Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ ഇന്ത്യാക്കാരൻ അല്ല എന്നു പറയുന്ന അരാജകവാദിയുടെ അറിവില്ലായ്മ

ഞാൻ ഇന്ത്യാക്കാരൻ അല്ല എന്നു പറയുന്ന അരാജകവാദിയുടെ അറിവില്ലായ്മ

ടി സി രാജേഷ്

ദേശീയഗാനത്തേയും ദേശീയപതാകയേയും അപമാനിച്ചതിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്ത സൽമാനെ കുഴപ്പത്തിൽ ചാടിച്ചത് തികഞ്ഞ പക്വതയില്ലായ്മയാണെന്നു പറയേണ്ടവരും. ഇവർ ദേശീയഗാനത്തെ കൂവിവിളിക്കുമ്പോൾ അതിന് സാക്ഷിയായി ഞാനും ആ തിയേറ്ററിലുണ്ടായിരുന്നു. ഇവരുടെ പെരുമാറ്റത്തെ അപ്പോൾത്തന്നെ മറ്റൊരു ചെറുപ്പക്കാരൻ ചോദ്യം ചെയ്തപ്പോൾ സൽമാനോടൊപ്പമുണ്ടായിരുന്ന ചെറുപ്പക്കാരൻ ധാർഷ്ട്യത്തോടെ പറഞ്ഞത് 'നിങ്ങൾ കൊണ്ടുപോയി കേസുകൊടുക്ക്' എന്നാണ്. അതായത് കേസുകൊടുത്താലും ഒന്നും സംഭവിക്കില്ലെന്നുതന്നെ ആ ചെറുപ്പക്കാരനും ഒപ്പമുള്ളവരും വിശ്വസിച്ചിരുന്നുവെന്നർഥം.

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കണ്ടിട്ടാകണം ഇന്നലെ ഫെയ്‌സ് ബുക്കിൽ റിക്വസ്റ്റ് അയച്ച് എന്റെ സുഹൃത്തായി മാറിയ മറ്റൊരാൾ സൽമാനെപ്പറ്റി ചാറ്റിൽ പറയുകയുണ്ടായി. തീവ്രഇടതുപക്ഷമെന്നും അരാജകവാദികളെന്നും സ്വയം വിശേഷിപ്പിക്കാനിഷ്ടപ്പെടുന്നവരാണ് സൽമാനും കൂട്ടരുമെന്നാണ് അദ്ദേഹവുമായുള്ള സംഭാഷണത്തിൽ നിന്ന് മനസ്സിലായത്. എന്താണ് തീവ്ര ഇടതുപക്ഷമെന്നും അരാജകവാദമെന്നും മനസ്സിലാക്കാതെ തങ്ങൾ ചെയ്യുന്നതാണ് അതൊക്കെയെന്ന് ഇവർ വിശ്വസിച്ചുവശായിപ്പോയിടത്താണ് കുഴപ്പം.

തിരുവനന്തപുരത്ത് സിനിമയ്ക്കുമുമ്പ് ദേശീയ ഗാനം ഇടാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തോളമാകുന്നു. സൽമാനും കൂട്ടരും ഇതിനു മുമ്പും പലതവണ ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്നാണ് പറയുന്നത്. അന്നൊന്നും ആരും പ്രതികരിച്ചിരിച്ചിരിക്കില്ല. സ്വാഭാവികമായും ദേശീയഗാനത്തെ കൂവിവിളിച്ചാലും കുഴപ്പമൊന്നുമുണ്ടാകില്ലെന്നും വ്യവസ്ഥിതിയോടുള്ള അസംതൃപ്തയുവത്വത്തിന്റെ പ്രതികരണമായി ഇതിനെ മറ്റുള്ളവർ കണ്ടുകൊള്ളുമെന്നും അവർ കരുതിയിട്ടുണ്ടാകണം. അതുകൊണ്ടാണല്ലോ, കേസുകൊടുക്കാൻ പറഞ്ഞത്. അത് കേട്ട വ്യക്തികളിലാരോ അങ്ങിനെ ചെയ്തു, സൽമാൻ കുടുങ്ങുകയും ചെയ്തു.

സൽമാന്റെ ഫെയ്‌സ് ബുക്ക് കമന്റുകളിലൊരിടത്ത് ഞാൻ ഇന്ത്യാക്കാരനല്ല എന്നു പറഞ്ഞിരിക്കുന്നതും കണ്ടു. ഇത് പക്വതയില്ലായ്മയുടെ മറ്റൊരു തെളിവ്. ഏതെങ്കിലും ഔദ്യോഗിക രേഖയിൽ നമുക്കിഷ്ടമില്ലാത്ത പക്ഷം, മതവും ജാതിയും രേഖപ്പെടുത്താതിരിക്കാം. പക്ഷേ, പൗരത്വം അല്ലെങ്കിൽ ദേശീയത ചോദിക്കുന്നിടത്ത് ഇന്ത്യൻ എന്നു രേഖപ്പെടുത്തിയേ പറ്റൂ. നിയമപരമായ പല കാര്യങ്ങൾക്കും അതാവശ്യമാണ്. ഞാൻ ഇന്ത്യാക്കാരനല്ല എന്നൊരാൾക്ക് വളരെ പെട്ടെന്ന് പറയാൻ കഴിയും. ആഗോളപൗരത്വത്തിലാണ് തന്റെ വിശ്വാസമെന്നും വേണമെങ്കിൽ സമർഥിക്കാം. പക്ഷേ, ഇന്ന് ലോകത്ത് നിലനിൽക്കുന്ന നടപടിക്രമമനുസരിച്ച് ഒരു രാജ്യത്തെ പൗരന് മറ്റൊരു രാജ്യത്തേക്കു ഭൗതികമായി പ്രവേശിക്കണമെങ്കിൽ രാജ്യത്തിന്റെ മുദ്രപതിച്ച പാസ്‌പോർട്ട് കൂടിയേ പറ്റൂ. അവിടെ ഞാനൊരു ആഗോള പൗരനാണെന്നും പറഞ്ഞ് ഫേസ്‌ബുക്ക് പ്രൊഫൈൽ പൊക്കിക്കാട്ടിയിട്ട് യാതൊരു കാര്യവുമില്ല.

നാം ജീവിക്കുന്ന വ്യവസ്ഥിതിയിൽ പ്രശ്‌നങ്ങളുണ്ടാകും. നമുക്ക് കടുത്ത എതിർപ്പുകളും പല കാര്യങ്ങളിലുമുണ്ടാകും. വ്യവസ്ഥിതിക്ക് അകത്തുനിന്നാകണം അതിനെതിരെ പോരാടേണ്ടത്. ഇന്ത്യാക്കാരനല്ലെന്നു വിശ്വസിക്കുന്ന ഒരാൾക്ക് ഒരിക്കലും ഇന്ത്യയിലെ വ്യവസ്ഥിതിക്കെതിരെ പോരാടാൻ അർഹതയുണ്ടാകില്ല. നാം ഇന്ത്യാക്കാരനാണെന്ന് ചങ്കൂറ്റത്തോടെ പറഞ്ഞുകൊണ്ടുവേണം ഇവിടുത്തെ അനീതിക്കും അസമത്വത്തിനുമെതിരെ പ്രതികരിക്കേണ്ടത്. അങ്ങിനെയുള്ള തിരിച്ചറിവില്ലാതെ എന്തൊക്കെയോ കാണിച്ചും പറഞ്ഞും കൂട്ടിയിട്ട് അതൊക്കെയാണ് വിപ്ലവമെന്നും അതൊക്കെയാണ് ആക്ടിവിസമെന്നും അതൊക്കെയാണ് അരാജകവാദമെന്നും സ്വയം വിശ്വസിച്ചുനടന്നാൽ ഇങ്ങിനെയൊക്കെ സംഭവിക്കും. സൽമാൻ പലർക്കും ഒരു മാതൃകയാണെന്ന് അതുകൊണ്ടുതന്നെ പറയേണ്ടിവരുന്നു.

(സൽമാൻ എന്ന പേര് മുസ്ലിം പേരായതിനാലാണ് ഇയാളെ മാത്രം പൊലീസ് അറസ്റ്റുചെയ്തതെന്ന ഒരു പ്രചാരണം ഫെയ്‌സ് ബുക്കിൽ വ്യാപകമായി നടക്കുന്നുണ്ട്. സൽമാനെ അറസ്റ്റുചെയ്ത സർക്കിൾ ഇൻസ്‌പെക്ടറുടെ പേര് കമറുദ്ദീൻ എന്നാണ്. അതും ഒരു മുസ്ലിം പേരാണെന്ന കാര്യം പക്ഷേ, ഇവർ പറയുന്നില്ല.)

#‎nationalanthem‬

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP