Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടിയപ്പന്മാരുടെയും കുഞ്ഞച്ഛന്മാരുടെയും മീശ

കുട്ടിയപ്പന്മാരുടെയും കുഞ്ഞച്ഛന്മാരുടെയും മീശ

റൂബി ക്രിസ്റ്റീൻ

ലീല എന്ന സിനിമയിലെ കുട്ടിയപ്പൻ അയാളുടെ ആണത്ത പരീക്ഷണത്തിലാണ്, ആണത്തമെന്നത് അയാൾക്ക് ലൈംഗികത ആണ്. അയാളെ സംബന്ധിച്ച് ഇടക്കെങ്കിലും താൻ കൂടെ ശയിച്ച സ്ത്രീകളെ കുറിച്ച് പറയുന്നത് അയാളുടെ ആണെന്ന ഈഗോയെ തൃപ്തിപ്പെടുത്തലിന്റെ ഭാഗമാണ്. കൂടെ കൊണ്ടുനടക്കുന്ന അയാളുടെ സഹായിയോടാണ് അയാളുടെ വീമ്പിളകലുകൾ. 'ഞാൻ ആദ്യം പിടിച്ച പെണ്ണിനെ പോലെ ഉണ്ട്; എന്നാണ് ഒരിക്കൽ തന്റെ അടുത്തെത്തിക്കുന്ന പെണിനെ കുറിച്ചു സഹായിയോട് വീരവാദം. മറ്റൊരിക്കൽ ചെറിയ പെൺകുട്ടികളെ അന്വേഷിച്ചു ഒരു സ്ത്രീയുടെ അടുത്ത് ചെല്ലുന്നു 'ആ സ്ത്രീയെ താൻ ലൈംഗികമായി പ്രാപിച്ചതാണെന്ന തരത്തിലുള്ള സൂചിപ്പിക്കലുകക്കൊപ്പം, 'അവളോട് ഞാൻ സാരി ഉടുക്കാൻ പറയട്ടെ' എന്ന് പറഞ്ഞു. 'തന്റെ ആണത്വത്തിൽ അവൾ സംപ്രീതയാണെന്നും അതിനാൽ അവൾ താൻ പറയുന്നതെന്തും അനുസരിക്കും എന്നും സഹായിയെ വിശ്വസിപ്പിക്കാനുള്ള പെടാപാടാണ്.

ഇത്രെയെല്ലാം ആയിട്ടും അയാൾ കൂടെവരുന്ന ഒരു സ്ത്രീയുടെ അടുത്തും ലൈംഗികമായി പെരുമാറുന്നത് കാണാൻ സാധിക്കില്ല, മറിച്ചു ചുറ്റുമുള്ളവരുടെ അടുത്ത് താൻ ലൈംഗികമായി മികച്ചവൻ ആണ് അല്ലെങ്കിൽ ലൈംഗികതയിലൂടെ ആണത്തം തെളിയിക്കാൻ പൊതുജനമധ്യത്തിൽ അയാളുടെ ഭാഷയിൽ 'വേശ്യകളെ' ആദരിച്ചു ചടങ്ങു നടത്തുന്നു. അയാൾക്ക്, അയാളുടെ ആൺ ഈഗോയെ തൃപ്തിപ്പെടുത്താൻ സ്ത്രീ തല്പരനാണെന്നു വരുത്തിതീർക്കണം. ചിലപ്പോൾ എങ്കിലും അയാളുടെ വീരവാദങ്ങൾ അയാളുടെ ലൈംഗികശേഷി ഇല്ലായ്മയെ മറച്ചുപിടിക്കാനുള്ള ഒരു ശ്രമമെന്നു വ്യാഖ്യാനിക്കപ്പെടാം. എന്നാൽ സമൂഹത്തിൽ ലൈംഗിക ശേഷി ഇല്ലാത്തവൻ എന്ന അയാൾ വിശ്വസിക്കുന്ന' ആണത്തകുറവ്' മറച്ചുപിടിക്കാൻ അയാൾ നടത്തുന്ന പെർഫോമൻസ് ആകാം ഇതെല്ലാം.

കുട്ടിയപ്പന്റെ ആ സിനിമയിലെ ചില സംഭാഷണ ശലകങ്ങൾ മാത്രം എടുത്തു കണ്ടാൽ തീർച്ചയായും അയാൾ പറയുന്നത് മുഴുവൻ സ്ത്രീവിരുദ്ധത ആണ്. പെണ്ണിനെ ഉപഭോഗവസ്തു മാത്രംആയികാണുന്ന ഒരുവന്റെ ജല്പനങ്ങൾ. പക്ഷെ ലീല സ്ത്രീ വിരുദ്ധ സിനിമയാണെന്ന് അഭിപ്രായപെടാൻ തരമില്ല, കാരണം സിനിമയിൽ കുട്ടിയപ്പൻ എന്ന കഥാപാത്രം മഹത്വവത്കരിക്കപ്പെടുന്നില്ല. മറിച്ചു അയാളുടെ ലൈംഗിക കഴിവുകേട് സംവിധായകൻ എടുത്തു കാണിക്കുക ആണ് ചെയുന്നത്. അങ്ങേയറ്റം സ്ത്രീ വിരുദ്ധത, ചിലരിൽ കാണുമ്പോൾ അത് അവരുടെ കഴിവില്ലായ്മ ആണെന്ന തോന്നത്തക്കവണം ഉള്ള പ്രതിഫലനം ആണ്. ലീലയെ ആന ചവിട്ടികൊല്ലുമ്പോൾ, അവിടെ സ്വയമേ രക്ഷകനാകാൻ കിണയുന്ന കുട്ടിയപ്പന്റെ കൂടെ പരാജയമാണ്. അതിനാൽ തന്നെ ഒരു സിനിമയാകട്ടെ പുസ്തകമാകട്ടെ വിലയിരുത്തപ്പെടേണ്ടത്. ഒരു സംഭാഷണശകലത്തിലൂടെ ആ കരുത്ത് മറിച്ചു അതു മുഴുവൻ വായിച്ചിട്ടാകണം.

അത് പോലെ കഴിഞ്ഞ ദിവസം ബാലഭൂമിയിൽ അച്ചടിച്ച് വന്ന ഹാസ്യം എന്നവർ കണ്ട ആഭാസം ആദ്യാവസാനം വായിച്ചാൽ അത് അടിമുടി സ്ത്രീവിരുദ്ധം എന്ന് ഉറപ്പിച്ചു പറയാൻ കഴിയും. മറിച്ചു ഒരു നോവലിന്റെ , ഇവിടെ മീശ എന്ന നോവലിന്റെ, 294-ാം പേജിലെ സംഭാഷണശകലങ്ങൾ മാത്രം എടുത്തു നോവൽ സ്ത്രീവിരുദ്ധം ആണെന്ന് മുദ്രചാർത്താൻ കഴിയില്ല. ഇവിടെ കുഞ്ഞച്ചൻ നടത്തുന്ന സംഭാഷണം ആണ് വിഷയം. തീർത്തും സ്ത്രീവിരുദ്ധത തുളുമ്പുന്ന ഒരു ആഭാസന്റെ ആത്മരോദനം എന്ന് വായിക്കാൻ ചിലപ്പോൾ സാധിക്കും. കുഞ്ഞച്ചൻ സംസാരിക്കുന്നത് മീശയോടാണ്.
മീശ പുരുഷതാ ചിഹ്നമായി നമ്മുടെ ഇടയിൽ കുറച്ചു പേരെങ്കിലും കരുതിപോകുന്നു.

'മൂക്കിനു താഴെ മീശ മുളച്ചില്ല', 'വീട്ടിൽ മീശയുള്ള ആണുങ്ങളില്ലാത്തതിനാൽ ആണ്','അവൾക്കു മീശയുടെ കുറവേയുള്ളു' ഇങ്ങനെ ലിംഗവ്യത്യാസം ഇല്ലാതെ മീശ മഹത്വവത്കരിക്കപ്പെട്ടിട്ടുണ്ട്. സിനിമയിലാകട്ടെ മോഹൻലാൽ, മമ്മൂട്ടി എല്ലാം മീശപിരിച്ചാണ് ചിലപ്പോൾ കഥാപാത്രത്തിന്റെ ആണത്വം തെളിയിക്കുന്നത്. മീശ മാധവൻ മീശപിരിച്ചാൽ പെണ്ണിന്റെ അരഞ്ഞാണം വരെ കട്ടോണ്ടുപോകും. ആ മീശയോടാണ് സംഭാഷണം. ചിലപ്പോൾ കുഞ്ഞച്ചന്റെ സ്വയമേ തന്റെ ആണത്വ ഈഗോയോട് സംസാരിക്കുന്നതാകാം, അല്ലെങ്കിൽ മറ്റൊരു കഥാപാത്രത്തോട് സംസാരിക്കുന്നതാകാം.

എഴുപതുകളുടെ ആദ്യം തന്നെ സ്ത്രീവിരുദ്ധത പ്രവണത ആക്കിയവരെക്കുറിച്ചുള്ള പഠനങ്ങൾ പ്രേത്യേകിച്ചു സൈക്കോ അനാലിറ്റിക്തിയറിസ്റ്റ് നടത്തിവരുന്നു. രസകരം Sigmand Freud എന്ന ലോകപ്രശസ്ത ന്യൂറോളജിസ്റ്റ്, സൈക്കോ അനാലിറ്റിക് തിയറിയുടെ തന്നെ പിതാവിനെകുറിച്ചുള്ള പഠനങ്ങളാണ്. അവയിൽ ചിലതെങ്കിലും (ഉദാഹരണം, ഡേവിഡ് ലോട്ടോ, 2001) നടത്തിയ പഠനങ്ങൾ ചില പുരുഷന്മാർ തങ്ങളുടെ ലൈംഗിക ബലഹീനത മറച്ചുവെക്കാൻ അല്ലെങ്കിൽ സമൂഹത്തിൽ ആണത്വത്തിന്റെ വേണ്ടി ധരിക്കുന്ന ഒരു മുഖംമൂടി ആണ് സ്ത്രീവിരുദ്ധത എന്നാണ് കുഞ്ഞച്ചൻ എന്ന കഥാപാത്ര സൃഷ്ടിയുടെ സംഭാഷണം (monologue) ശ്രദ്ധിച്ചാൽ, അയാൾ കിണഞ്ഞു പരിശ്രമിക്കുക ആണ്. മീശയെ (അത് സിംബോളിക് ആകാം), തന്റെ ലൈംഗിക തൃഷ്ണ ബോധിപ്പിക്കാൻ, താൻ കയ്യടക്കിയ സ്ത്രീകളുടെ എണ്ണം പറഞ്ഞുകൊണ്ട്, മറ്റൊരു കുട്ടിയപ്പൻ ആണ് എന്ന് തോന്നിക്കുന്ന സംഭാഷണം. അതാണ് അയാൾ സ്വന്തം മതിപ്പുവില പറഞ്ഞു തുടങ്ങുന്നത്.

ഇനി ചുറ്റും ഒന്ന്‌നോക്കിയേ, സ്വന്തം മതിപ്പുവില പറയുന്ന അല്ലെങ്കിൽ മറ്റുള്ളവരെ ക്കൊണ്ട് പറഞ്ഞു സന്തോഷിക്കുന്ന കുഞ്ഞച്ഛന്മാരെ കണ്ടിട്ടില്ല എന്ന് പറയാനാകുമോ. ഞാൻ കണ്ടിരുന്നു ഈ ഫേസ്‌ബുക്കിൽ. ഒരു ദളിത് ആക്ടിവിസ്റ്റ് എന്നറിയപ്പെടുന്ന കുഞ്ഞച്ചന്റെ മറുപടിയിൽ, ഒരു പെൺകുട്ടി അയാളുടെ കൂടെ ബസിൽ പോയപ്പോൾ ഉള്ള ദുരനുഭവം പങ്കുവെച്ചപ്പോൾ, കുഞ്ഞച്ചൻ പറഞ്ഞ മറുപടിയിലുണ്ട് ചിലവരികൾ. ആ അതിക്രമങ്ങൾ പുരുഷൻ എന്ന (മീശ), രീതിയിലുള്ള അയാളുടെ സമീപനങ്ങൾ ആയിരുന്നു എന്നും, അതുപോലെ ഈ ആണത്വം അയാൾ വേറെയും പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഫേസ്‌ബുക്കിൽ എഴുതുമ്പോൾ, അയാൾ, തന്റെ 'ആൺ' എന്ന ജൻഡർ contsruction അതിക്രമങ്ങളെ ന്യായീകരിക്കാൻ ഉപയോഗപ്പെടുത്തുന്നു.

ലൈംഗികമായി സ്ത്രീകളെ ആക്രമിക്കുന്നവൻ തന്റെ 'പുരുഷത്വം' ആണ് പലപ്പോഴും ന്യായീകരണം, എത്ര സിനിമകളിൽ നമ്മൾ കണ്ടിരിക്കുന്നു. സ്വന്തം ഈഗോയെ അയാൾക്ക് തൃപ്തിപ്പെടുത്തണം. ഒരുവളിൽ നിന്നും തിരസ്‌കരിക്കപ്പെടുന്നത്, പുരുഷതാ ഈഗോക്കു സഹിക്കില്ല.

ഒരു മാസംമുൻപ് നേരിട്ടറിഞ്ഞ ഒരു കുഞ്ഞച്ഛനുണ്ട്, ഇയാൾ ഫേസ്‌ബുക്കിലെ സൈബർ ഗുണ്ടാ നേതാവെന്നാണ് അറിയപ്പെടുന്നത്. അയാൾക്ക് വിരോധമുള്ള സ്ത്രീകളെയും പുരുഷന്മാരെയും ഈ കുഞ്ഞച്ചനും കൂട്ടരും 'മാർക്ക്' ചെയ്യും. കുഞ്ഞച്ചന്റെ പോസ്റ്റിൽ വിരോധം ഉള്ളവരുടെ പോസ്റ്റ് അടക്കം പബ്ലിഷ് ചെയുകയും, കൂടെ ഉള്ള കുഞ്ഞച്ഛന്മാർ അതിൽ കമന്റ് ഇട്ടവരെ അടക്കം, അങ്ങേയറ്റം ക്രൂരമായി അവഹേളിക്കുകയും ചെയ്യും. അവിടെ കൂടുതലും സ്ത്രീകളെ എങ്ങനെയെല്ലാം ബലാത്സംഗം ചെയ്യും എന്നും ഇരപുരുഷൻ ആണെങ്കിൽ അവരുടെ വീട്ടിലെ സ്ത്രീകളെ എങ്ങനെ ബലാത്സംഗം ചെയ്യും എന്നും അവർ വിവരിക്കും.

അതിലേറെ കഷ്ടം, പ്രതികരിക്കുന്ന ഏതൊരു സ്ത്രീയും കുഞ്ഞച്ചൻ എന്ന ഗുണ്ടാ നേതാവിനോട് പ്രേമം തോന്നി അവരുടെ ഭാഷയിൽ 'അയാളെ കിട്ടാത്തതിന്റെ' ഭ്രമങ്ങൾ തീർക്കുക ആണ് എന്നാണ് പറഞ്ഞുവെക്കുന്നത്. ഇത് കേൾക്കുന്ന കുഞ്ഞച്ചനും സന്തോഷം, 'അതെ അതെ, ഐ ആം ട്രാപ്പ്ഡ്' എന്ന വാചകവും കുറെ വൃത്തികെട്ട ചേഷ്ടകളും അയച്ചു കുഞ്ഞച്ചൻ തൃപ്തനാകും.

ഓരോരുത്തരും സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്കിയാൽ ഉത്തരം കിട്ടും. ഇത്തരം കുഞ്ഞച്ഛന്മാരെ അദൃശ്യരാക്കി നിർത്തിയാൽ അവർ ഇല്ലാതാകുമോ? അവരെ സമൂഹത്തിനുമുൻപിൽ തുറന്നുകാണിക്കുക അല്ലേ വേണ്ടത്? മറഞ്ഞിരിക്കാം എന്ന ധൈര്യം അല്ലെ അവരെ ഇത്രത്തോളം ക്രൂരകൃത്യങ്ങൾ ചെയ്യാൻ ബലവാന്മാരാകുന്നത്. 'മിടൂ' ക്യാമ്പയ്ഗൻ വരുന്നതിനു മുൻപ് എത്രയോ കുഞ്ഞുങ്ങളെ ചൂഷണം ചെയ്തവർ, തൊഴിലിടങ്ങളിലെ ചൂഷകർ, അവർക്കു കിട്ടിയ അദൃശ്യതയിലിരുന്നു വിഹരിച്ചു. തുറന്നു കാട്ടപ്പെടേണ്ട കുഞ്ഞച്ഛന്മാർ തുറന്നുകാട്ടപ്പെടുക തന്നെ വേണം. .ആണെന്ന വാക്കിന്റെ നല്ല വശം ഉൾകൊള്ളുന്ന പുരുഷന്മാരെയല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. മീശ എന്നാൽ പെണ്ണിനെ ലൈംഗികമായി അടയാളപ്പെടുത്താനാണെന്നു മതിഭ്രമിക്കുന്ന കുഞ്ഞച്ഛന്മാരെ മാത്രം ആണ് രേഖപെടുത്തുന്നെ.
അവസാനമായി പറയട്ടെ, മീശ എന്ന നോവൽ സ്ത്രീവിരുദ്ധമാണോ എന്ന് അറിയില്ല, കാരണം ഒരു പേജ് വയിച്ചു തീരുമാനത്തിലെത്താൻ ആർക്കും സാധ്യമല്ല. മറിച്ചു കുഞ്ഞച്ചൻ എന്ന കഥാപാത്രം അത്യന്തം സ്ത്രീവിരുദ്ധൻ ആണ് എന്നത് നിസംശയം. ഈ നോവൽ കുഞ്ഞച്ചനെ glorify ചെയ്യുന്നുണ്ടോ? അറിയില്ല. മറിച്ചു കുട്ടിയപ്പന്റെ ആണത്വ ഈഗോയെ ചവിട്ടിമെതിച്ചപോലെ കുഞ്ഞച്ചന്റെ സ്ത്രീവിരുദ്ധത മീശ വടിച്ചുകളയുമോ? അതും അറിയില്ല. ഇവിടെ ഈ നോവലിലെ കുഞ്ഞച്ഛന്മാർ മാത്രമല്ല സമൂഹത്തിലെ ഇങ്ങനെയുള്ള എല്ലാ കുഞ്ഞച്ഛന്മാരുടെയും മീശ (ആണത്വഹന്ത, ഹെജിമണി) വടിച്ചുകളയണം എന്നാണ് അഭിപ്രായം. അതിനുമുഴുവൻ നോവൽ വായിക്കണം. എന്നിട്ടു പോരെ ഒരു നിർവചനത്തിൽ എത്താൻ. അടിവരയിട്ടു പറയട്ടെ വീണ്ടും 'കുഞ്ഞച്ചനെ ആന ചവിട്ടികൊല്ലണം എന്ന് തന്നെ ആണ് ആഗ്രഹം, അങ്ങനെ തന്നെ സംഭവിക്കട്ടെ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP