Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേസ് ഒത്തുതീർപ്പാക്കാൻ ബിഹാരി യുവതി ജീവനാംശമായി ആവശ്യപ്പെട്ടത് 5 കോടി; എവിടെ നിന്നാണ് പാർട്ടി സെക്രട്ടറിയുടെ മകന്റെ കയ്യിൽ ഇത്രയേറെ കോടികൾ? ബിനോയ് കോടിയേരി കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് ബിസിനസ് നടത്തി സ്വയം സമ്പാദിച്ചതാണോ ഇത്രയും കോടികൾ? എങ്കിൽ ആ അത്ഭുത ബിസിനസ് എന്താണെന്ന് കോടിയേരി വെളിപ്പെടുത്തണം: ശങ്കു.ടി.ദാസ് എഴുതുന്നു

കേസ് ഒത്തുതീർപ്പാക്കാൻ ബിഹാരി യുവതി ജീവനാംശമായി ആവശ്യപ്പെട്ടത് 5 കോടി; എവിടെ നിന്നാണ് പാർട്ടി സെക്രട്ടറിയുടെ മകന്റെ കയ്യിൽ ഇത്രയേറെ കോടികൾ? ബിനോയ് കോടിയേരി കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് ബിസിനസ് നടത്തി സ്വയം സമ്പാദിച്ചതാണോ ഇത്രയും കോടികൾ? എങ്കിൽ ആ അത്ഭുത ബിസിനസ് എന്താണെന്ന് കോടിയേരി വെളിപ്പെടുത്തണം: ശങ്കു.ടി.ദാസ് എഴുതുന്നു

ശങ്കു.ടി.ദാസ്

കന്റെ പരസ്ത്രീ ബന്ധമോ അവിഹിത സന്താനമോ തന്റെയോ പാർട്ടിയുടെയോ വിഷയം അല്ലെന്ന് നേതാവിന് പറയാം. പക്ഷെ മക്കളുടെ അനധികൃത സമ്പാദ്യത്തെ സ്വകാര്യ വിഷയം എന്ന് പറഞ്ഞു ഒഴിവാക്കാൻ ഒരു നേതാവിനും സാധിക്കില്ല. ഇന്ത്യയിലെ ഇലക്ഷൻ നിയമങ്ങൾ പ്രകാരം ഒരാൾ തിരഞ്ഞെടുപ്പിൽ നിൽക്കുമ്പോൾ തന്റെ മാത്രമല്ല, ഭാര്യ/ഭർത്താവിന്റെയും, മക്കളുടെയും, മറ്റ് ആശ്രിതരുടെയും പേരിലുള്ള സമ്പത്തിനെയും ബാധ്യതകളെയും സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ട്. 2018 ഫെബ്രുവരിയിൽ 'ലോക് പ്രഹാരി' എന്ന എൻജിഒ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി, സ്ഥാനാർത്ഥി തന്റെയും ഉറ്റവരുടെയും സ്വത്ത് വിവരം വെളിപ്പെടുത്തിയാൽ മാത്രം പോരാ, ആ സ്വത്ത് വഹകളുടെ സോഴ്‌സ് എന്താണെന്ന് കൂടി വെളിപ്പെടുത്തണം എന്നും, അതിനായി നാമ നിർദ്ദേശ പത്രികയിൽ ഒരു പുതിയ കോളം കൂടി കൂട്ടിച്ചേർക്കണം എന്നും നിർദ്ദേശിച്ചിരുന്നു.

കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വിഷയത്തിൽ പുറത്തു വരുന്ന വാർത്തകൾ പ്രകാരം കേസ് ഒത്തുതീർപ്പാക്കാൻ ബിഹാരി യുവതി അയാളിൽ നിന്ന് ആവശ്യപ്പെട്ട ജീവനാംശം 5 കോടി രൂപയാണ്. പങ്കാളിയുടെ ആസ്തിയുടേതിന് ആനുപാതികം ആയാണ് സാമാന്യ ഗതിയിൽ അലിമണി എന്ന ജീവനാംശം ആവശ്യപ്പെടാറുള്ളത് എന്ന് നമുക്കൊക്കെ അറിയാം. 2017ൽ സുപ്രീം കോടതി കൊണ്ട് വന്ന അലിമണി ബെഞ്ച്മാർക് പ്രകാരം ഭാര്യക്ക് പരമാവധി ആവശ്യപ്പെടാവുന്ന ജീവനാംശം ഭർത്താവിന്റെ വരുമാനത്തിന്റെ/സ്വത്തിന്റെ 25% ആണ്.
അപ്പോൾ യുവതി ആവശ്യപ്പെട്ടിരിക്കുന്ന 5 കോടി എന്നത് ഏറ്റവും കൂടിയാലും ബിനോയ് കോടിയേരിയുടെ സ്വത്തിന്റെ 25% ആവണം, അതിൽ കൂടുതൽ ആവില്ല.

വർഷങ്ങളോളം ഔദ്യോഗിക രേഖകളിൽ പോലും ബിനോയുടെ ഭാര്യയായി, കുഞ്ഞിന്റെ അമ്മയായി, അയാളുടെ ചെലവിൽ കഴിഞ്ഞിരുന്ന യുവതിക്ക് അയാളുടെ സ്വത്ത് വിവരങ്ങളെയും സാമ്പത്തിക സ്ഥിതിയെയും പറ്റി അടിസ്ഥാന ഗ്രാഹ്യം ഉണ്ടാവില്ലെന്ന് കരുതാൻ വയ്യല്ലോ.അങ്ങനെ നോക്കിയാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുടെ മൂത്ത മകന്റെ സ്വത്ത് മാത്രം ചുരുങ്ങിയത് 20 കോടിയോ അതിന് മുകളിൽ എത്രയുമോ ആണ്.

മുംബൈയിലെ അഡ്വ. കെ.പി. ശ്രീജിത്തിന്റെ ഓഫീസിൽ വെച്ച് നടത്തിയ മധ്യസ്ഥ ചർച്ചയിൽ 5 കോടി തരാൻ തന്റെ കയ്യിൽ ഇല്ലെന്ന് ബിനോയ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പകരം, ചർച്ചയിൽ മധ്യസ്ഥൻ ആയിരുന്ന അഭിഭാഷകന്റെ വെളിപ്പെടുത്തൽ പ്രകാരം, 5 കോടി രൂപ കൊടുത്താൽ പിന്നീട് വീണ്ടും കാശ് ചോദിച്ചു യുവതി വരില്ലെന്ന് എന്ത് ഉറപ്പാണ് ഉള്ളതെന്നാണ് ബിനോയ് ചോദിച്ചതത്രേ. ഇക്കാര്യം പറഞ്ഞു യുവതി പിന്നീടൊരിക്കലും തന്നെ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പ് കിട്ടിയിരുന്നെങ്കിൽ 5 കോടി കൊടുക്കാൻ ടിയാൻ തയ്യാറായിരുന്നു എന്നാണതിന്റെ അർത്ഥം.പൈസയുടെ കുറവ് കൊണ്ടല്ല, വിശ്വാസത്തിന്റെ കുറവ് കൊണ്ടാണ് ആ മാധ്യസ്ഥം തകർന്നത്.

അതിൽ തന്നെ, ഒരു വട്ടം 5 കോടി കൊടുത്താലും, പിന്നെയും അതേ മട്ടിൽ കോടികൾ ചോദിക്കാൻ സാധിക്കുന്ന സാമ്പത്തിക സ്ഥിതിയിൽ തന്നെയാവും താൻ എന്ന അയാളുടെ ആത്മവിശ്വാസവും ഉണ്ട്. ഈ 5 കോടി തന്നതുകൊണ്ടൊന്നും ബിനോയ് കോടിയേരി തകർന്നു പോവില്ലെന്നും, പിന്നെയും എത്ര വട്ടം വേണമെങ്കിലും അങ്ങനെ എത്ര കോടി ചോദിച്ചാലും, തരാൻ ശേഷിയുള്ള ആളാണ് താനെന്ന് യുവതിക്കും നന്നായി അറിയാം എന്ന അയാളുടെ അഡ്‌മിഷനും ഉണ്ടതിൽ.

അത് തന്നെയാണ് അവിടുത്തെ ചോദ്യവും. എവിടെ നിന്നാണ് പാർട്ടി സെക്രട്ടറിയുടെ മകന്റെ കയ്യിൽ ഇത്രയേറെ കോടികൾ?കുടുംബ സ്വത്താണെന്നൊന്നും കരുതാൻ വയ്യ. ആണെങ്കിൽ കോടിയേരി ബാലകൃഷ്ണൻ തിരഞ്ഞെടുപ്പ് കമ്മീഷനെയും ജനങ്ങളെയും കബളിപ്പിച്ചെന്ന് പറയേണ്ടി വരും. കാരണം 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന അവസരത്തിൽ അദ്ദേഹം നാമനിർദ്ദേശ പത്രികക്ക് ഒപ്പം സമർപ്പിച്ച അസറ്റ് ഡിക്‌ളറേഷനിൽ പറയുന്നത് തനിക്കും ഭാര്യക്കും കൂടിയുള്ള ആകെ സമ്പാദ്യം 76.65 ലക്ഷം രൂപയുടേത് ആണ് എന്നാണ്. സ്വന്തം സ്വത്ത് 36.20 ലക്ഷവും ഭാര്യ വിനോദിനിയുടെ സ്വത്ത് 40.45 ലക്ഷവും.

പിന്നെ എവിടുന്നാണ് ഈ കോടികൾ? ഭാര്യ വീട്ടിലെ സ്വത്താണോ? അങ്ങനെയൊരു ഭാര്യ ഉള്ള കാര്യം തന്നെ ബിനോയ് തന്നിൽ നിന്ന് മറച്ചു വെച്ചതായി പറയുന്ന യുവതി ആ ഭാര്യയുടെ സ്വത്ത് കണ്ട് ജീവനാംശം ചോദിക്കും എന്നത് യുക്തിസഹമായ ഒരു സാധ്യത പോലുമല്ലല്ലോ!
ഇനി ആണെങ്കിൽ തന്നെ തന്റെ സ്വത്തെടുത്ത് മറ്റൊരു നാട്ടിലുള്ള ഭാര്യക്കും കുഞ്ഞിനും ചെലവിനു കൊടുക്കാൻ ഈ നാട്ടിലെ ഭാര്യ സമ്മതിക്കാനും പോകുന്നില്ലല്ലോ.. അത്ര അബലകളും അടിമകളും ആണോ നവോത്ഥാന കേരളത്തിലെ പ്രബുദ്ധ സ്ത്രീകൾ

അതോ ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന ബിനോയ് കോടിയേരി കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് ബിസിനസ് നടത്തി സ്വയം സമ്പാദിച്ചതാണോ ഇത്രയും കോടികൾ? എങ്കിൽ ആ അത്ഭുത ബിസിനസ് എന്താണെന്ന് വെളിപ്പെടുത്തേണ്ട ബാധ്യതയും പാർട്ടി സെക്രട്ടറിക്ക് തീർച്ചയായും ഉണ്ട്. ആന്തൂരിലെ സാജനെ പോലുള്ള സംരംഭകർ ഒരായുഷ്‌കാലം നൈജീരിയയിൽ ഒക്കെ പോയി കഷ്ടപ്പെട്ട് സമ്പാദിച്ചു എന്ന് പറയുന്ന സംഖ്യ 16 കോടി ആണെന്നിരിക്കെ അതിന്റെ മൂന്നിലൊന്ന് സമയത്തിൽ അത്രയൊന്നും അധ്വാനം ഇല്ലാതെ ഒറ്റയടിക്ക് ഇങ്ങനെ 20ഉം 25ഉം കോടിയൊക്കെ സമ്പാദിക്കാവുന്ന ബിസിനസ് സാദ്ധ്യതകൾ വേറെ ഉണ്ടെങ്കിൽ അതെന്താണ് എന്ന് അറിഞ്ഞിരിക്കുന്നതിൽ പൊതു താല്പര്യവുമുണ്ട്. പുറത്ത് പറയാൻ കൊള്ളുന്നതും നിയമ വിരുദ്ധം അല്ലാത്തതും ആണ് ആ ബിസിനസ് എങ്കിൽ നാട്ടിലെ മറ്റു ചെറുപ്പക്കാർക്കും ആ മേഖലയിൽ ഒന്ന് ഭാഗ്യം പരീക്ഷിക്കാമല്ലോ.

ഒരു പരസ്ത്രീ ബന്ധം ഒത്തുതീർപ്പാക്കാൻ മാത്രം 5 കോടി രൂപ വരെ കൊടുക്കാൻ ശേഷിയുള്ള അതി സമ്പന്ന ബൂർഷ്വാ മൊതലാളി ആണ് പാർട്ടി സെക്രട്ടറിയുടെ മകൻ എന്നതിൽ കേരളത്തിലെ സഖാക്കൾക്ക് കല്ലുകടിയൊന്നും തോന്നുന്നില്ലെങ്കിൽ വേണ്ട, അതവരുടെ കാര്യം.പക്ഷെ രാഷ്ട്രീയ പ്രവർത്തനം അല്ലാതെ ജീവിതത്തിൽ മറ്റൊരു തൊഴിലും ചെയ്തിട്ടില്ലാത്ത പാർട്ടി നേതാക്കളുടെ മക്കളിങ്ങനെ ഒരു സുപ്രഭാതത്തിൽ കണ്ടമാനം കോടികളുമായി പൊട്ടി വീഴുന്നത് കാണുമ്പോൾ അഴിമതിയോ കോഴയോ കമ്മീഷനോ ബിനാമിസമോ ഇല്ലാതെ അതെങ്ങനെ സാധിക്കുന്നു എന്ന കാര്യത്തിൽ പൊതു സമൂഹത്തിനു തീർച്ചയായും കൗതുകമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP