പത്തു മനുഷ്യരെ ആന ചവിട്ടി കൊന്നാലും വേണ്ടില്ല ഞങ്ങളുടെ വിശ്വാസം ജയിക്കണം എന്നാണു ഒരു ജനത ആർത്തു വിളിച്ചത്; ഇപ്പോഴിതാ അന്ധവിശ്വാസത്തിന്റെ ഇരയായി ഒരു അമ്മയും മകളും ആത്മഹത്യ ചെയ്തിരിക്കുന്നു; അന്ധവിശ്വാസ നിർമ്മാർജന ബിൽ പ്രാബല്യത്തിൽ വരേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്; ഭ്രാന്താലമായ കേരളം: ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു
May 16, 2019 | 06:33 PM IST | Permalink

ശ്രീലേഖ ചന്ദ്രശേഖർ
എല്ലാ മതങ്ങളും അന്ധവിശ്വാസികളെ സൃഷ്ടിക്കുന്നതിൽ മത്സരിച്ചുകൊണ്ടിരിക്കുകയാണ്. കാട്ടിൽ വേട്ടയാടി നടന്നിരുന്ന പ്രാകൃതമനുഷ്യൻ മുതൽ ഇന്നത്തെ പരിഷ്കൃത മനുഷ്യൻ വരെയുള്ള ചരിത്രം പരിശോധിച്ചാൽ അത് അന്ധവിശ്വാസങ്ങളുടെ ചരിത്രം കൂടിയാണ്. ചില അന്ധവിശ്വാസങ്ങൾ എല്ലാക്കാലത്തും എല്ലാനാട്ടിലും നിലനില്ക്കുന്നതായി കാണാം. മറ്റു ചില അന്ധവിശ്വാസങ്ങൾ ഒരു പ്രത്യേക സ്ഥലത്തോ സമൂഹത്തിലോ മാത്രമായി ഒതുങ്ങുന്നു. ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ചു തെളിവില്ലാതെ അത് അന്ധമായി വിശ്വസിക്കുന്നതാണ് അന്ധവിശ്വാസം. ചിലർ ഭൂതപ്രേതാദികളെ വിശ്വസിക്കുകയും പേടിക്കുകയും ചെയ്യുമ്പോൾ മറ്റുചിലർ അവരെ കളിയാക്കി ചിരിക്കുന്നു. എന്നാൽ ഇതേ കൂട്ടർ തന്നെ ദൈവത്തിൽ വിശ്വസിക്കുന്നു. എന്നാൽ ദൈവമുണ്ടെന്നതിനു ഇക്കൂട്ടർക്ക് തെളിവുവല്ലതുമുണ്ടോ അപ്പോൾ ഇവരും അന്ധവിശ്വാസികൾ തന്നെ.
വിശ്വാസക്കച്ചവടം തഴച്ചുവളരുമ്പോൾ
ചിലരുടെ വിശ്വാസമാണ് മറ്റു ചിലരുടെ വയറ്റിൽ പിഴപ്പ്. വിശ്വാസക്കച്ചവടമാണ് ഇന്ന് ഏറ്റവും കൂടുതൽ തഴച്ചു വളരുന്നത്. എല്ലാ മതങ്ങളിലും ചില പുരോഹിത വർഗ്ഗങ്ങൾ ആണ് അന്ധവിശ്വാസം വളർത്താൻ മുൻകൈ എടുക്കുന്നത്. കൊതിയും ഭയവുമാണ് മനുഷ്യനെ വിശ്വാസിയാക്കാൻ പ്രേരിപ്പിക്കുന്നത്. അങ്ങനെയുള്ള അനുയായിയെ പേടിപ്പിച്ച് പണം കൊയ്യാൻവേണ്ടി പുരോഹിതവർഗം അവന്റെയുള്ളിൽ ഭീതി വിതയ്ക്കുന്നു. പിശാചിനെയും ജിന്നിനെയും പ്രേതത്തിന്റെയും പേരിൽ പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്യുന്നു. എല്ലാ മതങ്ങളും ദൈവത്തെ ദുരാഗ്രഹിയും പണക്കൊതിയനും പൊങ്ങച്ചക്കാരനുമായാണ് ചിത്രീകരിക്കുന്നത്. സ്തുതിപാടുന്നത് ഇഷ്ടമുള്ള ദൈവം, കൂടുതൽ കാണിക്കയിടുന്നവർക്കു കൂടുതൽ അനുഗ്രഹം ചൊരിയുന്ന ദൈവം, അമ്പലമായാലും പള്ളിയായാലും കൊടിമരമായാലും സ്വർണം പൂശുന്നതു ഇഷ്ടമുള്ള ദൈവം. ദൈവത്തിനു കേഴ്വിക്കുറവുണ്ട് കേട്ടോ, മൈക്കുവച്ചു വിളിച്ചാലേ ദൈവം കേൾക്കൂ. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് പറയപ്പെടുന്ന ദൈവം എന്തുകൊണ്ട് ഒരു ആരാധനാലയത്തിൽ മാത്രം ഇരുന്നു അനുഗ്രഹം ചൊരിയുന്നു, എന്തിനു അവിടെ കാണിക്ക വഞ്ചി വയ്ച്ചു പണം പിരിക്കുന്നു? ദൈവത്തിനു പണം എന്തിനാണ്? ദൈവത്തിന്റെ ലോകത്തു നമ്മുടെ കറൻസി ചെലവാകുമോ?
കരുണാമയനും എല്ലാം അറിയുന്നവനുമായ ദൈവം പണം കൊണ്ട് മറിച്ചാൽ മാത്രമേ അനുഗ്രഹം ചൊരിയുകയൊള്ളൂ, അമ്പലത്തിലോ പള്ളിയിലോ പോയി പ്രാർത്ഥിച്ചാൽ മാത്രമേ വിശ്വാസിയുടെ കഷ്ടതകൾ അറിയുകയുള്ളൂ എന്നുണ്ടോ? ദൈവം എല്ലാം അറിയേണ്ടവൻ അല്ലെ, അപ്പപ്പോൾ പാവങ്ങളുടെ ദുരിതങ്ങൾ കാണേണ്ടതും സഹായിക്കേണ്ടതുമല്ലേ, എന്തുകൊണ്ടാണ് ചിലർക്ക് മാത്രം ദാരിദ്ര്യവും ചിലർക്ക് സമ്പന്നതയും? കൈയിൽ ഇല്ലാത്തതും കടം വാങ്ങിയ ധനം പോലും ആരാധനാലയങ്ങളിൽ കൊണ്ട് കാണിക്കയിടുന്ന ഭക്തൻ ഒന്ന് ഇരുത്തി ചിന്തിച്ചാൽ ഇതിലുള്ള യുക്തിയില്ലായ്മ മനസിലാകും.
ഭക്തിയുടെ പേരിൽ എന്തെല്ലാം അക്രമം നടത്താൻ കഴിയും എന്ന് മണ്ഡലകാലം തെളിയിച്ചു തന്നതാണ്. അതിനെ പറ്റി കൂടുതൽ എഴുതേണ്ട ആവശ്യമില്ല, ഇപ്പോൾ മണ്ഡലം കടന്നു പൂരത്തിൽ എത്തി നിൽക്കുന്നു അന്ധമായ വിശ്വാസം. പത്തു മനുഷ്യരെ ആന ചവിട്ടി കൊന്നാലും വേണ്ടില്ല ഞങ്ങളുടെ വിശ്വാസം ജയിക്കണം എന്നാണു ഒരു ജനത ആർത്തു വിളിച്ചത്. തണലിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന, ഇലകൾ, തണ്ടുകൾ മരത്തൊലികൾ എന്നിവ കഴിക്കാൻ ഉള്ള ദഹനവ്യവസ്ഥയുള്ള, സമൂഹമായി ജീവിക്കാൻ ആഗ്രഹിക്കുന്ന, മനുഷ്യനെ ഇഷ്ടമല്ലാത്ത ഒരു ജീവിയാണ് ആന. അതിനെ ചതിക്കുഴി കുഴിച്ചു വീഴിച്ചു പട്ടിണിക്കിട്ടും മർദിച്ചും കൂട്ടിലിട്ടു മെരുക്കി തങ്ങളുടെ വരുതിക്കാക്കുന്നു ക്രൂരനായ മനുഷ്യൻ. ആന നമ്മെ സ്നേഹിക്കുകയല്ല, ക്രൂരമായ മെരുക്കലിലൂടെ അടിമയാകുകയാണ് ചെയ്യുന്നത് എന്ന് മനസിലാകാത്ത മനുഷ്യർ. ടാറിട്ട റോഡിൽ കൂടി നടക്കുമ്പോൾ അതിന്റെ കാൽ പൊള്ളുകയും സ്ഥിരമായി വ്രണമുണ്ടാകുകയും ചെയ്യുന്നു. ഇതേ റോഡിൽ കൂടി മനുഷ്യൻ എന്താണ് ചെരുപ്പിട്ടു നടക്കുന്നത്? അതേ അവസ്ഥയാണ് ഈ സാധുജീവിക്കും എന്ന് എന്തുകൊണ്ടാണ് മനസിലാക്കാത്തത്? കുറെ അന്ധവിശ്വാസികളുടെ പിടിവാശി ഇപ്പോഴും വിജയം കണ്ടിരിക്കുന്നു. ആനപ്രേമം ശരിക്കും ഉണ്ടെങ്കിൽ അതിനെ തിരിച്ചു അതിന്റെ ആവാസ വ്യവസ്ഥയിലേക്കു, സ്വന്തം സമൂഹത്തിലേക്ക് ആസ്വദിച്ചു ജീവിക്കാൻ വിടുകയാണ് വേണ്ടത്.
ചാത്തനും മറുതയും നിങ്ങളുടെ വീട് സംരക്ഷിക്കുമോ?
ഇപ്പോഴിതാ അന്ധവിശ്വാസത്തിന്റെ ഇരയായി ഒരു അമ്മയും മകളും ആത്മഹത്യ ചെയ്തിരിക്കുന്നു. നെയ്യാറ്റിൻകരയിൽ ഒരു അമ്മയും മകളും മരിച്ചതിനു പിന്നിൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും മന്ത്രവാദവും ആഭിചാരവുമാണെന്നു മരിച്ചവരുടെ കുറിപ്പ് പറയുന്നു. ജപ്തിഭീഷണിയിൽ നിൽക്കുന്ന സ്വന്തം വീട് സംരക്ഷിക്കാൻ ചാത്തനേയും മറുതയെയും ആശ്രയിച്ച ഒരു അമ്മയും മകനും, അതിനെ ചോദ്യം ചെയ്ത ഭാര്യ, ഈ സംഭവവികാസങ്ങളാണ് അവരുടെ മരണത്തിൽ കലാശിച്ചത്. ഒരു അമ്മയുടെയും മകളുടെയും സ്വപ്നങ്ങളാണ് അന്ധവിശ്വാസത്തിന്റെ കാൽച്ചുവട്ടിൽ വീണു കത്തിയെരിഞ്ഞത്. പഞ്ചസാര വെള്ളം മാത്രം നൽകി ഇരുപതു കിലോ മാത്രം ആക്കി ഒരു പെൺകുട്ടിയെ മരണത്തിലേയ്ക്ക് തള്ളിവിട്ട കഥ നാം മറക്കാൻ സമയമായിട്ടില്ല, അവരും കൂടോത്രം മന്ത്രവാദം തുടങ്ങിയ അനാചാരങ്ങൾ ചെയ്യുന്നവർ ആയിരുന്നു.
പേവിഷബാധയേറ്റ മകനെ ജപിച്ച നൂലുകെട്ടി ചികിത്സ കിട്ടാതെ മരണത്തിലേയ്ക്ക് നയിച്ച മാതാപിതാക്കൾ, വൃക്ക തകരാറിലായ മകളെ പച്ചിലമരുന്നു മാത്രം കൊടുത്തു കൊന്ന അച്ഛനും അമ്മയും, ആഭിചാരത്തിനായി മക്കളെ കുരുതി കൊടുക്കുന്നവർ, ഇതൊന്നും നിരക്ഷരർ കൂടുതലുള്ള വടക്കേയിന്ത്യയിലെ വാർത്തകളല്ല, നൂറുശതമാനം സാക്ഷരതയുള്ളവർ എന്ന് വീമ്പു പറയുന്ന നമ്മുടെ കേരളത്തിൽ നടക്കുന്ന കാര്യമാണ്. ഇതെല്ലം ഒരു സമൂഹത്തെ ബാധിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ശാസ്ത്ര അവബോധമില്ലായ്മയുടെയും പ്രശ്നങ്ങളാണ്. ഇവിടെ അധികാരികൾ ഇടപെട്ടേ മതിയാകൂ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
കേരളം ഇന്ന് അതിവേഗം പിന്നോട്ടു പോവുകയാണ്. ഇവിടെ മനുഷ്യർ കൂടുതൽ അന്ധവിശ്വാസികളായി മാറിക്കൊണ്ടിരിക്കുകയാണ്. ആർത്തവരക്തത്തോളം നികൃഷ്ടമായ വസ്തു ഇന്ന് വേറെ ഇല്ല. പുണ്യനദിയുടെ കരമുഴുവൻ അമേധ്യം കൊണ്ട് നിറഞ്ഞാലും വേണ്ടില്ല ആർത്തവമുണ്ടാകാൻ സാധ്യതയുള്ള പെണ്ണ് പാടില്ല. സ്വർഗ്ഗം കാട്ടിയാണ് എല്ലാ മതക്കാരും വിശ്വാസികളെ പാട്ടിലാക്കുന്നതു, ചിലർക്ക് ആത്മാവിനു നിത്യശാന്തിയെങ്കിൽ മറ്റു ചിലർക്ക് മരണശേഷം മദ്യവും മദിരാക്ഷിയുമുള്ള പുതിയ ജീവിതം. ധനാഗമന യന്ത്രങ്ങളുടെയും മായാമോഹിനിയന്ത്രങ്ങളുടെയും വലംപിരിശംഖുകളുടെയും ഏറ്റവും നല്ല മാർക്കറ്റാണിന്ന് കേരളം.
ശാസ്ത്രം ഇത്രയും പുരോഗമിച്ച ഈ കാലത്തും മനുഷ്യൻ ശാസ്ത്രനേട്ടങ്ങളെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അതിനെ തള്ളിപ്പറയുകയും ഒരു തെളിവും വിശ്വാസ്യതയും ഇല്ലാത്ത കെട്ടുകഥകൾ മാത്രം വിശ്വസിച്ചു കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് ചെന്നെത്തുകയും ചെയ്യുകയാണ്. സ്വർഗ്ഗവും നിത്യശാന്തിയും ആത്മാവും ദൈവവും ഒന്നും ഇല്ല എന്ന് പ്രഖ്യാപിക്കുന്നവരെ നികൃഷ്ടജീവികളെപ്പോലെയാണ് കാണുന്നത്. യുക്തിപൂർവം ചിന്തിച്ചു സത്യം മനസ്സിലാക്കുന്നവൻ ഭ്രാന്തനാണത്രെ.
കൃത്യമായ ശാസ്ത്രീയബോധം ജനങ്ങൾക്കു പകരാൻ ഇവിടെ സംവിധാനങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരിക്കൽ ഭ്രാന്താലയമെന്ന് വിളികേട്ട നാടാണിത്. ആ അവസ്ഥയിൽ നിന്നും ശക്തന്മാരായ സാമൂഹ്യ പരിഷ്കർത്താക്കളുടെ ഇടപെടൽ മൂലമാണ് പല ആചാരലംഘനങ്ങളും നടത്തി ഒരു ആധുനിക തലമുറ കെട്ടിപ്പടുത്തത്. വീണ്ടും കേരളം ഇരുട്ടിലേക്ക് തിരിച്ചുപോവുകയാണ്. ഈ അവസ്ഥ മാറിയേ മതിയാകൂ. അന്ധവിശ്വാസ നിർമ്മാർജന ബിൽ പ്രാബല്യത്തിൽ വരേണ്ടത് ഇന്നത്തെ കാലത്തിന്റെ ആവശ്യമാണ്. അതിനു വേണ്ടി അധികാരികൾ കണ്ണുതുറന്നേ മതിയാകൂ