Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാർ ഉള്ള നാടായി മാറിയിരിക്കുന്നു നമ്മുടെ പ്രശാന്ത സുന്ദരമായ കേരളം; കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന എല്ലാ സ്ത്രീകളും സ്വാർഥ താൽപ്പര്യത്തിനു വേണ്ടി മാത്രമാണോ അങ്ങനെ ചെയുന്നത്; ചില സ്ത്രീകളുടെ പ്രസവാനന്തര മാനസിക പ്രശ്നങ്ങൾ കാണാതെ പോകരുത്; മാതൃത്വത്തിന്റെ കാണാപ്പുറങ്ങൾ: ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു

സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാർ ഉള്ള നാടായി മാറിയിരിക്കുന്നു നമ്മുടെ പ്രശാന്ത സുന്ദരമായ കേരളം; കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന എല്ലാ സ്ത്രീകളും സ്വാർഥ താൽപ്പര്യത്തിനു വേണ്ടി മാത്രമാണോ അങ്ങനെ ചെയുന്നത്; ചില സ്ത്രീകളുടെ പ്രസവാനന്തര മാനസിക പ്രശ്നങ്ങൾ കാണാതെ പോകരുത്; മാതൃത്വത്തിന്റെ കാണാപ്പുറങ്ങൾ: ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു

ശ്രീലേഖ ചന്ദ്രശേഖർ

സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാർ ഉള്ള നാടായി മാറിയിരിക്കുന്നു നമ്മുടെ പ്രശാന്തസുന്ദരമായ കേരളം. ഓരോ കൊലയും ഞെട്ടലോടെയാണ് മലയാളി ശ്രവിക്കുന്നത്. ഒരു പൂച്ച പോലും സ്വന്തം കുഞ്ഞിനെ ആരും തൊടാതെ ചേർത്തുപിടിക്കുന്നു. നായ, പശു, കിളികൾ എന്നുവേണ്ട എല്ലാ ജീവികളും സ്വന്തം കുഞ്ഞിനെ മറ്റാരും തൊടാതെ സംരക്ഷിക്കാറുണ്ട്. അപ്പോഴാണ് ബുദ്ധിവളർച്ചയിൽ ഏറ്റവും ഔന്നത്യത്തിൽ നിൽക്കുന്ന മനുഷ്യൻ ഇങ്ങനെ ചെയ്യുന്നത്. സ്വന്തം കുഞ്ഞിനെ കൊല്ലുകയോ കൊല്ലാൻ കൂട്ട് നിൽക്കുകയോ ചെയ്യുന്നത് അനുകമ്പയോ മാപ്പോ അർഹിക്കാത്ത കാര്യമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ കഴിയില്ല.

ഒന്നോ രണ്ടോ പത്തോ സ്ത്രീകൾ കുഞ്ഞിനെ കൊല്ലാൻ കൂട്ടുനിൽക്കുന്നു എന്ന് കരുതി നാട്ടിലെ മറ്റു സ്ത്രീകളെ മുഴുവൻ അടച്ചാക്ഷേപിക്കുന്നതു ശരിയായ കാര്യമാണോ? ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകം തന്നെയാണ് ഓരോ അമ്മയും. ഓരോ നിമിഷവും കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ, അവരുടെ ശ്രേയസിനായി സ്വന്തം ഇഷ്ടങ്ങൾ പോലും വേണ്ടാന്ന് വയ്ച്ചു കുടുംബത്തിലെ നെടുംതൂണായി നിൽക്കുന്ന സ്ത്രീകൾ എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്. സ്ത്രീകളെ മുഴുവൻ കുറ്റപ്പെടുത്തുന്നവർ സ്വന്തം അമ്മയിലേക്കു തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കും. അവനെ ഇങ്ങനെ പറയാൻ മാത്രം പ്രാപ്തയാക്കി വളർത്തിയ ഒരു സ്ത്രീ അവന്റെ വീട്ടിലുമുണ്ടാകും. സ്ത്രീകളെ മുഴുവൻ അപഹസിക്കുന്നവർ അതോർത്താൽ നന്ന്.

ഈയിടെ നാം കേട്ട കൊലകളെല്ലാം തങ്ങളുടെ സ്വൈര്യജീവിതത്തിനു കുഞ്ഞു തടസമാകുന്നു എന്ന് തോന്നി ചെയ്ത കൊലകളാണ് എന്നാണ് പറയപ്പെടുന്നത്. ഒരമ്മയുടെ മനസ്സ് എന്തുകൊണ്ടാണ് ഇങ്ങനെ സഞ്ചരിക്കുന്നത് എന്ന് ഇനിയും അപഗ്രഥിക്കേണ്ടിയിരിക്കുന്നു. സ്വന്തം കുഞ്ഞിനേക്കാൾ കൂടുതൽ ഒരുഅമ്മയ്ക്ക് മറ്റൊരു മുൻഗണന ഉണ്ടോ? ഒരു കുഞ്ഞിനെ ഉദരത്തിൽ പേറുന്നതുമുതൽ അമ്മയാവുകയാണ് ഓരോ സ്ത്രീയും. എത്ര പെട്ടെന്നാണ് പെൺകുട്ടി എന്നുള്ള അവളുടെ സ്വത്വം മാറിമറിയുന്നത്. പിന്നീടുള്ള ഓരോ നിമിഷവും കുഞ്ഞിനെ മാത്രം ഓർത്തു, കുഞ്ഞിന് വളരാൻ എന്താണ് വേണ്ടത്, ഇങ്ങനെ ചെയ്താൽ കുഞ്ഞിന് അപകടമുണ്ടാകുമോ എന്നുള്ള വേവലാതിയാണ്. പ്രസവിച്ചു കുഞ്ഞുമുഖം കണ്ടുകഴിഞ്ഞാൽ ആ അമ്മ എല്ലാ വേദനയും മറക്കുന്നു. പിന്നെ കൈവളരുന്നോ കാൽ വളരുന്നോ എന്നു മാത്രം ചിന്തിച്ചു കുഞ്ഞിനുവേണ്ടി ഉഴിഞ്ഞുവയ്ച്ചുള്ള ഒരു ജീവിതമാണ് നയിക്കുക. എനിക്ക് ചുറ്റുമുള്ള അമ്മമാരെല്ലാം ഇങ്ങനെയൊക്കെ തന്നെയാണ്. സ്വാർത്ഥയായ ഒരമ്മയെപോലും ഞാൻ എന്റെ ജീവിതവീഥിയിൽ കണ്ടിട്ടില്ല. ഗാർഹികപീഡനത്തിൽ പെട്ട് നിൽക്കക്കള്ളിയില്ലാതെ കുഞ്ഞുങ്ങളെ എടുക്കാതെ വീടുവിട്ടു പോകേണ്ടി വന്ന ഒരമ്മയുടെ പിന്നീടുള്ള ജീവിതം ഞാൻ കണ്ടതാണ്. സ്വന്തം കുഞ്ഞിനെ മനസ്സുകൊണ്ട് ചേർത്തുപിടിക്കാതെ അവൾ ഒരുദിവസം പോലും പിന്നെ ഉറങ്ങിയിട്ടില്ല. കുഞ്ഞിനെ കാണാതെ താളം തെറ്റിയ മനസ്സുമായി അവൾ അലഞ്ഞു നടന്നു, ഒടുവിൽ ഏതോ ഭ്രാന്താശുപത്രിയുടെ തണുത്ത ചുമരുകൾക്കുള്ളിൽ അടയ്ക്കപ്പെട്ടു. കുഞ്ഞിനായി ജീവിതം മുഴുവൻ നിയമയുദ്ധം നടത്തുന്നവർ അനവധിയാണ്. ഒരു കുഞ്ഞ് അമ്മയുടെ തന്നെ ശരീരത്തിന്റെ ഭാഗമാണ്, അതിനെ ഇല്ലാതാക്കുക എന്നുള്ളത് സ്വയം ഇല്ലാതാക്കലാണ്. കുഞ്ഞിനെ നഷ്ടപ്പെടുത്തിയിട്ടുഎന്ത് സുഖസൗകര്യങ്ങൾ ഉണ്ടായിട്ടു എന്ത് നേട്ടം?

പ്രസവാനന്തര മാനസിക പ്രശ്നങ്ങൾ കാണാതെ പോകരുത്

കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്ന എല്ലാ സ്ത്രീകളും സ്വാർത്ഥതാല്പര്യത്തിനു വേണ്ടി മാത്രമാണോ അങ്ങനെ ചെയുന്നത്?? സുഖസൗകര്യങ്ങൾക്കു വേണ്ടിയല്ലാതെ അങ്ങനെ ചെയ്യുന്നവരുണ്ട്. അത് ആ മനസ്സിന്റെ ഒരുനിമിഷത്തിന്റെ താളം തെറ്റലിൽ സംഭവിക്കുന്നതാണ്. പ്രസവാനന്തരം സ്ത്രീകൾക്ക് വരുന്ന ചില മാനസിക പ്രശ്നങ്ങളുണ്ട്. Postpartum blues/ baby blues ആണ് അതിലൊന്ന്. പ്രസവം കഴിഞ്ഞ ചില സ്ത്രീകളിൽ കാണുന്ന അവസ്ഥയാണിത്. ഏകദേശം 80% വരെ സ്ത്രീകളിൽ ഈ അവസ്ഥ കണ്ടുവരാറുണ്ട്. കുഞ്ഞു ഉണ്ടായ സന്തോഷത്തിനൊപ്പം ചിലപ്പോൾ കാരണമില്ലാതെ കരച്ചിൽ വരുക, പേടി തോന്നുക, അകാരണമായ ദേഷ്യം ഇവയൊക്കെയാണ് ലക്ഷണങ്ങൾ. പ്രിയപ്പെട്ടവരുടെ സ്നേഹവും പിന്തുണയും ഒക്കെ കൊണ്ട് ഈ ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. വളരെ പെട്ടെന്ന് തന്നെ സ്വയം പരിതഃസ്ഥിതികൾ മനസ്സിലാക്കി സാധാരണ മാനസിക നിലയിലേയ്ക്ക് തിരിച്ചെത്താൻ കഴിയും.

പ്രസവാനന്തരം ഉണ്ടാവുന്ന മറ്റൊരു വിഷാദരോഗമാണ് Postpartum Depression. ആരും അധികം ശ്രദ്ധിക്കാതെ പോകുന്ന ഒരു മാനസിക രോഗമാണിത്, ചിലർക്ക് വളരെ തീവ്രത കുറഞ്ഞ അവസ്ഥയായിരിക്കും. കുട്ടിയെ ശ്രദ്ധിക്കാൻ വിസമ്മതിക്കുന്ന അവസ്ഥയാണ് ആദ്യം കണ്ടു വരിക. പിന്നീട് ഇതിന്റെ തീവ്രത കൂടി വരും, കുഞ്ഞിന് പാലുകൊടുക്കാൻ വിസമ്മതിക്കുക, സ്വന്തം കാര്യം നോക്കാൻ പോലും മടി കാണിക്കുക, ഉറക്കമില്ലായ്മ, അകാരണമായ ഭയം, കുഞ്ഞിനെ ഉപദ്രവിക്കാൻ ശ്രമിക്കുക ഇത്തരത്തിലുള്ള ലക്ഷണങ്ങൾ പ്രസവശേഷം കണ്ടാൽ അത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. മറ്റു കുടുംബാംഗങ്ങളുടെ സ്നേഹപൂർണമായ ഇടപെടലും സഹകരണവും സാന്ത്വനവും കൊണ്ട് ഇത് കുറെയൊക്കെ മാറ്റിയെടുക്കാം. പക്ഷെ പൂർണമായും മാറുന്നില്ലെങ്കിൽ ഒരു മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായം ആവശ്യമായി വന്നേക്കാം. ഇത് ശ്രദ്ധിക്കാതെ വിട്ടാൽ ആത്മഹത്യാ പ്രവണതയും, കുഞ്ഞിനെ കൊല്ലാനോ ഉപേക്ഷിക്കാനോ ഉള്ള നീക്കങ്ങളും ഉണ്ടായേക്കാം. കുടുംബാംഗങ്ങൾ വളരെ ശ്രദ്ധയോടെ ഇത്തരത്തിലുള്ള അമ്മമാരെ പരിചരിക്കേണ്ടതും സഹായിക്കേണ്ടതും അത്യാവശ്യമാണ്.

സ്വന്തം കുഞ്ഞിനെ പരിക്കേൽപ്പിക്കുകയോ കൊല്ലാൻ വരെ മുതിരുകയോ ചെയ്യുന്ന മറ്റൊരു മാനസികരോഗമുണ്ട്, ' മാഞ്ചോസെൻ സിൻഡ്രോം ബൈ പ്രോക്സി' എന്നാണ് ഇത് അറിയപ്പെടുന്നത്. കുഞ്ഞിൽ വ്യാജമായ അസുഖം ആരോപിക്കുകയും അതിനു വേണ്ടുന്ന തെളിവുകൾ സ്വയം ഉണ്ടാക്കുകയും ചെയ്യുന്നു, എന്നിട്ടു അസുഖബാധിതനായ കുഞ്ഞിന് വേണ്ടി പോരാടുന്ന 'അമ്മ' എന്ന ഒരു ലേബൽ സ്വയം ഉണ്ടാക്കിയെടുത്തു മറ്റുള്ളവരുടെ സഹതാപത്തിനും പരിഗണനയ്ക്കും പാത്രമാവുക എന്നുള്ളതാണ് ഈ അസുഖക്കാർ ചെയ്യുന്നത്. ബാല്യകാലത്തെ പ്രശ്നങ്ങളിൽ നിന്നോ, മറ്റുള്ളവരുടെ സ്നേഹവും കരുതലും ഇല്ലാതെ വളർന്നുവന്നവരോ ആയ അമ്മമാരാണ് ഈ അസുഖത്തിന്റെ പിടിയിലമരുന്നത്. അസുഖ ബാധിതരായ കുട്ടികൾ ഉള്ളത് മൂലം ബന്ധുക്കളിൽ നിന്നും അയല്ക്കാരിൽ നിന്നും ലഭിക്കുന്ന കരുതലും സഹതാപവും മറ്റും ഇത്തരം അമ്മമാർ ആസ്വദിക്കുന്നു. ഇത് ആരും മനസ്സിലാക്കുകയോ കണ്ടു പിടിക്കുകയോ ചെയ്തില്ലെങ്കിൽ അത് ആ കുഞ്ഞിന്റെ മരണത്തിൽ കലാശിക്കും. ഇത്തരത്തിൽ കുഞ്ഞിന് ഇല്ലാത്ത ഒരു അസുഖം 'അമ്മ' ആരോപിച്ചു കുഞ്ഞിനെ പതിവായി ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നു എന്ന് കണ്ടെത്തിയാൽ അത് വളരെ ഗൗരവതരമായി എടുക്കേണ്ടതാണ്. കൂടുതൽ നിരീക്ഷണം നടത്തി കുഞ്ഞിന്റെ അസുഖം വ്യാജമായ ആരോപണം ആണെന്ന് കണ്ടാൽ കുഞ്ഞിനെ ഉടനെ തന്നെ അമ്മയിൽ നിന്നും മാറ്റി പാർപ്പിക്കേണ്ടതാണ്. അമ്മയ്ക്ക് മാനസികാരോഗ്യ വിദഗ്ദ്ധന്റെ സഹായവും തേടണം. അല്ലെങ്കിൽ അവർ മറ്റുള്ള കുഞ്ഞുങ്ങളിലേയ്ക്ക് തിരിയാനും, വളരെ വലിയ സാമൂഹ്യവിപത്ത് തന്നെ ആയി മാറുകയും ചെയ്യും.

ഇങ്ങനെ എത്രയെത്ര അറിയപ്പെടാത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ് ഓരോ വ്യക്തിയും കടന്നു പോകുന്നത്. കാരണം കണ്ടുപിടിക്കാതെ കല്ലെറിയാൻ മറ്റുള്ളവർക്കു എന്ത് അവകാശമാണുള്ളത്. ഒരു കൈത്താങ്ങ്, തണൽ കിട്ടിയെങ്കിൽ എന്ന് അവസാന നിമിഷം വരെ ആശിച്ചുപോകുന്ന എത്രയോ മനുഷ്യജന്മങ്ങളുണ്ടാകും, അതൊന്നും കിട്ടാതെ മരണത്തിലേയ്ക്കും കൊലയിലേയ്ക്കും ഒക്കെ ചെന്നെത്തപ്പെടാൻ വിധിക്കപ്പെടുന്നു ചില ഹതഭാഗ്യർ..... ഒരുപക്ഷേ കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരും ഇത്തരത്തിൽ മാനസിക വിഭ്രാന്തിയിൽ പെട്ട് പോകുന്നതാണെങ്കിലോ? മാനസിക വിഹ്വലതയുടെയും യാഥാർഥ്യത്തിന്റെയും ഇടയിൽ ഉഴറുന്ന ഇത്തരക്കാരെക്കുറിച്ച് വിശദമായ ഒരു പഠനം തന്നെ നടത്തേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP