Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിന്ധുവിന്റെ തീരങ്ങൾ ഇന്ന് പ്രാകൃതമായ ആചാരങ്ങളുടെയും ഗോത്രകലഹങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയും പിടിയിൽ; പീഡിപ്പിച്ച നേതാവ് വാദിയായത് കണ്ട് പാക്കിസ്ഥാനികളോട് വീമ്പ് പറഞ്ഞത് എന്റെ ഇന്ത്യയിൽ ഇതൊന്നും നടക്കില്ലെന്ന്; എന്തൊരു വിഡ്ഢിയും അൽപ്പയുമായിരുന്നുവെന്ന് മനസ്സിലാക്കാൻ ഉന്നോവിലെ ആ പെൺകുട്ടി വേണ്ടി വന്നു; സുധ മേനോന്റെ കുറിപ്പ് വായിക്കാം

സിന്ധുവിന്റെ തീരങ്ങൾ ഇന്ന് പ്രാകൃതമായ ആചാരങ്ങളുടെയും ഗോത്രകലഹങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയും പിടിയിൽ; പീഡിപ്പിച്ച നേതാവ് വാദിയായത് കണ്ട് പാക്കിസ്ഥാനികളോട് വീമ്പ് പറഞ്ഞത് എന്റെ ഇന്ത്യയിൽ ഇതൊന്നും നടക്കില്ലെന്ന്; എന്തൊരു വിഡ്ഢിയും അൽപ്പയുമായിരുന്നുവെന്ന് മനസ്സിലാക്കാൻ ഉന്നോവിലെ ആ പെൺകുട്ടി വേണ്ടി വന്നു; സുധ മേനോന്റെ കുറിപ്പ് വായിക്കാം

സുധ മേനോൻ

പാകിസ്ഥാനിലെ സിന്ധിൽ വച്ചാണ് ഞാന് ഹാജിറയെ കണ്ടത്. എട്ടു വര്ഷം മുന്പ്. അന്ന് അവൾക്കു പതിനെട്ടു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഉൾനാടൻ സിന്ധിലെ, ഇന്ത്യൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ബദീനിലെ, ഗുണി എന്ന ഒരു കുഗ്രാമത്തിൽ ആണ് ഹാജിറ ജനിച്ചതും വളർന്നതും.

സ്‌ക്കൂളിൽ പോയിട്ടില്ലാത്ത, അക്ഷരമറിയാത്ത ഹാജിറയുടെ ലോകം, ഗുണിയും, അതിനു ചുറ്റും ഒഴുകുന്ന സിന്ധു നദിയും മാത്രമായിരുന്നു. പക്ഷെ, സഹസ്രാബ്ദങ്ങളുടെ മഹാസംസ്‌കാരം നെഞ്ചിൽ പേറുന്ന സിന്ധു, ബദീനിലും ഗുനിയിലും ഒക്കെ ഇന്ന് വെറും നീർച്ചാൽ മാത്രമാണ്. ചിലപ്പോൾ, ഗുണിയില് കൊടും വരൾച്ചയായിരിക്കും. കന്നുകാലികളും മനുഷ്യരും ചത്തു വീഴുന്നത്ര കൊടും ചൂടാണ് അധികം ദൂരെയല്ലാത്ത താർ മരുഭൂമി ഗുണിക്ക് സമ്മാനിക്കുന്നത്. അപ്പോൾ, ജീവിതം വഴിമുട്ടുന്ന ആ പാവങ്ങൾ സിന്ധുവിനെ ശപിക്കും.

പക്ഷെ, മനുഷ്യ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ആദ്യത്തെ നാഗരികതകളിൽ ഒന്നിനെ പ്രസവിച്ച സിന്ധുവിന്റെ തീരങ്ങൾ ഇന്ന്, ഏറ്റവും പ്രാകൃതമായ ആചാരങ്ങളുടെയും, ഗോത്രകലഹങ്ങളുടെയും, സ്ത്രീവിരുദ്ധതയുടെയും പിടിയിലാണ്. ഇന്ത്യയിൽ നിന്നും വിഭജനത്തിനു  ശേഷം പാക്കിസ്ഥാനിലേക്ക് പലായനം ചെയ്ത മുഹാജിരുകളുമായുള്ള നിരന്തര കലഹങ്ങൾ, വഹാബിസത്തിന്റെയും താലിബാന്റെയും സാംസ്‌കാരിക സ്വാധീനം, ഭരണത്തിലും, ജുഡിഷ്യറിയിലും അതിശക്തമായ വേരുകൾ ഉള്ള ഫ്യുഡലിസം......ഒക്കെ കൃത്യമായി വിരൽ ചൂണ്ടി മൂലയ്ക്ക് ഇരുത്തിയത് അവിടുത്തെ സ്ത്രീകളെയായിരുന്നു.

ഒരു ദിവസം, ഉച്ചക്ക് പശുവിനു പുല്ലരിയാൻ ഗുണിയിലെ സിന്ധു കനാലിന് അരികിലൂടെ നടന്നുപോയ ഹാജിറയെ, ഗ്രാമത്തിലെ സമ്പന്നനായ ഒരു പഷ് തൂൺ ജന്മി, -അയാൾ പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ലോക്കൽ നേതാവും കൂടിയാണ്- ബലമായി, കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി റേപ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞു അവളെ അതെ കാറിൽ ആ കനാലിനു അരികിൽ ഉപേക്ഷിച്ചു. അതിലൂടെപോയ ഒരു ആട്ടിടയൻ അവളെ രക്ഷിച്ച് വീട്ടിലെത്തിച്ചു. പരാതിപ്പെട്ടിട്ടു കാര്യമില്ലെന്ന് അറിയാവുന്ന അവരെ അവിടുത്തെ ഒരു NGO നിർബന്ധിച്ചു പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ പ്രേരിപ്പിച്ചു. ജനറൽ സിയയുടെ കാലത്തുണ്ടാക്കിയ സ്ത്രീവിരുദ്ധമായ ഹദൂദ് ഓർഡിനൻസ് പിൻവലിച്ചു സ്ത്രീ സംരക്ഷണ നിയമം പാസാക്കിയിട്ട് അധിക നാൾ ആയിരുന്നില്ല. അതുകൊണ്ട് നീതി കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു.

പക്ഷെ അതിനുശേഷം ആ കുടുംബം അനുഭവിച്ചത് സമാനതകൾ ഇല്ലാത്ത പീഡനങ്ങൾ ആണ്. ഗ്രാമക്കോടതിയിൽ എത്തിയപ്പോഴേക്കും, ഹാജിറയുടെതു വ്യഭിചാരകുറ്റമാക്കി അവതരിപ്പിക്കപ്പെട്ടു. അവളെ രക്ഷിച്ച ഇടയ ബാലനും അവളും തമ്മിൽ അവിഹിതബന്ധമാണെന്നും, അത് നേരിൽ കണ്ടപ്പോൾ, ഗോത്രത്തിന്റെ അഭിമാനം സംരക്ഷിക്കാൻ വേണ്ടിയാണ് താൻ ബെൽറ്റ് ഊരി രണ്ടുപേരെയും തല്ലിയതെന്നും ജന്മി പറഞ്ഞു. രണ്ടു സാക്ഷികളെയും ഹാജരാക്കി. വ്യഭിചാരം മറച്ചുപിടിക്കാനുള്ള കള്ളകഥയാണ് റേപ് എന്നയാള് സ്ഥാപിച്ചു. ഗ്രാമത്തിലെ പുരോഹിതരും, പൊലീസും അത് സമ്മതിച്ചു.
ദുരഭിമാനക്കൊലയിലും, പരസ്യ ചാട്ടവാറടിയിലും അവസാനിക്കേണ്ട പ്രശ്‌നം രണ്ടടിയിൽ ഒതുക്കുകയാണ് താന് ചെയ്തതെന്ന് പച്ചക്കള്ളം പറഞ്ഞ ജന്മി ഒടുവിൽ വാദിയാവുകയും ഹാജിറയെയും കുടുംബത്തെയും ഊരുവിലക്കുകയും ചെയ്തു.

ഗ്രാമത്തിലെ വലിയ പഞ്ചസാര മില്ലിന്റെ ഉടമയാണ് അയാൾ. ഹാജിറ ആണെങ്കിൽ വിഭജനത്തിനു ശേഷം ഇന്ത്യയിൽ നിന്നും പലായനം ചെയ്തു സിന്ധിൽ എത്തിയ മുഹാജിരും. നീതിയും നിയമവും പഷ് തൂൺ ഉന്നതനു ഒപ്പം നിന്നു.സ്വസമുദായവും ഗോത്രവും, രഹസ്യമായി, അയാളെ അഭിനന്ദിച്ചു, തങ്ങളുടെ മേൽകോയ്മ യും അധികാരവും, ഒരു മുഹാജിർ ശരീരത്തിൽകൂടി അടയാളപ്പെടുത്തിയതിന്..

ഈ കഥ കേട്ട് തരിച്ചിരുന്നു പോയ ഞാൻ, മതേതര ഇന്ത്യയിലെ, നിയമ നിർവഹണത്തെയും, സമൂഹത്തിന്റെ നീതിബോധത്തെയും, കോടതികളെയും കുറിച്ച് വെറുതെ അഭിമാനം കൊണ്ടു. ഇന്ത്യയിൽ ഒരിക്കലും ഇങ്ങനയൊന്നും സംഭവിക്കില്ലെന്നു അവിടുത്തെ സുഹൃത്തുക്കളോട് വീമ്പ് പറഞ്ഞു.അവരുടെ ഭീരുത്വത്തെ കുറ്റപ്പെടുത്തി. അവഹേളിച്ചു. രാജ്യം പ്രകമ്പനം കൊള്ളുന്ന വൻ പ്രക്ഷോഭം സംഘടിപ്പിക്കാത്തതിനു പരിഹസിച്ചു. നമ്മുടെ നിയമവാഴ്ചയിൽ അഭിമാനം കൊണ്ടു.

പക്ഷെ, എന്തൊരു വിഡ്ഢിയും, അല്പയും ആയിരുന്നു ഞാൻ എന്ന് ഇപ്പോൾ മനസിലാക്കുന്നു. ആ തിരിച്ചറിവിന്, ജീവനു വേണ്ടി പൊരുതുന്ന ഉന്നാവിലെ ആ പെൺകുട്ടി വേണ്ടിവന്നു. പണവും രാഷ്ട്രീയ സ്വാധീനവും ഉണ്ടെങ്കിൽ എല്ലാ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കാൻ, ഒരു ഇരയ്ക്ക്അടിസ്ഥാന നീതി പോലും കിട്ടാതിരിക്കാന്, അവരെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ വളരെ എളുപ്പത്തില് കഴിയുന്ന തരത്തിൽ, എല്ലാ പ്രതിഷേധങ്ങളെയും നിശബ്ദമാക്കാൻ കഴിയുന്ന വിധത്തിൽ 'തിളങ്ങുന്ന ഇന്ത്യ' പിന്നോട്ട് നടക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി കൂടിയാണ് പ്രതി. അയാളെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ എടുത്ത കാലതാമസം നോക്കൂ. അയാളുടെ മുഖത്ത് ഇപ്പോഴും ചിരിയാണ്; ഒരു തെറ്റും ചെയ്യാത്ത ആ പെൺകുട്ടി ജീവിതവുമായി പൊരുതുകയും. ഹാജിറയും ഈ പെൺകുട്ടിയും തമ്മിൽ എന്താണ് വ്യത്യാസം? ഹാജിറയോടു നീതികേട് കാണിച്ചത് മത-പട്ടാള- ഫ്യൂഡൽ രാഷ്ട്രമാണ്. നമ്മളോ? 916 മതേതര ജനാധിപത്യ രാഷ്ട്രം!

രാഷ്ട്രീയാധികാരമുള്ളവർക്ക് മുന്നിൽ നിയമം നിശ്ചലമാകുമ്പോൾ, നീതി നടപ്പിലാക്കുന്നത് വെറും പ്രഹസനമാകുന്നു. ഒരു വശത്ത് ചന്ദ്രയാനിൽ അഭിമാനംകൊള്ളുന്ന നമ്മൾ,മറുവശത്ത് സ്ത്രീകൾക്കും കുട്ടികൾക്കും, ദളിതുകൾക്കും എതിരായ അതിക്രമങ്ങളിൽ മത്സരിക്കുന്നത് പാക്കിസ്ഥാന്റെ ഗോത്രനീതിയോടാണ്. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണെന്ന ലളിതവല്ക്കരണങ്ങൾ ആണ് ഏറ്റവും പേടിപ്പെടുത്തുന്നത്. എത്രകാലം നമ്മൾ ദീപസ്തംഭം മഹാസ്തംഭം എന്ന് വിളിച്ചു പറഞ്ഞു നടക്കും?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP