Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈന അങ്ങനെയല്ല ഭായ്; ജോൺ ബ്രിട്ടാസിന്റെ ലേഖനത്തിനുള്ള മറുപടി മുഴുനീള കോമഡി വായിച്ച അനുഭവം; അതെല്ലാം ഞാൻ കണ്ട ചൈനയുമായി വലിയ അന്തരമുള്ള കഥകൾ; ജിതിൻ ജേക്കബിന്‌ ഒന്നര വർഷത്തോളമായി ചൈനയിൽ താമസിക്കുന്ന മലയാളിയുടെ വിയോജനക്കുറിപ്പ്

ചൈന അങ്ങനെയല്ല ഭായ്; ജോൺ ബ്രിട്ടാസിന്റെ ലേഖനത്തിനുള്ള മറുപടി മുഴുനീള കോമഡി വായിച്ച അനുഭവം; അതെല്ലാം ഞാൻ കണ്ട ചൈനയുമായി വലിയ അന്തരമുള്ള കഥകൾ; ജിതിൻ ജേക്കബിന്‌ ഒന്നര വർഷത്തോളമായി ചൈനയിൽ താമസിക്കുന്ന മലയാളിയുടെ വിയോജനക്കുറിപ്പ്

നീ ചൈനയിൽ അല്ലെ ജീവിക്കുന്നത്, ഈ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണോ എന്ന് ചോദിച്ചാണ് എന്റെ ഒരു സുഹൃത്ത് ജോൺ ബ്രിട്ടാസ് എഴുതിയ ഒരു ലേഖനത്തിന് മറുപടിയായി മറ്റൊരു സുഹൃത്ത് എഴുതിയ ഒരു ഫേസ് ബുക്ക് ഫോസ്റ്റ് എന്റെ ശ്രദ്ധയിൽ പെടുത്തിയത്.

പോസ്റ്റ് മുഴുവൻ വായിച്ചപ്പോൾ ഒരു മുഴുനീളൻ കോമിക് കഥ വായിച്ച പോലുള്ള അനുഭവമാണ് തോന്നിയത്. അദ്ദേഹത്തിന്റെ ഭാവനയിൽ തെളിഞ്ഞ ഒരു ചൈനീസ് കഥ അത്ര മാത്രം. ഞാൻ കണ്ട ചൈനയുമായി ഒരു പാട് അന്തരമുള്ള കഥകൾ. പോസ്റ്റിന്റെ തുടക്കത്തിൽ അദ്ദേഹം പറഞ്ഞ ചരിത്രത്തെ കുറിച്ച് വലിയ ബോധ്യമില്ലാത്തതിനാലും, താൽപര്യമില്ലാത്തതിനാലും അക്കാര്യം ഇവിടെ ചർച്ച ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.

എന്നാൽ ചൈനയുടെ വളർച്ചയെ കുറിച്ചും, ജനജീവിതത്തെ കുറിച്ചും വളരെ ആധികാരികമായി അദ്ദേഹം പറഞ്ഞതിനോട് ഞാൻ ഒട്ടും തന്നെ യോജിക്കുന്നില്ല. ഒന്നര വർഷത്തോളമായി ഞാൻ ചൈനയിൽ ജീവിക്കുന്നു, സുഹൃത്തെ താങ്കൾ പറഞ്ഞ പോലെ ഇവിടുത്തെ ജനങ്ങൾ എന്ത് കഴിക്കണം, ഏത് വസ്ത്രം ധരിക്കണം, എങ്ങനെ മുടി വെട്ടണം,എന്ത് ജോലി ചെയ്യണം, എന്ത് കൃഷി ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഗവൺമെന്റ് അല്ല എന്നുള്ളതിന് ഞാൻ സാക്ഷ്യമാണ്. ഞാൻ എനിക്ക് താൽപര്യമുള്ള വസ്ത്രമാണ് ധരിക്കാറുള്ളത്, എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണമാണ് കഴിക്കുന്നത്, എനിക്ക് താൽപര്യമുള്ള രീതിയിലാണ് മുടി വെട്ടാറ് ഇത് വരെ അത് തടയാൻ ആരും വന്നിട്ടില്ല. ഇത്തരം അടിസ്ഥാന രഹിതമായ വാദങ്ങൾ തള്ളിവിടാതെ..

ഒരു ഗവൺമെന്റ് പ്രാഥമികമായി എന്തൊക്കെയാണ് ചെയ്യേണ്ടത്?

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ഗതാഗതം, ആരോഗ്യം തുടങ്ങിയവയാണെന്ന് താങ്കൾക്ക് പോലും തർക്കമുണ്ടാവില്ല എന്ന് ഞാൻ കരുതുന്നു, ഇത്തരം കാര്യങ്ങൾ വളരെ കാര്യക്ഷമമായ രീതിയിലാന്ന് ഇവിടെ നടപ്പാക്കുന്നത്. രാജ്യം ആര് ഭരിക്കുന്നു എന്നതല്ല പൊതു ജനങ്ങൾക്ക് ഗുണകരമായ എന്തെല്ലാം കാര്യങ്ങൾ ചെയ്യുന്നു എന്നതാണ് പ്രധാനം. ഭരിക്കുന്നത് ആരുമാവട്ടെ കമ്യൂണിസ്റ്റോ, ജനാധിപത്യമോ, രാജാവോ, ആരും.

മതപരമായ ആചാരങ്ങൾ പാടില്ല എന്നാരാണ് താങ്കളോട് പറഞ്ഞത്, അടിസ്ഥാന പരമായി ചൈനീസ് ഗവൺമെന്റ് നിരീശ്വരവാദികളാണ്, എന്നാൽ ഒരു മതത്തിന്റെയും ആചാരങ്ങളിൽ കൈകടത്താൻ സാധാരണ ഗതിയിൽ അവർ മുതിരാറില്ല. ഭൂരിപക്ഷം വരുന്ന ഹാൻ ചൈനീസ് വംശജർ അവരുടെതായ പ്രാചീന മതത്തിലാണ് വിശ്വസിക്കുന്നത് അവർക്ക് ആരാധനകൾ കുറവാണ്. ന്യൂനപക്ഷമായ മുസ്ലിങ്ങളും, കൃസ്ത്യാനികളും, ബുദ്ധമതക്കാരും യഥേഷ്ടം അവരുടെ മതാചാരങ്ങൾ നടത്തുന്നു. ചർച്ചുകളും, ബുദ്ധക്ഷേത്രങ്ങളും, മുസ്ലിം പള്ളികളും ചൈനയിലുടനീളം താങ്കൾക്ക് കാണാം പക്ഷെ എണ്ണം കുറവായിരിക്കും എന്ന് മാത്രം. ഷിൻജിയാങ് പ്രവിശ്യയിലെ ചില കാര്യങ്ങൾ സുഹൃത്ത് ചൂണ്ടിക്കാട്ടുകയുണ്ടായി അവിടെ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നതെന്ന് താങ്കൾക്ക് ബോധ്യമുണ്ടെന്ന് ഞാൻ കരുതുന്നു. കാശ്മീരിൽ നടക്കുന്നതിനോട് സാമ്യമുള്ള കാര്യങ്ങളാണ്, എന്നാൽ തോക്കെടുത്ത് അടിച്ചമർത്തുന്നതിന് പകരം ചില സമ്മർദ്ധ തന്ത്രങ്ങളാണ് ഗവൺമെന്റ പ്രയോഗിക്കുന്നത്, കുറച്ച് കാലമായി സ്ഥിതിഗതികൾ വളരെ ശാന്തവുമാണ്.

ജനാധിപത്യത്തിലും കമ്യൂണിസത്തിലും പഴുതുകൾ ഉണ്ട്. അല്ലായിരുന്നെങ്കിൽ വെറും 31 % മാത്രം വോട്ട് നേടിയ പാർട്ടി ഇന്ത്യാ മഹാരാജ്യം ഭരിക്കില്ലായിരുന്നല്ലൊ...
ഇന്ത്യയിൽ ഒരു നിയമം പാസാക്കുമ്പോൾ പൊതുജനാഭിപ്രായം ആരായാറുണ്ടോ? പിന്നെ എങ്ങിനെയാണ് കമ്യൂണിസത്തിനെ മാത്രം കുറ്റം പറയാൻ സാധിക്കുക.
ആര് ഭരിക്കുന്നു എന്നതല്ല പൗരന്റ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും, സമാധാനത്തിലും സഹവർത്തിത്തലും ജീവിക്കാൻ അവനെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം.

പരിസ്ഥിതിയെയും ജനങ്ങളെയും മറന്നുള്ള വികസനമാണ് ചൈനയിൽ എന്നാണ് താങ്കൾ പറയുന്നത്, എനിക്കതിനോട് തീർത്തും യോജിക്കാൻ സാധിക്കില്ല കാരണം എന്റെ കൺമുന്നിലുള്ള വികസന പ്രവർത്തനങ്ങൾ അങ്ങനെയല്ല. ഒരുദാഹരണം പറയാം, നഗര മധ്യത്തിൽ ഒരു കൺസ്ട്രക്ഷൻ വർക്ക് നടക്കുന്നു എന്ന് കരുതുക, നമ്മുടെ നാട്ടിലാണെങ്കിൽ ആ പ്രദേശം മുഴുവൻ പൊടിപടലമായിരിക്കും എന്നാൽ ഇവിടെ വ്യക്തമായ ഒരു നിയമമുണ്ട്, ചുറ്റും നല്ല രീതിയിൽ മറക്കുകയും പുറത്തേക്ക് മണ്ണോ മറ്റ് വസ്തുക്കളോ കൊണ്ട് പോകുന്ന ട്രക്കുകൾ ബോഡി മുതൽ അടിഭാഗം വരെ കഴുകിയുമാണ് റോഡിലേക്ക് ഇറങ്ങുന്നത്. എവിടെയും പൊടി പടലമില്ല.

പരിസ്ഥിതി മലിനീകരണത്തിന്റെ കാര്യത്തിൽ ഒരിക്കൽ ഡൽഹി ബൈയ്ജിങ്ങിന് മുമ്പിൽ കയറിയത് സുഹൃത്ത് ബോധപൂർവം വിസ്മരിക്കുകയും ചെയ്തു. വായു മലിനീകരണം ഉണ്ടായാൽ എന്താണ് നമ്മുടെ നാട്ടിൽ ഗവൺമെന്റ് ചെയ്യാറ്? ഒന്നും ചെയ്യാറില്ല എന്നതാണ് യാഥാർത്യം എന്നാൽ ചൈനയിൽ വായു മലിനീകരണം ഉണ്ടാവും എന്ന മുന്നറിയിപ്പുണ്ടായാൽ അക്കാര്യം പ്രവിശ്യാ ഗവൺമെന്റ് മൊബൈൽ സന്ദേശം വഴി എല്ലാരിലും എത്തിക്കും, മലിനീകരണത്തിന്റെ തീവ്രതയും, എന്തെല്ലാം മുൻ കരുതലുകൾ എടുക്കണമെന്നും ഈ സന്ദേശത്തിലുണ്ടാകും. കൂടാതെ ടാങ്കർ ലോറിയിൽ വെള്ളം കൊണ്ട് വന്ന് അന്തരീക്ഷത്തിലേക്ക് വെള്ളം പമ്പ് ചെയ്യും ഇത് വായു മലിനീകരണം കൊണ്ട് ഉണ്ടാവാൻ സാധ്യതയുള്ള ശ്വാസകോശ അസ്വസ്ഥതകൾ ഒരു പരിധി വരെ കുറക്കുവാൻ സഹായിക്കും.

ഒട്ടുമിക്ക വൻ നഗരങ്ങളിലും 'വെർടിക്കൽ ഫോറസ്റ്റേഷൻ'ഗവൺമെന്റ് നടപ്പിലാക്കിയും വരുന്നു. ജോലിക്കാർക്ക് വേതനം വളരെ കുറവാണ് എന്നാണ് സുഹൃത്തിന്റെ മറ്റൊരു കണ്ടെത്തൽ.ഞാൻ ജീവിക്കുന്ന നഗരത്തിൽ ഒരു സാധാരണ ജോലിക്കാരന് ശരാശരി മാസ വേതനം 50006000 ഞങആ യാണ്. മാസത്തിൽ 4 നിർബന്ധിത അവധിയും, ചുരുക്കി പറഞ്ഞാൽ ഏകദേശം 1826 കചഞ ഓളം വരും ദിവസ വേതനം, ഇവിടുത്തെ ജീവിത നിലവാരം വെച്ച് നോക്കിയാൽ ഇത് കുറവാണെന്ന് തോനുന്നില്ല.

പേര് പോലും ഉറപ്പില്ലാത്ത ഒരു നഗരത്തെ പറ്റി സുഹൃത്ത് ഒരു കണ്ടെത്തൽ നടത്തി, നഗരം വെടിപ്പാക്കാൻ ജനങ്ങളെ കുടിയൊഴിപ്പിച്ചു എന്ന്. ചൈനയെ കുറിച്ച് ഇത്രയും പഠനം നടത്തിയ താങ്കൾക്ക് എന്തുകൊണ്ട് ആ നഗരത്തിന്റെ പേര് കൃത്യമായി പറയാൻ സാധിക്കുന്നില്ല? ഏത് കാലത്താണ് അത് സംഭവിച്ചതെന്നും താങ്കൾ പറയാൻ ബാധ്യസ്ഥനാണ്. ഇത് സംശയലേശ മന്യെ പറയാൻ സാധിക്കാത്തത് താങ്കളുടെ ഭാവനയിൽ നിന്നും ഉരുത്തിരിഞ്ഞ ഒന്നായതുകൊണ്ടാണ്. യാഥാർത്യവുമായി കുലബന്ധം പോലുമില്ലാത്ത ഒന്ന്.

എവിടെയാണ് സുഹൃത്തെ ഗവൺമെന്റ് കൃഷി സ്ഥലം പിടിച്ചെടുത്ത് വ്യവസായ യൂണിറ്റുകൾ സ്ഥാപിച്ചത്? ഞാൻ ഒരു പാട് കൃഷിത്തോട്ടങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഗവൺമെന്റ് സഹായത്തോടെ അത്യാധുനികമായ കൃഷി രീതിയാണ് ഇവിടുത്തെ കൃഷിക്കാർ അവലംബിക്കുന്നത്. തീർച്ചയായും നമുക്ക് മാതൃകയാക്കാൻ പറ്റുന്ന ഒന്നാണത്.
പിന്നെ സുഹൃത്ത് പറയുന്നു ചൈനയുടെ യഥാർത്ഥ വികസനം എന്താണെന്നറിയാൻ അവിടെ ജനാധിപത്യം വരണം പോലും. അതിന്റെ ആവശ്യം ഉണ്ടോ? അത്രേടം വരെ ഒന്ന് പോയാൽ പോരെ? നേരിട്ട് കണ്ട് ബോധ്യപ്പെടാവുന്ന കാര്യമല്ലെ ഉള്ളു? ജനങ്ങൾ ജീവിക്കുന്നത് അടിമകളായിട്ടാണ് പോലും, താങ്കൾ ഒരിക്കലെങ്കിലും ചൈന സന്ദർശിക്കണം എന്നാണ് എന്റെ അപേക്ഷ അപ്പോൾ ഇത്തരത്തിലുള്ള എല്ലാ സംശയങ്ങളും മാറിക്കിട്ടും.
മറ്റൊരു മാരക കണ്ട് പിടുത്തം, രാജ്യസഭയിലേക്കുള്ള തെരെഞ്ഞെടുപ്പ് രീതി മാറു മത്രെ, നല്ലത് തന്നെ. എന്നാൽ ആദ്യം പുറത്താകാൻ പോകുന്നത് ശ്രീമാൻ അരുൺ ജയ്റ്റ്‌ലിയാണ്, അമൃത്സറിലെ ജനങ്ങൾ ചവറ്റ് കുട്ടയിലേക്ക് വലിച്ചെറിഞ്ഞതാണ് അദ്ദേഹത്തെ.
100 വോട്ട് വരെ കിട്ടാത്ത അണ്ടനും അടകോടനും ഇനി ഭരണത്തിൽ കയ്യാളരുത്,ഇത് തന്നെ യാണ് ഓരോ ഇന്ത്യൻ പൗരന്റെയും ആഗ്രഹവും.

ഏറെക്കുറെ ഡിജിറ്റൽ എകണോമിയുള്ള ഒരു രാജ്യമാണ് ചൈന, തന്റെ മൊബെൽ ഫോണുമായി ഇറങ്ങിയാൽ യാത്രക്കും, ആശുപത്രിയിലും, മാർക്കറ്റിലും എന്തിന് പറയുന്നു വഴിയോര കച്ചവടക്കാരിൽ തുടങ്ങി എല്ലാ മേഖലകളിലും ഇപേഴ്‌മെന്റ് നടത്താം.എന്നാൽ കറൻസി ഉപയോഗം നന്നെ കുറവല്ല താനും. നമുക്ക് ഒരുപാട് പഠിക്കാനുണ്ട് ഇവരിൽ നിന്നും. വസ്തു നിഷ്ടമല്ലാത്ത കാര്യങ്ങൾ വളച്ചൊടിച്ച് അവതിരിച്ച് ചില പ്രത്രേക ആൾക്കാരുടെ കൈയടി വാങ്ങാൻ സുഹൃത്ത് നടത്തിയത് വില കുറഞ്ഞ അഭിപ്രായ പ്രകടനം വളരെ മോശമായിപ്പോയി.

കേരള ഗവൺമെന്റ് ചൈനയുമായി സഹകരിക്കാൻ പോകുന്നു എന്ന വാർത്ത കേട്ടു, തികച്ചും ആശാവഹമായ ഒരു വാർത്തയാണത്. സാങ്കേതിക വിദ്യയിൽ വളരെ പുരോഗതി നേടിയ ഒരു രാജ്യവുമായി സഹകരിക്കുന്നതിൽ എന്താണ് തെറ്റ്? തീർച്ചയായും 'ഇന്ത്യ', എന്റെ രാജ്യവും വികസിച്ച് ഒരത്യുന്നത രാജ്യമായി മാറട്ടെ എന്ന് ആശംസിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP