Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രജനിക്കോ, വിജയിനോ, അജിത്തിനോ ഉള്ള പത്തിലൊന്ന് പ്രേക്ഷക പിന്തുണ പോലും രാഘവ ലോറൻസിന് കേരളത്തിൽ ഇല്ല; എന്നിട്ടും എന്തിനാണ് മോഹൻലാലും മമ്മൂട്ടിയും നൽകിയതിനേക്കാൾ വലിയ തുക ധനസഹായമായി നൽകിയത്? നമ്മുടെ സിനിമാ താരങ്ങൾ കഴിവിനൊത്ത് പണം നൽകിയോ? ബൈജുരാജ് ചേകവർ എഴുതുന്നു

രജനിക്കോ, വിജയിനോ, അജിത്തിനോ ഉള്ള പത്തിലൊന്ന് പ്രേക്ഷക പിന്തുണ പോലും രാഘവ ലോറൻസിന് കേരളത്തിൽ ഇല്ല; എന്നിട്ടും എന്തിനാണ് മോഹൻലാലും മമ്മൂട്ടിയും നൽകിയതിനേക്കാൾ വലിയ തുക ധനസഹായമായി നൽകിയത്? നമ്മുടെ സിനിമാ താരങ്ങൾ കഴിവിനൊത്ത് പണം നൽകിയോ? ബൈജുരാജ് ചേകവർ എഴുതുന്നു

ബൈജുരാജ് ചേകവർ

പ്രിയപ്പെട്ടവരെ, 'കൊടുക്കുന്നവൻ എന്നും കൊടുത്തുകൊണ്ടേയിരിക്കും വാങ്ങുന്നവൻ എന്നും വാങ്ങി കൊണ്ടേയിരിക്കും. അതാണ് കുടുംബം'.ബാലേട്ടൻ സിനിമയിൽ ശ്രീ മോഹൻലാൽ ഈ സംഭാഷണം ഉരുവിടുമ്പോൾ തിയേറ്റർ മുഴുവൻ കയ്യടി ആയിരുന്നു. ജീവിതം തിരശ്ശീലയിൽ ചുട്ടുപൊള്ളുമ്പോൾ മാത്രം ഉയരുന്ന കാമ്പുള്ള കയ്യടി. ഈ സംഭാഷണം ജീവിതത്തിൽ പറഞ്ഞ ടി എ റസാഖിനേയും അത് സിനിമയിൽ പ്രയോഗിച്ച ടി എ ഷാഹിദിനെയും ഈ നിമിഷം ഓർക്കാൻ കാരണമായത് തമിഴ് ചലച്ചിത്ര പ്രവർത്തകനായ ശ്രീ രാഘവ ലോറൻസ് ആണ് .

ഒരു കോടി രൂപയാണ് പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിന് ചലച്ചിത്ര നൃത്ത പരിശീലകനും നടനും സംവിധായകനുമായ ശ്രീ രാഘവ ലോറൻസ് അമ്മക്കൊപ്പം ഓണനാളിൽ കേരളത്തിലെത്തി മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ ഏൽപ്പിച്ചത്. ചലച്ചിത്ര രംഗത്ത് വളരാൻ അദ്ദേഹത്തെ സഹായിച്ച വ്യക്തികളുടെ നീണ്ട ലിസ്റ്റും തെലുങ്ക്, തമിഴ്, കന്നട ഫിലിം ഇൻഡസ്ട്രിയേയും തന്റെ ഫെയ്‌സ് ബുക്ക് പേജിൽ അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നുണ്ട്. അതിൽ ഒരു മലയാളിയോ മലയാള സിനിമയോ ഇല്ല, എന്നിട്ട് പോലും നമുക്ക് ഒരു കോടി..!

കാഞ്ചന പോലുള്ള തമിഴ് സിനിമകൾ കേരളത്തിൽ വിജയിച്ചിട്ടുണ്ടെന്നല്ലാതെ ഇന്നും രാഘവ ലോറൻസ് എന്ന് കേൾക്കുമ്പോൾ മനസ്സിൽ മുഖം തെളിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. തലൈവർ രജനിക്കോ, ഇളയ ദളപതി വിജയിനോ, തല അജിത്തിനോ ഉള്ള പത്തിലൊന്ന് പ്രേക്ഷക പിന്തുണ ഇവിടെ അദ്ദേഹത്തിനില്ല. എന്നിട്ടും കഴിഞ്ഞ മുപ്പതിലേറെ വർഷമായി മലയാളം വാഴുന്ന നമ്മുടെ സ്വന്തം ശ്രീ മമ്മൂട്ടിയും ശ്രീ മോഹൻലാലും തൊട്ട് ജനപ്രിയ , യുവ താരങ്ങൾ വ്യക്തിപരമായി ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം നൽകിയ തുകയുടെ മൂന്നിരട്ടിയിലേറെ കേരളത്തിന് നൽകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താവു ..? ഓർക്കുക , താര സംഘടന പോലും ഇതിന്റെ പകുതിയേ നൽകിയിട്ടുള്ളൂ .

അവിടെയാണ് ബാലേട്ടൻ സംഭാഷണത്തിന്റെ പ്രസക്തി. കൊടുക്കുന്നവൻ എന്നും കൊടുത്തുകൊണ്ടിരിക്കും വാങ്ങുന്നവൻ എന്നും വാങ്ങിക്കൊണ്ടേയിരിക്കും. അതെ , അത് ആറ്റിറ്റിയൂഡിന്റെ അല്ലെങ്കിൽ ശീലത്തിന്റെ വിഷയമാണ്. നേരത്തെ ചെന്നൈ വെള്ളപ്പൊക്കത്തിലും, ജെല്ലിക്കെട്ട് സമരത്തിലും വ്യക്തിപരമായി ഒരു കോടി വീതം നൽകിയ ആളാണ് ബാല്യത്തിൽ ദാരിദ്രം ഭക്ഷിച്ച് വളർന്ന രാഘവ ലോറൻസ്. 148 കുട്ടികളുടെ ഓപ്പൺ ഹാർട്ട് സർജറി, നൂറ് കണക്കിന് കുട്ടികളുടെ സംരക്ഷണം, പഠന സഹായം തുടങ്ങി ധാരാളം സന്നദ്ധ പ്രവർത്തനങ്ങൾ അദ്ദേഹം അനസ്യുതം തുടരുന്നു.

തീർച്ചയായും ഇതിലേറെ ചെയ്യുന്നവരാണ്, ഇന്നലകളിൽ ഇതിലേറെ ചെയ്തവരുമാണ് മലയാളത്തിലെ മുതിർന്ന സൂപ്പർ താരങ്ങൾ. അറിയാഞ്ഞിട്ടല്ല. കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാ പ്രവർത്തനങ്ങളിലും കളക്ഷൻ കേന്ദ്രങ്ങളിലും രാപ്പകൽ പ്രവർത്തിച്ച യുവതാരങ്ങളെയും സാങ്കേതിക പ്രവർത്തകരേയും നമ്മൾ കണ്ടതാണ് . പൊതുസമൂഹം അവരുടെ സേവനങ്ങളെ ഏറെ വിലമതിച്ചതുമാണ്.

പക്ഷെ ലോകം മുഴുവൻ പുതിയ കേരളത്തിന്റെ നിർമ്മാണത്തിനായി കൈയും മെയ്യും മറന്ന് പണം സംഭാവന നൽകുകയും സ്വരൂപിക്കുകയും ചെയ്യുമ്പോൾ മലയാള ചലച്ചിത്ര, സീരിയൽ രംഗത്തെ നടീനടന്മാരും സാങ്കേതിക പ്രവർത്തകരും സാമ്പത്തികമായി അവരുടെ ഭാഗധേയം വേണ്ടവിധം നിർവ്വഹിക്കുന്നുണ്ടോ..?ഇല്ല , ഇതുവരെ ഇല്ല

മമ്മൂക്കയുടെയും ലാലേട്ടന്റെയും പ്രതിഫലത്തെ കുറിച്ച് ഒരേകദേശ വലുപ്പം നമ്മുടെ മനസ്സിലുണ്ട് . വിപണി മൂല്യമുള്ള സംവിധായകരുടെയും എഴുത്തുകാരുടെയും പ്രതിഫലം , യുവതാരങ്ങളുടെയും കോമഡി സ്റ്റാറുകളുടെയും പ്രതിഫലം , മുൻനിര സീരിയൽ താരങ്ങളുടെ പ്രതിഫലം ഇതെല്ലാം നമ്മൾ സങ്കല്പിക്കുന്നതിന്റെയും മുകളിലാണ് . ഒരു കോടിയിലേറെ പ്രതിഫലം വാങ്ങുന്ന ധാരാളം സംവിധായക പ്രതിഭകളുണ്ട് നമുക്ക് . ( ഫെഫ്കയുടെ സഹായത്തോടെ പ്രതിഫലം വാങ്ങുന്ന വളരെ കഷ്ടപ്പെടുന്ന സംവിധായകരെയും സഹ സംവിധായകരടങ്ങുന്ന സാങ്കേതിക പ്രവർത്തകരേയും മറന്നുകൊണ്ടല്ല ഈ കുറിപ്പ് ) ആഴ്‌ച്ചകൾ കഴിഞ്ഞ് കേരളം പതിയെ സമനില കൈവരിക്കുമ്പോൾ ഉത്ഘാടനത്തിന് വാങ്ങുന്ന പ്രതിഫല വിഹിതം നൽകി പോലും ചലച്ചിത്ര സീരിയൽ താരങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദേശ പുനർനിർമ്മാണ നിധിക്ക് കരുത്ത് പകരാനാവും .

മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരം സർക്കാർ ഉദ്യോഗസ്ഥരും പൊതുജനവും തവണകളായി തങ്ങളുടെ വിഹിതം നൽകുന്നത് പോലെ സെലിബ്രെറ്റികളായ കലാകാരന്മാരും ഘട്ടം ഘട്ടമായി ഈ ചരിത്ര ദൗത്യത്തിൽ പങ്കാളികളാവുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം .

ബ്ലീഡിങ് ഉള്ള സ്ത്രീക്ക് ബോട്ടിൽ കയറാൻ വെള്ളത്തിൽ ചവിട്ട് പടിയായി കിടന്ന ശ്രീ ജെയ്‌സലും , സ്വജീവൻ പണയം വെച്ച് രക്ഷാ പ്രവർത്തനം നടത്തിയതിന് '' ഇതാ ഞങ്ങളുടെ സൈന്യമെന്ന് '' പറഞ്ഞ് മുഖ്യമന്ത്രി പ്രതിഫലം വാഗ്ദാനം ചെയ്തപ്പോൾ അത് വിനയപുരസ്സരം ദുരിതാശ്വാസ നിധിയിലേക്ക് തന്നെ തിരികെ നൽകിയ മൽസ്യ തൊഴിലാളികളും , മൊബൈൽ ഫോണിൽ കുത്തിക്കളിച്ചതിന് യാതൊരു ഉത്തരവാദിത്ത ബോധവുമില്ലാത്ത പാഴുകളെന്ന് സദാ നേരവും മുതിർന്നവരാൽ പഴികേട്ട പുതുതലമുറയും , പ്രളയം കെട്ടടങ്ങിയപ്പോഴേക്കും പുതിയ സെലിബ്രെറ്റികളായി ഉദയം ചെയ്ത നവ കേരളത്തിൽ സിനിമാ ലോകവും തങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ പ്രതിജ്ഞാബദ്ധരായിരിക്കണം. അല്ലാത്തപക്ഷം കാലത്തിന്റെ കണക്ക് പുസ്തകം സാക്ഷിയാക്കി വരുംകാല കേരളം അവരെ ചോദ്യം ചെയ്യുക തന്നെ ചെയ്യും . ശരിയല്ലേ ..?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP