകിയാലും, പരിക്കേറ്റവരെ തെറ്റായി കൈകാര്യം ചെയ്യാതിരിക്കുന്നതാണ് ബുദ്ധി. (ഇക്കാര്യങ്ങൾ പറഞ്ഞാൽ നാട്ടുകാരുടെ കയ്യിൽ നിന്നും അടി കിട്ടാൻ വഴിയുണ്ട്. (ദുരന്ത)ശ്രീ മുരളി തുമ്മാരുകുടി പറഞ്ഞതാണ് എന്ന് പറഞ്ഞു നോക്കുക, കുറച്ചു മയം കിട്ടിയേക്കാം. അല്ലെങ്കിലും ശരിയായ കാര്യം ചെയ്യുന്നതിന് രണ്ട് തല്ലു കൊള്ളുന്നത് നല്ലതാണ്).

6. ഔദ്യോഗിക രക്ഷാ പ്രവർത്തകർ എത്തിയാൽ അവരോട് നമുക്കറിയാവുന്ന കാര്യങ്ങൾ പറയുക, ബാക്കിയുള്ള കാര്യങ്ങൾ അവർ കൈകാര്യം ചെയ്യട്ടെ. ബന്ധുക്കളെ നേരിട്ട് വിളിച്ചറിയിക്കാൻ പറ്റിയാൽ അത് നല്ല കാര്യമാണ്. ഇല്ലെങ്കിൽ ആക്കാര്യവും രക്ഷാ പ്രവർത്തകരോട് പറയുക.

7. ഇതിൽ കൂടുതൽ പരിക്കേറ്റവരുടെ കൂടെ ആശുപത്രിയിൽ പോകുന്നതും ബന്ധുക്കൾ വരുന്നത് വരെ കാര്യങ്ങൾ നോക്കുന്നതും എല്ലാം ശരിയായ കാര്യമാണെങ്കിലും നിർബന്ധം ഉള്ളതല്ല.

8. സുരക്ഷാ സംവിധാനങ്ങൾ നന്നായി പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ അപകട സ്ഥലത്ത് മറ്റാളുകൾ ഉണ്ടെന്നു കണ്ടാൽ വാഹനം നിറുത്താതെ പോകുന്നതാണ് ശരി. അതിൽ ഒരു വിഷമവും തോന്നേണ്ടതില്ല.

9. നമ്മുടെ രാജ്യത്ത് പരിക്കേറ്റവരെ തെറ്റായി കൈകാര്യം ചെയ്യാൻ സാധ്യത ഉള്ളതിനാൽ മറ്റാളുകൾ ഉണ്ടെങ്കിലും നമ്മൾ ഇടപെടുന്നതിൽ തെറ്റില്ല. ശരിയായി ഇടപെടാൻ കഴിവും താല്പര്യവും ഉണ്ടെങ്കിൽ മാത്രമേ ഓടിക്കൂടേണ്ടതുള്ളൂ. ആ വാഹനത്തിന് ചുറ്റും നിൽക്കുന്നവരും ലോറിയിൽ കയറി ഇരിക്കുന്നവരും അപകടത്തിൽ പെട്ടവർക്ക് ദ്രോഹം ചെയ്യുന്നവരാണ്. അങ്ങനെ ആകരുത്.

10. സീരിയസ് ആയ അപകടം നേരിൽ കാണുന്നത് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. കണ്ട അപകടത്തെ പറ്റി ഏറ്റവും അടുത്തവരോട് സംസാരിക്കണം. രാത്രി നമുക്ക് പേടി തോന്നുകയോ ദുസ്വപ്നം കാണുകയോ ചെയ്താൽ പ്രൊഫഷണൽ കൗൺസലിങ്ങ് സഹായം തേടണം. നമ്മളൊക്കെ മനുഷ്യരാണ്, സൂപ്പർ ഹ്യൂമൻ അല്ല.

സുരക്ഷിതരായിരിക്കുക.

മുരളി തുമ്മാരുകുടി
ജനീവ, ജൂൺ 9

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP