Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിമോട്ട് കാണിയുടെ കൈയിലായതു കൊണ്ട് കണ്ടന്റ് രാജാവായ ചാനൽ കാലത്ത് മനോരമയിൽ നിന്നും ദേശാഭിമാനിയിലേക്കുള്ള ദൂരം ചുരുങ്ങുമ്പോൾ

റിമോട്ട് കാണിയുടെ കൈയിലായതു കൊണ്ട് കണ്ടന്റ് രാജാവായ ചാനൽ കാലത്ത് മനോരമയിൽ നിന്നും ദേശാഭിമാനിയിലേക്കുള്ള ദൂരം ചുരുങ്ങുമ്പോൾ

ഭിമുഖത്തിനു ശേഷവും, ഇടതു പശ്ചാത്തലമുള്ളതു കൊണ്ട് മനോരമയിൽ ജോലിക്കു തിരഞ്ഞെടുക്കപ്പെടാതിരിക്കുന്ന ഒരു കാലമുണ്ടായിരുന്നു. കുറഞ്ഞത് തൊണ്ണൂറുകളിലെങ്കിലും. മിക്കവാറും അവനങ്ങനെ നന്നാവണ്ട ലൈനിൽ ഹൃദയവിശാലതയുള്ള ഏതേലും പാഷാണത്തിൽ കൃമീം ലോക്കൽ ഏജന്റും കൊടുത്ത ഫീഡ് ബാക്കായിരിക്കും പ്രശ്‌നകാരി. ആരു കർത്താവ് ആര് കർമ്മം അതോ കർമ്മിണിയായിരുന്നോ പ്രശ്‌നം. അതല്ല വിഷയം തദ്ഫലമാണ്. മനോഭാവമാണ്. അവിടെ നിന്നും പിണറായി വിജയം കഥകളിലേക്കും പിണറായി സ്‌പെഷ്യൽ ആഴ്ചപ്പതിപ്പിലേക്കുും പ്രകാശ വർഷങ്ങളുടെ ദൂരമുണ്ട്. സാമൂഹിക കാഴ്ചപ്പാടുകളുടെ ധ്രുവീകരണങ്ങളുടെ, പുതിയ നിർവചനങ്ങളുടെ ചേരുവകളുടെ വിചിത്രസങ്കര കാലം. ടിവി ചാനലുകൾ അച്ചടിവാർത്തകളെ സ്വാധീനിച്ചു തുടങ്ങിയതെങ്ങനെ? അതിനു മുന്പ് ടെക്സ്റ്റ് ബുക് ബേസിക്ക്.

പത്രം പോർട്രെയിറ്റ് ഓറിയന്റേഷനിൽ നേരെയും ടിവി ലാന്റ് സ്‌കേപ്പ് ഓറിയന്റേഷനിൽ വശത്തോട്ടുമെന്നതല്ല പത്രവും ടിവിയും തമ്മില് മാദ്ധ്യമമെന്ന നിലയിലുള്ള വ്യത്യാസം. ടിവി ചാനലിൽ താത്വിക മണ്ടത്തരം കണ്ടാൽ റിമോട്ട് ഞെക്കി സ്ഥലം കാലിയാക്കാം. തൊട്ടടുത്ത ഒപ്ഷൻ വിരൽത്തുമ്പിലുണ്ട്. പത്രത്തിലെഡിറ്റോറിയല് ബോറടിച്ചാൽ മനോരമ താഴെ വച്ച് മാതൃഭൂമിയെടുത്തു വായിക്കാനൊക്കില്ല. മിക്കവാറും വരിക്കാർ ഒരു പത്രത്തിന്റെ മാത്രം വായനക്കാരാണ്. ടിവി പ്രേക്ഷകർക്ക് അത്തരം പിടിവാശികളൊന്നുമില്ല. പത്രവായനക്കാരൻ വച്ചു പുലർത്തുന്ന ലോയൽറ്റി പിടിവാശിയാണ് പത്രത്തിന്റെ വാക്വം. ആ വാക്വം ഒരു സുപ്രഭാതത്തില് മുറ്റത്തു പത്രം വീഴുമ്പോൾ രൂപപ്പെടുന്നതല്ല. മറിച്ച്, താൻ വായിക്കാനാഗ്രഹിക്കുന്ന വാർത്തകൾ താനാഗ്രഹിക്കുന്ന രീതിയിൽ വർഷങ്ങളായി വായിക്കപ്പെടുമ്പോൾ രൂപപ്പെടുന്നതാണ്. വർഷങ്ങളോ തലമുറകളോ കൊണ്ട് സംഭവിക്കുന്നത്.

സാമാന്യനിയമങ്ങൾക്കതീതമാണ് പലപ്പോഴും യാഥാർത്ഥ്യം. തിരുവനന്തപുരം നായർ കേരളകൗമുദി വായിക്കുമായിരുന്നു. ഇടതുപക്ഷ പ്രസരത്തിലും രാജഭക്തിയും കരക്കാര്യവുമെല്ലാം ഇടകലർത്തിയ ചേരുവയില്, ദശകങ്ങളോളം തിരുവനന്തപുരം നഗരത്തിന്റെ മുഖപത്രം. പക്ഷെ പെരുന്ന നായർക്ക് കൗമുദിയിലൊന്നുമില്ല. പഴയ ചേരുവകളിൽ പതിപ്പുകളും പരിമിതമായിരുന്നു. മാതൃഭൂമി കോഴിക്കോടു നിന്നും മനോരമ കോട്ടയത്തു നിന്നും കൗമുദി തിരുവനന്തപുരത്തു നിന്നും ജനയുഗം കൊല്ലത്തു നിന്നും ദീപിക തൃശൂരു നിന്നും മാത്രം അച്ചടിച്ചിരുന്ന കാലത്ത് ഉള്ളടക്കം ദേശത്തിനും രാഷ്ട്രീയത്തിനും അനുസൃതമായിരുന്നു. മനോരമയും ദീപികയും കോൺഗ്രസ്സ് ക്രിസ്ത്യൻ വലതു പക്ഷവും മാതൃഭൂമി കോൺഗ്രസ്സ് സോഷ്യലിസ്റ്റ് ഉത്പതിഷ്ണു സവർണ്ണ വലതുപക്ഷവും കൗമുദി ഇടതുപക്ഷ അവർണ്ണ സോഷ്യലിസ്റ്റും പാർട്ടിപത്രങ്ങൾ അതാതു പാർട്ടിക്കാരുടെതെന്നുമുള്ള വ്യക്തമായ വേർതിരിവുണ്ടായിരുന്നു. ഉള്ളടക്കത്തിനും ബാധകമായത്. കണ്ണൂരെ ബിഡിത്തൊഴിലാളി വായിക്കുന്ന കണ്ടന്റ് മീനച്ചിൽ താലൂക്കിൽ ചെലവാകില്ലെന്നു മാത്രമല്ല കടകവും ഘടകവും വിരുദ്ധവുമായിരുന്നു. പരിമിതവൃത്തങ്ങളെ മറികടക്കുന്നത് ഓണപ്പതിപ്പുകൾ മാത്രമായിരുന്നു. വില്പന സ്ഥിരം വാക്വങ്ങൾക്കപ്പുറമായതു കൊണ്ട്. അവിടെയും രസകരമായ ചിലതുണ്ട്. സഖാവ് തിരുമേനി മനോരമയുടെ ഉള്ളടക്കത്തിൽ വരും. പക്ഷെ കരിങ്കാലി കരുണാകരനോ എംവി രാഘവനോ ദേശാഭിമാനിയുടെ ഉള്ളടക്കത്തിൽ വരില്ല.

ഇടത് വലത് സമുദായ മത ചേരുവകളുടെ നിലപാടുതറകളിൽ തന്നെയാണ് വാക്വങ്ങളുണ്ടായത്. എംപി.നാരായണപിള്ള ഏതോ ലേഖനത്തിലെഴുതിയ പോലെ മനോരമ എഡിറ്റർ സ്വകാര്യസംഭാഷണത്തിൽ ടികെ രാമകൃഷ്ണൻ അയ്യായിരം വോട്ടിനു ജയിക്കുമെന്നു കണക്കു കൂട്ടുമ്പോൾ പത്രത്തിൽ ഒരു രാമനും കൃഷ്ണനും ജയിക്കില്ലെന്നു മാത്രമേ അച്ചു നിരത്തൂ. കാരണം പത്രാധിപരല്ല, വായനക്കാരുടെ വാക്വമാണ് പത്രത്തിന്റെ കണ്ടന്റ് തീരുമാനിക്കുന്നത്. ആദ്യം പതിപ്പുകളു തുടങ്ങിയതിനനുസരിച്ച് പുതിയ ദേശങ്ങളുടെ സ്ഥലകാല ചേരുവകൾ വന്നു. ചേരുവകളുടെ എണ്ണത്തിലും വണ്ണത്തിലും വ്യതിയാനങ്ങള് വന്നു. ഏറിവന്ന ധ്രുവീകരണങ്ങൾക്കനുസരിച്ച് കടുത്ത പിടിവാശികളോളം വളർന്ന നിലപാടുതറകളും. മൊബൈല് ഭാഷ കടമെടുത്താൽ ഡിഫോൾട്ട് ഫാക്ടറി സെറ്റിങ്ങു തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധമായിരുന്നു. കൗമുദിയും പിൽക്കാലത്ത് മാദ്ധ്യമവുമൊഴിച്ച് മിക്കവാറും പത്രങ്ങളിലേറിയും കുറഞ്ഞും അതു തന്നെ സ്ഥിതി.

അവിടെയാണ് സിനിമ ബീറ്റു ചെയ്യുന്നവരെഴുതുന്ന ചേലുക്ക് പിണറായി വിജയം ആട്ടക്കഥ അരങ്ങു തകർക്കുന്നത്. ക്ഷോഭത്തിൽ ജ്വലിക്കുന്ന കണ്ണുകൾ തുടരും ലൈനിൽ പരമ്പരാഗത വാക്വത്തെ വെല്ലുവിളിക്കുന്നത്. മീനച്ചിലാറിന്റെ ഇരുകരയിലെയും റബ്ബർ മരങ്ങൾ പോലും പിണറായിയെന്നേറ്റു പറയുന്നത്. ഒറ്റ നോട്ടത്തിൽ ഓക്‌സിമൊറോൺ. സഖാവ് തിരുമേനി ലൈനിൽ മനോരമക്കാരു നല്ലതു പറഞ്ഞാൽ സൂക്ഷിക്കണമെന്ന ലാളിത്യം യാഥാർത്ഥ്യങ്ങളെ മറികടക്കുന്നു. കൺകെട്ടുന്നു.

കേരളത്തിലെ മാദ്ധ്യമവിപണി മനോരമയോളം അറിയുന്നവരില്ല. മലയാളത്തിലപൂർവ്വമായ പ്രൊഫഷണലിസം കൈവിടാത്ത പത്രമാണ്. തച്ചിനെഴുതുന്ന എഴുത്തുകാരനാണെങ്കിലും ജീവനക്കാരനാണെങ്കിലും പണിയെടുക്കുന്നതവന് കാശു കൊടുക്കുന്നതില് പഴി കേൾക്കാത്തവരും. ശരാശരിക്കു മുകളിലായിരുന്നു എപ്പോഴും പ്രതിഫലത്തോത്. തൊട്ടതും പിടിച്ചതുമെല്ലാം വിജയമല്ലെങ്കിൽ പോലും ശരാശരിക്കു മുകളിലാണ്. ലാഭേച്ഛയേതുമില്ലാതെ ഭാഷാസേവനത്തിനു നടത്തുന്ന ഭാഷാപോഷിണിയാണെങ്കിൽ പോലും. പറഞ്ഞു വന്നത് സ്വന്തം വായനക്കാരുടെ പരമ്പരാഗത വാക്വത്തെ വെല്ലു വിളിക്കുന്ന ഉള്ളടക്കം വികാരാവേശത്തിൽ അച്ചടിക്കാൻ ആവേശാവേശിതരല്ലാത്ത പ്രൊഫഷണലുകൾക്ക് പറ്റില്ല. മദ്ധ്യതിരുവിതാംകൂറുകാർക്കും പാലത്തിനപ്പുറമിപ്പുറം തായം കളിക്കുന്നവർക്കു ഒട്ടും പറ്റില്ല. മുദ്രാവാക്യം വിളിയല്ല പത്രപ്രവർത്തനം. അപ്പോഴെന്തു കൊണ്ട് ഉള്ളടക്ക വ്യതിയാനം?

മില്യൺ ഡോളർ ചോദ്യമാണത്. പേനയുന്തുന്നവരു തന്നെ പ്രാഥമികമായി കണ്ടെത്തണ്ട ഉത്തരം. വ്യക്തമായ വ്യതിയാനം ആരംഭിക്കുന്നത് ചാനലിലാണ്. പത്രത്തിലെ വാർത്തകൾ കുറെയൊക്കെ എഡിറ്റോറിയ്‌ല നയമാവുമ്പോൾ ചാനലിലെ വാര്ത്തകൾ തീരുമാനിക്കുന്നത് വ്യൂവർഷിപ്പാണ്. എഡിറ്റോറിയൽ തമസ്‌കരണങ്ങൾ വ്യൂവർഷിപ്പിനെ ബാധിക്കും. ഇടതുവലതു ഭേദമില്ലാതെ വാർത്തകൾ പരിമിതവൃത്തങ്ങളെ മറികടന്നു തുടങ്ങിയതവിടെയാണ്. ഏകദേശം സാച്വറേഷന്റെ വക്കിലെത്തി നിന്ന വലതു വാക്വങ്ങളെക്കാൾ മാദ്ധ്യമസാധ്യതകൾ മുഴുവനായി വിനിയോഗിക്കപ്പെടാത്ത ഇടതു വാക്വത്തിനാണ്. ഇടതു പക്ഷം എന്ന വിപണിക്കാണ്. ചാനലുകൾ എഡിറ്റോറിയൽ നയങ്ങളെ മറികടന്നത് കടക്കുന്നത് വിപണി എന്ന ആ പേശീബലത്തിലാണ്. ടിവി കാണുന്ന ഇടതു പക്ഷക്കാരന് കൈരളി തന്നെ കാണണമെന്നില്ല. മറ്റു ചാനലുകളായാലും മതി. അതവന്റെ ചോയ്‌സാണ്. കസ്റ്റമറല്ല. റിമോട്ട് കയ്യിലുള്ളവൻ കിങ്ങാണ്. വീട്ടിലേതു പത്രം വേണമെന്ന് പള്ളിക്കോ പാർട്ടിക്കോ ഇണ്ടാസിറക്കാം. ചാനലേതു കാണണമെന്ന്, ചന്ദനവും അല്ലാത്തതുമായ മഴകൾ കാണരുതെന്ന് പറയാനാവില്ല. റിമോട്ട് കാണിയുടെ കയ്യിലായതു കൊണ്ട് കണ്ടന്റ് രാജാവായി. കാണിയുടെ രസന വീണ്ടും ലൈം ലൈറ്റിൽ വന്നു. പരമ്പരാഗത മാദ്ധ്യമ വാക്വങ്ങളുടെ മെറ്റമോർഫിസ് അവിടെ ആരംഭിക്കുന്നു. പുതിയ വിപണികളിലെ പര്യവേഷണങ്ങളും. കേരളത്തിലെന്നും ഏറ്റവും ഗണ്യമായിരുന്ന വിപണി, ഇടതുപക്ഷം എല്ലാവരും വലയിടുന്ന കടലായി.

പരമ്പരാഗത വാക്വങ്ങളുടെ കാലത്ത് ജീവിതശൈലി എന്ന രോഗം മലയാളക്കരയിലില്ലായിരുന്നു. മുതലാളിയും തൊഴിലാളിയും തമ്മിലന്തരമുണ്ടായിരുന്നു. കോൺഗ്രസ്സുകാരനും ഇടതു പക്ഷക്കാരനും തമ്മിലുമന്തരമുണ്ടായിരുന്നു. ഉദാരവത്കരണാനന്തരകാലത്ത് ശുഷ്‌കിച്ചു തുടങ്ങി പിന്നീടു നേർത്തില്ലാതായ വര. കട്ടൻ ചായ പരിപ്പു വട കാലത്തു നിന്നും ഫേസ്‌ബുക്ക് കാലത്തേക്കുള്ള യാത്രയിലെ അന്തരം. അള്ട്രാ ലക്ഷ്വറികളിലൊഴികെ മുതലാളി തൊഴിലാളി അന്തരമില്ലാതായി. ലൈഫ് സ്‌റ്റൈലുകൾ യാഥാർത്ഥ്യമായി. മനോഭാവങ്ങൾ മാറി. ഫലം ഇടതു വലത് പത്രങ്ങളുടെയെല്ലാം വിപണിയുടെ ഏകീകരണം. മനോരമയ്ക്ക് വായനക്കാരായി സഖാക്കളെ കിട്ടുക മാത്രമല്ല ചെയ്യുന്നത് തിരിച്ച് സഖാക്കൾക്ക് മനോരമ വാക്വത്തിൽ ഇടം കിട്ടുക കൂടിയാണ് ചെയ്യുന്നത്. ദേശാഭിമാനി വായിക്കുമ്പോൾ കിട്ടുന്ന രുചി മനോരമ വായിച്ചാൽ കിട്ടമെങ്കിൽ പിന്നെ പാർട്ടിപത്രം വായിക്കണോ? ഇടതുപക്ഷം എന്ന വലിയ വിപണിയിലെ ഒരു സ്ലൈസ് പോലും ഗണ്യമാണ്. ഒരു കാലിച്ചായയടെ മുടക്കു പോലുമില്ലാത്ത പത്രം എന്ജിഓ മുതലേതു തൊഴിലാളിക്കും താങ്ങാവുന്നതായിട്ടേറെക്കാലമായി. അവശേഷിച്ചിരുന്നത് മനോഭാവങ്ങളാണ്. അതാണലിഞ്ഞില്ലാതാവാൻ തുടങ്ങുന്നത്. പുതിയ സമവാക്യങ്ങളാവുന്നത്.

ഒരുപാട് രാഷ്ട്രീയ സാമൂഹിക വഴിചൂണ്ടികളുണ്ടായ ദശകമാണിത്. രാഷ്ട്രീയത്തിലും സമൂഹത്തിലും മാദ്ധ്യമരംഗത്തും കലയിലും. മനോരമയിൽ നിന്നും ദേശാഭിമാനിയിലേക്കുള്ള ദൂരം ചുരുങ്ങുന്നത്. സിംപിൾ മിസ്റ്റർ വാട്‌സൺ. ബട്ട് ഇന്ററസ്റ്റിങ്ങ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP