Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പതിറ്റാണ്ടുകൾ അഭിനയിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരു ലക്ഷം തികച്ചു വാങ്ങിയത് അവസാന കാലത്ത്; മമ്മൂട്ടിയും ലാലും 50 ലക്ഷം കടന്നതു 30 വർഷം രാവും പകലും തെരുവിലും വെള്ളത്തിലും ചളിയിലും കിടന്നുരുണ്ടിട്ട്; ഷെയ്ൻ എന്ന നടന്റെ അഭിനയം കണ്ടിട്ടല്ല 10 ലക്ഷം ഇരുപതായും പിന്നീടു 40 ആയതും; വെറും ഭാഗ്യം മാത്രം; താങ്കളല്ല, മമ്മൂട്ടിയോ ലാലോ ആണെങ്കിൽപ്പോലും കാൾ ഷീറ്റു കൊടുത്തിട്ടുണ്ടെങ്കിൽ ലുക്ക് മാറ്റുന്നതിന് മുൻപു സംവിധായകനോടോ നിർമ്മാതാവിനോടോ ചോദിക്കേണ്ടിവരും; അതു നിയമമല്ല, മര്യാദയാണ് ഷെയിൻ

പതിറ്റാണ്ടുകൾ അഭിനയിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ ഒരു ലക്ഷം തികച്ചു വാങ്ങിയത് അവസാന കാലത്ത്; മമ്മൂട്ടിയും ലാലും 50 ലക്ഷം കടന്നതു 30 വർഷം രാവും പകലും തെരുവിലും വെള്ളത്തിലും ചളിയിലും കിടന്നുരുണ്ടിട്ട്; ഷെയ്ൻ എന്ന നടന്റെ അഭിനയം കണ്ടിട്ടല്ല 10 ലക്ഷം ഇരുപതായും പിന്നീടു 40 ആയതും; വെറും ഭാഗ്യം മാത്രം; താങ്കളല്ല, മമ്മൂട്ടിയോ ലാലോ ആണെങ്കിൽപ്പോലും കാൾ ഷീറ്റു കൊടുത്തിട്ടുണ്ടെങ്കിൽ ലുക്ക് മാറ്റുന്നതിന് മുൻപു സംവിധായകനോടോ നിർമ്മാതാവിനോടോ ചോദിക്കേണ്ടിവരും; അതു നിയമമല്ല, മര്യാദയാണ് ഷെയിൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; ഷെയ്‌നെ നിഗത്തെ ഇനി അഭിനയിപ്പിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. ഷെയ്ൻ നിഗം അഭിനയിച്ചിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചു. വെയിൽ, കുർബാനി എന്നീ സിനിമകളാണ് വേണ്ടെന്നുവച്ചത്. നഷ്ടം ഷെയ്ൻ നികത്തുംവരെ സഹകരിപ്പിക്കില്ലെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കി. ഇതിന് പിന്നാലെ വലിയ തോതിലുള്ള ആരോപണങ്ങളും ഷെയിനെതിരെ ഉയരുന്നുണ്ട്. അതിൽ മയക്കു മരുന്നു ഉപയോഗത്തിന്റെ ആരോപണം ഉൾപ്പടെയുള്ളവയാണ് യുവനടനെതിരെ ഉയരുന്നത്. ഇതിൽ അന്വേഷണം നടത്തണമെന്നും നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. ഈ വിവാദങ്ങൾക്കിടെ ഷെയിൻ നിഗം വിഷയത്തിൽ മനോരമയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ എഴുതിയ കുറിപ്പ് ചർച്ചയാവുകയാണ്. ഉണ്ണി കെ വാരിയരുടെ ലേഖനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

രണ്ടു പേരെ ഷെയ്‌നിനു പരിചയപ്പെടുത്തുന്നു. ജീവിതം മുഴുവൻ കൈലാസത്തിൽ പോകാൻ മോഹിച്ച മോഹൻലാൽ യാത്ര തുടങ്ങുന്നതിനു നാലു ദിവസം മുൻപ് അതുപേക്ഷിച്ചത് അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ മുടങ്ങിപ്പോകുമോ എന്നു നിർമ്മാതാവ് സംശയം പ്രകടിപ്പിച്ചതുകൊണ്ടാണ്. കൈലാസ യാത്രയ്ക്കിടയിൽ ലാലിന് എന്തെങ്കിലും പറ്റുമോ എന്നാ സാധുമനുഷ്യൻ ചിന്തിച്ചുകാണും. രണ്ടാമത്തേത് ഫാഹദ് ഫാസിലാണ്. തിരക്കഥാകൃത്തുമായും സംവിധായകനുമായും ഒത്തുപോകാനാകില്ലെന്ന് ഉറപ്പായതോടെ നിർമ്മാതാവിൽനിന്നു വാങ്ങിയ പണവും അയാൾക്കു കിട്ടുമായിരുന്ന ലാഭത്തിന്റെ അംശവും തിരിച്ചു കൊടുത്താണു ഫഹദ് ഫാസിൽ കടപ്പാടു തീർത്തത്. മമ്മൂട്ടിയടക്കം പലർക്കും ഇത്തരം അനുഭവം കാണും.

ഷെയ്‌നിന്റെ പല വിഡിയോകളും കണ്ടു. കഞ്ചാവു വലിക്കുന്നുവെന്നു നിർമ്മാതാവ് ആരോപിക്കുന്ന ഓഡിയോയും കേട്ടു. കഞ്ചാവു വലിക്കണോ സാദാ ബീഡി വലിക്കണോ മുറുക്കണോ എന്നെല്ലാം തീരുമാനിക്കേണ്ടത് അതുപയോഗിക്കുന്നവരാണ്. ഷെയ്ൻ പറയുന്ന രീതിയും ഭാവവുമെല്ലാം നല്ലതുതന്നെ. അത് അഭിനയ ലഹരിയിൽ പറഞ്ഞതാണെങ്കിൽ ഷെയ്‌നൊരു നല്ല നടനാണ് എന്നുറപ്പാണ്.

ഒരു സമയം നടന്മാർ രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിക്കുന്നതു പുതിയ കാര്യമല്ല. പക്ഷേ അതു ചെയ്യുമ്പോൾ ഓരോ സിനിമയ്ക്കും വേണ്ട താടിയും മുടിയുമെല്ലാം അതുപോലെ സൂക്ഷിക്കുമെന്നതു വെറും കോമൺസെൻസാണ്. അതു ചെയ്യാൻ വലിയ നടനാകേണ്ട കാര്യമില്ല. എന്റെ മുടി, എന്റെ തല, എന്റെ മീശ എന്നൊക്കെ പറയാമെങ്കിലും കരാർ ഒപ്പുവച്ചു കഴിഞ്ഞാൽ ശരീരം നിർമ്മാതാവിനും സംവിധായകനും പണയം വച്ചതുപോലെയാണ്.മുടി വെട്ടരുതെന്നു പറഞ്ഞിട്ടും അതു വെട്ടി സമൂഹമാധ്യമത്തിൽ വന്നു പോസ്റ്റിട്ടതുകൊണ്ട് എന്തു നേട്ടം? രണ്ടു സിനിമയും പുറത്തു വരാതെ മുടങ്ങിക്കിടക്കും. അതുകൊണ്ടു നഷ്ടമുണ്ടാവുന്നവരിൽ പ്രധാനി ഷെയ്ൻ തന്നെയാണെന്നും അ്‌ദ്ദേഹം പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം

ഷെയ്ൻ നിഗത്തെ എനിക്കു പരിചയമില്ല. ഷെയ്ൻ അഭിനയിച്ച അത്യാവശ്യം സിനിമകൾ കണ്ടിട്ടുണ്ട്. ഒരു നടൻ ഉണ്ടെന്നു ചിലപ്പോഴൊക്കെ തോന്നിയിട്ടുമുണ്ട്. എന്നാൽ ഇതു പറയുന്നതു നടനായ ഷെയ്‌നിനെക്കുറിച്ചല്ല. ഒരു സമയം നടന്മാർ രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിക്കുന്നതു പുതിയ കാര്യമല്ല. പക്ഷേ അതു ചെയ്യുമ്പോൾ ഓരോ സിനിമയ്ക്കും വേണ്ട താടിയും മുടിയുമെല്ലാം അതുപോലെ സൂക്ഷിക്കുമെന്നതു വെറും കോമൺസെൻസാണ്. അതു ചെയ്യാൻ വലിയ നടനാകേണ്ട കാര്യമില്ല. എന്റെ മുടി, എന്റെ തല, എന്റെ മീശ എന്നൊക്കെ പറയാമെങ്കിലും കരാർ ഒപ്പുവച്ചു കഴിഞ്ഞാൽ ശരീരം നിർമ്മാതാവിനും സംവിധായകനും പണയം വച്ചതുപോലെയാണ്.

മുടി വെട്ടരുതെന്നു പറഞ്ഞിട്ടും അതു വെട്ടി സമൂഹമാധ്യമത്തിൽ വന്നു പോസ്റ്റിട്ടതുകൊണ്ട് എന്തു നേട്ടം? രണ്ടു സിനിമയും പുറത്തു വരാതെ മുടങ്ങിക്കിടക്കും. അതുകൊണ്ടു നഷ്ടമുണ്ടാവുന്നവരിൽ പ്രധാനി ഷെയ്ൻ തന്നെയാണ്. പണം മുടക്കിയ നിർമ്മാതാവിനോട് ഇതിലും വലിയ ചതി ചെയ്യാനില്ല. കാരണം, എന്നു മുതലാണു പണം തിരിച്ചു വന്നു തുടങ്ങുക എന്നു കണക്കുകൂട്ടിയാണു പണമിറക്കുന്നത്. പലിശയുടെ മീറ്റർ ഓടിക്കൊണ്ടേയിരിക്കും. റിലീസ് ചെയ്യാൻ വൈകിയതിന്റെ പേരിൽ ഒരു നടനും അഞ്ചു പൈസ തിരിച്ചു കൊടുക്കുമെന്നു പ്രതീക്ഷിക്കാനാകില്ല. പടം പാക്കപ്പായാൽ ഷെയ്ൻ സെയ്ഫായി. പക്ഷേ നിർമ്മാതാവ് വരമ്പത്തുതന്നെയാണ്.

പടം ഓടിയ ശേഷം പണം തരാമെന്ന കരാറിലാണ് ഒപ്പുവയ്ക്കുന്നതെങ്കിൽ പടം പുറത്തെത്തിക്കാൻ മുന്നണിയിൽ നിൽക്കുന്നയാൾ ഷെയ്‌നായിരിക്കും. മലയാളം ചെറിയൊരു സിനിമാ ലോകമാണ്. തമിഴുമായോ തെലുങ്കുമായോ തട്ടിച്ചു നോക്കുമ്പോൾ വെറുമൊരു തട്ടുകട. രണ്ടു ദിവസത്തെ കച്ചവടം മുടങ്ങിയാൽ തകർന്നുപോകുന്ന കുടുംബം. ഷെയ്‌നിനെപ്പോലുള്ളൊരു തുടക്കക്കാരൻ വിചാരിച്ചാൽപോലും പത്തു നിർമ്മാതാക്കളെ കെട്ടു കെട്ടിക്കാവുന്നതേയുള്ളൂ.

രണ്ടു പേരെ ഷെയ്‌നിനു പരിചയപ്പെടുത്തുന്നു. ജീവിതം മുഴുവൻ കൈലാസത്തിൽ പോകാൻ മോഹിച്ച മോഹൻലാൽ യാത്ര തുടങ്ങുന്നതിനു നാലു ദിവസം മുൻപ് അതുപേക്ഷിച്ചത് അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ മുടങ്ങിപ്പോകുമോ എന്നു നിർമ്മാതാവ് സംശയം പ്രകടിപ്പിച്ചതുകൊണ്ടാണ്. കൈലാസ യാത്രയ്ക്കിടയിൽ ലാലിന് എന്തെങ്കിലും പറ്റുമോ എന്നാ സാധുമനുഷ്യൻ ചിന്തിച്ചുകാണും. രണ്ടാമത്തേത് ഫാഹദ് ഫാസിലാണ്. തിരക്കഥാകൃത്തുമായും സംവിധായകനുമായും ഒത്തുപോകാനാകില്ലെന്ന് ഉറപ്പായതോടെ നിർമ്മാതാവിൽനിന്നു വാങ്ങിയ പണവും അയാൾക്കു കിട്ടുമായിരുന്ന ലാഭത്തിന്റെ അംശവും തിരിച്ചു കൊടുത്താണു ഫഹദ് ഫാസിൽ കടപ്പാടു തീർത്തത്. മമ്മൂട്ടിയടക്കം പലർക്കും ഇത്തരം അനുഭവം കാണും.

ഷെയ്‌നിന്റെ പല വിഡിയോകളും കണ്ടു. കഞ്ചാവു വലിക്കുന്നുവെന്നു നിർമ്മാതാവ് ആരോപിക്കുന്ന ഓഡിയോയും കേട്ടു. കഞ്ചാവു വലിക്കണോ സാദാ ബീഡി വലിക്കണോ മുറുക്കണോ എന്നെല്ലാം തീരുമാനിക്കേണ്ടത് അതുപയോഗിക്കുന്നവരാണ്. ഷെയ്ൻ പറയുന്ന രീതിയും ഭാവവുമെല്ലാം നല്ലതുതന്നെ. അത് അഭിനയ ലഹരിയിൽ പറഞ്ഞതാണെങ്കിൽ ഷെയ്‌നൊരു നല്ല നടനാണ് എന്നുറപ്പാണ്. പ്രത്യേകിച്ചും ഡയലോഗ് ഡെലിവറിയിൽ.

ഒരു കാര്യം ഷെയ്ൻ ഓർക്കണം. താങ്കളല്ല, മമ്മൂട്ടിയോ ലാലോ ആണെങ്കിൽപ്പോലും കാൾ ഷീറ്റു കൊടുത്തിട്ടുണ്ടെങ്കിൽ മുടിവെട്ടുന്നതിനും താടി വടിക്കുന്നതിനും മുൻപു സംവിധായകനോടോ നിർമ്മാതാവിനോടോ ചോദിക്കേണ്ടിവരും. അതു നിയമമല്ല, മര്യാദയാണ്. കാരണം, അവരുടെ താടി നീളും വരെ കാത്തിരുന്നാൽ പൊട്ടിപ്പോകുന്ന ബലമേ പല നിർമ്മാതാക്കൾക്കുമുള്ളൂ. അവർ ലക്ഷങ്ങൾ എടുത്തുതരുന്നത് അവരുടെ വിയർപ്പിൽനിന്നും കണ്ണീരിൽനിന്നുമാണ്.

ഷെയ്ൻ എന്ന നടന്റെ അഭിനയം കണ്ടിട്ടല്ല 10 ലക്ഷം ഇരുപതായും പിന്നീടു 40 ആയും ഉയർന്നത്. 40 ലക്ഷം ഷെയ്ൻ ചോദിച്ചെങ്കിൽ അതിനു കാരണം ഭാഗ്യം മാത്രമാണ്. കാരുണ്യ ലോട്ടറിയുടെ ബംപർ അടിക്കുന്നതിനു തുല്യമായ ഭാഗ്യം. പതിറ്റാണ്ടുകൾ അഭിനയിച്ച ഒടുവിൽ ഉണ്ണികൃഷ്ണൻ അവസാന കാലത്താണ് ഒരു ലക്ഷം തികച്ചു വാങ്ങിയത്. തിലകൻ വളരെ കുറച്ചു പടത്തിനേ 5 ലക്ഷത്തിൽ കൂടുതൽ വാങ്ങിക്കാണൂ. മമ്മൂട്ടിയും ലാലും 50 ലക്ഷം കടന്നതു 30 വർഷം രാവും പകലും തെരുവിലും വെള്ളത്തിലും ചളിയിലും കിടന്നുരുണ്ടാണ്. അഭിനയമല്ല ഷെയ്‌നിനു കിട്ടിയ തുകയുടെ മാനദണ്ഡമെന്നോർക്കണം. മലയാള സിനിമ താങ്കളോടു ചെയ്‌തൊരു കാരുണ്യം മാത്രമാണ് എണ്ണി വാങ്ങിയ തുക. 'മലയാള സിനിമയ്ക്ക് എന്നെ വേണ്ടാതായേക്കാം, എന്നാൽ എനിക്കു മലയാള സിനിമയെ വേണ്ടെന്നുവയ്ക്കാനാകില്ലെ'ന്ന് ഒരു വലിയ നടൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഷെയ്ൻ നിഗമെന്നയാൾ ഉണ്ടോ ഇല്ലയോ എന്നതു മലയാള സിനിമയ്ക്കു പ്രശ്‌നമല്ല. പക്ഷേ അതു ഷെയ്‌നിനു പ്രശ്‌നം തന്നെയാണ്. പണം എണ്ണി വാങ്ങുന്നത് കണ്ണീരിൽ വിരൽ തൊട്ടാകരുത്. സ്വന്തം വിയർപ്പിൽ വിരൽ തൊട്ടാകണം.

ഇഷ്‌ക് എന്ന സിനിമയിലെ രണ്ടു പകുതിയിലും രണ്ടു വ്യത്യസ്ത മുഖങ്ങളുമായി വന്ന നിങ്ങളെ ഞാൻ ഓർക്കുന്നു. ഒരു വീടിനകത്തെ പരിമിതമായ സൗകര്യങ്ങൾക്കിടയിൽ നിന്നുകൊണ്ടു നിങ്ങൾ ഭീഷണിയുടെ അദൃശ്യമായൊരു അന്തരീക്ഷമുണ്ടാക്കിയതും ഓർക്കുന്നു. നിങ്ങളിലൊരു നല്ല നടനുണ്ടെന്നു തോന്നിച്ച നിമിഷങ്ങളാണത്. അത്യാവശ്യവും ഭാഗ്യവും കഴിവും ഒരുമിച്ചു ചേരുമ്പോഴാണു സിനിമയുടെ വിജയത്തിന്റെ പടവുകൾ കയറുന്നത്. ഷെയ്ൻ ഒന്നു തിരിഞ്ഞു നോക്കുക, നിങ്ങൾക്കു പുറകിൽ, പടവിനു മുന്നിൽ കാത്തുനിൽക്കുന്ന എത്രയോ പേരുടെ മുഖം കാണുന്നില്ലേ. അവരിൽ പലരും പ്രതിഭകളാണ്. കൂടെയുണ്ടായിരുന്ന പലരും കയറിപ്പോകുന്നതു നോക്കി നിൽക്കേണ്ടിവന്നൊരു പ്രതിഭയുടെ മകനാണു നിങ്ങൾ. അവസരങ്ങൾ കാലവും ദൈവവും അപൂർവമായി മാത്രമേ വച്ചു നീട്ടാറുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP