Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

27 വർഷം മുമ്പ് പരിയാരം മെഡിക്കൽ കോളജിനെ തകർക്കാൻ മുന്നിൽ നിന്ന പാർട്ടിയും, പാർട്ടി സെക്രട്ടറിയും, മുഖ്യമന്ത്രിയുമൊക്കെ ഇന്നിപ്പോൾ മലയാളിയുടെ ആരോഗ്യരക്ഷക വേഷം കെട്ടുന്നതും വിധിയുടെ വിളയാട്ടമാവാം; ഭക്തന്മാരുടെ കച്ചേരി പാട്ടല്ലല്ലോ സത്യങ്ങൾ; പരിയാരം മെഡിക്കൽ കോളജിന്റെ ഉദ്ഘാടനം നടത്തിക്കില്ലെന്ന് പാടി നടന്നത് സിപിഎമ്മാണ്; വാഷിങ്ടൺ പോസ്റ്റ് ഇനി മുതൽ നേരറിയാൻ, നേരത്തെ അറിയിക്കാൻ എന്ന പേരിൽ അറിയപ്പെടും; റോയ് മാത്യു എഴുതുന്നു

27 വർഷം മുമ്പ് പരിയാരം മെഡിക്കൽ കോളജിനെ തകർക്കാൻ മുന്നിൽ നിന്ന പാർട്ടിയും, പാർട്ടി സെക്രട്ടറിയും, മുഖ്യമന്ത്രിയുമൊക്കെ ഇന്നിപ്പോൾ മലയാളിയുടെ ആരോഗ്യരക്ഷക വേഷം കെട്ടുന്നതും വിധിയുടെ വിളയാട്ടമാവാം; ഭക്തന്മാരുടെ കച്ചേരി പാട്ടല്ലല്ലോ സത്യങ്ങൾ; പരിയാരം മെഡിക്കൽ കോളജിന്റെ ഉദ്ഘാടനം നടത്തിക്കില്ലെന്ന് പാടി നടന്നത് സിപിഎമ്മാണ്; വാഷിങ്ടൺ പോസ്റ്റ് ഇനി മുതൽ നേരറിയാൻ, നേരത്തെ അറിയിക്കാൻ എന്ന പേരിൽ അറിയപ്പെടും; റോയ് മാത്യു എഴുതുന്നു

റോയ് മാത്യു

രിയാരം മെഡിക്കൽ കോളജിൽ കോവിഡ് മുക്തയായ യുവതിക്ക് പിറന്ന കുഞ്ഞിനെ യുമേന്തി നിൽക്കുന്ന നേഴ്‌സിന്റെ പടം ഇന്നത്തെ എല്ലാ മലയാള പത്രങ്ങളുടെയും ഒന്നാം പേജിലുണ്ട്. കരുതലിന്റെ പിറവിയിൽ അവൻ എന്നാണ് പാർട്ടി പത്രം തള്ളി മറിച്ചത്. ഈ കുഞ്ഞിന്റെ ജനനം സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തിൽ കരുതലോടെ നാട്ടാരെ അറിയിച്ചു. ഉയർപ്പിന്റെ തലേന്നുള്ള പിറവി നല്ല കാര്യം തന്നെ.

മുപ്പതുകൊല്ലം കമ്യൂണിസ്റ്റ് ഭരണം നടന്നതിന്റെ ഫലമായി നമ്മുടെ ആരോഗ്യരംഗം പൂത്തുലഞ്ഞു എന്നൊക്കെ വാഷിങ്ടൺ പോസ്റ്റിൽ ഷാഹിന എഴുതിപിടിപ്പിച്ചത് വായിച്ച് രോമാഞ്ചം കൊള്ളുന്നവർ, 27 വർഷം മുമ്പ് പരിയാരം മെഡിക്കൽ കോളജിനെ തകർക്കാൻ മുന്നിൽ നിന്ന പാർട്ടിയും ,പാർട്ടി സെക്രട്ടറിയും, മുഖ്യമന്ത്രിയുമൊക്കെ ഇന്നിപ്പോൾ മലയാളിയുടെ ആരോഗ്യ രക്ഷക വേഷം കെട്ടുന്നതും വിധിയുടെ വിളയാട്ടമാവാം. - ഭക്തന്മാരുടെ കച്ചേരി പാട്ടല്ലല്ലോ സത്യങ്ങൾ.

1993 നവംബറിൽ പരിയാരം മെഡിക്കൽ കോളജിന്റെ ഉദ്ഘാടനം ഒരു കാരണവശാലും നടത്തിക്കയില്ലെന്ന് പറഞ്ഞ് ഒരുപാട് കലാപവും സംഘർഷവും ആ പ്രദേശമാകെ സി പി എം അഴിച്ചു വിട്ടു. എം വി രാഘവനോടുള്ള ഒടുങ്ങാത്ത പക. അതിന്റെ പേരിൽ നാട്ടിൽ ഒരു തരത്തിലുള്ള വികസനവും പാടില്ല. പാർട്ടിയുടെ താത്വികാചാര്യൻ തിരുമേനി അക്കാലത്ത് നാട് നീളെ പ്രസംഗിച്ചു നടന്നത് നമുക്ക് ഒരിക്കലും മറക്കാനാവില്ലല്ലോ, കോഴിക്കോട് ഒരു മെഡിക്കൽ കോളജ് ഉള്ളപ്പോൾ കണ്ണൂരിൽ മെഡിക്കൽ കോളജിന്റെ ആവശ്യമില്ലെന്നായിരുന്നു തിരുമനസിന്റെ തിരുവചനങ്ങൾ!

'സ്വപ്നസാക്ഷാത്കാരത്തിന്റെ സായൂജ്യത്തിൽ ജനങ്ങൾ അമരുമ്പോൾ സി പി എമ്മിനാകട്ടെ കലിതുള്ളൽ. ദേശ സ്‌നേഹത്തേക്കാൾ അവരെ നയിച്ചത് എന്നോടുള്ള രാഷ്ട്രീയ പകപോക്കലിന്റെ വികാരമായിരുന്നു. പരിയാരം മെഡിക്കൽ കോളജും ആശുപത്രിയും നാടിന് സമർപ്പിക്കുന്ന ചടങ്ങ് അലങ്കോലപ്പെടുത്താൻ അവർ കച്ച കെട്ടിയിറങ്ങി. ഉദ്ഘാടനം നടത്തിക്കില്ലെന്നു വരെ അവർ പ്രഖ്യാപിച്ചു. അതിനുള്ള കോപ്പും കൂട്ടി ' എന്ന് എം വി ആർ ആത്മകഥയിൽ എഴുതിയിട്ടുണ്ട്.

റോഡുമാർഗം വന്നാൽ സി പി എമ്മുകാർ ആക്രമിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരു ന്നതുകൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി എ. ആർ ആന്തുലെയെ ഹെലികോപ്റ്ററിൽ എത്തിച്ചാണ് ഉദ്ഘാടനം നടത്തിച്ചത്. പരിയാരം മെഡിക്കൽ കോളജിന്റെ പേരിൽ സി പി എം ഒരു പാട് ചോര വീഴ്‌ത്തി. പരിയാരം മെഡിക്കൽ കോളജ് മലബാറിന്റെ ആരോഗ്യരംഗത്തെ വലിയൊരു ചുവട് വെയ്പായിരുന്നു. അന്ന് കരുണാകരനും രാഘവനും ദീർഘ ദർശിത്വത്തോടെ ആ സ്ഥാപനം കെട്ടിപ്പെടുത്തതു കൊണ്ട് അന്നുമിന്നും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കാനായി. രാഘവനോടുള്ള പക തീർക്കാൻ പറ്റാത്തതു കൊണ്ട് പിന്നെ കൊറെ പാമ്പിനേയും മിണ്ടാപ്രാണികളേയും കൊന്നും കത്തിച്ചും സിദ്ധാന്തങ്ങൾ പാടി നടന്നു.

പരിയാരം മെഡിക്കൽ കോളജ് ഉദ്ഘാടനത്തിന് നടത്താൻ കഴിയാത്ത കലാപം പാർട്ടി പിന്നീട് കുത്തുപറമ്പിൽ ഭേഷായി അരങ്ങേറി. പരിയാരം മെഡിക്കൽ കോളജ് പണിത കരുണാകരന്റെ നേതൃത്വത്തിലുണ്ടായിരുന്ന യു ഡി എഫ് മന്ത്രി ഭയ്ക്കു ശേഷം 96, 2006, 2016 വർഷങ്ങളിൽ സി പി എം നേതൃത്വത്തിലുള്ള സർക്കാരുകൾ അധികാരത്തിൽ വന്നു. ഈ മന്ത്രിസഭകൾ പൊതുജനാരോഗ്യ രംഗത്ത് മലബാറിൽ എന്ത് വികസനമാണ് കൊണ്ടുവന്നത്? മുപ്പത് വർഷം ഇവിടെ ആരോഗ്യ രംഗത്ത് പാലും തേനും ഒഴുക്കി എന്നു പറയുന്നവർ ഈ 15 വർഷത്തെ നേട്ടങ്ങൾ കുടി പറയാൻ ബാദ്ധ്യസ്ഥരല്ലേ?

മംഗളുരിലെ മെഡിക്കൽ കോളജ് ലോബിയെ പിണക്കാതിരിക്കാൻ മലബാറിലെ മൂത്ത നേതാക്കൾ സദാ ശ്രദ്ധാലുക്കളായിരുന്നു. 2001 ൽ സ്വാശ്രയ കോളജുകൾക്കെതിരെ നടന്ന സമരങ്ങളുടെ പിന്നാമ്പുറ സ്‌പോൺസേഴ്‌സ് ആരായിരുന്നു എന്നന്വേഷിച്ചാ മതി. സ്വാശ്രയ കോളജുകൾക്കെതിരെ സമരം നടത്തിയവർ മരിച്ചു പോയ ഡിവൈഎഫ് ഐ നേതാവിന്റെ നാമധേയത്തിൽ സ്വാശ്രയ എഞ്ചിനീയറിങ് കോളജു നടത്തുന്നുണ്ട്.

കാസർകോട് മെഡിക്കൽ കോളജിന് തറക്കല്ലിടുന്ന ദിവസം സ്ഥലം എം പി യുടെ നേതൃത്വത്തിൽ പ്രതിഷേധം, സമരം തുടങ്ങിയ പതിവ് കലാപരിപാടികൾ അവിടെയും നടത്തി. ഇപ്പോൾ കാസർകോട് മെഡിക്കൽ കോളജും നേട്ടത്തിന്റെ പട്ടികയിലാക്കി.. ഇതൊക്കെയാണി പാടിപ്പുകഴ്‌ത്തുന്ന മുപ്പതാണ്ടത്തെ അത്ഭുതങ്ങൾ.. വാഴ്‌ത്തപ്പെട്ടവരെ മൂശയിലിട്ട് തയ്യാറക്കുന്നതിനിടയിൽ രണ്ട് അത്ഭുതങ്ങൾ നിർബന്ധമായും വേണമെന്നാണല്ലോ തിരുസഭയുടെ നാട്ടുനടപ്പ്. തലയിലെ ട്യൂമർ ഊരിതെറിച്ചു, ചാകാറായ മത്തായി പയറുപോലെ ഓടി നടക്കുന്നു, എന്നൊക്കെയുള്ള സ്വയമ്പൻ കഥകളുടെ മാതൃകയിൽ വാർത്തകൾ പടക്കലാണിവിടെ നടക്കുന്നത്.

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കുഴലൂത്ത് പത്രത്തിൽ വാർത്ത വരണമെങ്കിൽ 30 കൊല്ലത്തെ അത്ഭുത പ്രവർത്തികൾ നിർബന്ധം - അത് വിളിച്ചു പറഞ്ഞില്ലെങ്കിൽ വേണ്ട ഫലം കിട്ടിയെന്ന് വരില്ല. വാഷിങ്ടൺ പോസ്റ്റ് ഇനി മുതൽ നേരറിയാൻ, നേരത്തെ അറിയിക്കാൻ എന്ന പേരിൽ അറിയപ്പെടും....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP