Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയോര മേഖലകളിലെ ശക്തമായ മഴ പലപ്പോഴും മേഘസ്ഫോടനമായി തെറ്റിദ്ധരിക്കപ്പെടാം; മേഘസ്ഫോടനം വഴിയുള്ള മഴ ഏതാനും മിനിറ്റുകൾ മാത്രമാണ് നീണ്ടുനിൽക്കുക; എന്താണീ പ്രതിഭാസം? കാരണങ്ങൾ എന്ത്? സാബുജോസ് എഴുതുന്നു

മലയോര മേഖലകളിലെ ശക്തമായ മഴ പലപ്പോഴും മേഘസ്ഫോടനമായി തെറ്റിദ്ധരിക്കപ്പെടാം; മേഘസ്ഫോടനം വഴിയുള്ള മഴ ഏതാനും മിനിറ്റുകൾ മാത്രമാണ് നീണ്ടുനിൽക്കുക; എന്താണീ പ്രതിഭാസം? കാരണങ്ങൾ എന്ത്? സാബുജോസ് എഴുതുന്നു

സാബു ജോസ

മേഘ സ്ഫോടനം

ളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ ചെറിയൊരു ഭൂപ്രദേശത്ത് തീവ്രമായി പെയ്യുന്ന മഴയാണ് മേഘസ്ഫോടനമെന്നറിയപ്പെടുന്നത്. ഒരു മണിക്കൂറിനുള്ളിൽ 100 മി.മീറ്ററിൽ കൂടുതൽ മഴ പെയ്യുകയാണെങ്കിൽ അതിനെ മേഘസ്ഫോടനമായി കണക്കാക്കാൻ കഴിയും. ശക്തമായ കാറ്റും ഇടിമിന്നലും പേമാരിക്ക് അകമ്പടിയായിട്ടുണ്ടാവും. ഹിമകണങ്ങൾ വളരെപ്പെട്ടെന്ന് ഖനീഭവിക്കുന്നതാണ് ശക്തമായ മഴയ്ക്കു കാരണമാകുന്നത്. മലയോര മേഖലകളിലും മരുഭൂമികളിലുമാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. മേഘങ്ങൾ ജലം സംഭരിച്ചു വച്ചിരിക്കുന്ന ഖരാവസ്ഥയിലുള്ള ദ്രവ്യരൂപമാണെന്നായിരുന്നു പണ്ടുണ്ടായിരുന്ന ധാരണ. അതുകൊണ്ടാണ് മേഘങ്ങളുടെ പൊട്ടിത്തെറിയെന്ന അർത്ഥത്തിൽ മേഘ സ്ഫോടനമെന്ന് പറയാൻ കാരണമായത്.

ഒരു ചതുരശ്ര ഏക്കറിനുള്ളിൽ മണിക്കൂറിനുള്ളിൽ 72000 ടൺ വരെ ജലം കോരിച്ചൊരിയാൻ മേഘസ്ഫോടനത്തിനു കഴിയും. എന്നാൽ ഇതൊരു സാധാരണ സംഭവമല്ല. യഥാർഥത്തിൽ മേഘസ്ഫോടനങ്ങൾ അപൂർവങ്ങളിൽ അത്യപൂർവം എന്നു പറയാൻ കഴിയുന്ന പ്രതിഭാസങ്ങളാണ്. മലയോര മേഖലകളിലുണ്ടാകുന്ന ശക്തമായ മഴ പലപ്പോഴും മേഘസ്ഫോടനമായി തെറ്റിദ്ധരിക്കപ്പെടുകയാണ് പതിവ്. ചരിഞ്ഞ പ്രദേശങ്ങളിൽ കൂടിയുള്ള ശക്തമായ മലവെള്ളപ്പാച്ചിൽ ഇത്തരം തെറ്റിദ്ധാരണകൾക്ക് ആക്കം കൂട്ടാറുമുണ്ട്.

മഴമേഘങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിനു കീഴെയുള്ള വരണ്ട ഭൂപ്രദേശത്തുനിന്നുമുള്ള ചൂടുപിടിച്ച വായുവിന്റെ സംവഹനം തീവ്രമാകുമ്പോഴാണ് ശക്തമായ മഴ പെയ്യുന്നത്. വാതക പ്രവാഹത്തിന്റെ ദൈർഘ്യത്തിനനുസരിച്ച് മഴ പെയ്യുന്നതിന്റെ അളവും ദൈർഘ്യവും വർധിക്കും. സാധാരണയായി ഏതാനും മിനിട്ടുകൾ മാത്രമേ മേഘസ്ഫോടനം വഴിയുള്ള മഴ നീണ്ടുനില്ക്കുകയുള്ളൂ. മഴയോടൊപ്പം ആലിപ്പഴ (Hail) വർഷവും ഉണ്ടാകും. ഭൗമോപരിതലത്തിൽ നിന്നും 15 കിലോമീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന ക്യൂമുലോ നിംബസ് (Cumulo Nimbus) മേഘങ്ങളാണ് മേഘ സ്ഫോടനത്തിന് കാരണമാകുന്നത്. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കോട്ടു വീശുന്ന മൺസൂൺ വാതകങ്ങൾ ഉത്തരേന്ത്യൻ സമതലങ്ങൾക്കു മുകളിലൂടെ സഞ്ചരിക്കുമ്പോൾ ഈ ഭാഗങ്ങളിലുള്ള ചൂടുകൂടിയ വായുവിന്റെ ശക്തമായ സംവഹനമുണ്ടാവുകയും ഹിമാലയൻ പ്രദേശങ്ങളിൽ മേഘവിസ്ഫോടനത്തിനു കാരണമാവുകയും ചെയ്യും. മണിക്കൂറിൽ 75 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്യുന്നത് അവിടെ സാധാരണവുമാണ്.

മേഘസ്ഫോടനം - കാരണങ്ങൾ

കാലാവസ്ഥാ വ്യതിയാനം

ആഗോളതാപനവും കാലംതെറ്റിയുള്ള കാലാവസ്ഥയും മേഘസ്ഫോടനത്തിന് കാരണമാകുന്നുണ്ട്. ഭൂമധ്യരേഖാ പ്രദേശത്ത് ഉഷ്ണകാലം നീണ്ടുനിൽക്കുന്നത് സമുദ്രജലത്തിന്റെ ബാഷ്പീകരണം ഉയർന്ന തോതിലാക്കും. ഇങ്ങനെ ബാഷ്പീകരിക്കപ്പെടുന്ന ജലം പർവത പ്രദേശങ്ങളിൽ വച്ച് ഖനീഭവിക്കുകയും ഈ മഴമേഘങ്ങൾ അവിടെ ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും കാരണമാകുകയും ചെയ്യും. ആഗോളതാപനം മധ്യരേഖാ പ്രദേശത്ത് വരൾച്ചയ്ക്കും കൃഷിനാശത്തിനും കാരണമാകുമ്പോൾ പർവതമേഖലകളിൽ പേമാരിക്കും വെള്ളപ്പൊക്കത്തിനും ഇടയാക്കും. ഇവ പരസ്പര പൂരകങ്ങളാണെന്നു പറയാം. അതുകൂടാതെ ആഗോളതാപനം ധ്രുവമേഖലയിലെ മഞ്ഞുരുക്കത്തിന്റെ തീവ്രത വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. മഞ്ഞുരുക്കം വർദ്ധിക്കുമ്പോൾ അന്തരീക്ഷത്തിന്റെ ആപേക്ഷികത ആർദ്രത (Relative Humidity) വർദ്ധിക്കുകയും മഴമേഘങ്ങൾ രൂപം കൊള്ളുകയും ചെയ്യും. മനുഷ്യരുടെ ഇടപെടലുകളും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നുണ്ട്. വ്യവസായങ്ങളുടെ വളർച്ച, വാഹനപ്പെരുപ്പം, ജനസംഖ്യാ വർദ്ധനവ്, വനനശീകരണം, ഫോസിൽ ഇന്ധനങ്ങളുടെ അമിതോപയോഗം, അമിതമായ വിഭവചൂഷണം, ജലമലിനീകരണം എന്നിവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാകുന്നുണ്ട്.

അശാസ്ത്രീയമായ വനവത്ക്കരണം

മഴമേഘങ്ങൾ നിറഞ്ഞു നില്ക്കുകയും എന്നാൽ മഴ പെയ്യാതിരിക്കുകയും ചെയ്യുന്ന ഭൂഭാഗമാണ് മഴനിഴൽ പ്രദേശമെന്നറിയപ്പെടുന്നത്. ഇത്തരം പ്രദേശങ്ങളിൽ നടത്തുന്ന വനവത്ക്കരണം പലപ്പോഴും മേഘസ്ഫോടനത്തിന് കാരണമാകുന്നുണ്ട്. സസ്യങ്ങളുടെ ഇലകളിൽ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന ജലം മേഘങ്ങളുടെ ആർദ്രത വർദ്ധിപ്പിക്കുകയും സമതല പ്രദേശങ്ങളിലെ ചൂടുപിടിച്ച വായുസംവഹനം തുടങ്ങുകയും ചെയ്യുന്നതോടെ മേഘസ്ഫോടനമുൾപ്പെടെയുള്ള ശക്തമായ മഴയ്ക്കു കാരണമാവുകയും ചെയ്യും.

മൺസൂൺ പ്രഭാവം

മൺസൂൺ കാലം തീവ്രവും ദീർഘവുമാകുന്നത് ചിലപ്പോഴെങ്കിലും മേഘസ്ഫോടനത്തിന് കാരണമാകുന്നുണ്ട്.

എൽ-നിന്യോ, ലാ-നീന്യ

സമുദ്രജല പ്രവാഹങ്ങളുടെ സ്വാഭാവിക ചക്രത്തിലുണ്ടാകുന്ന വ്യതിയാനങ്ങളും സമുദ്രജലത്തിന്റെ താപനിലയുമായി ബന്ധപ്പെട്ട എൽ-നിന്യോ, ലാ-നീന്യ പ്രതിഭാസങ്ങളും കാലാവസ്ഥാ വ്യതിയാനത്തിനും മേഘസ്ഫോടനമുൾപ്പടെയുള്ള ശക്തമായ പ്രകൃതിക്ഷോഭങ്ങൾക്കും കാരണമാകുന്നുണ്ട്.(ശാന്തസമുദ്രത്തിലെ ജലോപരിതലത്തിൽ പെട്ടെന്നുണ്ടാകുന്ന താപവർദ്ധനവാണ് എൽ-നിന്യോ പ്രതിഭാസം. താപനില വളരെ പെട്ടെന്ന് താഴുന്നതിന് ലാ-നീന്യ എന്നും പറയുന്നു. ആഗോള വ്യാപകമായി കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങൾക്കും ഇവ കാരണമാകുന്നുണ്ട്.)

കൊടുങ്കാറ്റുകൾ

ചുഴലിക്കൊടുങ്കാറ്റുകൾ സൃഷ്ടിക്കുന്ന ശക്തമായ വാതകപ്രവാഹം മേഘസ്ഫോടനത്തിനും പേമാരിക്കും കാരണമാകുന്നുണ്ട്. ഇന്ത്യയിൽ ഇതത്ര പരിചിതമല്ല.

കൊറോണൽ മാസ് ഇജക്ഷൻ (CME)

സൂര്യമുഖത്തുനിന്നുമുള്ള ചാർജിത കണങ്ങളുടെ ശക്തമായ പ്രവാഹം (Coronal Mass Ejection - CME) ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ വിള്ളലുകൾ വീഴ്‌ത്തുകയും ഭൗമാന്തരീക്ഷത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഭൗമാന്തരീക്ഷത്തിലുണ്ടാകുന്ന ഇത്തരം അസ്വസ്ഥതകൾ മേഘസ്ഫോടനത്തിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കോസ്മിക് കിരണങ്ങൾ

ബഹിരാകാശത്തുനിന്നും ഭൂമിയുടെ നേരെ പ്രവഹിച്ചു കൊണ്ടിരിക്കുന്ന കോസ്മിക് കിരണങ്ങൾ ചിലപ്പോൾ വളരെ ചെറിയ പ്രദേശങ്ങളിൽ കേന്ദ്രീകരിക്കപ്പെടുമ്പോൾ ആ മേഖലയിലെ വൈദ്യുത കാന്തിക ബലരേഖകളുടെ ഭ്രംശത്തിനു കാരണമാവുകയും ഇത് മേഘസ്ഫോടനത്തിലേക്ക് നയിക്കുകയും ചെയ്തേക്കാമെന്നു പറയുന്നുണ്ടെങ്കിലും ഈ സിദ്ധാന്തത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP