Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേളിയുടേയും ശ്രീനിഷിന്റെയും വിവാഹത്തെ ട്രോളുന്നവരടക്കം ശ്രദ്ധിക്കണേ; താരവിവാഹത്തിനെതിരെ ട്രോൾ നടത്തുന്നത് യാഥാർത്ഥ്യങ്ങളറിയാതെ; കത്തോലിക്കാ സഭയിൽ നടത്തപ്പെടുന്ന മൂന്ന് തരത്തിലുള്ള വിവാഹങ്ങളിലൊന്നാണ് നടന്നതെന്ന് കാട്ടി സഭാ വിശ്വാസിയുടെ വരികൾ; മതാന്തര വിവാഹമായി നടന്നെങ്കിലും പേളി മാണിയുടേത് കൗദാശിക വിവാഹമല്ല എന്നത് ശരി തന്നെ; കത്തോലിക്കാ സഭയിലെ മതാന്തരവിവാഹങ്ങളെന്തെന്ന് ട്രോളന്മാർക്ക് ഒരു ഓർമ്മപ്പെടുത്തൽ

പേളിയുടേയും ശ്രീനിഷിന്റെയും വിവാഹത്തെ ട്രോളുന്നവരടക്കം ശ്രദ്ധിക്കണേ; താരവിവാഹത്തിനെതിരെ ട്രോൾ നടത്തുന്നത് യാഥാർത്ഥ്യങ്ങളറിയാതെ; കത്തോലിക്കാ സഭയിൽ നടത്തപ്പെടുന്ന മൂന്ന് തരത്തിലുള്ള വിവാഹങ്ങളിലൊന്നാണ് നടന്നതെന്ന് കാട്ടി സഭാ വിശ്വാസിയുടെ വരികൾ; മതാന്തര വിവാഹമായി നടന്നെങ്കിലും പേളി മാണിയുടേത് കൗദാശിക വിവാഹമല്ല എന്നത് ശരി തന്നെ; കത്തോലിക്കാ സഭയിലെ മതാന്തരവിവാഹങ്ങളെന്തെന്ന് ട്രോളന്മാർക്ക് ഒരു ഓർമ്മപ്പെടുത്തൽ

നോബിൾ തോമസ് പാറയ്ക്കൽ

മിനിസ്‌ക്രീനിലെ താരമായ പേളി മാണിയും അക്രൈസ്തവനായ ശ്രീനിഷും തമ്മിലുള്ള വിവാഹം സീറോ മലബാർ സഭയുടെ ദേവാലയത്തിൽ ആശീർവ്വദിക്കപ്പെട്ടതിനെ തുടർന്ന് വ്യാപകമായ ചർച്ചകൾ സാമൂഹ്യമാധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. സാധാരണപോലെ തന്നെ കാര്യത്തെപ്പറ്റി വലിയ അറിവൊന്നുമില്ലാത്ത ചിലരുടെ തട്ടുപൊളിപ്പൻ അടിക്കുറിപ്പുകളോടെ ചൂടുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുന്നു. ക്രിസ്ത്യൻ ട്രോൾസ് തുടങ്ങിവച്ച ട്രോൾ പലരും ഏറ്റുപിടിച്ച് വളരെ അക്രൈസ്തവമായ രീതിയിൽ യാഥാർത്ഥ്യങ്ങളറിയാതെ ആരോടൊക്കെയോ ഉള്ള കലിപ്പ് തീർത്തുകൊണ്ടിരിക്കുന്നു. ചില ആരോപണങ്ങൾ ഇതാണ്:

- കാശുനൽകിയാൽ ഏതുതരം കല്യാണവും പള്ളിയിൽ വച്ച് നടത്തും. സമ്പന്നർക്ക് മാത്രമുള്ളതാണ് ഈ ആനുകൂല്യം (അവശ്യസന്ദർഭങ്ങളിൽ ഈ ആനുകൂല്യം രൂപതാമെത്രാൻ ആർക്കും നൽകും)
- പാവപ്പെട്ടവന് എന്നും സഭാനിയമം അനുസരിക്കണം - സെലിബ്രിറ്റികൾക്ക് അതിന്റെ ആവശ്യമില്ല. അവിടെ സഭ നിയമം നോക്കില്ല (ഇപ്പോൾ പരാമർശിക്കപ്പെടുന്ന കേസിലും കൃത്യം സഭാനിയമമനുസരിച്ച് തന്നെയാണ് വിവാഹം നടന്നിട്ടുള്ളത് - താഴോട്ട് വായിക്കുക)
- ക്രൈസ്തവ ദേവാലയങ്ങളിൽ ഇത്തരം അശ്ലീലം നടത്താൻ പാടുള്ളതല്ല (മതാന്തരവിവാഹം സഭാനിയമപ്രകാരം നിർവ്വചിക്കപ്പെട്ടിട്ടുള്ളത് തന്നെയാണ് - അതിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട് - അത് അശ്ലീലമല്ല).

പശ്ചാത്തലം ഇത്രയും വിശദീകരിച്ച് കാര്യത്തിലേക്ക് കടക്കട്ടെ. ക്രൈസ്തവവിവാഹം എന്നതും അതു സംബന്ധമായ സഭാനിയമങ്ങളും വ്യക്തമായി മനസ്സിലാക്കാത്തതിനാലാണ് ഇത്തരം തരംതാണം ആരോപണങ്ങളിലേക്ക് ട്രോൾ പേജുകളും നാമമാത്ര സഭാസ്‌നേഹികളും വീണുപോകുന്നത്.

മൂന്ന് രീതിയിൽ കത്തോലിക്കാസഭയിൽ നടത്തപ്പെടുന്ന വിവാഹങ്ങളെ മനസ്സിലാക്കാൻ സാധിക്കും.

1. രണ്ട് കത്തോലിക്കർ തമ്മിലുള്ള വിവാഹം - മാമ്മോദീസ സ്വീകരിച്ച രണ്ട് കത്തോലിക്കർ തമ്മിൽ നിയമാനുസൃതം നടത്തപ്പെടുന്ന ഈ വിവാഹം ഒരു കൂദാശയാണ് (sacrament). കേരളത്തിൽ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭാഗംങ്ങൾ തമ്മിൽത്തമ്മിൽ നടത്തപ്പെടുന്ന ഏതു വിവാഹവും ഇത്തരത്തിൽ കൗദാശികമാണ്. ഇതിൽ ഏതു റീത്തിലുള്ള ആൾക്കും മറ്റൊരു റീത്തിലൊരാളെ ജീവിതപങ്കാളിയായി നിയമാനുസൃതം സ്വീകരിക്കാവുന്നതാണ്. അതിൽ നിയമവിരുദ്ധമായി യാതൊന്നുമില്ല. എങ്കിലും സ്വന്തം റീത്തിൽ തന്നെയുള്ളവരെ വിവാഹം കഴിക്കാൻ വിശ്വാസികൾ പരിശ്രമിക്കണമെന്ന് സഭ ഓർമ്മിപ്പിക്കാറുണ്ട്.

2. മിശ്രവിവാഹം (mixed marriage) കത്തോലിക്കരും മാമ്മോദീസാ സ്വീകരിച്ചിട്ടുള്ള അകത്തോലിക്കരും തമ്മിലുള്ള വിവാഹത്തെയാണ് മിശ്രവിവാഹമെന്ന് പറയുന്നത്. ഇപ്രകാരമുള്ള വിവാഹത്തിന് രൂപതാദ്ധ്യക്ഷന്റെ അനുവാദം ആവശ്യമുണ്ട്. മിശ്രവിവാഹം ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള മാനസികഐക്യത്തെയും അവരുടെ വിശ്വാസജീവിതത്തെയും ബാധിക്കുമെന്നതിനാൽ അത്തരം വിവാഹങ്ങൾ നിരുത്സാഹപ്പെടുത്താറുണ്ട്. എങ്കിലും രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടെ നടത്തപ്പെടുന്ന ഇത്തരം വിവാഹങ്ങൾ പങ്കാളികൾ ഇരുവരും മാമ്മോദീസ സ്വീകരിച്ച ക്രൈസ്തവരായതിനാൽ കൗദാശികവിവാഹങ്ങളാണ്.

3. മതാന്തരവിവാഹങ്ങൾ (disparity of cult marriage) കത്തോലിക്കരും മാമ്മോദീസാ സ്വീകരിച്ചിട്ടില്ലാത്ത ഇതരമതസ്ഥരും തമ്മിലുള്ള വിവാഹത്തിനാണ് മതാന്തരവിവാഹം എന്ന് പറയുന്നത്. ഇപ്രകാരമുള്ള വിവാഹങ്ങൾ വളരെ അവശ്യസന്ദർഭങ്ങളിൽ മാത്രമാണ് രൂപതാമെത്രാന്മാർ അനുവദിക്കാറുള്ളത്. ഈ വിവാഹം കൗദാശികമല്ല. ഇത്തരം വിവാഹങ്ങൾക്ക് അതിന്റേതായ നടപടിക്രമങ്ങൾ ഉണ്ട്. വിശുദ്ധ കുർബാനയോടു കൂടി അവ നടത്തപ്പെടാൻ പാടില്ല.

മേൽവിവരിച്ചതിൽ നിന്നും കഴിഞ്ഞ ദിവസം നടന്ന സെലിബ്രിറ്റി വിവാഹം മതാന്തരവിവാഹമാണെന്ന് മനസ്സിലാക്കാം. എറണാകുളം അതിരൂപതാ ജാഗ്രതാസമിതിയുടെ വിശദീകരണക്കുറിപ്പിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിവാഹങ്ങൾ സാധാരണ വിവാഹത്തിന്റെ മുഴുവൻ ക്രമത്തോടും വിശുദ്ധ കുർബാനയോടും കൂടിയല്ല നടത്തപ്പെടുന്നത്. വൈദികന്റെ സാന്നിദ്ധ്യം, ആശീർവ്വാദം, രണ്ട് സാക്ഷികൾ, പരസ്പരമുള്ള വിവാഹസമ്മതം എന്നിവയുൾക്കൊള്ളുന്ന ഒരു പ്രാർത്ഥനാകർമ്മം മാത്രമാണ് മതാന്തരവിവാഹങ്ങളുടെ ആശീർവ്വാദം എന്നത്.

എന്തുകൊണ്ട് സഭ മതാന്തരവിവാഹം അനുവദിക്കുന്നു?

വളരെ അവശ്യസന്ദർഭങ്ങളിൽ മാത്രമാണ് സഭ ഇത്തരം വിവാഹങ്ങൾ (കൗദാശികമല്ലാത്ത വിവാഹങ്ങൾ) അനുവദിക്കാറുള്ളത്. സഭാംഗത്തിന്റെ ആത്മീയജീവിതം മുന്നിൽക്കണ്ടുകൊണ്ടാണ് അത് അനുവദിക്കുന്നത്. ചില പ്രത്യേകസാഹചര്യങ്ങളിൽ മാമ്മോദീസാ സ്വീകരിക്കാത്ത ജീവിതപങ്കാളിയെ സ്വീകരിക്കേണ്ടിവരുന്ന സാഹചര്യങ്ങളുണ്ടാകുന്‌പോൾ അത് തിരുസ്സഭയുടെ അനുവാദത്തോടെ നടത്തിയാൽ പ്രസ്തുത വ്യക്തിക്ക് തുടർന്നും സഭാംഗമെന്ന നിലയിൽ സഭയുടെ കൂട്ടായ്മയിൽ നിലനിൽക്കുകയും കൂദാശകൾ സ്വീകരിക്കുകയും ചെയ്യാവുന്നതാണ് (ഇതരമതസ്ഥനാ/യായ ജീവിതപങ്കാളിക്ക് കൂദാശാസ്വീകരണം സാദ്ധ്യമല്ല).

എന്നാൽ അനുവാദമില്ലാതെ ഇത്തരം വിവാഹങ്ങളിലേർപ്പെടുന്‌പോൾ ആ പ്രവർത്തിയാൽത്തന്നെ പ്രസ്തുത വ്യക്തിക്ക് കൂദാശകൾ (കുർബാന, കുന്പസാരം) സ്വീകരിക്കാനുള്ള അവകാശം നഷ്ടപ്പെടുന്നു. പ്രത്യേകസന്ദർഭങ്ങളിൽ ഇതരമതസ്ഥരെ വിവാഹം ചെയ്യേണ്ടി വരുന്നതിലൂടെ സഭാംഗത്തിന് കൂദാശാസ്വീകരണത്തിനുള്ള അവകാശം നഷ്ടപ്പെടരുതെന്ന അജപാലനപരമായ കാരണമാണ് മതാന്തരവിവാഹം വളരെ കർശനമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ അനുവദിക്കുന്നത്.

എന്തൊക്കെയാണ് വ്യവസ്ഥകൾ?

1. കത്തോലിക്കാവിശ്വാസി തന്റെ വിശ്വാസത്തിന് കോട്ടം വരുത്തിയേക്കാവുന്ന സാഹചര്യങ്ങളെ ഒഴിവാക്കാൻ തയ്യാറാണെന്ന് പ്രതിജ്ഞ ചെയ്യണം. സന്താനങ്ങളെ കത്തോലിക്കാസഭയിൽ മാമ്മോദീസായും ശിക്ഷണവും നല്കി വളർത്താൻ ശ്രമിക്കുമെന്ന് ആത്മാർത്ഥതയോടെ വാഗ്ദാനം ചെയ്യണം.
2. കത്തോലിക്കാ വിശ്വാസി ചെയ്യേണ്ടതായ വാഗ്ദാനങ്ങളെയും അതുവഴിയുണ്ടാകുന്ന കടമകളെയും കുറിച്ച് മറുഭാഗം പങ്കാളി വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.
3. വിവാഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെയും ഗുണലക്ഷണങ്ങളെയും കുറിച്ച് ഇരുവരെയും ധരിപ്പിക്കണം.
4. മതപരമായ മറ്റ് വിവാഹആചാരങ്ങൾ നടത്തുകയില്ല എന്ന് വാഗ്ദാനം ചെയ്യണം
5. ഈ വ്യവസ്ഥകൾ രേഖാമൂലം നല്‌കേണ്ടവയാണ്. എന്തുകൊണ്ട് ഇപ്രകാരമൊരു വിവാഹം കഴിക്കുന്നുവെന്നതിന്റെ കാര്യകാരണങ്ങൾ സഹിതം രൂപതാദ്ധ്യക്ഷന് സമർപ്പിക്കുന്ന അപേക്ഷയിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ഒപ്പിടേണ്ടതാണ്. മറുഭാഗം പങ്കാളിയും കാര്യങ്ങൾ വായിച്ചു മനസ്സിലാക്കി ഒപ്പുവെക്കുന്നത് കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണ്.
(ഈ വ്യവസ്ഥകളുടെ മേലാണ് മതാന്തരവിവാഹങ്ങൾക്ക് സഭ അനുമതി നല്കുന്നതെങ്കിലും ചിലർ ദേവാലയത്തിലെ വിവാഹശേഷം മറ്റ് ആചാരപ്രകാരവും വിവാഹം നടത്തുന്നതായി കാണാറുണ്ട്. ഇപ്രകാരം വ്യവസ്ഥകൾ ലംഘിച്ചാൽ അതിനാൽത്തന്നെ ആ വ്യക്തി കത്തോലിക്കാസഭയുടെ കൂട്ടായ്മയിൽ നിന്ന് പുറത്താവുകയും വിശുദ്ധ കുർബാന, കുന്പസാരം എന്നീ കൂദാശകൾ സ്വീകരിക്കാൻ അയോഗ്യ/നാവുകയും ചെയ്യുന്നു. ഇപ്പോൾ ചർച്ചയിലിരിക്കുന്ന കേസിലും ഈ സാഹചര്യം സംജാതമാകാനുള്ള സാദ്ധ്യതയുണ്ട്).

ഇത്തരം വിവാഹങ്ങൾ എല്ലായ്‌പോഴും കൗദാശികമല്ലാത്തതായിരിക്കുമോ?

കത്തോലിക്കാവിവാഹം കൗദാശികമാകണമെങ്കിൽ ദന്പതികളിരുവരും മാമ്മോദീസ സ്വീകരിച്ചവരായിരിക്കേണ്ടതുണ്ട് (കത്തോലിക്കാസഭയിലോ ഏതെങ്കിലും ക്രൈസ്തവസഭയിലോ). അങ്ങനെയല്ലാത്ത പക്ഷം സഭാവിശ്വാസപ്രകാരം വിവാഹം കൗദാശികമാവുകയില്ല. എന്നാൽ ഏതെങ്കിലും കാലത്ത് അക്രൈസ്തവനാ/യായ ജീവിതപങ്കാളി മാമ്മോദീസ സ്വീകരിക്കുകയാണെങ്കിൽ അപ്പോൾ മുതൽ അവരുടെ വിവാഹവും കൗദാശികമായി കണക്കാക്കപ്പെടും. വിവാഹമെന്ന കൂദാശ പിന്നീട് സ്വീകരിക്കേണ്ടതില്ല.

പണം കൊടുത്താൽ സഭാനിയമത്തിൽ നിന്ന് ഒഴിവു കിട്ടുമോ?

തികച്ചും വ്യാപകമായ ഒരു തെറ്റിദ്ധാരണയാണ് മഞ്ഞപ്പത്രങ്ങളും പേജുകളും ഈ വിഷയത്തിൽ പരത്തുന്നത്. കത്തോലിക്കന് ഇതരക്രൈസ്തവസഭകളിൽ നിന്നും ഇതരമതങ്ങളിൽ നിന്നും വിവാഹം കഴിക്കേണ്ട സാഹചര്യം വരുന്‌പോൾ എപ്രകാരമാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് ഹ്രസ്വമായി മുകളിൽ വിവരിച്ചിട്ടുണ്ട്. നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്താൽ പണക്കാരനായാലും പാവപ്പെട്ടവനായാലും രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടു കൂടി ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാവുന്നതാണ്.

 

തിരുസ്സഭ ഇത്തരം വിവാഹങ്ങളെ -പ്രത്യേകിച്ച് മതാന്തരവിവാഹത്തെ - നിരുത്സാഹപ്പെടുത്തുന്നുവെങ്കിലും ആത്മാക്കളുടെ രക്ഷയെപ്രതി നല്കുന്ന അനുവാദങ്ങൾ (നിയമത്തിൽ നിന്നുള്ള ഒഴിവുകൾ) ദുരുപയോഗം ചെയ്യാനോ പണംകൊടുത്ത് വാങ്ങാനോ സാധിക്കുകയില്ല. ഇത്തരം അപേക്ഷകൾ രൂപതാദ്ധ്യക്ഷന് നല്കുന്നതിനും അനുവാദം കരസ്ഥമാക്കുന്നതിനും യാതൊരുവിധ സാന്പത്തികച്ചിലവുകളുമില്ല (അപേക്ഷാപത്രത്തിന്റെ തുച്ഛമായ തുകയൊഴികെ).

സെലിബ്രിറ്റികൾക്ക് മാത്രമേ ഇത്തരം അനുവാദങ്ങൾ കൊടുത്തിട്ടുള്ളോ?

സെലിബ്രിറ്റികൾ മാത്രമല്ല സാധാരണക്കാർക്കും കൊടുത്തിട്ടുണ്ട്. എല്ലാ ഇടവകപ്പള്ളികളിലും കുറഞ്ഞത് ഒരു വിവാഹമെങ്കിലും ഇത്തരത്തിൽ നടന്നിട്ടുണ്ടാകാൻ സാദ്ധ്യതയുണ്ട്. ആയതിനാൽ സാന്പത്തികമാണ് ഇത്തരം വിവാഹഅനുവാദങ്ങൾക്ക് പിന്നിലെന്ന് പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരവും തെറ്റിദ്ധാരണാജനകവുമാണ്.

ഉപസംഹാരം

ഒരു കത്തോലിക്കന് ഇതരമതത്തിൽപ്പെട്ടൊരാളെ വിവാഹം കഴിക്കാൻ സഭ അനുവാദം നല്കുന്നുവെന്ന് ഈപ്പറയുന്നതിന് അർത്ഥമില്ല. ഇവിടെ മനസ്സിലാക്കേണ്ടത് സഭാനിയമപ്രകാരം കത്തോലിക്കർ തമ്മിലും മെത്രാന്റെ അനുവാദത്തോടെ ആവശ്യസന്ദർഭങ്ങളിൽ മറ്റ് ക്രൈസ്തവസഭാംഗങ്ങളുമായും വിവാഹം നിയമപരമാണ്, സാധുവാണ്, കൗദാശികമാണ് ). എന്നാൽ ഇതരമതസ്ഥരുമായുള്ള വിവാഹം നിയമപ്രകാരം അനുവദനീയമല്ലാത്തതിനാൽ അത്തരം വിവാഹങ്ങൾ കത്തോലിക്കാവിശ്വാസപ്രകാരം അസാധുവാണ് .

മെത്രാന്റെ അനുവാദം വാങ്ങി, മേൽപ്പറഞ്ഞ വ്യവസ്ഥകളോടെ ദേവാലയത്തിൽ വച്ച് ഈ വിവാഹകർമ്മ നടത്തുകയാണെങ്കിൽ ആ വിവാഹം സാധുവായിരിക്കും പക്ഷേ, കൗദാശികമായിരിക്കുകയില്ല (valid but non sacramental)

(പൗരസ്ത്യസഭകളുടെ കാനൻ നിയമവും സീറോ മലബാർ സഭയുടെ പ്രത്യേക നിയമവും മാനന്തവാടി രൂപതയുടെ നിയമാവലിയും അവലംബിച്ചാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP