Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുമ്പോഴും വ്യാജ കേസുകളിൽ പ്രതി ചേർക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണവും കുറവല്ല; കേസുകളിൽ ലിംഗവിവേചനം ഇല്ലാതെ ഇരകൾക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്; പറയാൻ മറക്കുന്ന പരിഭവങ്ങൾ; ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു

രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുമ്പോഴും വ്യാജ കേസുകളിൽ പ്രതി ചേർക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണവും  കുറവല്ല; കേസുകളിൽ ലിംഗവിവേചനം ഇല്ലാതെ ഇരകൾക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്; പറയാൻ മറക്കുന്ന പരിഭവങ്ങൾ; ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു

ശ്രീലേഖ ചന്ദ്രശേഖർ

ളരെ വ്യത്യസ്തമായ ഒരു വിഷയമാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനായാണ് നമ്മൾ എപ്പോഴും സംസാരിക്കുന്നത്. അത് ആവശ്യം തന്നെ ആണ്. കുടുംബത്തിലും തൊഴിലിടങ്ങളിലും നിരത്തുകളിലും ഓരോ നിമിഷവും സ്ത്രീ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്യുന്നുണ്ട്. അതിനൊരു അറുതി വരുത്താൻ വേണ്ടിയാണ് സ്ത്രീ സമത്വം സ്ത്രീ സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുമായി നാം പരിശ്രമിക്കുന്നത്. നമ്മുടെ ഓരോ പെൺകുഞ്ഞും സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും വളരട്ടെ.

പക്ഷെ ഇതിനിടയിൽ നാം മറന്നു പോകുന്ന ചില നിസ്സഹായരുണ്ട്. കുലസ്ത്രീകളും കുലപുരുഷന്മാരും ഒന്നും അല്ലാത്ത ഒരു വിഭാഗം. അവരെപ്പറ്റി നാം മനപ്പൂർവം മറന്നു പോകുന്നു, അല്ലെങ്കിൽ മറക്കുന്നതായി ഭാവിക്കുന്നു. ഞാൻ പറഞ്ഞു വരുന്നത് അടിച്ചമർത്തപ്പെടുകയും ഒറ്റപ്പെടുകയും പിൻതള്ളപ്പെടുകയും ചെയ്യപ്പെടുന്ന പാവം പുരുഷന്മാരെക്കുറിച്ചാണ്. അങ്ങനെ ഒരു വിഭാഗം ഇല്ലെന്നു പറയാൻ കഴിയുമോ? സ്ത്രീ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് നിയമവിദഗ്ധരുടെ കണ്ടെത്തൽ.

കേരളത്തിൽ ഒരു മണിക്കൂറിൽ അഞ്ചു വിവാഹമോചനം നടക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ രണ്ടെണ്ണം എങ്കിലും കെട്ടിച്ചമച്ച കഥകളിലൂടെ പുരുഷനെ കുറ്റക്കാരനാക്കി അവതരിപ്പിക്കുന്നതാണത്രേ. അവനെ പരസ്ത്രീയെ തേടിപോകുന്നവനെന്നും വഴിപിഴച്ചവനെന്നും ചാപ്പകുത്തി ഭാര്യ കുഞ്ഞുങ്ങളെയും കൂട്ടി കടന്നുപോകുമ്പോൾ നഷ്ടപ്പെടുന്നത് ഒരു സാധുവിന്റെ ജീവിതമാണ്. മനോബലമില്ലാത്ത പുരുഷൻ അവിടെ അവസാനിക്കുന്നു. അവന്റെ സ്വത്തിന്റെ മുക്കാൽഭാഗവും നഷ്ടപരിഹാരം കൊടുത്തും ശമ്പളത്തിന്റെ ഒരുഭാഗം ജീവനാംശമായി വാങ്ങിയും ആ സ്ത്രീ സുഖമായി ജീവിക്കുമ്പോൾ ഒറ്റപ്പെടലിന്റെ നടുക്കടലിൽ പെട്ട് നിരാശനായി പലരും മദ്യത്തിലും മയക്കുമരുന്നിലും അഭയം കണ്ടെത്തുന്നു.

പുരുഷ പീഡനത്തിന്റെ എത്രയെത്ര കഥകൾ

എന്റെ വളരെ അടുത്ത ഒരു സുഹൃത്ത്, വീട്ടുകാർ ഉറപ്പിച്ച ഒരു വിവാഹം ചെയ്തു എന്ന തെറ്റ് അവൻ ചെയ്തുള്ളൂ, സാമ്പത്തികമായ വളരെ ഉയർന്ന നിലയിൽ ഉള്ള ആ പെൺകുട്ടി കടന്നു വന്നതുമുതൽ അവനെ ഭരിക്കാൻ തുടങ്ങി. എപ്പോഴും എവിടെയും അവളുടെ അച്ഛന്റെ സമ്പത്തും അവന്റെ വരുമാനവും താരതമ്യം ചെയ്തു അവനെ അടച്ചാപേക്ഷിച്ചു. കുട്ടികൾ ഉണ്ടായപ്പോൾ അവരെ നോക്കാൻപോലും അവൾക്കു മനസ്സുണ്ടായില്ല. പിന്നെ പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ ഒരുനാൾ അവൾ അവനെതിരെ വക്കീൽ നോട്ടീസ് അയച്ചു. അവനു മറ്റു സ്ത്രീകളുമായി ബന്ധമുണ്ടത്രെ.

കള്ളസാക്ഷികളും തെളിവുകളും കാണിച്ചു അവസാനം അവൾ വിജയിച്ചു. അവനെ ഒറ്റക്കാക്കി അവൾ കുട്ടികളെയും കൊണ്ട് സ്വന്തം വീട്ടിലേക്കു പോയി. കുട്ടികളെ കാണിക്കാൻ കോടതി വിധി ഉണ്ടായിട്ടുപോലും കുട്ടികളെ അവൾ അവനിൽ നിന്നും അകറ്റി. അവനെ സമാധാനിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. വളരെ നാളത്തെ പരിശ്രമത്തിനൊടുവിൽ നന്മയുടെ ആൾരൂപമായ ഒരു പെൺകുട്ടി അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ഇപ്പോൾ അവൻ ഒരു സമാധാന ജീവിതം നയിക്കുന്നു. ഒരു കള്ളസ്വാമിയുടെ ആകർ്ഷണവലയത്തിൽപ്പെട്ടു കുടുംബം ഉപേക്ഷിച്ചു പോയ ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു, പോയപ്പോൾ അവൾ കുട്ടികളെയും കൊണ്ട് പോയി, ഭീമമായ ലോൺ എടുത്തു സ്വപ്നങ്ങളും ചേർത്ത് കെട്ടിപ്പൊക്കിയ ആ വലിയ വീട്ടിൽ ഭർത്താവ് ഒറ്റപ്പെട്ടു. അവളിപ്പോൾ എവിടെയാണെന്നോ, കുട്ടികൾ എങ്ങനെ വളരുന്നെന്നോ അയാൾക്ക് ഒരു അറിവുമില്ല.

കണ്ണിനു ചെറിയ വൈകല്യമുള്ള ധനികനായ ഒരു സുഹൃത്ത് സാമ്പത്തികമായി വളരെ താഴ്ന്ന നിലയിലുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. ഒരു കുട്ടി ഉണ്ടാകുന്നതുവരെ കാര്യങ്ങൾ നല്ലരീതിയിൽ പോയി. അതുകഴിഞ്ഞപ്പോൾ അവൾക്കു അവൻ പോരാ എന്നൊരു തോന്നൽ. അവന്റെ സ്വത്തു അടിച്ചെടുത്തു രക്ഷപെടാൻ ആയി പിന്നെ നീക്കം. അവളുടെ അമ്മയുടെ സഹായത്തോടെ എന്തോ വിഷം കൊടുത്തു അവൾ അവനെ കൊല്ലാൻ നോക്കി, അവൻ രക്ഷപ്പെട്ടെങ്കിലും വൃക്ക തകരാറായി കുറെ കാലം ചികിത്സയിലായിരുന്നു. അപ്പോഴും അത് അവൾ ചെയ്തതാണ് എന്ന് അവൻ അറിഞ്ഞില്ല, അവനു അവളെ അത്രത്തോളം വിശ്വാസമായിരുന്നു. പക്ഷെ ഒരിക്കൽ അവളുടെയും അമ്മയുടെയും ഫോൺ സംഭാഷണം അവൻ കേൾക്കാനിടയായി. അപ്പോഴാണ് അവൾ ചതിക്കുകയാണെന്നു അവൻ തിരിച്ചറിഞ്ഞത്. അപ്പോഴേക്കും അവർക്കു ഒരു കുട്ടികൂടി ആയെങ്കിലും ഡിഎൻഎ ടെസ്റ്റ് നടത്തിയപ്പോൾ ആ കുട്ടി അവന്റേതല്ല എന്ന് ബോധ്യമായി. ഒടുവിൽ നല്ല ഒരു സംഖ്യ ജീവനാംശം ആയി വാങ്ങി അവൾ പിരിഞ്ഞു പോയി.

ഔദ്യോഗികമായി ഉന്നതസ്ഥാനത്തിരിക്കുന്ന മറ്റൊരു പുരുഷൻ. സ്വന്തം പരിശ്രമം കൊണ്ട് വീടുണ്ടാക്കി അവിടെ ഒരു കുടുംബം പടുത്തുയർത്തി സ്വസ്ഥ ജീവിതം ആഗ്രഹിച്ചയാൾ. ഭാര്യവീട്ടിൽ നിന്നും ഒരു രൂപപോലും വാങ്ങാത്ത ആദർശപുരുഷൻ. ഒരു ഓമന മകളുമായി സന്തോഷകരമായ ജീവിതം നയിച്ചിരുന്ന ഭാര്യക്ക് ഒരു ജോലി ഒക്കെ ആയപ്പോൾ സ്വാതന്ത്ര്യം പോരാ എന്നൊരു തോന്നൽ, എന്നെ ഭരിക്കാനും എന്റെ കാര്യത്തിൽ ഇടപെടാനും ആരും വേണ്ട എന്ന ഭാവം. മനസ്സലിവില്ലാത്ത ഭാര്യവീട്ടുകാരുടെ ഏഷണി കൂടി ആയപ്പോൾ അതും വിവാഹമോചനത്തിൽ കലാശിച്ചു. അയാൾ ചിന്തിച്ചിട്ടുപോലും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു. ഇവിടെയും പുരുഷൻ നിരപരാധിയാണ്. ജീവനെപോലെ സ്നേഹിച്ചിരുന്ന മകളെയും കൂട്ടി ഭാര്യ പടിയിറങ്ങിയപ്പോൾ ആ മനുഷ്യൻ ഒറ്റക്കായി. നിരാശനായി ഡിപ്രെഷന്റെ വക്കിൽ വരെ എത്തിയ അദ്ദേഹത്തെ സ്വന്തം സഹോദരി കൂട്ടികൊണ്ടു പോയി സ്നേഹത്തോടെ പരിചരിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. ഇപ്പോൾ അയാൾ ഏകാന്തജീവിതം നയിക്കുന്നു. ആരും കാത്തിരിക്കാനില്ല, ആരെയും ബോധിപ്പിക്കാനില്ല, തിരികെ വീട്ടിൽ വരുമ്പോ മടുപ്പിക്കുന്ന ശൂന്യത. അമ്മയും അച്ഛനും പണ്ടേ മരിച്ച ഈ മനുഷ്യന് ഇപ്പൊ ആശ്വാസം യാത്രകളാണ്. കിട്ടുന്ന വരുമാനം മുഴുവൻ ചെലവാക്കി ഒഴിവുസമയങ്ങൾ മുഴുവൻ യാത്രകൾ. തന്റെ ഏകാന്തത തീർക്കാൻ അദ്ദേഹം കണ്ടുപിടിച്ച ഒരു ഉപായം.

സെക്സ് ഈസ് നോട്ട് എ പ്രോമിസ്

ഇനിയുമിനിയും എത്രയോ കഥകൾ. പറഞ്ഞതും പറയാത്തതും അറിയപ്പെടാത്തതുമായവ. സ്ത്രീയുടെ അഹങ്കാരത്തിനും തന്നിഷ്ടത്തിനുമടിയിൽ സമാധാനത്തിനു വേണ്ടി എല്ലാം ഉള്ളിലടക്കി ക്ഷമിച്ചു കഴിയുന്നവർ. സർവം സഹയായ സ്ത്രീയെന്നെ എപ്പോഴും അറിയപ്പെടാറുള്ളൂ, അതുപോലെയുള്ള പുരുഷന്മാർ അറിയപ്പെടാതെ പോകുന്നു. പല സ്ത്രീകളും പുരുഷനെ തോൽപ്പിക്കുന്നത് കിടപ്പറയിലാണ്, ഒരു സിനിമയിൽ പറഞ്ഞതുപോലെ 'SEX IS NOT A PROMISE' എന്ന ഭാവത്തിൽ അവനെ തിരസ്‌കരിക്കുന്നു, അവന്റെ പുരുഷത്വത്തിൽ ചവിട്ടിയുള്ള പ്രതികാരം. വധുവായി വന്നു കയറുന്നവൾ കുളംതോണ്ടുന്ന എത്രയോ കുടുംബങ്ങളുണ്ട്. അമ്മയ്ക്കും സഹോദരിക്കും ഭാര്യക്കുമിടയിൽ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുന്നു ചിലർ.

അമ്മക്ക് വേണ്ടി വാദിച്ചാൽ ഭാര്യ പരിഭവിക്കും, ഭാര്യയോടൊപ്പം നിന്നാൽ അമ്മയും. ഇവരുടെ കലഹത്തിനിടയിൽ മനം മടുത്തു വീട്ടിൽ തിരിച്ചുവരാൻപോലും മടിക്കുന്ന ചിലരുണ്ട്. ഇതുപോലെ സ്വസ്ഥമായ കുടുംബജീവിതം നിഷേധിക്കപ്പെട്ട എത്രയോ പേരുണ്ട്, സമൂഹത്തെയും മക്കളെയും ഓർത്തു എല്ലാം ഉള്ളിലടക്കി കഴിയുന്നവർ. നമുക്കുചുറ്റും എത്ര നല്ല പുരുഷന്മാരുണ്ട്, ഭാര്യയുടെയും മക്കളുടെയും എല്ലാ കാര്യങ്ങളും നോക്കി വീടിനകത്തും പുറത്തും സഹായിച്ചു സ്നേഹമായി കഴിയുന്നവർ. അവരെയൊക്കെ നമുക്ക് മറക്കാൻ പറ്റുമോ? സ്ത്രീയും പുരുഷനും ഒരുപോലെയാണെന്നു ബോധമുള്ള, നമുക്ക് എന്തിനുമേതിനും ഒരേ മനസോടെ ഒപ്പം നിൽക്കുന്ന സുഹൃത്തുക്കളെ മറക്കാൻ പറ്റുമോ? സ്ത്രീകളെ മനസ്സുകൊണ്ടുപോലും അസഭ്യം പറഞ്ഞിട്ടില്ലാത്തവർ എത്രയോപേരുണ്ട്.

അപൂർവ്വമെങ്കിലും പെണ്മക്കളെ പീഡിപ്പിച്ച അച്ഛന്മാരുള്ള നാടാണ് നമ്മുടേത്. ഇവിടെ ഇപ്പോൾ ഒട്ടുമിക്ക അച്ഛന്മാരും നേരിടുന്ന ഒരു വിഷമ സന്ധിയാണ് മകളെ അച്ഛന്റെ അടുത്ത് നിർത്തിയിട്ട് പോയാൽ അവൾ പീഡിപ്പിക്കപ്പെടുമോ എന്ന് സംശയം കൂറുന്ന അമ്മമാർ ഉള്ളത്. മകളെ എന്റെ അടുത്ത് നിർത്തിയിട്ടു പോകു എന്ന് ഉറക്കെ പറയാൻ മടിക്കുന്ന അച്ഛന്മാർ ഉള്ള നാടായി നമ്മുടെ നാട് മാറുകയാണ്. 100 കോടി ജനങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ അഞ്ചോ പത്തോ കാമഭ്രാന്തുള്ള അച്ഛന്മാരുണ്ടാകാം, എന്നുകരുതി എല്ലാരും മകളെ പീഡിപ്പിക്കാൻ നടക്കുന്നവരാണ് എന്ന് ധരിക്കരുത്. അവർ പറയുന്നു, 'ഞങ്ങൾ പുരുഷന്മാരും ജീവിച്ചോട്ടെ. ഞങ്ങൾ പീഡനങ്ങൾക്കെതിരാണ്. കാരണം ഞങ്ങൾക്കുമുണ്ട് ഭാര്യയും അമ്മയും മകളും പെങ്ങളും, പെൺശരീരം കണ്ടാൽ വെറിപിടിക്കുന്ന ഞരമ്പുരോഗികൾ അല്ല ഞങ്ങൾ''.

പുരുഷന്മാർ പൊതുവെ ഒരു കൂട്ട് ആഗ്രഹിക്കുന്നവരാണ്. ബാല്യത്തിലും കൗമാരത്തിലും അമ്മയും യൗവനത്തിൽ കാമുകിയോ ഭാര്യയോ ഒരു താങ്ങായി, തണലായി എന്നും കൂടെ ഉണ്ടാകുവാൻ പുരുഷൻ ആഗ്രഹിക്കുന്നു. ഒരു പക്ഷെ ആണുങ്ങൾ അത് അംഗീകരിച്ചെന്നു വരില്ല. പക്ഷെ സത്യം ഇതാണ്, ഒരാണിനും കൂട്ടായി ഒരു പെണ്ണില്ലാതെ കഴിയുകയില്ല. ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഭാര്യയുടെ പിന്തുണ തീർത്തും അനിവാര്യമാണ്. ഭർത്താവ് പ്രശ്നങ്ങൾ അനുഭവിക്കുമ്പോൾ അത് കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ല. സാമ്പത്തികമായി പിരിമുറുക്കം അനുഭവിക്കുമ്പോഴും ജോലി നഷ്ടപ്പെടുമ്പോഴും, ബിസിനസ് നഷ്ടത്തിലാകുമ്പോഴും ഒക്കെ അവൻ ഭാര്യയുടെ സാമീപ്യവും സമാശ്വാസവും കൊതിക്കും. വികാരങ്ങൾക്ക് വളരെപ്പെട്ടെന്നു അടിമപ്പെടാത്തവരും ദുർഘട നിമിഷങ്ങളിൽ തളർന്നുപോകാത്തവരും ആണെങ്കിലും പല പുരുഷന്മാരുടെയും ഉള്ളിൽ അലയടിക്കുന്ന സങ്കടക്കടൽ ആരും കാണുന്നില്ല.

സ്ത്രീപീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കള്ളകേസുകളിൽ വിചാരണ നേരിടുന്നവർ കേസിന്റെ ഭാഗമായുള്ള മാനസിക പീഡനവും സാമ്പത്തിക നഷ്ടവും അനുഭവിച്ചു കോടതി കയറിയിറങ്ങുന്നു. ചിലർ വിചാരണ തടവുകാരായി ജയിലിൽ കിടക്കുന്നു, ഇവർ അനുഭവിച്ച മാനസിക പീഡനത്തിന് എന്താണ് നഷ്ടപരിഹാരം. പുരുഷന്മാരെ കള്ളക്കേസുകളിൽ കുടുക്കുന്ന സ്ത്രീകൾക്കെതിരെ ഇപ്പോൾ ശക്തമായ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. യുവാവ് പീഡിപ്പിച്ചു വഞ്ചിച്ചു ഉപേക്ഷിച്ചു എന്ന് തിരുവനന്തപുരം സ്വദേശിനിയായ ഒരു സ്ത്രീ കൊടുത്ത പരാതി പരിഗണിച്ച കോടതി അതിൽ ഒരു വസ്തുതയുമില്ല എന്ന് കണ്ടെത്തുകയും വാദിക്കെതിരെ കേസ് എടുക്കാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു. പീഡനം സംബന്ധിച്ച പരാതികളിൽ ഇരയുടെ മൊഴിക്കു കോടതികൾ നല്കുന്ന പ്രാധാന്യം വലുതാണെന്നും ഈ ആനുകൂല്യം ദുരുപയോഗം ചെയ്യുന്നതിനെ ഗൗരവമായി കാണും എന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുമ്പോഴും വ്യാജ കേസുകളിൽ പ്രതി ചേർക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണവും കുറവല്ല. കേസുകളിൽ ലിംഗവിവേചനം ഇല്ലാതെ ഇരകൾക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടത്. കുടുംബവും കുട്ടികളും നഷ്ടപ്പെട്ടു വിഷാദത്തിന്റെ പടുകുഴിയിൽ പതിച്ചു മരിച്ചു ജീവിക്കുന്ന പുരുഷ സുഹൃത്തുക്കളെ നമ്മൾ കാണാതെ പോകരുത്. അവരും നമ്മുടെ സഹജീവികൾ തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP